20091223
ബാലെ രചയിതാവു് പി.സി.ആര്. കൂത്താട്ടുകുളം ഓര്‍മയായി
കൂത്താട്ടുകുളം: നൃത്തനാടകരചയിതാവും കവിയുമായ പി.സി.ആര്. കൂത്താട്ടുകുളത്തിന്റെ നിര്യാണത്തില്‍ സീജെ സ്മാരകസമിതി സെക്രട്ടറി ജോസ് കരിമ്പന അനുശോചിച്ചു. ബാലെ (നൃത്തനാടകം) എന്ന കലാരൂപത്തിനു് കൂത്താട്ടുകുളത്തുണ്ടായ വളര്‍ച്ചയില്‍ വലിയ പങ്കു വഹിച്ചയാളാണു് പി.സി.ആര്.
പി.സി രാമന്‍കുട്ടി എന്നാണു് പി.സി.ആറിന്റെ മുഴുവന്പേരു്. കൂത്താട്ടുകുളം കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന കേരള നൃത്തകലാലയം, നവജീവന്‍ തീയറ്റേഴ്സ്, കാര്‍ത്തിക കലാകേന്ദ്രം, കേരളീയ നൃത്തകലാലയം എന്നീ സമിതികള്‍ക്ക് വേണ്ടി ഇരുപതോളം നൃത്തനാടകങ്ങള്‍ (ബാലെ) രചിച്ചിട്ടുണ്ട്. 'കടത്തനാടന്‍ വീരഗാഥ', `കൊടുമല കുങ്കി', `പുലിമല കണ്ണന്', `കടത്തനാട്ട് വീരന്', `പാലാട്ട് കോമന്' തുടങ്ങിയ നൃത്തനാടകങ്ങള്‍ ഇദ്ദേഹം രചിച്ചവയാണ്.
നിരവധി നാടകങ്ങള്‍ക്ക് ഗാനരചനയും അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. കവികൂടിയായ അദ്ദേഹം `പ്രിയ സുഹൃത്തിനായി' എന്ന പേരില്‍ കവിതാസമാഹാരം പ്രസിദ്ധീകരിച്ചിരുന്നു. ദേവീസ്തവം എന്ന പേരില്‍ സനാതനഭക്തിഗാന സിഡിയും അദ്ദേഹത്തിന്റേതായുണ്ടു്.
58 വയസ്സുകാരനായിരുന്ന പി.സി.ആര് 2009 ഡി 19- നു് കുഴഞ്ഞ് വീണ് മരിയ്ക്കുകയായിരുന്നു. വില്പനനികുതി വകുപ്പ് റിട്ടയേര്‍ഡ് ജീവനക്കാരന് കൂടിയായിരുന്ന ഇദ്ദേഹം കരിമ്പന കവലയ്ക്ക് സമീപത്തു് നിര്‍മിച്ചുകൊണ്ടിരുന്ന തന്റെ വീടിന്റെ മുന്നിലാണ് കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൂത്താട്ടുകുളം കാലിക്കട്ട് ജങ്ഷന് സമീപമുള്ള പുളിയനാനിക്കല്‍ കുടുംബാംഗമായ പി.സി.ആര് മൂന്നു് വര്‍ഷം മുമ്പ് കരിമ്പനയില്‍ വാങ്ങിയ സ്ഥലത്തു് അടുത്തയിടെയാണ് വീടു് നിര്‍മാണം ആരംഭിച്ചത്.
സംസ്കാരം ഡി 20 ഞായറാഴ്ച ഉച്ചകഴിഞ്ഞു് നടന്നു.
20091222
റോസി തോമസിന് ആദരാഞ്ജലികള്‍
വരാപ്പുഴ (കൊച്ചി): പ്രശസ്ത സാഹിത്യകാരിയും ആധുനിക നാടകരംഗത്തെ ഇതിഹാസമായിരുന്ന സി.ജെ. തോമസിന്റെ സഹധര്‍മ്മണിയും പ്രശസ്ത നിരൂപകന് എം.പി. പോളിന്റെ പുത്രിയുമായ റോസി തോമസ് (82) ഡിസംബര്‍ 16 ബുധനാഴ്ച വൈകിട്ട് അഞ്ചരകഴിഞ്ഞപ്പോള്‍ വരാപ്പുഴയിലെ തോമസ് വില്ലയില്‍ അന്തരിച്ചു. സംസ്കാരം 18 വെള്ളിയാഴ്ച രാവിലെ പത്തിനു് ജന്മനാടായ വരാപ്പുഴയിലെ സെന്റ് ജോര്‍ജ് കത്തോലിക്കാ പള്ളിയില്‍ (പുത്തന്‍പള്ളി) നടത്തി.
വാര്‍ധക്യത്തെ തുടര്‍ന്നുള്ള അവശതകള്‍ മൂലം കഴിഞ്ഞ അഞ്ച് മാസത്തോളമായി കിടപ്പിലായിരുന്നു. ഇളയ മകന് പോള്‍ സി തോമസിനോടൊപ്പമായിരുന്നു താമസം.
ജീവിതരേഖ
പ്രശസ്ത നിരൂപകന് എം പി പോളിന്റെയും മേരി പോളിന്റെയും മൂത്ത മകളായി 1927ലായിരുന്നു റോസ്സി ജനച്ചതു്. തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് സ്കൂളിലും എറണാകുളത്തെ ബോര്‍ഡിംഗ് സ്കൂളിലും പഠനം നടത്തി. മഹാരാജാസില്‍ നിന്ന് ഇന്റര്‍മീഡിയറ്റു കഴിഞ്ഞ ശേഷം ആലുവ യുസി കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്നപ്പോള്‍ കുറ്റിപ്പുഴ, റോസ്സിയുടെ അദ്ധ്യാപകനായിരുന്നു.
റോസിയുടെ പിതാവ് എം.പി. പോളിന്റെ ട്യൂട്ടോറിയല്‍ കോളെജില്‍ (പോള്‍സ് കോളേജില്‍) സി. ജെ. തോമസ് ഇംഗ്ലീഷ് അധ്യാപകനായി എത്തിയകാലത്തു് റോസിയും സി. ജെ. തോമസും തമ്മില്‍ പ്രണയത്തിലായി. 1918 നവംബര്‍ 14-ന് കൂത്താട്ടുകുളം വടകര യോഹന്നാന് മാംദാന ഓര്‍ത്തഡോക്സ് പള്ളിവികാരി ചൊള്ളമ്പേല്‍ യോഹന്നാന് കോര്‍-എപ്പിസ്കോപ്പയുടെയും അന്നമ്മയുടെയും മകനായി ജനിച്ച സി.ജെ തോമസ് വൈദികനാകാന്‍ ശെമ്മാശനായി കോട്ടയം സിഎംഎസ് കോളജില്‍ പഠിക്കുമ്പോള്‍ ളോഹ ഉപേക്ഷിച്ച് ഇടതുപക്ഷ പ്രവര്‍ത്തകനായി മാറിയയാളായിരുന്നു.
റോസിയുടെയും സി.ജെ.യുടെയും പ്രണയത്തിനോട് പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ നായകനായിരുന്നെങ്കിലും എം.പി. പോളിന് യോജിപ്പുണ്ടായിരുന്നില്ല. എതിര്‍പ്പുകളുടെ നാളുകള്‍ക്കൊടുവില്‍ സി.ജെ. സഭമാറണമെന്ന വ്യവസ്ഥയില്‍ എം.പി. പോള്‍ അവരുടെ വിവാഹത്തിനു്സമ്മതം മൂളി. 1951 ജനു 18-നായിരുന്നു ഇവരുടെ വിവാഹം. (ഒന്നര വര്‍ഷത്തിനുശേഷം പോള്‍ മരിക്കുകയും ചെയ്തു).
വിവാഹത്തിന് ശേഷം കുറെക്കാലം ഇവര്‍ കൂത്താട്ടുകുളത്തെ ചൊള്ളമ്പേല്‍ വീട്ടില്‍ താമസിച്ചു. 1960 ജൂലൈ 14-ന് 42-ആമത്തെ വയസില്‍ സി.ജെ അന്തരിച്ചു. മലയാളനാടകരംഗത്തു് ധിഷണയുടെ ഹിമഗിരിശൃംഗമായിരുന്ന സി.ജെ. നാടകകൃത്ത്, നിരൂപകന് പത്രപ്രവര്ത്തകന്, ചിത്രകാരന് എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്നു. 42 വര്‍ഷത്തെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാനകാലഘട്ടത്തില്‍ നാലുവര്‍ഷത്തെ കാമുകിയും ഒമ്പതുവര്‍ഷത്തെ ഭാര്യയുമായി താന്‍ കഴിഞ്ഞുവെന്നാണു് റോസി എഴുതിയതു്.
മുപ്പത്തിയൊന്നര വയസ്സില്‍ വിധവയാകുമ്പോള്‍ ഒരു മകളും രണ്ട് ആണ്മക്കളുമായി മൂന്ന് പിഞ്ച് കുട്ടികളുടെ അമ്മയായിരുന്നു റോസി. മൂത്തമകനു് അന്നു് ഏഴുവയസ്സുകാണും. വിധവയെന്ന് പറഞ്ഞ് തളര്‍ന്നുപോകാതെ ജീവിതത്തെ റോസി ധീരമായി അഭിമുഖീകരിച്ചു. കുട്ടികളുടെ ഭാവിയെക്കരുതി സിജെ മരിച്ചു് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ റോസി ബിഎഡിനു പഠിക്കാന്‍ ചേരുകയും തുടര്‍ന്ന് വരാപ്പുഴയ്ക്കടുത്തു കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്കൂളില്‍ ഇംഗ്ലീഷ് അധ്യാപിക ആവുകയും ചെയ്തു.
പുനര്‍വിവാഹത്തിന് സമ്മര്ദ്ദങ്ങളേറെയുണ്ടായിരുന്നെങ്കിലും മക്കളെ പഠിപ്പിച്ച് വളര്‍ത്തുന്നതിലായിരുന്നു റോസിയുടെ ശ്രദ്ധ. 1960-ല്‍ കൂത്താട്ടുകുളത്തെ വീടും പറമ്പും വിറ്റ് വരാപ്പുഴയിലേക്ക് പോയ റോസി അപ്പന്വീടായ മേനാച്ചേരി വീടിനടുത്തു് വരാപ്പുഴയില്‍ പണിത ചൊള്ളമ്പേല്‍ തോമസ് വില്ലയിലായിരുന്നു താമസിച്ചുവന്നതു്.
അധ്യാപികയുടെ ജോലിയില്‍ നിന്നു് 1984 –ല്‍ വിരമിച്ചതിനുശേഷം വരാപ്പുഴയിലെ എല്ലാ സാംസ്കാരിക-രാഷ്ട്രീയ മണ്ഡലങ്ങളിലും റോസി തോമസിന്റെ സാന്നിധ്യമുണ്ടായിരുന്നു. രണ്ടുതവണ വരാപ്പുഴ പഞ്ചായത്തിലേക്ക് ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്.
മക്കള്‍
സി.ജെ – റോസിദമ്പതികളുടെ മൂന്നുമക്കളില്‍ മൂത്തയാള്‍ ബിനോയ് കാനഡ സണ്‍ മാഗസിന്റെ മുന്‍ എഡിറ്ററാണു്; ഭാര്യ അഡ്വ. ജിന്‍സി. ബീന എംസണാണു് മക്കളില്‍ രണ്ടാമത്തെയാള്‍; ഭര്‍ത്താവു് അഡ്വ. എംസണ് കാത്തലിക് സിറിയന്‍ ബാങ്ക് റിട്ട. ലോ ഓഫിസറായി വിരമിച്ചു. ഇളയമകന് പോള്‍ സി തോമസ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇടപ്പള്ളി ശാഖ അസി. മാനേജരാണു്.
സി.ജെ സ്മാരക പ്രസംഗസമിതി
ചൊള്ളമ്പേല്‍ തോമസ് വില്ലയില്‍ അവസാനനാളുകളിലും സി.ജെയുടെ ഓര്‍മകളും പേറി കഴിഞ്ഞ റോസി, എല്ലാ വര്‍ഷവും മുടങ്ങാതെ മക്കളുമൊത്ത് സി.ജെ.യുടെ ജന്മനാടായ കൂത്താട്ടുകുളത്തു് സി.ജെ സ്മാരക പ്രസംഗസമിതി സംഘടിപ്പിക്കുന്ന, സി.ജെ. സ്മാരക പ്രസംഗ പരിപാടികളില്‍ പങ്കെടുക്കാനെത്തുമായിരുന്നു. 2006 ഡിസംബര്‍ 31നാണ് കൂത്താട്ടുകുളത്ത് റോസി അവസാനമായിട്ടെത്തിയത്. സി.ജെ. തോമസ് സ്മാരകമന്ദിരത്തിന്റെ സമര്‍പ്പണ ചടങ്ങുകൂടിയായിരുന്നു അന്നു്.
പിന്നീടു് കിടപ്പിലായ റോസിക്ക് സി.ജെ. സ്മാരക സമിതി ഈ വര്‍ഷം പ്രസിദ്ധീകരിച്ച സ്മരണിക സി.ജെ. സ്മാരകഭാരവാഹികള് നല്കിയതു് വരാപ്പുഴയിലെ വീട്ടിലെത്തിയായിരുന്നു. 'ഇവനെന്റെ പ്രിയ സി.ജെ.' എന്ന കൃതിയിലും സ്മരണികയിലെ റോസിയുടെ ലേഖനത്തിലും കൂത്താട്ടുകുളത്തെ ജീവിതം വിവരിച്ചിട്ടുണ്ട്.
എഴുത്തുകാരി
വൈക്കം മുഹമ്മദ് ബഷീറായിരുന്നു റോസിയുടെ പ്രിയ എഴുത്തുകാരന്. ബഷീറിന്റെ ബാല്യകാലസഖി ഉള്‍പ്പെടെ മലയാളത്തിലെ തികവുറ്റ പല കൃതികളുടെയും കയ്യെഴുത്തുപ്രതി വായിച്ചു വളര്‍ന്ന ബാല്യമായിരുന്നു അവരുടേത്. എം.പി. പോളിന്റെ വീട്ടിലെ പതിവുസന്ദര്‍ശകരായിരുന്ന ബഷീര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ എഴുത്തുകാരെ നേരിട്ട് കണ്ടു് പരിചയിച്ചും അവരുടെയൊക്കെ വാല്‍സല്യം ആവോളം നുകര്‍ന്നുമായിരുന്നു റോസിവളര്ന്നത്.
പതിനാറാമത്തെ വയസ്സില്‍ കേശവദേവിന്റെ 'കോമളാംഗി' എന്ന നാടകത്തില്‍ റോസി അഭിനയിച്ചിരുന്നു.
ആദ്യകാലത്ത് കഥകള്‍ എഴുതിയിരുന്നെങ്കിലും പിന്നീട് ജീവിതക്ലേശങ്ങളില്‍പ്പെട്ട് ഞാന്‍ എഴുതാന്‍ തന്നെ മറന്നുപോയതായി റോസി എഴുതിയിട്ടുണ്ട്.
ഭര്‍ത്താവ് സി.ജെ. തോമസിന്റെ ഓര്‍മയ്ക്കായി എഴുതിയ ഇവനെന്റെ പ്രിയ സി.ജെയാണു റോസിയുടെ പ്രധാന രചന. ജീവിച്ചിരിക്കുന്ന ഭാര്യ മണ്മറഞ്ഞുപോയ ഭര്‍ത്താവിന് അര്‍പ്പിക്കുന്ന പ്രേമോപഹാരമാണെന്നാണ് ഇവനെന്റെ പ്രിയ സി.ജെ എന്ന കൃതിയെ കുറിച്ചു് റോസി തോമസ് പറഞ്ഞിരുന്നത്. ഇവന് എന്റെ പ്രിയസി.ജെ. എന്ന തലക്കെട്ട് 1953-ല്‍ സി.ജെ എഴുതിയ 'ഇവന് എന്റെ പ്രിയപുത്രന്' എന്ന പുസ്തകത്തിന്റെ പേരിനെ അനുകരിച്ചതാണ്.
സി.ജെ.യുടെ മരണത്തിനും ഒമ്പതു് വര്‍ഷങ്ങള്‍ക്കു ശേഷമാണ് 'ഇവനെന്റെ പ്രിയ സി.ജെ' എഴുതുന്നത്. 1969 ജനവരി 8-ന് തങ്ങളുടെ 18-ാമത് വിവാഹ വാര്‍ഷികത്തിന്റെ അന്ന് രാത്രിയിലാണ് 'ഇവന് എന്റെ സി.ജെ.' എന്ന പുസ്തകം എഴുതണമെന്ന ചിന്തയുണ്ടായതെന്ന് റോസി തോമസ് പറഞ്ഞിട്ടുണ്ട്. സി.ജെ.യുടെ വ്യക്തിത്വത്തിന്റെ നാനാവശങ്ങള്‍ വിശകലനം ചെയ്ത് പ്രമുഖരായ ചിന്തകരും എഴുത്തുകാരും വ്യാപകമായി എഴുതിയപ്പോള്‍ അതില്‍ നിന്നും ഉണ്ടായ കുറ്റബോധമാണ് ഇവന് എന്റെ പ്രിയ സി.ജെ. എന്ന പുസ്തകം എഴുതുന്നതിനുള്ള പ്രചോദനമായത്. അങ്ങനെയാണ് സി.ജെ.യെന്ന പച്ചയായ മനുഷ്യനെപ്പറ്റി തുറന്നെഴുതണമെന്ന ചിന്തയിലേക്ക് റോസി തോമസ് എത്തിയത്. 'ഇവന് എന്റെ പ്രിയ സി.ജെ.' എന്ന പുസ്തകം മൂന്നു മാസംകൊണ്ട് എഴുതി തീര്‍ത്തു. പുസ്തകരചന പൂര്‍ത്തിയാക്കി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്നതിനുവേണ്ടി എം.ടി.വാസുദേവന്‍ നായര്‍ക്ക് അയച്ചുകൊടുത്തു. 1969 ജൂലായ് 20-ാം തീയതി മുതലാണ് 'മാതൃഭൂമി' ആഴ്ചപ്പതിപ്പില്‍ ഖണ്ഡശഃയായി പ്രസിദ്ധീകരിച്ചത്. 1970ല്‍ ഇവന് എന്റെ പ്രിയ സീജെ പുസ്തകമായി.
ഈ ഒറ്റ കൃതിയോടെ സാഹിത്യ രംഗത്ത് തന്റെതായ സ്ഥാനം നേടിയെടുക്കാന്‍ റോസി തോമസ്സിനായി. മലയാളത്തിലെ മികച്ച ഓര്മക്കുറിപ്പുകളിലൊന്നായിട്ടാണു് ഈ പുസ്തകത്തെ വിലയിരുത്തുന്നതു്. കലാപകാരിയായി ജീവിച്ചുമരിച്ച സി.ജെ. എന്ന മനുഷ്യനിലെ നന്മയും തിന്മയും സമന്വയിപ്പിച്ച ഒരു തുറന്നെഴുത്തായിരുന്നു ഈ പുസ്തകം. 'ഒറ്റയിരുപ്പിനു വായിച്ചുതീര്‍ത്ത പുസ്തകം" എന്നാണ് എം.ടി. ഈ കൃതിയെ വിശേഷിപ്പിച്ചത്.
പിതാവ് എം.പി. പോളിനെക്കുറിച്ച് ഉറങ്ങുന്ന സിംഹം എന്ന പുസ്തകവും റോസി തോമസ് എഴുതിയിട്ടുണ്ട്. പിതാവിനെക്കുറിച്ച് മകളെഴുതിയ പുസ്തകമെന്ന നിലയില്‍ ആ സാഹിത്യശാഖയില്‍ തന്നെ ഉണര്‍വുണ്ടാക്കി.
കൂട്ടുകാരിയുടെ ജീവിതകഥ അടിസ്ഥാനമാക്കി പശ്ചിമകേരളത്തിലെ സുറിയാനി ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ എഴുതിയ ആനി എന്ന നോവലും ഏറെ പ്രശസ്തമാണ്. ഭാര്യയെന്ന കെട്ടുപാടുകളുടെയും അതിനിടയില്‍ പൊട്ടിമുളച്ച സ്നേഹബന്ധത്തിന്റെയും ഇടയില്പെടുന്ന ഒരു പെണ്‍കുട്ടിയുടെ തീവ്രമായ അനുഭവങ്ങളായിരുന്നു ഈ പുസ്തകത്തില്‍ റോസി വരച്ചുകാട്ടിയത്. 'ജാലകക്കാഴ്ച', രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയിട്ടുള്ള 'മലവെള്ളം' എന്നീ നോവലുകളും റോസി എഴുതി. ബൊക്കാച്ചിയോ കഥകള്‍, ജോര്‍ജ് ഓര്‍വെല്ലിന്റെ ആനിമല്‍ ഫാം, ഭവാനി ഭട്ടാചാര്യയുടെ സോ മെനി ഹംഗേഴ്സ് എന്നിവ വിവര്‍ത്തനത്തിലൂടെ മലയാളഭാഷയ്ക്കു പരിചയപ്പെടുത്തിയതും റോസിയായിരുന്നു. മലയാള മനോരമയിലെ `വ്യാഴക്കാഴ്ച എന്ന റോസിയുടെ പംക്തി പരക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമേരിക്കന്‍ യാത്രാ വിവരണവും എഴുതിയിട്ടുണ്ട്.
അന്ത്യോപചാരം
റോസി തോമസിന്റെ ആഗ്രഹപ്രകാരം കേരളീയ വേഷമായ സെറ്റുമുണ്ട് ഉടുപ്പിച്ചാണ് റോസി തോമസിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചത്.
അന്ത്യോപചാരമര്‍പ്പിക്കാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് പ്രമുഖര്‍ വരാപ്പുഴയിലെ വസതിയിലെത്തി. മന്ത്രിമാരായ ജോസ് തെറ്റയില്‍, എസ്. ശര്‍മ, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്, വി.കെ. ഇബ്രാഹിംകുഞ്ഞ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ഷൈല, ജസ്റ്റിസ് കെ. ബാലകൃഷ്ണന്, വി.എം. സുധീരന്, പ്രൊഫ. എം.കെ. സാനു, പ്രൊഫ. തോമസ് മാത്യു, പൊന്നമ്മ ഡി സി കിഴക്കേമുറി, സരസ്വതി ടീച്ചര്‍, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, കൂത്താട്ടുകുളം മേരി, സിപ്പി പള്ളിപ്പുറം, എം.വി. ബെന്നി തുടങ്ങി നൂറുകണക്കിനു പേര് വ്യാഴാഴ്ച വസതിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.
എം.പി. വീരേന്ദ്രകുമാര്‍, മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്, എം.വി. ശ്രേയാംസ് കുമാര്‍ എംഎല്‍എ എന്നിവര്‍ക്കു വേണ്ടി റീത്ത് സമര്‍പ്പിച്ചു. മലയാള മനോരമയ്ക്കു വേണ്ടി സീനിയര്‍ ന്യൂസ് എഡിറ്റര്‍ പി.ജെ. ജോര്‍ജ് റീത്തു സമര്‍പ്പിച്ചു.
ശവസംസ്കാരം
ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ ജന്മനാടായ വരാപ്പുഴയില്‍ പുത്തന്‍പള്ളി (സെന്റ് ജോര്‍ജസ് കത്തോലിക്കാ പള്ളി) സെമിത്തേരിയില്‍ നടന്നു.
രാവിലെ 9.30ന് സ്വവസതിയിലും തുടര്‍ന്നു് സെന്റ് ജോര്‍ജസ് പള്ളിയിലും നടന്ന അന്ത്യശുശ്രൂഷകള്‍ക്കു ശേഷം പള്ളി സെമിത്തേരിയിലെ മേനാച്ചേരി കുടുംബ കല്ലറയില്‍ സംസ്കരിച്ചു. ചടങ്ങില്‍ പങ്കെടുക്കുവാന്‍ ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ എത്തി. മന്ത്രി പി.ജെ. ജോസഫ് വസതിയില്‍ എത്തി റീത്ത് സമര്‍പ്പിച്ചു. എ.എം. യൂസഫ് എംഎല്‍എ, പറവൂര്‍ നഗരസഭാ ചെയര്മാന് എന്‍.എ. അലി, എ.സി. ജോസ്, മുണ്ടക്കയം സദാശിവന്, സാഹിത്യ അക്കാദമി സെക്രട്ടറി പുരുഷന് കടലുണ്ടി സി.ജെ. സ്മാരകസമിതി സെക്രട്ടറി ജോസ് കരിമ്പന, കൂത്താട്ടുകുളം ഗ്രാമപഞ്ചായത്തു് പ്രസിഡന്റ് വസുമതിയമ്മ, വൈസ്പ്രസിഡന്റ് എ എസ് രാജന് തുടങ്ങി നിരവധി പേരും അന്ത്യോപചാരമര്പ്പിയ്ക്കാനുണ്ടായിരുന്നു.
സംസ്കാരത്തിനു ശേഷം വരാപ്പുഴ സെന്റ് ജോര്‍ജസ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടത്തിയ അനുശോചന യോഗത്തില്‍ മന്ത്രി പി.ജെ. ജോസഫ് പ്രസംഗിച്ചു. 'ഇവന് എന്റെ പ്രിയ സിജെ' എന്ന ഒറ്റ കൃതിയിലൂടെ പ്രമുഖ എഴുത്തുകാരുടെ നിരയിലേക്ക് വളരാന്‍ റോസി തോമസിന് സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു. വിഷാദഭാവം ഒരിക്കലും ടീച്ചറില്‍ കണ്ടിട്ടില്ലെന്നും ഏറ്റെടുത്ത ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കുന്നതില്‍ ടീച്ചര്‍ നിഷ്കര്‍ഷ പുലര്‍ത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വരാപ്പുഴ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അനുസ്മരണ സമ്മേളനത്തില്‍ പ്രസിഡന്റ് കെ.എ. ആന്റണി അധ്യക്ഷത വഹിച്ചു.
റോസി തോമസിന്റെ നിര്യാണത്തില്‍ കൂത്താട്ടുകുളത്തു് സി.ജെ. സ്മാരകസമിതിയും അനുശോചിച്ചു.
20091117
ചര്‍ച്ചായോഗങ്ങള്‍; ഒരപൂര്‍വ്വ അനുഭവം

പി.കെ ബാലകൃഷ്ണപിള്ള
കേരളത്തിന്റെ സാഹിത്യസാംസ്കാരിക മണ്ഡലങ്ങളില്‍ കൂത്താട്ടുകുളത്തെക്കുറിച്ച് അറിയുന്നത് സി.ജെ. സ്മാരക പ്രസംഗങ്ങല്‍ വഴിയും, അതില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നിട്ടുള്ള പ്രശസ്ത സാഹിത്യകാരന്മാര് വഴിയുമാണ്. 1961 മുതല്‍ നടന്ന് വരുന്ന സി.ജെ. സ്മാരക പ്രസംഗങ്ങള്‍, നാടകക്കളരികള്‍ എന്നിവയില്‍ പങ്കെടുക്കാത്ത മലയാളസാഹിത്യകാരന്മാര് ആരും തന്നെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. അവര്‍ മറ്റ് പല സ്ഥലങ്ങളിലും ചെന്ന് ഇതു സംബന്ധിച്ച് നടത്തിയിട്ടുള്ള അഭിപ്രായ പ്രകടനങ്ങള്‍ ഈ നാടിന് അഭിമാനകരമായിരുന്നു. പണം മുടക്കി പാസ്സെടുത്ത് പ്രസംഗം കേള്‍ക്കാന്‍ ആളുകള്‍ ക്യൂ നില്ക്കുന്ന സ്ഥലം എന്നാണ് ഈ നാടിനെ പലരും വിശേഷിപ്പിച്ചുപോന്നത്. സി.ജെ. സ്മാരക പ്രസംഗങ്ങള്‍ ഇവിടെ ആദ്യം മുതല്‍ നടത്തിയിരുന്നത് പാസ്സ് വച്ചായിരുന്നു എന്നുള്ളതാണ് അങ്ങിനെ വിശേഷിപ്പിക്കാന്‍ കാരണം.
ഇത്തരത്തിലുള്ള പ്രസംഗപരമ്പര സ്ഥിരമായി എല്ലാ വര്‍ഷവും മുടങ്ങാതെ നടത്താന്‍ കഴിയാതെ വന്നപ്പോള്‍- അതിന് പരിഹാരമായിട്ടല്ലെങ്കിലും - ആരംഭിച്ചതാണ് പ്രതിമാസ ചര്‍ച്ചായോഗങ്ങള്‍. എല്ലാ മാസവും രണ്ടാം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് യോഗം ആരംഭിക്കുന്നത്. ആനുകാലിക പ്രാധാന്യമുള്ള ഏതെങ്കിലും വിഷയത്തെ മുന്‍നിര്‍ത്തിയായിരിക്കും ഈ ചര്‍ച്ചകള്‍. അതില്‍ പ്രഗല്ഭനായ ഒരാള്‍ വിഷയം അവതരിപ്പിക്കും. വിഷയാവതരണത്തെ തുടര്‍ന്ന് സദസ്യരുടെ അഭിപ്രായപ്രകടനങ്ങളും, അവതാരകന്റെ മറുപടി പ്രസംഗവും ഉണ്ടാകും. എകദേശം മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ ചര്‍ച്ചാ യോഗങ്ങളില്‍ സദസ്സിന്റെ സജീവമായ പങ്കാളിത്തം ദൃശ്യമാണ് . വിഷയത്തെക്കുറിച്ച് പഠിച്ച് അഭിപ്രായപ്രകടനങ്ങള്‍ നടത്താന്‍ തയ്യാറായിവരുന്ന പലരും അക്കൂട്ടത്തില്‍ ഉണ്ടാകും.
കൂത്താട്ടുകുളം എന്‍. എസ്. എസ്. ഹാളിലായിരുന്നു ഈ ചര്‍ച്ചായോഗങ്ങള്‍ പതിവായി നടന്നുകൊണ്ടിരുന്നത്. ആദ്യകാലത്ത് ചെറിയൊരു വാടക വാങ്ങിയിരുന്നെങ്കിലും പിന്നീട് സൌജന്യമായി ഹാള്‍ വിട്ടുതരുവാന്‍ എന്‍. എസ്സ്. എസ്സ്. ഭാരവാഹികള്‍ തയ്യാറായി. ആവരോട് സി.ജെ. സ്മാരകസമിതിക്ക് നന്ദിയും കടപ്പാടുമുണ്ട്. ഈ പ്രതിമാസ പരിപാടിക്ക് സാധാരണപോലെ നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്യുന്ന പതിവുണ്ടായിരുന്നില്ല. മൂന്ന് മാസം തുടര്‍ച്ചയായി പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കും പുതിയതായി യോഗത്തിനെത്തുന്നവര്ക്കും കത്തയച്ച് വിവരം അറിയിക്കുകയാണ് പതിവ്.
ഇന്‍ഡ്യ ഗവണ്മെന്റിന്റെ പുതിയ സാമ്പത്തിക നയം, പ്രതീക്ഷകളും പ്രത്യാഘാതങ്ങളും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് 1994 ജനുവരിയില്‍ ഡോ. എം. പി. മത്തായിയാണ് ഈ പ്രതിമാസ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് ഡങ്കല്നിര്ദ്ദേശങ്ങള് പഞ്ചായത്തിരാജ് ഗാന്ധിയുടെയും രാജീവിന്റേതും ഏകീകൃത സിവില്‍നിയമം ജുഡീഷ്യല്‍ ആക്റ്റിവിസം, വനിതാ വിമോചനം, മതപരിവര്‍ത്തനപ്രശ്നം ‘കടക്കെണിയും ആത്മഹത്യകളും’ ‘വിവരാവകാശനിയമം’‘ചൊവ്വയും അന്ധവിശ്വാസങ്ങളും’ വികേന്ദ്രീകരണം തുടങ്ങി വിവിധങ്ങളായ നൂറ്റിമുപ്പതിലധികം വിഷയങ്ങളേക്കുറിച്ച് ചര്‍ച്ചകള്‍ നടന്നു. 12 വര്‍ഷത്തിലേറെ നീണ്ട ഈ പരിപാടി രണ്ട് മാസം മാത്രമെ മുടങ്ങിയിട്ടുള്ളു. ഡി. ദാമോദരന്‍ പോറ്റി, കെ. പരമേശ്വര ശര്‍മ, സണ്ണി പൈകട, ജോസഫ് പുലിക്കുന്നേല്‍, സി.ആര്. നീലകണ്ഠന്, കെ.എം. ചുമ്മാര്‍, എം. എ. ജോണ്‍, ഓ.എന്‍. വിജയന്, പ്രൊഫ. വിന്‍സന്റ് മാളിയേക്കല്‍, പി. രാജന്, എം. കെ. ഹരികുമാര്‍, എം. പ്രഭ, ഏറ്റുമാനൂര്‍ ഗോപാലന്, ഡോ. വയല വാസുദേവന്‍പിള്ള, ഡോ. ജോയ് പോള്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്, ജ്യോതി നാരായണന്, ഡോ. വി.സി. ഹാരീസ്, പ്രൊഫ. ആര്. എസ്സ് പൊതുവാള്, സി.എന്‍. കുട്ടപ്പന് , പി. നാരായണമേനോന്, കെ.ഇ. മാമ്മന്‍, ഡോ. കെ. ബിനോയ്, ഡോ. ജേക്കബ് വടക്കഞ്ചേരി, അഡ്വ. ടോം ജോസ് തുടങ്ങി വ്യത്യസ്ത മേഖലകളിലെ പ്രശസ്തരും, പ്രമുഖരുമായ നിരവധി വ്യക്തികള്‍ ഈ ചര്‍ച്ചാ യോഗങ്ങളില്‍ പങ്കെടുക്കുകയും, സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ചിലരെല്ലാം ഒന്നിലധികം പ്രാവശ്യം ഇതില്‍ പങ്കെടുത്തിട്ടുള്ളവരാണ്.
2006 മെയ് 13നു നൂറ്റി മുപ്പത്തഞ്ചാമത് പ്രതിമാസ ചര്‍ച്ചയോടുകൂടി ഈ പരിപാടി താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കേണ്ടിവന്നെങ്കിലും സി. ജെ. സ്മാരകസമിതിക്ക് പുതിയ ആഫീസും സംവിധാനങ്ങളും ഉണ്ടായതോടെ ചര്‍ച്ചായോഗങ്ങളും ഇതര സാംസ്കാരിക പ്രവര്‍ത്തനങ്ങളും കൂടൂതല്‍ മെച്ചപ്പെട്ട രീതിയില്‍ പുനരാരംഭിച്ചിരിക്കുകയാണ്.
പരാജിതരുടെ പ്രിയ സി.ജെ
<- ഡോ. ജോര്‍ജ് ഓണക്കൂര്‍
സി.ജെ. തോമസ് നമ്മെ പിരിഞ്ഞത് അരശതാബ്ദം മുമ്പാണ്. അന്ന് പ്രായം നാല്പത്തിരണ്ടു വയസുമാത്രം. അകാലത്തില്‍ മരണം തട്ടിയെടുത്തു എന്ന് അടുപ്പമുള്ളവര്‍ ദുഃഖിച്ചു. ആകസ്മിക നിര്യാണത്തില്‍ അനുശോചിച്ചുകൊണ്ട് പത്രങ്ങള്‍ അനുസ്മരണക്കുറിപ്പുകള്‍ പ്രസിദ്ധം ചെയ്തു. കലാസാഹിത്യരംഗങ്ങളിലെ പ്രമുഖര്‍ പ്രസ്താവനകളും ചരമപ്രസംഗങ്ങളും നടത്തി.
ആരായിരുന്നു സി.ജെ? എന്തായിരുന്നു ചരിത്രത്തില്‍ അടയാളപ്പെടുത്തിയ മേല്‍വിലാസം?
വളരെ ലളിതം, അതിസാധാരണം. കുറേ പുസ്തകങ്ങള്‍ എഴുതിക്കൂട്ടിയിട്ടുണ്ട്. ഏറെയും ലേഖനങ്ങള്‍. പുതുമയുള്ള നാടകങ്ങള്‍. ജീവിതോപാധി എന്ന നിലയില്‍ നിര്‍വഹിച്ച പരിഭാഷകള്‍. മികച്ച ചരിത്രകാരന് എന്ന ഖ്യാതി.

സി.ജെ ഒരിടത്ത് ഒതുങ്ങിയിരിക്കുന്നതുകാണാന് ആര്‍ക്കും ഇടവന്നിട്ടില്ല. ചെറിയ കുട്ടിയായിരുന്ന കാലത്തുപോലും അടക്കവും ഒതുക്കവുമില്ലാതെ അലഞ്ഞുനടന്നു.
സ്കൂള്‍ വീട്ടില്‍ നിന്ന് അകലെ. ഉച്ചഭക്ഷണം പൊതിഞ്ഞുവയ്ക്കും അമ്മ; അതല്ലെങ്കില്‍ ചേച്ചി. മിക്കവാറും അത് എടുക്കാന്‍ മറക്കും. അഥവാ, കൊണ്ടുപോയാല്‍ തന്നെ സ്വയം കഴിക്കുകയില്ല. പട്ടിണിക്കാരായ കൂട്ടുകാര്‍ ആര്‍ക്കെങ്കിലും ദാനം ചെയ്യും. ഈ ദാനധര്‍മ്മങ്ങള്‍ സി.ജെയുടെ സഹോദരി അമ്മയെ അറിയിക്കും. ആദ്യമൊക്കെ ശകാരിച്ചുനോക്കി. പിന്നെ മകന്റെ ഔദാര്യത്തില്‍ ആ അമ്മ രഹസ്യമായി ആനന്ദിച്ചു; അഭിമാനം ഉള്‍ക്കൊണ്ടു.
കര്ക്കശപ്രകൃതിയും അച്ചടക്കകാര്യങ്ങളില്‍ നിര്‍ബന്ധബുദ്ധിയുമായ അപ്പന് മകന്റെ അടുക്കും ചിട്ടയുമില്ലാത്ത ജീവിതം അസ്വാസ്ഥ്യജനകമായി. അദ്ധ്യാപകനും വൈദികശ്രേഷ്ഠനുമായിരുന്ന അദ്ദേഹം താന്‍ നടന്ന വഴികളിലൂടെ മകനും വളര്‍ന്നുവരണമെന്ന് നിഷ്കര്‍ഷിച്ചു. മതപഠനത്തിന് നിര്‍ദ്ദേശിക്കപ്പെട്ടെങ്കിലും അതിന് വഴങ്ങാന്‍ സി.ജെ വിസമ്മതിച്ചു. പുരോഹിത ജീവിതത്തിന് ഇണങ്ങുന്ന കുപ്പായവും ധരിപ്പിച്ചാണ് സി.ജെയെ കോളേജില്‍ അയച്ചത്. പക്ഷേ, ഒരു മാസം തികച്ച് അത് ധരിക്കുകയുണ്ടായില്ല. കുപ്പായം വലിച്ചുകീറി ചേച്ചിയുടെ മുന്നിലിട്ടുകൊണ്ട് സി.ജെ പറഞ്ഞു:
"ദാ കിടക്കുന്നു! വേണമെങ്കില്‍ ഈ തുണികൊണ്ട് രണ്ടു ചട്ട തുന്നിച്ചോളൂ."
എവിടേക്കാണ് മകന്റെ പോക്ക്? കുടുംബത്തില്‍ അവശേഷിക്കുന്ന ഒരാണ്‍തരി. മൂത്തവനായി ഒരുവന് ഉണ്ടായിരുന്നത് നാടിനുവേണ്ടി പൊരുതി മരിച്ചു. അവന്റെ ചോര വീണു തുടുത്തതാണ് നാടിന്റെ മണ്ണും മനസ്സും. ആ ദുഃഖത്തിനിടയിലും അപ്പനമ്മമാര്‍ ആശവച്ചത് ഇളയമകനില്‍. അവന് ബുദ്ധിയുണ്ട്. പഠനത്തില്‍ സമര്‍ത്ഥനാണ്. എന്തു ഫലം? കാറ്റുപോലെ അലയുന്ന സ്വഭാവം. എപ്പോഴും യാത്ര ചെയ്യുകയാണ്. എവിടേക്ക്, എന്തിന്?
ബിരുദം നേടി ഇറങ്ങിയപ്പോള്‍ നാട്ടിലെ വിദ്യാലയത്തില്‍ അദ്ധ്യാപകനാകാന്‍ പ്രേരണയുണ്ടായി. സി.ജെയെ അവിടെ തളച്ചിടാന്‍ സ്നേഹിതരും താത്പര്യപ്പെട്ടു. തങ്ങള്‍ക്ക് ഒരു ഗുരുവാകും. സഹനത്തിന്റെ കുരിശും വഹിച്ച് അവന് എപ്പോഴും മുന്നിലുണ്ടാവും. ആ പാത സുഗമമാണ്; അനായാസം പിന്തുടരാം.
കഷ്ടിച്ച് ഒരു വര്‍ഷം. ആരുമറിയാതെ സി.ജെ മുങ്ങി. പിന്നെ പൊങ്ങിയത് രാജധാനിയില്‍. നിയമപഠനത്തിന് മനസുവച്ചു. വിശ്വോത്തരകൃതികള്‍ തര്‍ജ്ജമ ചെയ്ത് പഠനത്തിന് പണമുണ്ടാക്കി. നിയമത്തോടൊപ്പം ശ്രദ്ധവച്ചത് രാഷ്ട്രീയ വിചിന്തനങ്ങളിലാണ്. മതത്തെ നിരാകരിച്ച് സി.ജെ. പുസ്തകമെഴുതി. സമത്വബോധത്തിന്റെ അടിസ്ഥാന ഭാവങ്ങള്‍ അപഗ്രഥിച്ച് തന്റെ സഞ്ചാരപഥം ഏത് ദിശയിലേക്കാണെന്ന് വ്യക്തമാക്കി. മുപ്പതു വയസ് തികയുംമുമ്പ് സി.ജെ വ്യാകുലപ്പെട്ടത് ഇത്തരം ചില ചരിത്രവിധികളിലാണ്. മതവൈദികനാകാന് തയ്യാറാകാത്ത സി.ജെ പരാജിതരുടെ പുരോഹിതനാകാന്‍ സ്വയം ചുവപ്പു കുപ്പായം തുന്നുകയായിരുന്നു. പീഡിതരുടെ രക്ഷകനായി ഭാരമുള്ള കുരിശ് ഇടതുതോളില്‍ വഹിക്കുകയായിരുന്നു.
ധിക്കാരത്തിന്റെ കാതലായ എഴുത്തുകളില്‍ മയങ്ങി, ഇവന് എന്റെ പ്രിയപുത്രനെന്ന് കന്യകമാര്‍ മനസില്‍ പറഞ്ഞു. കാട്ടുതേനും കായ്കനികളും ഭക്ഷിച്ച് കൃശരൂപിയായ സി.ജെയെ കെട്ടിയിടാന്‍ സുന്ദരിയായ റോസി ഒരു സ്നേഹക്കുരുക്കുതീര്ത്തു. സി.ജെ അതില്‍ വീണുപോയത് കാലത്തിന്റെ പരിണാമം. മതത്തെ പുച്ഛിച്ചും നിരാകരിച്ചും കരുത്തുകാട്ടിയ സി.ജെ ആ ദാമ്പത്യവിധിക്ക് കീഴ്വഴങ്ങാന്‍ സഭാവസ്ത്രത്തിന് മുന്നില്‍ മുട്ടുകുത്തി.
"എടാ, തോമസേ, നീ പള്ളിയെയും പട്ടക്കാരനെയും നിഷേധിക്കുകയും മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പ്രസംഗിക്കുകയും ചെയ്തിട്ടുണ്ടോ?"-വൈദികന്റെ ചോദ്യം ചെയ്യല്‍.
"വിവരക്കേടുകൊണ്ടാണ് അച്ചോ"- കുഞ്ഞാടിന്റെ കപടകുമ്പസാരം.
റോസി അതുകേട്ട് ശരീരവും മനസും കുലുക്കി നന്നായി ചിരിച്ചു.
ഒറ്റയ്ക്ക് അനായാസം യാത്ര ചെയ്തിരുന്ന സി.ജെ മറ്റൊരു ഭാരവും താങ്ങേണ്ടിവന്നു. ഇടതുതോളില്‍ ആത്മപീഡനത്തിന്റെ ഒഴിയാത്ത മരക്കുരിശ്. വലതുതോളില്‍ അനാഥമാക്കപ്പെട്ട ഭാര്യാകുടുംബത്തിന്റെ ഋണഭാരം.
എവിടേക്കാണ് യാത്ര? നഗരങ്ങളില്‍നിന്നു നഗരങ്ങളിലേക്ക്; ചുവടുറപ്പിക്കാതെ, തണ്ണീര്‍പന്തല്‍ തേടാതെ, പൊരിവെയിലില്‍ കുരിശുകളുടെ ഭാരവും പേറി മനുഷ്യപുത്രന്റെ യാത്രാവഴികള്‍!
എങ്ങുമുറയ്ക്കാത്ത കാറ്റിനെ ഗുരുവെന്നു വിളിച്ച് കൂടെ കൂടിയ ശിഷ്യരില്‍നിന്ന് സി.ജെയെ രക്ഷപ്പെടുത്താന്‍ ആര്‍ക്കും കഴിഞ്ഞില്ലല്ലോ. പരാജിതരുടെ പുരോഹിതനായി ജീവിതം ഹോമിച്ച ഹൃദയേശ്വരനെ സാന്ത്വനിപ്പിക്കാന്‍, ശാദ്വലഭംഗികളിലേക്ക് ആകര്‍ഷിക്കാന്‍ ആത്മസഖിക്കുപോലും അസാദ്ധ്യമായതെന്തേ? മെരുങ്ങാത്ത മുടിയില്‍ അവര്‍ തൈലം പുരട്ടി. സ്നേഹപൂര്‍വം കോതിക്കൊടുത്തു. മനസിനെ ഇണക്കി വരുതിയില്‍ നിറുത്താന്‍ ഈ സ്പര്ശത്തിന് ശക്തിപോരാ.
അലഞ്ഞലഞ്ഞ് ഒടുവില്‍ ജീവിതത്തിന്റെ പാതിവഴിയില്‍ തളര്‍ന്നുവീണു. നാല്പത്തിരണ്ടാം വയസില്‍ സിരാപടലത്തിന്റെ ചലനം നിലച്ചു. കുടുംബത്തെയും കൂട്ടുകാരെയും വിട്ട് സി.ജെ സ്വര്‍ഗാരോഹണം ചെയ്തു.
അരശതാബ്ദം. അതായത്, സി.ജെ. തോമസ് യാത്ര ചൊല്ലി മറഞ്ഞിട്ട് അമ്പതുവര്‍ഷം. സി.ജെയുടെ സമകാലികര്‍, പുരോഗമനാശയക്കാരായ പ്രതിഭാശാലികള്‍, അവരും ഓരോരുത്തരായി കടന്നുപോയി. ഇതിനിടയില്‍ പുതുതായി എന്തെങ്കിലും സംഭവിക്കുകയുണ്ടായോ? പുതിയ ചിന്തകള്‍ തളിരിട്ടു വളര്‍ന്നോ? അതിന്റെ സുഗന്ധം അന്തരീക്ഷത്തില്‍ നിറഞ്ഞുവോ? കാറ്റും വെളിച്ചവും ജീവപ്രകൃതിയെ കൂടുതല്‍ സജീവമാക്കുന്നുണ്ടോ?
ഭൂമി ഇപ്പോഴും അതിന്റെ അച്ചുതണ്ടില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. മറ്റൊന്നും സംഭവിക്കുന്നില്ല. യുവചൈതന്യം ഇപ്പോഴും സി.ജെയെ തേടിപ്പോകുന്നു. ജീവിതത്തില്‍ ഒന്നും നേടാന്‍ ബദ്ധപ്പെടാത്തവരെ പരാജിതര്‍ എന്നു രേഖപ്പെടുത്തിയ ചരിത്രം. അവരുടെ മഹാപുരോഹിതനായി കാലം സി.ജെയെ കൊണ്ടാടുന്നു.
കടപ്പാടു് കേരളകൗമുദി
2009,നവംബര്‍ 16
20090724
ദേശപ്പെരുമ , ചരിത്രത്തിന്റെ നാള് വഴികളിലൂടെ

ജോസ് കരിമ്പന
ആധുനിക രാഷ്ട്രീയചരിത്രങ്ങള്‍ക്കപ്പുറം ബുദ്ധ, ജൈന കാലഘട്ടത്തോളം പഴക്കമുള്ള സാംസ്ക്കാരിക പാരമ്പര്യങ്ങളും അവകാശപ്പെടാന്‍ കഴിയുന്ന അപൂര്‍വ്വം കേരളീയ ഗ്രാമങ്ങളിലൊന്നാണ് കൂത്താട്ടുകുളം.
എ.ഡി. എട്ടാം നൂറ്റാണ്ടിന് മുന്‍പ് കൂത്താട്ടുകുളത്തും സമീപ പ്രദേശങ്ങളിലും ബുദ്ധ-ജൈന മതങ്ങള്‍ വേരുറപ്പിച്ചിരുന്നതിന്റെ വ്യക്തമായ സൂചനകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. മധുരയില്‍ നിന്ന് ആനമല വഴി മധ്യകേരളത്തിലെത്തിയ ജൈനസന്യാസിമാരാണ് പെരുമ്പാവൂരിനടുത്തുള്ള കല്ലില്‍ ക്ഷേത്രം കേന്ദ്രീകരിച്ച് ഇവിടെ മത പ്രചാരണം നടത്തിയതെന്ന് കരുതുന്നു.
ഇവിടെ അധിവസിച്ചിരുന്ന ജൈനവിശ്വാസികളുടെ ആരാധനാലയമായിരുന്നു ഒരുകാലത്ത് ഓണംകുന്ന് ഭഗവതിക്ഷേത്രം. കൂത്താട്ടുകുളത്ത്നിന്നും അധികം ദൂരെയല്ലാതെ സ്ഥിതിചെയ്യുന്ന ഓണക്കൂര്‍ എന്ന സ്ഥലവും ജൈനരുടെ അധിവാസത്തെയാണ് സൂചിപ്പിക്കുന്നത്. ജൈനസംസ്കാരത്തോട് ബന്ധപ്പെട്ട ശ്രാവണ ശബ്ദത്തിന്റെ പരിണാമമാണ് ഓണം. കാഞ്ചിപുരത്തുള്ള ഓണകാന്തന്‍ തളിപോലെ, ഓണംകുന്നും, ഓണക്കൂറും ജൈനപാരമ്പര്യം പേറുന്നുണ്ടെന്നാണ് സ്ഥലനാമചരിത്രകാരനായ വി.വി.കെ വാലത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. കൂത്താട്ടുകുളത്തെ നെല്ല്യക്കാട്ട് ഭഗവതീ ക്ഷേത്രവും ജൈനരുടേതായിരുന്നു എന്നാണ് വാലത്തിന്റെ അഭിപ്രായം. പില്കാലത്ത് ബുദ്ധ-ജൈനമതങ്ങള്‍ ക്ഷയിക്കുകയും, ആര്യബ്രാഹ്മണര്‍ ശക്തരാകുകയും ചെയ്തതോടെ ഇത് ഹിന്ദുക്ഷേത്രങ്ങളായി തീരുകയാണുണ്ടായത്.
കൂത്താട്ടുകുളത്തിന്റെ സമീപസ്ഥലങ്ങളായ മുത്തലപുരവും, മോനിപ്പള്ളിയും ആ പേരുകള്‍ കൊണ്ട് തന്നെ ബുദ്ധ-ജൈന പാരമ്പര്യം പ്രകടമാക്കുന്നുണ്ട്. മുത്തന്, മുത്തളന്‍ തുടങ്ങിയ ജൈനരുടെ ദേവസങ്കല്പങ്ങളുമായി ബന്ധപ്പെട്ടാണ് മുത്തലപുരം എന്ന സ്ഥലനാമം രൂപപ്പെട്ടതെന്ന് കരുതുന്നു. മോനിപ്പള്ളിയും ബുദ്ധസംസ്കാരത്തോട് ബന്ധപ്പെട്ടതാണ്. നാനം മോനം നടന്നിരുന്ന, അതായത് ബൌദ്ധരുടെ എഴുത്തുപള്ളിക്കൂടം സ്ഥിതിചെയ്തിരുന്ന സ്ഥലത്തെയാണ് മോനിപ്പള്ളിയെന്ന സ്ഥലനാമം സൂചിപ്പിക്കുന്നത്.
ഒരു കാലത്ത് ചേര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു കൂത്താട്ടുകുളം. എ.ഡി.1100 നു ശേഷം ചോളന്മാരുടെ ആക്രമണത്തെ തുടര്‍ന്ന് ചേര സാമ്രാജ്യം തകരുകയും ശക്തമായ കേന്ദ്രഭരണം ഇല്ലാതാകുകയും ചെയ്തു. ഇതിന്റെ ഫലമായി രാജ്യം പതിനേഴ് നാടുകളായി വേര്‍പിരിഞ്ഞു. അക്കാലത്ത് കീഴ്മലനാടിന്റെ ഭാഗമായിതീര്‍ന്നു കൂത്താട്ടുകുളവും സമീപ പ്രദേശങ്ങളും. ഇന്നത്തെ മൂവാറ്റുപുഴ, തൊടുപുഴ താലൂക്കുകള്‍ ഉള്‍ക്കൊള്ളുന്ന കീഴിമല നാടിന്റെ ആദ്യതലസ്ഥാനം തൃക്കാരിയൂരും, പിന്നീട് തൊടുപുഴക്കടുത്തുള്ള കാരിക്കോടുമായിരുന്നു. ഈ രണ്ട് സ്ഥലങ്ങളും ബുദ്ധമത കേന്ദ്രങ്ങളായിരുന്നു. വിസൃതമായിരുന്ന വെമ്പൊലിനാടിന്റെ ഒരു ശാഖയായിരുന്നു കീഴ്മലനാട്. പില്ക്കാലത്ത് വെമ്പൊലിനാട് വടക്കുംകൂര്‍,തെക്കുംകൂര്‍ എന്നിങ്ങനെ രണ്ട് രാജ്യങ്ങളായി.വെമ്പൊലിനാടിന്റെ വടക്കുഭാഗങ്ങള്‍ വടക്കുംകൂറായും , തെക്കുഭാഗങ്ങളും , മുഞ്ഞനാടും, നാന്റുഴൈനാടിന്റെ ഭാഗങ്ങളും ചേര്‍ന്ന് തെക്കുംകൂറായും രൂപാന്തരപ്പെടുകയാണുണ്ടായത്. കവണാറിന്റെ തെക്കും വടക്കും ഭാഗങ്ങളിലായി സ്ഥിതിചെയ്്തിരുന്നതുകൊണ്ടാണ് ഈ പേരുണ്ടാകാന്‍ കാരണം. 1599 -ല്‍ കീഴ്മലനാട് വടക്കും കൂറില്‍ ലയിച്ചു. ഇതൊടെ കൂത്താട്ടുകുളവും സമീപ പ്രദേശങ്ങളും വടക്കുംകൂറിന്റെ ഭാഗമായി. ഉത്തര തിരുവിതാം കൂറിലെ ഉജ്ജയിനി എന്നാണ് വടക്കുംകൂറിനെ മഹാകവി ഉള്ളൂര്‍ വിശേഷിപ്പിച്ചിട്ടുള്ളത്. ശുകസന്ദേശകര്‍ത്താവായ ലക്ഷ്മി ദാസന്, മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി,തമിഴ് കവി അരുണഗിരിനാഥന്, രാമപുരത്തു വാര്യര്‍ തുടങ്ങിയ സാഹിത്യകാരന്മാരെയും കലാകാരന്മാരെയും വടക്കുംകൂര്‍ തമ്പുരാക്കന്മാര് പ്രോല്‍സാഹിപ്പിച്ചിരുന്നു.വടക്കുംകൂറിന് നിരവധിതാവഴികള്‍ ഉണ്ടായിരുന്നതിനാല്‍ ഓരൊകാലത്ത് ഓരൊ താവഴിയുടെയും ആസ്ഥാനം രാജ്യത്തിന്റെ തലസ്ഥാനമായി കണക്കാക്കിയിരുന്നു. കടുത്തുരുത്തി,വൈയ്ക്കം,തൊടുപുഴ,ളാലം മുതലായ സ്ഥലങ്ങള്‍ ഇങ്ങനെ തലസ്ഥാനങ്ങളായിരുന്നിട്ടുണ്ട്. കൂത്താട്ടുകൂളത്തിനടുത്ത് കാക്കൂരിലും വടക്കുംകൂറിന്റെ കൊട്ടാരമുണ്ടായിരുന്നു. ഇവിടെ കൊട്ടാരം സ്ഥിതിചെയ്തിരുന്ന സ്ഥലം കൊട്ടാരപ്പറമ്പെന്നാണ് ഇന്നും അറിയപ്പെടുന്നത്.
1750 - ല്‍ മാര്‍ത്താണ്ഡവര്‍മ്മ വടക്കുംകൂര്‍ പിടിച്ചടക്കി.വേണാടിന് വടക്കോട്ട് കവണാര് വരെയുളള പ്രദേശങ്ങള്‍ തിരുവിതാംകൂറില്‍ ലയിപ്പിച്ചശേഷമാണ് വടക്കുംകൂര്‍ ആക്രമിക്കുന്നത്. കടുത്തുരുത്തിക്കു നേരെയായിരുന്നു ആദ്യ ആക്രമണം. അവിടെയുണ്ടായിരുന്ന കോട്ടയും കൊട്ടാരവും ഡിലനായുടെ നേത്യത്വത്തിലുള്ള സൈന്യം നിഷ്പ്രയാസം തകര്‍ത്തു. അവിടുന്ന് മീനച്ചിലിന്റെ മര്‍മ്മ പ്രധാന കേന്ദ്രങ്ങള്‍ കടന്ന് വടക്കുംകൂറിന് നേരെ ആക്രമണങ്ങള്‍ ആരംഭിച്ചു. തിരുവിതാംകൂര്‍സൈന്യം വളരെയേറെ കൊള്ളകള്‍ നടത്തിയെന്നും , ദേവാലയങ്ങള്‍ക്ക് നേരെ പോലും ആക്രമണങ്ങള്‍ ഉണ്ടായതായും വരാപ്പുഴയില്‍ താമസിച്ചിരുന്ന വിദേശ പാതിരിയായ പൌളിനോസ് ബര്‍ത്തലോമിയാ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മുന്നേറ്റങ്ങള്‍ക്ക് ഡിലനോയിയോടൊപ്പം രാമയ്യന് ദളവയുടെയും ശക്തമായ നേതൃത്വം ഉണ്ടായിരുന്നു.
ആധുനിക തിരുവിതാംകൂറിന്റെ ശില്‍പ്പിയായ മാര്‍ത്താണ്ഡവര്‍മ്മ താന്‍ വെട്ടിപ്പിടിച്ച് വിസൃതമാക്കിയ രാജ്യം തന്റെ കുലദൈവമായ ശ്രീ പത്മനാഭന് അടിയറവച്ചു. (1750 ജനുവരി 3 ) ശ്രീ പത്മനാഭദാസനായി ഭരണം നടത്തിപോന്ന ആദ്ദേഹം രാജ്യത്ത് പല ഭരണപരിഷ്ക്കാരങ്ങളും നടപ്പാക്കി. ഭൂമി മുഴുവന്‍ കണ്ടെഴുതിയും കേട്ടെഴുതിയും കുടിയാ•ാര്‍ക്ക് പതിച്ച് നല്കി. ഭൂമിക്ക് കരം ഏര്‍പ്പെടുത്തി. ബ്രഹ്മസ്വം,ദേവസ്വം, പണ്ടാരവക എന്നിങ്ങനെയായി ഭൂമി വേര്‍തിരിച്ചു.പണ്ടാരവക ഭൂമി പതിച്ചുനല്‍കിയ അദ്ദേഹം കുരുമുളക്,അടയ്ക്ക,പുകയില എന്നിവയുടെ വ്യാപാരവും ,ഉപ്പു നിര്‍മ്മാണവും കുത്തകയാക്കി. ഭരണസൌകര്യത്തിനായി രാജ്യത്തെപല താലൂക്കുകളായും വില്ലേജുകളായും വിഭജിച്ചു. അങ്ങനെ മൂവാറ്റുപുഴ താലൂക്കില്‍ (മണ്ഡപത്തും വാതില്‍ )പെട്ട കൂത്താട്ടുകുളം ഒരു വില്ലേജിന്റെ ആസ്ഥാനമായി.1906 ലെ ട്രാവന്‍കൂര്‍സ്റേറ്റ്മാനുവലില്‍ കൊടുത്തിരിക്കുന്ന വിവരമനുസരിച്ച് മൂവാറ്റുപുഴ താലൂക്കിലെ നാല് പ്രധാന സ്ഥലങ്ങളില്‍ ഒന്നാണ് കൂത്താട്ടുകുളം. മറ്റ് സ്ഥലങ്ങള്‍ കോതമംഗലം, തൃക്കാരിയൂര്‍, മൂവാറ്റുപുഴ എന്നിവയാണ്.
20 -ആം നൂറ്റാണ്ടിന്റെ ആരംഭം വരെ ഇടപ്രഭുക്ക•ാരായിരുന്നു ഓരൊ നാടിന്റെയും ഭരണാധികാരികള്‍. അവര്‍ക്ക് സ്വന്തമായി കളരികളും യോദ്ധാക്കളുമുണ്ടായിരുന്നു. കൊല്ലിനും കൊലക്കും അധികാരമുണ്ടായിരുന്ന ആമ്പക്കാട്ട് കര്‍ത്താക്കളായിരുന്നു കൂത്താട്ടുകുളം പ്രദേശത്തിന്റെ അധികാരികള്‍. ഇവിടുത്തെ ഭൂമി മുഴുവന്‍ ആമ്പാക്കാട്ട് കര്‍ത്താക്കളുടെയും ,കട്ടിമുട്ടം, പുതുമന , നെല്യക്കാട്ട്,ചേന്നാസ് തുടങ്ങി ഏതാനും നമ്പൂതിരി ഇല്ലങ്ങളുടെയും, വേങ്ങച്ചേരിമൂസതിന്റേയും വകയായിരുന്നു.
കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തിന് തെക്ക് ഭാഗത്ത്, വിശാലമായ നെല്‍വയലിന്റെ കരയിലായിരുന്നു ആമ്പക്കാട്ട് കര്‍ത്താക്കള്‍ താമസിച്ചിരുന്നത്. അവിടന്ന് അരകിലൊമീറ്റര്‍ പടിഞ്ഞാറ് മാറി ഇന്ന് ശിര്‍ദ്ദിസായി ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു ആമ്പക്കാട്ട് കര്‍ത്താക്കളുടെ കളരി. ആ സ്ഥലത്തുനിന്ന് ധാരാളം ആയുധങ്ങളും വിഗ്രഹങ്ങളും മറ്റും പിന്നീട് കണ്ടെത്തിയിട്ടുണ്ട്. അവരുടെ ഭരദേവതയായിരുന്നു ഓണംകുന്ന് ഭഗവതി. തന്റെ അധികാര അതിര്‍ത്തിയില്‍ കുറ്റം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷകള്‍ നല്‍കിയിരുന്ന കര്‍ത്താക്കള്‍ വധശിക്ഷ നടപ്പാക്കിയിരുന്നത് കഴുവേറ്റിയായിരുന്നു. കൂത്താട്ടുകുളത്തുനിന്ന് കോഴിപ്പിള്ളിക്കുള്ള വഴിയില്‍ ചാരഞ്ചിറ ഭാഗത്തുകൂടി അന്നുണ്ടായിരുന്ന നടപ്പ് വഴിയുടെ സമീപത്തായിരുന്നു കുറ്റവാളികളെ കഴുവേറ്റിയിരുന്നത്. അന്ന് കഴുമരമായി ഉപയോഗിച്ചിരുന്ന രണ്ട് ഇലവു മരങ്ങള്‍ ഏതാനും കൊല്ലം മുന്‍പ് വരെ അവിടെ നിലനിന്നിരുന്നു.
മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണകാലത്ത് സര്‍ക്കാരിന്റെ കുത്തകയായിരുന്ന പുകയില, ഉപ്പ്, കുരുമുളക് തുടങ്ങിയ സാധനങ്ങള്‍ സംഭരിച്ച് സൂക്ഷിക്കുന്നതിനും അതിന്റെ ക്രയവിക്രയത്തിനും വേണ്ടി കൂത്താട്ടുകുളത്ത് കോട്ടയും കുത്തകയാഫീസും സ്ഥാപിച്ചിരുന്നു. കൂത്താട്ടുകുളം ഹൈസ്കൂള്‍ റോഡില്‍നിന്ന് മാരുതി ജംഗ്ഷന് സമീപത്തേക്ക് പോകുന്ന റോഡിനോട് ചേര്‍ന്ന് ആ കോട്ടയുടെ അവശിഷ്ടം ഏതാനും കൊല്ലം മുന്‍പുവരെ കാണാമായിരുന്നു. ഒന്നര എക്കറോളം വിസ്തൃതിയില്‍ സമചതുരത്തില്‍ മണ്ണും ചെങ്കല്ലും കൊണ്ട് നിര്‍മ്മിച്ച ആ കോട്ടയുടെ ചുറ്റുമുണ്ടായിരുന്ന കിടങ്ങ് നികന്ന് കഴിഞ്ഞിട്ടുണ്ട്. അടുത്തകാലം വരെ ഇവിടെ വെട്ടിക്കിളക്കുമ്പോള്‍ ധാരാളം വെടിയുണ്ടകള്‍ ലഭിച്ചിരുന്നതായി സ്ഥലവാസിയായ മേച്ചേരില്‍ രാഘവന്‍പിള്ള പറയുകയുണ്ടായി. ഈ കോട്ടയ്ക്കടുത്തുതന്നെയായിരുന്നു കൂത്താട്ടുകുളത്തെ പ്രവൃത്തിക്കച്ചേരിയും കുത്തകയാഫീസും പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഇന്നത്തെ സഹകരണ ആശുപത്രി സ്ഥിതിചെയ്യുന്ന ഭാഗത്ത് റോഡരുകില്‍ ഉണ്ടായിരുന്ന ഒരു ചെറിയ മാളികക്കെട്ടിടത്തിലേക്ക് കുത്തകയാഫീസ് മാറ്റി.
കുത്തക സംഭരണ കേന്ദ്രങ്ങളുടെ മോല്‍നോട്ടം വഹിച്ചിരുന്നത് വിചാരിപ്പുകാര്‍ എന്നറിയപ്പെട്ടിരുന്ന ഉദ്യോഗസ്ഥരായിരുന്നു. ഇവിടത്തെ കുത്തകവിചാരിപ്പുമായി ബന്ധപ്പെട്ട് തെക്കന്‍ തിരുവിതാംകൂറില്‍ നിന്നെത്തിയ അറുമുഖംപിള്ളയുടെ പിന്മുറക്കാരായ പത്തിരുപത് കുടുംബങ്ങള്‍ ഇന്ന് കൂത്താട്ടുകുളത്തുണ്ട്. നാഞ്ചിനാട്ട് വെള്ളാളരായ ഇവര്‍ ഒരു പ്രത്യേകസമുദായമായിട്ടാണ് ഇവിടെ ജീവിക്കുന്നത്.
റോഡുകള്‍, സഞ്ചാരമാര്‍ഗ്ഗങ്ങള്‍
പുരാതനകാലത്തെ വ്യാപാരമാര്‍ഗ്ഗങ്ങളായിരുന്ന നാട്ട് വഴികളുടെ സംഗമസ്ഥാനമായിരുന്നു കൂത്താട്ടുകുളം. പാണ്ടിനാട്ടില്‍നിന്നും കാരിക്കോട്, ചുങ്കം, നെടിയശാല, മാറിക വഴി പടിഞ്ഞാറന്‍ തീരത്തേക്കും, മുവാറ്റുപുഴ യില്‍ നിന്ന് ആരക്കുഴ, പാലക്കുഴ, വെളിയന്നൂര്‍, ഉഴവൂര്‍, കിടങ്ങൂര്‍ വഴി തെക്കോട്ടും , വാണിഭശ്ശേരി, തിരുമാറാടി , കാക്കൂര്‍, ഓണക്കൂര്‍ വഴി പിറവം പുഴക്കടവിലേക്കും ഉണ്ടായിരുന്ന പ്രധാനനാട്ടുവഴികള്‍ കടന്ന് പോയിരുന്നത് കൂത്താട്ടുകുളം കൂടിയായിരുന്നു. പാണ്ടിയില്‍നിന്ന് കഴുതപ്പുറത്തായിരുന്നു ഈ വഴികളിലൂടെ ചരക്കുകള്‍ കൊണ്ടുവന്നിരുന്നത്. തലച്ചുമടായി കൊണ്ടുവരുന്ന ചരക്കുകള്‍ ഇറക്കിവച്ച് വിശ്രമിക്കാന്‍ ചുമട് താങ്ങികളും, അവ വിറ്റഴിക്കാന്‍ പല സ്ഥലങ്ങളിലും അങ്ങാടികളുമുണ്ടായിരുന്നു. കൂത്താട്ടുകുളത്തിന് ചുറ്റുപാടുമുള്ള പല വഴിയോരങ്ങളിലും തകര്‍ന്നടിഞ്ഞ നിലയിലുള്ള ധാരാളം ചുമടുതാങ്ങികള്‍ കാണാം. അവ നിന്നിരുന്ന സ്ഥലങ്ങള്‍ അത്താണി, അത്താണിയ്ക്കല്‍ എന്നീ പേരുകളിലാണ് ഇന്നറിയപ്പെടുന്നത്. അക്കാലത്ത് കൂത്താട്ടുകുളത്തുണ്ടായിരുന്ന അങ്ങാടി ഏറെ പ്രസിദ്ധമായിരുന്നു. അങ്ങാടിയോട് ചേര്‍ന്ന് വഴിയാത്രക്കാരുടെ താമസത്തിനും വിശ്രമത്തിനും വേണ്ടി സത്രം നിര്‍മ്മിച്ചിരുന്നു. ഇന്നത്തെ കൂത്താട്ടുകുളം പഞ്ചായത്താഫീസും, ടൌണ്‍ഹാളും , സഹകരണ ആശുപത്രിയുമൊക്കെ സ്ഥിതിചെയ്യുന്ന ഭാഗത്തായിരുന്നു സത്രം സ്ഥിതി ചെയ്തിരുന്നത്.
കൂത്താട്ടുകുളത്തിന്റെ സാമൂഹ്യവും, സാമ്പത്തികവുമായ വളര്‍ച്ചയ്ക്ക് ഏറെ സഹായിച്ചത് എം. സി. റോഡിന്റെ നിര്‍മ്മാണമായിരുന്നു. 1860-ല്‍ ദിവാന് ടി. മാധവറാവുവിന്റെ കാലത്താണ് തിരുവനന്തപുരത്ത്നിന്ന് രാജ്യത്തിന്റെ വടക്കേ അതിര്‍ത്തിയായ കറുകുറ്റിവരെ കരമാര്‍ഗ്ഗം എത്തിച്ചേരുന്നതിന് വേണ്ടി മെയിന്‍ സെന്‍ട്രല്‍ റോഡിന്റെ നിര്‍മ്മാണം തുടങ്ങിയത്. കൂത്താട്ടുകുളം ഭാഗത്ത് ഈ റോഡിന്റെ പണികള്‍ നടക്കുന്നത് 1876 കാലത്താണ്. ഇംഗ്ളിഷ്കാരനായ ചീഫ് എഞ്ചിനീയര്‍ വില്യം ബാര്‍ട്ടന്റെ നേതൃത്വത്തില്‍ എട്ട് അടി വീതിയിലായിരുന്നു ആദ്യം ഈ റോഡ് നിര്‍മ്മിച്ചത്. കൂത്താട്ടുകുളത്ത്നിന്ന് ആരക്കുഴവഴി നേരത്തേ ഉണ്ടായിരുന്ന നാട്ട് വഴി വികസിപ്പിച്ച് റോഡ് നിര്‍മ്മിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും അവിടെയുള്ള നാട്ടുകാരുടെ എതിര്‍പ്പ് മൂലം അതുപേക്ഷിക്കുകയും, വനപ്രദേശമായിരുന്ന ആറൂര്‍വഴി പുതിയറോഡ് നിര്‍മ്മിക്കുകയുമാണുണ്ടായത്.
യൂറോപ്യന്മാരായ കോണ്‍ട്രാക്ടേഴ്സിന് കീഴില്‍ നാട്ടുകാരായ ചെറുകിടക്കരാറുകാരായിരുന്നു ഈ റോഡിന്റെ നിര്‍മ്മാണ ജോലികള്‍ ഏറ്റെടുത്ത് നടത്തിയത്. പ്രായപൂര്‍ത്തിയായവരെക്കൊണ്ട് മാത്രമല്ല കുട്ടികളെക്കൊണ്ടും അവര്‍ നിര്‍ബന്ധപൂര്‍വ്വം പണിയെടുപ്പിച്ചിരുന്നു. മുതിര്‍ന്നവര്‍ക്ക് രണ്ട് ചക്രമായിരുന്നു കൂലി. എം. സി. റോഡിന്റെ നിര്‍മ്മാണ കാര്യങ്ങള്‍ക്കായി പണി കഴിപ്പിച്ചതാണ് ഇന്ന് കാണുന്ന കൂത്താട്ടുകുളം ടി.ബി. എം.സി റോഡിന് പുറമേ കൂത്താട്ടുകുളത്ത് നിന്ന് തൊടുപുഴ, പിറവം, തലയോലപ്പറമ്പ് എന്നിവിടങ്ങളിലേക്കെല്ലാം രാജഭരണകാലത്ത് തന്നെ ഗതാഗതയോഗ്യമായ റോഡുകള്‍ ഉണ്ടായിരുന്നു. കൂത്താട്ടുകുളം ചന്തയിലേക്ക് കാളവണ്ടികളിലും മറ്റും ചരക്കുകള്‍ എത്തിക്കുന്നതിനും, നാടിന്റെ പൊതുവായ വികസനത്തിനും ഈ റോഡുകള്‍ ഏറെ പ്രയോജനപ്പെട്ടു.
ആഴ്ചചന്ത
കൂത്താട്ടുകുളത്ത് ആദ്യകാലത്തുണ്ടായിരുന്ന അങ്ങാടിയുടെ സ്ഥാനത്താണ് ആഴ്ചചന്ത തുടങ്ങിയത്. ദിവാന് പേഷ്കാര്‍ നേരിട്ടെത്തിയാണ് ഇവിടെ ആഴ്ച ചന്ത തുടങ്ങുന്നതിനുള്ള സാധ്യതകളെക്കുറിച്ച് അനേഷണം നടത്തിയത്. പരിശോധനക്കെത്തിയ അദ്ദേഹത്തെ അങ്ങാടിയുടെ വലിപ്പം ബോധ്യപ്പെടുത്തുന്നതിന് വേണ്ടി നാട്ടുകാര്‍ ഏതാനും നെടുമ്പുരകള്‍കൂടി അവിടെ കൂടുതലായി കെട്ടിയുണ്ടാക്കിയിരുന്നു.അതെല്ലാം നേരത്തെതന്നെ അവിടെ ഉണ്ടായിരുന്നതായി തോന്നാന്‍ ഓല മേഞ്ഞ പഴയകെട്ടിടങ്ങള്‍ പൊളിച്ചുകൊണ്ടുവന്നാണ് അവിടെ സ്ഥാപിച്ചത്. തുരുത്തേല്‍ ഉതുപ്പ് തന്റെ വീട്ടിലെ തൊഴുത്തും ആട്ടിന്‍ കൂടും പൊളിച്ചുകൊണ്ടുവന്ന് അങ്ങാടിയില്‍ സ്ഥാപിക്കുകയുണ്ടായി. അതിനുള്ളില്‍ വില്‍പ്പനക്കുള്ള കാര്ഷികോല്പന്നങ്ങള് കൊണ്ടു വന്നു കൂട്ടി. ആട്, കോഴി തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെയും ചന്തയില്‍ കൊണ്ടുവന്ന് കെട്ടി. ഇതെല്ലാം കണ്ട് തൃപ്തനായ ദിവാന് പേഷ്ക്കാര്‍ കൂത്താട്ടുകുളത്ത് ആഴ്ചചന്ത തുടങ്ങാന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ടുനല്‍കുകയും ചെയ്തു. 1865-നോട് അടുത്ത്. ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് ആരംഭിച്ച ഈ ആഴ്ചചന്ത രാമവര്‍മ്മപുരം മാര്‍ക്കറ്റ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്നത്തെ സെന്‍ട്രല്‍ ജംഗ്ഷന് സമീപം പോലീസ് സ്റ്റേഷന്റെ തെക്ക് ഭാഗത്തായിരുന്നു മാര്‍ക്കറ്റ് ആദ്യം തുടങ്ങിയത്. അവിടെ രാമവര്‍മപുരം മാര്‍ക്കറ്റ് എന്നെഴുതിയ തിരുവിതാംകൂറിന്റെ മുദ്രയുള്ള വലിയ ശിലാഫലകം സ്ഥാപിച്ചിരുന്നു. കാലക്രമേണ മാര്‍ക്കറ്റ് വികസിച്ചപ്പോള്‍ കൂടുതല്‍ സൌകര്യത്തിനായി ടൌണിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചതാണ് ഇന്ന് കാണുന്ന ആഴ്ചചന്ത.
ആടുമാടുകള്‍ക്ക് പുറമെ, കോഴി, താറാവ്, പന്നി മുതലായ വളര്‍ത്തുമൃഗങ്ങളുടെയും, കാര്ഷികോല്പന്നങ്ങളുടെയും പ്രധാനവിപണന കേന്ദ്രമായിരുന്നു ഈ ആഴ്ചചന്ത. ബുധനാഴ്ചയാണ് ചന്തദിവസം. ചന്തയില്‍ എത്തിച്ചേരുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ അധികവും അന്നത്തെ പ്രധാന വ്യാപാര കേന്ദ്രമായിരുന്ന ആലപ്പുഴയ്ക്കായിരുന്നു കയറ്റി അയച്ചിരുന്നത് . അവിടന്നു പായ, കരിപ്പട്ടി ശര്‍ക്കര, ഉപ്പ്, പുകയില , ഉണക്കമീന്‍, ഇരുമ്പ് സാധനങ്ങള്‍ എന്നിവയൊക്കെ കച്ചവടക്കാര്‍ ഇവിടെക്കൊണ്ടുവന്ന് വില്പന നടത്തിയിരുന്നു. ആലപ്പുഴയില്‍ നിന്ന് വഞ്ചിയില്‍ വെട്ടിയ്ക്കാട്ട് മുക്കില്‍ എത്തിക്കുന്ന ചരക്കുകള്‍ തലച്ചുമടായിട്ടായിരുന്നു കൊണ്ടുവന്നിരുന്നത്. പിന്നീട് കാളവണ്ടികളിലായി. അക്കാലത്ത് കുടമണികള്‍ കെട്ടിയ കാളകളും വണ്ടികളുമായി ദൂരെ ദിക്കുകളില്‍ നിന്നു പോലും കച്ചവടക്കാര്‍ ഇവിടെ വന്ന് ചരക്കുകള്‍ വില്‍ക്കുകയും, വാങ്ങുകയും ചെയ്തിരുന്നു. ടൌണ്‍പാലത്തിനടുത്ത് ചന്ത തോടിന്റെ കരയിലായിരുന്നു പ്രധാന വണ്ടിപേട്ട. അവിടെ വണ്ടിക്കാളകള്‍ക്ക് പുല്ലും വയ്ക്കോലും, വെള്ളവും ഒക്കെ എത്തിച്ച് കൊടുക്കാനും, ലാടം തറയ്ക്കുന്നതിനും തൊഴിലാളികളുണ്ടായിരുന്നു. വണ്ടിക്കാര്‍ക്ക് ചാട്ട പിരിച്ച് കൊടുത്ത് ഉപജീവനം നടത്തിയിരുന്നവരും അന്ന് ഉണ്ടായിരുന്നു.
ആരാധനാലയങ്ങള്‍
പുരാതനമായ ക്ഷേത്രങ്ങളും ,പള്ളികളും ഈ പ്രദേശത്തിന്റെ പാരമ്പര്യത്തെ വിളിച്ചറിയിക്കുന്നു. ജീര്‍ണ്ണ പ്രായമായിക്കോണ്ടിരിക്കുന്ന കൂത്താട്ടുകുളം മഹാദേവ ക്ഷേത്രം രാമയ്യന് ദളവയാല്‍ പുതുക്കി പണിയിക്കപ്പെട്ടതാണെന്ന് പറയപ്പെടുന്നു. ഈ ക്ഷേത്രത്തിലെ ദാരുശില്‍പ്പങ്ങളും മറ്റു നിര്‍മ്മാണങ്ങളും ആകര്‍ഷണീയങ്ങളും പഠനാര്‍ഹങ്ങളുമാണ്. ഇവിടെ രാമായണ കഥ തടിയില്‍ കൊത്തിവച്ചിട്ടുള്ളത് കാലപ്പഴക്കത്താലും സംരക്ഷണക്കുറവുകൊണ്ടും നശിച്ചുകൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് കൂത്താട്ടുകുളത്തെയും സമീപ പ്രദേശങ്ങളിലേയും ഭൂ സ്വത്തുക്കളുടെ നല്ലൊരുഭാഗം ഈ ക്ഷേത്രം വകയായിരുന്നു എന്നാണ് പഴയരേഖകള്‍ കാണിക്കുന്നത്. കൂത്താട്ടുകുളത്തെ ഓണംകുന്ന് ഭഗവതിക്ഷേത്രവും ചിരപുരാതനമാണ്. ഈ ക്ഷേത്രത്തെക്കുറിച്ചും പല ഐതീഹ്യങ്ങളും പ്രചാരത്തിലുണ്ട്. കൂത്താട്ടുകുളത്തെ അര്‍ജ്ജുനന്‍മല ശിവക്ഷേത്രം ആദിമ നിവാസികളായ ഉള്ളാരുടെതാണ്. ഗിരിജന വിഭാഗത്തില്‍ പെട്ടവരാണ് ഇവിടത്തെ പൂജാരികള്‍. ആദ്യകാലത്ത് ഈ ക്ഷേത്രഭരണം നടത്തിയിരുന്നവര്‍ ‘ എട്ടുമുട്ടന്മാര് ’ എന്നാണ് അറിയപ്പെട്ടിരുന്നത്. ദ്രാവിഡകാലഘട്ടത്തോളം പഴക്കമുള്ളതാണ് കൂത്താട്ടുകുളത്തെ കിഴകൊമ്പ് ഭഗവതി ക്ഷേത്രം. വന്‍വൃക്ഷങ്ങളും വള്ളിപടര്‍പ്പികളും കൊണ്ട് നിബിഡമായ കാവിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ വന ദുര്‍ഗ്ഗയാണ്.
കൂത്താട്ടുകുളത്തെ ചിരപുരാതനവും, പ്രശസ്തവുമായ ക്രിസ്ത്യന്‍ ദേവാലയമാണ് വടകരപ്പള്ളി. പത്താംനൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ത്ഥത്തിലാണ് ഇവിടെ ആദ്യത്തെ പള്ളി സ്ഥാപിച്ചതെന്നാണ് വിശ്വാസം. വടകര എന്ന സ്ഥലപ്പേരിനെക്കുറിച്ചും വടകരപ്പള്ളിയുടെ സ്ഥാപനത്തെക്കുറിച്ചും പല ഐതീഹ്യങ്ങളും നിലവിലുണ്ട്. 1653 ലെ കൂനന്‍കുരിശ് സത്യത്തെതുടര്‍ന്ന് കേരളത്തിലെ ക്യസ്ത്യാനികള്‍ പുത്തന്‍ കൂറെന്നും, പഴയകൂറെന്നും വേര്‍പിരിഞ്ഞെങ്കിലും ഇവിടെ ഇരുവിഭാഗവും നൂറ്റി ഇരുപത്തിയഞ്ച് വര്‍ക്ഷം മാതൃ ദേവാലയത്തില്‍ തന്നെയാണ് ആരാധന നടത്തിയിരുന്നത്. പേര്‍ഷ്യന്‍ വാസ്തുശില്പമാതൃകയില് നിര്‍മ്മിച്ചിട്ടുള്ള പുരാതന ദേവാലയം പുത്തന്‍കൂര്‍വിഭാഗത്തിന്റെ കൈവശമാണ്. പഴയ കൂറ്റുകാരെന്നറിയപ്പെടുന്ന കത്തോലിക്കര്‍ക്ക് വടകരയില്‍ ഇപ്പോള്‍ പുതുയ ദേവാലയമുണ്ട്. ഇത് കൂടാതെ ധാരാളം ഹൈന്ദവക്ഷേത്രങ്ങളും, ക്രിസ്ത്യന്‍ പള്ളികളും ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്നു. ഓണംകുന്ന് ക്ഷേത്രത്തിനഭിമുഖമായി സ്ഥിതിചെയ്യുന്ന സി.എസ്സ്.ഐ. ദേവാലയം ബ്രീട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ചതാണ്.
വിദ്യാലയങ്ങള്‍
കൂത്താട്ടുകുളത്തെ ആദ്യത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനം വെര്‍ണാകുലര്‍ മലയാളം സ്കൂളാണ്. 1875 കാലത്താണ് ഈ സ്കൂള്‍ ആരംഭിക്കുന്നത്. അതിന് മുന്‍പ് അക്ഷരാഭ്യാസത്തിന് ഇവിടെയുണ്ടായിരുന്നത് കളരികളായിരുന്നു. തുരുത്തേല്‍ ആശാന്റേയും, പടിഞ്ഞാറേല് ആശാന്റേയും കളരികളായിരുന്നു പ്രധാനപ്പെട്ട രണ്ട് കളരികള്‍.
ദിവാന് ടി. മാധവറാവു ആണ് തിരുവിതാംകൂറില്‍ നാട്ടുഭാഷാ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത്. 1866-ല്‍ അദ്ദേഹം ആദ്യത്തെ നാട്ട് ഭാഷാ വിദ്യാലയം തിരുവനന്തപുരത്ത് സ്ഥാപിച്ചു. പ്യൂണ്‍ ജോലിക്ക് മുകളിലുള്ള എല്ലാ ജോലിക്കും പൊതുപരീക്ഷ പാസ്സായിരിക്കണം എന്ന കാഴ്ചപ്പാടിനോടൊപ്പം തന്നെ മിഷണറിമാരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുകയും, അവരുടെ സ്വാധീനത്തില്‍ നിന്ന് താഴ്ന്ന ജാതിക്കാരെ മോചിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശവും സര്‍ക്കാരിനുണ്ടായിരുന്നു.
കൂത്താട്ടുകുളത്ത് ആരംഭിച്ച വെര്‍ണാകുലര്‍ സ്കൂള്‍ ഉത്തരതിരുവിതാംകൂറിലെതന്നെ ആദ്യത്തെ പൊതുവിദ്യാലയമായിരുന്നു. അക്കാലത്ത് വടക്കന്‍പറവൂരും , കോട്ടയത്തും മാത്രമേ വേറേ സ്കൂളുകള്‍ ഉണ്ടായിരുന്നുള്ളു എന്നാണ്, കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇവിടെ വിദ്യാര്‍ത്ഥിയായിരുന്ന റവ ഡോ. എബ്രഹാം വടക്കേല്‍ ഒരു ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്. ഇന്നത്തെ ട്രഷറി റോഡിനും, മാര്‍ക്കറ്റ് റോഡിനും ഇടയില്‍ ആദ്യത്തെ അങ്ങാടിയോട് ചേര്‍ന്നായിരുന്നു ആ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഇന്നത്തെ ടൌണ്‍ഹാളിന് തെക്ക് ഭാഗത്ത് ഉണ്ടായിരുന്ന വടകരപള്ളിയുടെ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ച ആ സ്കൂള്‍ എതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ടൌണ്‍സ്കൂളില്‍ ലയിപ്പിക്കുകയാണുണ്ടായത്. ഹൈസ്കൂള്‍ റോഡില്‍ പള്ളിവക സ്ഥലത്ത് പുതിയ ഷോപ്പിംഗ് സെന്റര്‍ നിര്‍മ്മിക്കുന്നതുവരെ ആ സ്കൂള്‍ കെട്ടിടം അവിടെ നിലനിന്നിരുന്നു.
1918-ല്‍ കൂത്താട്ടുകുളത്ത് വടകരയില്‍ പഴയ സുറിയാനി പള്ളിയുടെ മുറ്റത്ത് ഒരു മിഡില്‍സ്കൂള്‍ ആരംഭിച്ചു. അധികം കഴിയുന്നതിന് മുന്‍പ് വടകര സെന്റ് ജോണ്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതിചെയ്യുന്ന തേന്‍കുളത്ത് മലയിലേക്ക് ആ സ്കൂള്‍ മാറ്റി. 1929-ല്‍ അവിടെ ഹൈസ്കൂള്‍ വിഭാഗം ആരംഭിച്ചപ്പോള്‍ അത് ഈ നാട്ടിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസസ്ഥാപനമായിത്തീര്‍ന്ന. മുന്‍ രാഷ്ട്രപതി കെ. ആര്. നാരായണന് , ലോ ബോര്‍ഡ് ചെയര്‍മാനായിരുന്ന ഡോ. എ.ടി. മര്‍ക്കോസ്, ബൊട്ടാണിക്കല്‍ സര്‍വ്വേ ഓഫ് ഇന്‍ഡ്യ യുടെ ഡപ്യൂട്ടി ഡയറക്ടറായിരുന്ന ഡോ. കെ. എം. സെബാസ്റ്യന്‍, അധ്യാപകനും എഴുത്തുകാരനുമായിരുന്ന പ്രൊഫ. പി.വി. ഉലഹന്നന്‍ മാപ്പിള, കമ്മ്യൂണിസ്റ് നേതാവും റവന്യു വകുപ്പ് മന്ത്രിയുമായിരുന്ന കെ. ടി. ജേക്കബ്, സി. ജെ. തോമസ് തുടങ്ങി ഉന്നതരായ നിരവധി വ്യക്തികള്‍ പഠിച്ച ഈ സ്കൂളിലെ ആദ്യ എസ്സ്. എസ്. എല്‍. സി. ബാച്ച് പുറത്തിറങ്ങുന്നത് 1931 ലാണ്. 1933-ല്‍ വടകരയിലെ പൂച്ചപ്പുറത്ത്കുന്നില്‍ തുടങ്ങിയ ആരാധനമഠം വക മിഡല്‍ സ്കൂള്‍ 1949-ല്‍ ഹൈസ്കൂളായി.
1938-ല്‍ ആരംഭിച്ച ഹിന്ദു മിഷന് മിഡില്‍സ്കൂളാണ് ഇന്നത്തെ കൂത്താട്ടുകുളം ഹൈസ്കൂള്‍. ആദ്യം അയ്യംപറമ്പ് ചാവടിയിലും പിന്നീട് കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തിന്റെ ഊട്ട്പുരയിലുമായിരുന്നു ഈ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. പില്കാലത്ത് കൂത്താട്ടുകുളം വില്ലേജ് യൂണിയന്റെ പ്രസിഡന്റായിരുന്ന അത്തിമണ്ണില്ലത്ത് കേശവന് നമ്പൂതിരിയായിരുന്നു ഈ സ്കൂളിന്റെ സ്ഥാപകന്‍. ക്ഷേത്രപ്രവേശനവിളംബരത്തിന് ശേഷവും ഊരാണ്മക്ഷേത്രങ്ങളില് അയിത്തജാതിക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന കാലത്ത് തന്റെ അധീനതയിലുള്ള ക്ഷേത്രത്തില്‍ അധസ്ഥിതര്‍ക്ക് പ്രവേശനം അനുവദിച്ച് മാതൃക കാട്ടിയ പരിഷ്കരണവാദിയായിരുന്നു കേശവന് നമ്പൂതിരി. ആഗമാനന്ദ സ്വാമികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം ഊട്ട്പുരയില്‍ ആരംഭിച്ച സ്കൂളില്‍ നാനാ ജാതികളിലും പെട്ട കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു.
കൂത്താട്ടുകുളത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന
ആനുകാലികങ്ങള്‍
കൂത്താട്ടുകുളത്തുനിന്ന് ശ്രദ്ധേയമായ ഏതാനും ആനുകാലികങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ എടുത്തുപറയേണ്ട മികവുറ്റ ഒരു സാഹിത്യമാസികയായിരുന്നു ‘ ലാവ’ 1970 കളുടെ തുടക്കത്തില്‍ മലയാളത്തിലുണ്ടായ ബദല്‍ പ്രസിദ്ധീകരണങ്ങളുടെ കൂട്ടത്തില്‍ ഒന്നായിരുന്നു ഇത്. ‘ ലാവ’ യുടെ പത്രാധിപര്‍ കെ.എം.രാജുവായിരുന്നു. ഇതിനു പുറമെ ‘അഷ്ടപദി’ ,‘കാമന’,‘കനക’,‘ഭാരതപ്പുഴ’,‘ഭാവന’,‘രാജ്യകാര്യം’ തുടങ്ങിയ മാസികകളും ഇവിടെനിന്ന് പ്രസിദ്ധീകരിച്ചിരുന്നു.കൂത്താട്ടുകുളത്തെ ദേശസേവിനി പ്രസ്സില്‍ നിന്ന് ‘അഷ്ടപദി’ പ്രസിദ്ധീകരിച്ചിരുന്നത്. ‘ അഷ്ടപദി’ ക്കു പുറമെ ‘ അനുരജ്ഞനം’ എന്ന സായാഹ്ന പത്രവും പ്രസിദ്ധീകരിച്ചിരുന്നു.ഇന്നത്തേതു പോലെ അച്ചടിയുടെ സാങ്കേതികസൌകര്യങ്ങള്‍ ഇല്ലാതിരുന്നകാലത്ത് ലറ്റര്‍ പ്രസ്സിലാണ് ‘ അനുരഞ്ജനം’ അച്ചടിച്ചിരുന്നത്. രണ്ടിന്റേയും പത്രാധിപര്‍ പ്രസ്സുടമയായ വി.കെ.മാധവനായിരുന്നു.യുവ സാഹിത്യകാരനായിരുന്ന സതീഷ് ചേലാട്ടായിരുന്നു കാമനയുടെ പത്രാധിപര്‍.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് തന്നെ അഞ്ചലാഫീസ്, പോലീസ്സ്റേഷന്. പകുതിക്കച്ചേരി, രജിസ്ട്രര്‍ ആഫീസ്, എക്സൈസ് ആഫീസ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളൊക്കെ കൂത്താട്ടുകുളത്തുണ്ടായിരുന്നു.
ഇപ്പോള്‍ പോസ്റോഫീസ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തായിരുന്നു അഞ്ചലാഫീസ്. നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറിലും കൊച്ചിയിലും കത്തുകളയയ്ക്കാന്‍ അഞ്ചല്‍ സമ്പ്രദായവും , ഇവിടന്ന് വെളിയിലേക്കുള്ള കത്തിടപാടുകള്‍ക്ക് തപാല്‍ സമ്പ്രദായവുമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. കൂത്താട്ടുകുളത്ത് അക്കാലത്ത് അഞ്ചലാഫീസിനു പുറമേ തപാലാഫീസും പ്രവര്‍ത്തിച്ചിരുന്നു. മാര്‍ക്കറ്റ് റോഡിലുള്ള ഒരു പഴയ ഇരുനിലക്കെട്ടിടത്തിലായിരുന്നു തപാലാഫീസ് പ്രവര്‍ത്തിച്ചിരുന്നത്. 1951-ല്‍ തിരു-കൊച്ചിയിലെ അഞ്ചല്‍ സമ്പ്രദായം അഖിലേന്ത്യ തപാല്‍ വകുപ്പില്‍ ലയിക്കുന്നതുവരെ രണ്ട് ആഫീസുകളും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു.
1880 കളില്‍ തന്നെ കൂത്താട്ടുകുളത്ത് പകുതിക്കച്ചേരിയും, രജിസ്ട്രാര്‍ ആഫീസും ആരംഭിച്ചിരുന്നു. ഇടപ്രഭുക്കന്മാരായിരുന്ന ആമ്പക്കാട്ട് കര്‍ത്താക്കളുടെ ഇടത്തി ന് സമീപത്തുണ്ടായിരുന്ന മണ്‍കോട്ടയ്ക്കടുത്തായിരുന്നു ആ കച്ചേരികള്‍ പ്രവര്‍ത്തിച്ചിരുന്നത്. രണ്ട് പതിറ്റാണ്ടിന് ശേഷം എം. സി. റോഡിനോട് ചേര്‍ന്ന് ഇന്നിരിക്കുന്ന സ്ഥലത്തേക്ക് ആ കച്ചേരികള്‍ മാറ്റി. അക്കാലത്ത് ഈ കച്ചേരികളുടെ അധികാരപരിധി വളരെ വിപുലമായിരുന്നു. ഇന്നത്തെ കോട്ടയം ജില്ലയില്‍ ഉള്‍പ്പെട്ട ഉഴവൂര്‍, വെളിയന്നൂര്‍, മുളക്കുളം വില്ലേജുകളും, തിരുവിതാംകൂറിന്റെ അതിര്‍ത്തിയായിരുന്ന പേപ്പതി മുതല്‍ കിഴക്കോട്ടുള്ള പ്രദേശങ്ങളും ഈ രജിസ്ട്രര്‍ കച്ചേരിയുടെ പരിധിക്കുള്ളിലായിരുന്നു. ഇന്നത്തെ പാലക്കുഴ വില്ലേജ് കൂടി ഉള്‍പ്പെട്ടതായിരുന്നു പഴയ കൂത്താട്ടുകുളം പകുതി. അക്കാലത്ത് കൂത്താട്ടുകുളം പോലീസ് സ്റേഷന്റെ അതിര്‍ത്തിയും പിറവത്തിനപ്പുറത്ത് പേപ്പതി വരെയായിരുന്നു . ഒരു നൂറ്റാണ്ട് മുന്‍പ് നിര്‍മ്മിച്ചതാണ് (1902) പോലീസ് സ്റേഷന്റെ ഇന്ന് കാണുന്ന ഓട് മേഞ്ഞ വലിയ കെട്ടിടം. 1946 മുതല്‍ 52 വരെയുള്ള കാലത്ത് സ്വാതന്ത്യ്ര സമര സേനാനികളുടെയും, കമ്മ്യൂണിസ്റ് പോരാളികളുടെയും മേല്‍ നടന്ന ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കുപ്രസിദ്ധമായ ഈ പോലീസ് സ്റേഷന് ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. ഇടക്കാലത്ത് ഇവിടെ ആരംഭിച്ച സെക്കന്റ് ക്ളാസ്സ് മജിസ്ട്രേട്ട് കോടതി കേരളപ്പിറവിക്കുശേഷം നിര്‍ത്തലാക്കി.
ഇന്ന് നഷ്ടപ്രതാപങ്ങളുടെ കണക്കുകളുമായി വികസനത്തിന്റെ പുതിയ വഴിത്താരകള്‍ തുറക്കാന്‍ കാത്തിരിക്കുന്ന ഈ നാടിന് അഭിമാനിക്കാന്‍ കഴിയുന്നത് കൈമോശം വരാതെ കാത്ത് സൂക്ഷിച്ചു പോരുന്ന അതിന്റെ സാംസ്കാരിക പാരമ്പര്യം മാത്രമാണ്.
(രക്തസാക്ഷികളുടെ നാടു് എന്നകൃതിയുടെ കര്‍ത്താവാണു് ലേഖകന്‍)
കൂത്താട്ടുകുളം: ചരിത്രമുറങ്ങുന്ന സമര ഭൂമി
ജോസ് കരിമ്പന
തിരുവിതാംകൂറില്‍ സംയുക്ത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കാലം മുതല്‍ സമര ഗാഥകള്‍ക്ക് ചെവിയോര്‍ത്ത് പോരുന്ന പ്രദേശമാണ് കൂത്താട്ടുകുളം. സംയുക്ത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന നിവര്‍ത്തന പ്രക്ഷോഭങ്ങളുടെ (1933) അലയടികള്‍ അതിന്റെആരംഭത്തില് തന്നെ കൂത്താട്ടുകുളത്തും എത്തിയിരുന്നു.സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി,പ്രായപൂര്‍ത്തി വോട്ടവകാശം, നിയമസഭയില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ന്യൂനപക്ഷങ്ങളും പിന്നോക്ക ജനവിഭാഗങ്ങളും ചേര്‍ന്ന് നിവര്‍ത്തനപ്രക്ഷോഭം ആരംഭിച്ചത്. മര്‍ദ്ദനങ്ങളും, നിരോധന നടപടികളും കൊണ്ട് പ്രക്ഷോഭം അടിച്ചമര്‍ത്താനായിരുന്നു സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ ഇതിനെയെല്ലാം അവഗണിച്ചുകൊണ്ട് നൂറുകണക്കിന് യുവാക്കളാണ് ഇവിടെ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ മുന്നോട്ട് വന്നത് . ഐ.എം. വര്‍ക്കി, കെ.ടി. ജേക്കബ്,സി.ഐ. ആന്‍ഡ്രൂസ്, കെ.സി. ജോണ്‍,ടി.കെ. നീലകണ്ഠന്, ചൊളളമ്പേല്‍ പിളള, തുടങ്ങിയവരായിരുന്നു കൂത്താട്ടുകുളത്തെ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ മുന്നണിപോരാളികള്‍.
നിവര്‍ത്തന പ്രക്ഷോഭത്തിന് മുന്‍പ് തന്നെ സാമൂഹ്യനവോത്ഥാനം ലക്ഷ്യമാക്കിയുള്ള നിരവധിസമരങ്ങള്‍ക്ക് ഈ നാട് സാക്ഷ്യംവഹിക്കുകയുണ്ടായി. അവര്‍ണ്ണ വിഭാഗത്തില്‍ പെട്ട ജനങ്ങള്‍ക്ക് പൊതുവഴികളിലൂടെ സഞ്ചരിക്കുന്നതിനും, ക്ഷേത്രത്തില്‍ പ്രവേശിച്ച് ആരാധന നടത്തുന്നതിനും, വിദ്യാലയ പ്രവേശനത്തിനും വേണ്ടിയായിരുന്നു ആസമരം.വൈക്കം സത്യാഗ്രഹത്തിലെ മുന്നണിപോരാളികളില്‍ ഒരാളായിരുന്ന പാലക്കുഴയിലെ കീഴേട്ടില്ലത്ത് രാമന്ഇളയതാണ് ആ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പൊതു വിദ്യാലയങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ഐത്ത ജാതികളില്‍പ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി അദ്ദേഹം സ്വന്തം ഇല്ലപ്പറമ്പില്‍ തന്നെ ഒരു വിദ്യാലയം ആരംഭിച്ചു.ഈ സ്ക്കുളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് അയ്യങ്കാളിയായിരുന്നു. അവിടെ പഠിക്കാന്‍ വന്നിരുന്ന കുട്ടികള്‍ക്ക് സ്ളേറ്റും, പെന്‍സിലും മാത്രമല്ല, ആഹാരവും, വസ്ത്രവും വരെ സൌജന്യമായിട്ടാണ് നല്‍കിയിരുന്നത്. സഹോദരന് ആയ്യപ്പന്റെ നേതൃത്വത്തില്‍ നടന്ന ജാതിവിരുദ്ധ സമരങ്ങളുടെ ചുവടുപിടിച്ച് മിശ്രഭോജനമടക്കമുളള സമരങ്ങളും അക്കാലത്തിവിടെ നടന്നിരുന്നു. ഇതിനെല്ലാം പങ്കെടുക്കാന്‍ അവര്‍ണ്ണ വിഭാഗത്തില്‍പ്പെട്ട ധാരാളം പേര് മുന്നോട്ടുവരികയുണ്ടായി. കൂത്താട്ടുകുളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ മുന്നേറ്റത്തിന് വഴിതെളിച്ചത് പ്രധാനമായും രാമനിളയതിന്റെ നേതൃത്വത്തില്‍ നടന്ന ഈ നവോത്ഥാന പോരാട്ടങ്ങളായിരുന്നു.
1938- ല്‍ തിരുവിതാംകൂറില്‍ സ്റേറ്റ് കോണ്‍ഗ്രസ് രൂപം കൊളളുകയും, ഉത്തരവാദ ഭരണത്തിന് വേണ്ടിയുളള പ്രക്ഷോഭ സമരങ്ങള്‍ ആരംഭിക്കുകയും ചെയ്തു ഇതോടെ നിവര്‍ത്തനപ്രക്ഷോഭത്തിലൂടെ രാഷ്ട്രീയരംഗത്തെത്തിയ കൂത്താട്ടുകുളത്തെ നിരവധി ചെറുപ്പക്കാര്‍ സ്റേറ്റു കോണ്‍ഗ്രസ്സില്‍ ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍ തയ്യാറായി. ,സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന പട്ടംതാണുപിളളയുടെ കൈയ്യില്‍ നിന്ന് നേരിട്ട് മെമ്പര്ഷിപ്പെടുത്താണ് ഇവര്‍ കോണ്‍ഗ്രസില്‍ അംഗങ്ങളായത്.
ഉത്തര തിരുവിതാംകൂറിലെ സ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു കൂത്താട്ടുകുളം. ദിവാന് സി.പി.രാമസ്വാമിഅയ്യരുടെ കരിനിയമങ്ങളെയും,പോലീസിന്റെ കിരാതമര്ദ്ദനങ്ങളെയും അവഗണിച്ചുകൊണ്ട് നിരവധി യുവാക്കളാണ് ആ പ്രക്ഷോഭസമരങ്ങളില്‍ പങ്കെടുക്കാന്‍ മുന്നോട്ട് വന്നത്. കൂത്താട്ടുകുളത്തെ സ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭം നേരിടാന്‍ ലോക്കല്‍ പോലീസിന് പുറമേ അഞ്ചുരൂപ പോലീസിനേയും സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.സ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുക, യോഗങ്ങള്‍ അലങ്കോലപ്പെടുത്തുക, സ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് പോലീസിന് വിവരങ്ങള്‍ നല്‍കുക തുടങ്ങിയവയായിരുന്നു അഞ്ചുരൂപാ പോലീസിന്റെ പ്രധാന ജോലികള്‍. ഇവര്‍ക്ക് പ്രതിമാസം അഞ്ചുരൂപയായിരുന്നു പ്രതിഫലം. അതിന്റെ അടിസ്ഥാനത്തിലാണ് മൂണ്ടും കാക്കിഷര്‍ട്ടും ധരിച്ച് നടന്നിരുന്ന ഇവരെ അഞ്ചുരൂപാ പോലീസ്സെന്ന് ജനങ്ങള്‍ വിളിച്ചിരുന്നത്.
ഒരിക്കല്‍ സ്റേറ്റ് കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്ന ചങ്ങനാശ്ശേരി പരമേശ്വരന്‍പിളള കൂത്താട്ടുകുളം വി.എം.സ്കൂള്‍ മൈതാനത്ത് (ഇന്നത്തെ ടൌണ്‍ഹാളിന് തെക്കുഭാഗത്തായിരുന്നുവി.എം.സ്കൂള്‍ മൈതാനം ) പ്രസംഗിക്കുന്നതിനിടയില്‍ അഞ്ചുരൂപ പോലീസ് അദ്ദേഹത്തെ കടന്നാക്രമിക്കുകയും,ഉടുമുണ്ട് പറിച്ചെടുത്ത് ആക്ഷേപിക്കുകയും ചെയ്തു.ഇതുപോലുളള അനേകം അക്രമങ്ങള്‍ അഞ്ച്രൂപ പോലീസ് അക്കാലത്ത് ഇവിടെ നടത്തിയിട്ടുണ്ട്.സ്റേറ്റ് കോണ്‍ഗ്രസ് നേതാക്കളായിരുന്ന പട്ടംതാണുപിളള, ടി.എം.വര്‍ഗീസ്, സി.കേശവന്,അക്കാമ്മചെറിയാന്‍ തൂടങ്ങിയവരെല്ലാം അക്കാലത്തിവിടെ വരികയും, നിരവധി രാഷ്ട്രീയ യോഗങ്ങളില്‍ പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തുവന്ന രാഷ്ട്രീയ തടവുകാരില്‍ നല്ല ശതമാനം കൂത്താട്ടുകുളംകാരായിരുന്നു എന്ന കാര്യം പ്രത്യേകം എടുത്തുപറയേണ്ടതാണ്.പില്ക്കാലത്ത് കമ്യൂണിസ്റ് നേതാവും മന്ത്രിയുമായ കെ.ടി.ജേക്കബ്,ഐ.എം. വര്‍ക്കി, ടി.കെ.നീലകണ്ഠന്, ചൊളളമ്പേല്‍ പിളള, കെ.സി.ജോണ്‍,ഡോ.തോമസ്,ആത്രച്ചാലില് ജോസഫ്, സി.ഐ.ആഡ്രൂസ്, സി.എം. കുര്യന്, കളരിക്കല്‍ കുര്യന്,കെ.വി.ജോണ്‍,പി.എ.ജോര്‍ജ്,ആര്.വി.മാരാര്‍, എന്‍.എസ്.മാധവന്തുടങ്ങിയവരാണ് കൂത്താട്ടുകുളത്ത് സ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.
1939 ജനുവരി 19 നു ടി.കെ.നീലകണ്ഠനും,ചൊളളമ്പേല്പിളളയും ചേര്‍ന്ന് കൂത്താട്ടുകുളം വി.എം. സ്കൂള്‍ മൈതാനത്ത് വച്ച് പരസ്യമായി മെമ്മോറാണ്ടം വായിച്ച് നിരോധനം ലംഘിക്കുകയുണ്ടായി. ദിവാനെതിരെ സ്റേറ്റ് കോണ്‍ഗ്രസ് മഹാരാജാവിന് നല്കിയ മെമ്മോറാണ്ടം ഗാന്ധിജിയുടെ നിര്‍ദ്ദേശമനുസരിച്ച് പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിലെ ഇടത് പക്ഷ വിഭാഗത്തിന്റെ തീരുമാനമനുസരിച്ചാണ് അവര്‍ നിരോധനം ലംഘിച്ചത്. ഇതിന്റെ പേരില്‍ ടി.കെ.നീലകണ്ഠനേയും,ചൊളളമ്പേല്‍ പിളളയേയും പോലീസ് അറസ്റ്റ് ചെയ്തു. നീണ്ടകാലത്തെ പോലീസ് മര്‍ദ്ദനങ്ങളുടെ ഫലമായി ക്ഷയരോഗ ബാധിതനായി തീര്‍ന്ന ചൊളളമ്പേല്‍ പിളള അകാലത്തില്‍ മരണമടയുകയുമുണ്ടായി. ഉത്തരതിരുവിതാംകൂറില്‍ സ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭത്തില്‍ പങ്കെടുത്ത് പോലീസ് മര്‍ദ്ദനമേറ്റ് മരണമടഞ്ഞ ആദ്യ രക്ത സാക്ഷിയാണ് ചൊളളമ്പേല്പിളള എന്നറിയപ്പെടുന്ന സി.ജെ.ജോസഫ്.
1939-ല്‍ കരുനാഗപ്പിളളിയില്‍ വച്ച് നടന്ന സ്റേറ്റ് കോണ്‍ഗ്രസ് സമ്മേളനം കൂത്താട്ടുകുളത്ത് പുതിയൊരു രാഷ്ട്രീയ ധ്രുവീകരണത്തിന് വഴിതെളിക്കുകയുണ്ടായി. കൂത്താട്ടുകുളത്തുനിന്നും ആ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ അവിടെ വച്ച് കോണ്‍ഗ്രസിലെ ഇടത് പക്ഷനേതാക്കളുമായി ബന്ധപ്പെടുകയും, അത് വഴി കമ്യൂണിസ്റാശയങ്ങളില് ആകൃഷ്ടരായിതീരുകയുമായിരുന്നു.പിന്നീടിവിടെ നടന്ന രാഷ്ട്രീയ യോഗങ്ങളിലെല്ലാം പങ്കെടുത്തിരുന്നത് ഇടതുപക്ഷ നേതാക്കളായ പി.ടി.പുന്നൂസ്, സി.എസ്സ്. ഗോപാലപിളള, എ.കെ.തമ്പി തുടങ്ങിയവരാണ്. സാമ്പത്തികമായും, സാമൂഹ്യമായും അവശതയനുഭവിച്ചിരുന്ന ഇവിടത്തെ കൃഷിക്കാരേയും, തൊഴിലാളികളേയും വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ ആയുധമണിയിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് ഈ നേതാക്കളാണ്. ഇവരുടെ പ്രസംഗങ്ങളും, സ്റഡിക്ളാസ്സുകളും നിരവധിയുവാക്കളെ കമ്മ്യൂണിസ്റ് അനുഭാവികളാക്കി. രാത്രി കാലങ്ങളില്‍ ഏതെങ്കിലും കൃഷിക്കാരന്റെ വീട്ടില്‍ മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിലായിരുന്നു അത്തരം യോഗങ്ങളും സ്റഡി ക്ളാസ്സുകളും നടന്നിരുന്നത്.
1942-ല്‍ ആണ് കൂത്താട്ടുകുളത്ത് കമ്മ്യൂണിസ്റ് പാര്‍ട്ടി ഔദ്യോഗികമായി രൂപം കൊളളുന്നത്. കേരളത്തില്‍ മറ്റ് പല സ്ഥലങ്ങളിലും ഉണ്ടായതുപോലെ ഇവിടെയും കോണ്‍ഗ്രസിലെ ഇടത് പക്ഷ വിഭാഗമാണ് കമ്യൂണിസ്റ്റ്കാരായി മാറിയത്. കൂത്താട്ടുകുളത്തിനടുത്ത് പാലക്കുഴയിലുളള പെരുമ്പിളളിക്കാട്ടില് പി.എ. ജോര്‍ജ് എന്ന സഖാവിന്റെ വീട്ടില്‍ കൂടിയ ഒരു രഹസ്യ യോഗത്തില്‍ വെച്ചായിരുന്നു പാര്‍ട്ടിയുടെ രൂപീകരണം. ആ യോഗത്തില്‍ സ്റേറ്റ് കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് വന്ന കെ.ടി.ജേക്കബ്, പി.എ.ജോര്‍ജ്, കെ.സി.സഖറിയ, എന്‍.എസ്.മാധവന്, എം.ജെ.ജോണ്‍,കെ.എം. ജോസഫ്,സി.എസ്.ജോര്‍ജ്,കെ.വി.ജോണ്‍,പി.ജെ.സ്കറിയ എന്നിവര്‍ പങ്കെടുക്കുകയുണ്ടായി. കമ്യൂണിസ്റ് പാര്‍ട്ടിയുടെ കേരള കമ്മിറ്റിയില്‍ നിന്ന് സഖാവ് സി.എച്ച്. കണാരനും ആ യോഗത്തില്‍ സംബന്ധിച്ചിരുന്നു. അവിടെ വച്ച് സി.എസ്സ്. ജോര്‍ജ് സെക്രട്ടറിയായി രൂപംകൊണ്ട പാര്‍ട്ടി സെല്ലാണ് ഉത്തരതിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളില്‍ കമ്യൂണിസ്റ് പാര്‍ട്ടിയും, തൊഴിലാളി-കര്‍ഷകപ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കാന്‍ നേതൃത്വം നല്‍കിയത്.
വ്യവസായ ശാലകളോ, വ്യവസായതൊഴിലാളികളോ ഇല്ലാതിരുന്ന കൂത്താട്ടുകുളത്തും, സമീപപ്രദേശങ്ങളിലും കമ്യൂണിസ്റ് പാര്‍ട്ടിയിലേക്ക് ആദ്യമായി കടന്ന് വന്നത് ഇടത്തരം കര്‍ഷകരും, കര്‍ഷകത്തൊഴിലാളികളുമായിരുന്നു.അവര്‍ അനുഭവിച്ചു വന്നിരുന്ന കഷ്ടപ്പാടുകളും,ദുരിതങ്ങളും അവസാനിപ്പിക്കുന്നതിന് വേണ്ടിയുളള നിരന്തരമായ സമരങ്ങള്‍ കമ്യൂണിസ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. തിരുവിതാംകൂറില്‍ ആദ്യമായി സംഘടിതകര്‍ഷക പ്രസ്ഥാനം രൂപം കൊളളുന്നത് കൂത്താട്ടുകുളത്താണ്. 1943-ല്‍ പൂഞ്ഞാറില്‍ വെച്ച് കെ.ടി.ജേക്കബ് പ്രസിഡന്റും, സി.എസ്.ഗോപാലപിളള സെക്രട്ടറിയുമായി തിരുവിതാംകൂര്‍ കര്ഷകസംഘംരൂപം കൊള്ളുന്നതിനുമുമ്പുതന്നെ കൂത്താട്ടുകൂളത്ത് കര്‍ഷകരുടെ സംഘടന നിലവില്‍ വന്നിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഫലമായുണ്ടായ പട്ടിണിയും, ക്ഷാമവും നേരിടാന്‍ രണ്ടേക്കറില്‍ താഴെ നിലമുള്ള പാവപ്പെട്ട കൃഷിക്കാരില്‍ നിന്നുകൂടി ലെവിയെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഈ പ്രദേശത്തെ കൃഷിക്കാര്‍ നടത്തിയ സമരം ചരിത്രപ്രധാനമായ ഒന്നാണ്. ഈ കാര്‍ഷിക സമരങ്ങള്‍ ഇവിടുത്തെ ഭൂരിപക്ഷം വരുന്ന സുറിയാനിക്രിസ്ത്യാനികളായ കൃഷിക്കാരെ കമ്മ്യൂണിസ്റ് പാര്‍ട്ടിയിലേക്കും കര്‍ഷകപ്രസ്ഥാനത്തിലേക്കും കടന്നു വരുവാന്‍ പ്രേരിപ്പിക്കുകയുണ്ടായി. ക്രൈസ്തവ സഭാനേതൃത്വം കമ്മ്യൂണിസ്റുകാരെ ഭീതിയോടെ വീക്ഷിച്ചിരുന്ന ആ കാലത്ത് പതിവിന് വിപരീതമായി ചട്ടയും മുണ്ടുമുടുത്ത ധാരാളം നസ്രാണി സ്ത്രീകള്‍ പുരുഷ•ാരൊടൊപ്പം ചെങ്കൊടിയേന്തി കമ്മ്യൂണിസ്റുപാര്‍ട്ടിയുടെ യോഗങ്ങളിലും, പ്രകടനങ്ങളിലുംമറ്റും പങ്കെടുത്തിരുന്നു.
ഇക്കാലത്ത് എക്സൈസുകാരുടെയും, ഷാപ്പുടമകളുടെയും നിരന്തര ശല്യവും, സാമൂഹ്യഅവശതകളും അനുഭവിച്ചുവന്നിരുന്ന ചെത്തു തൊഴിലാളികളും സംഘടിതകര്‍ഷകരോടും, കര്‍ഷകതൊഴിലാളികളോടും ഒപ്പം അണിചേരാന്‍ തയ്യാറായി . 1945 -ല്‍ കൂത്താട്ടുകുളം അമ്പലംകൂന്ന് ക്ഷേത്ര പരിസരത്തുകൂടിയ ഒരു രഹസ്യയോഗത്തില്‍ വച്ചാണ് ചെത്തുതൊഴിലാളിയൂണിന് രൂപംകൊള്ളുന്നത്. കൂത്താട്ടുകുളത്തെ ആദ്യ തൊഴിലാളി സംഘടനയായിരുന്നു ചെത്തുതൊഴിലാളിയൂണിയന്‍. പിന്നീടിവിടെ കര്ഷകതൊഴിലാളികളും ബീഡി തൊഴിലാളികളുമെല്ലാം സംഘടിച്ച് ശക്തരായി.
1947 ഓഗസ്റ്റ്ഒന്നിന് ദിവാന് സി.പി.രാമസ്വാമി അയ്യരുടെ അമേരിക്കല്‍ മോഡല്‍ ഭരണപരിഷ്കാരത്തിനെതിരെ കൂത്താട്ടുകുളത്തുനടന്ന വിദ്യാര്‍ത്ഥിപ്രകടനം വിദ്യാര്‍ത്ഥികളുടെ സംഘടിത ശക്തിവിളിച്ചറിയിക്കുന്നതായിരുന്നു. ആ പ്രകടനത്തിനുനേരെ പോലീസ് നടത്തിയ ലാത്തിചാര്‍ജില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. ഇതില്‍ പ്രതിഷേധിച്ച് തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കി പ്രകടനം നടത്തി.
1948 ല്‍ കല്‍ക്കത്താ കോണ്‍ഗ്രസിനെ തുടര്‍ന്ന് കമ്മ്യൂണിസ്റുപാര്ട്ടിയെ നിരോധിച്ചിരുന്നകാലത്തുണ്ടായ ഉമ്മന്‍ കൊലക്കേസ് കൂത്താട്ടുകുളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ വിസ്മരിക്കാന്‍ കഴിയാത്ത സംഭവങ്ങളില്‍ ഒന്നാണ്. പാലക്കുഴയില്‍ കമ്മ്യൂണിസ്റുപാര്‍ട്ടിയുടെ ഒരു യോഗത്തിനുനേരെ പോലീസും ഗുണ്ടകളും ചേര്‍ന്നു നടത്തിയ അക്രമണത്തിനിടയിലാണ് പോലീസ് കോണ്‍സ്റബിളായ ഉമ്മന്‍ കോല്ലപ്പെടുന്നത്. ഇതോടെ കൂത്താട്ടുകുളത്തിന്റെ രാഷ്ടീയ അന്തരീക്ഷമാകെ കലുഷിതമായി.ഈ പ്രദേശത്ത് ഒരൊറ്റ കമ്മ്യൂണിസ്റികാരന് പോലുംജീവനോടെയിരിക്കാന് പാടില്ലെന്ന് തീരുമാനിച്ച ഭരണാധികാരികള്‍ അറസ്റും ,ലോക്കപ്പ് മര്‍ദ്ദനങ്ങളും കൊണ്ട് നാടിനെ നരകതുല്യമാക്കി. സ്ത്രികളും കുട്ടികളുമടക്കം നിരപരാധികളായ നൂറുകണക്കിനാളുകള്‍ പീഡനങ്ങള്‍ക്കിരയായി.
ഇങ്ങനെ ഭീകരാന്തരീക്ഷം നിലനില്‍ക്കുമ്പോഴാണ് കൂത്താട്ടുകുളത്തേക്ക് പ്രസിദ്ധമായ വൈക്കം ജാഥ എത്തിച്ചേരുന്നത്. തിരു - കൊച്ചി സംയോജനത്തെ എതിര്‍ക്കുകയും ,ഐക്യ കേരളം രൂപികരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് 1949 ജൂലൈ ഒന്നിന് കമ്മ്യൂണിസ്റുപാര്‍ട്ടിയുടെ നേതൃത്വത്തിലായിരുന്നു ആ ജാഥ. വൈയ്ക്കം ,ഉല്ലല, വെച്ചുര്‍, കരിപ്പാടം, വെള്ളൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സഖാക്കളായിരുന്നു ജാഥയില്‍ പങ്കെടുത്തിരുന്നത്. ജാഥ കൂത്താട്ടുകുളം ടൌണില്‍ പ്രവേശിക്കുന്ന തിനു മുന്‍പുതന്നെ പോലീസ് തടയുകയും ജാഥാഗങ്ങളെ അറസ്റു ചെയ്യ്ത് മൃഗീയമായി മര്‍ദ്ദിക്കുകയും ചെയ്യ്തു. ജാഥയില്‍ അംഗമായിരുന്ന ഉല്ലല ദാമോദരന്‍ കൂത്താട്ടുകുളം ലോക്കപ്പില്‍ കിടന്ന് മര്‍ദ്ദനമേറ്റ് മരണമടഞ്ഞു.
1948 - 50 കാലത്ത് പി.കൃഷ്ണപിള്ള, ഇ.എം.എസ്, അച്ചുതമേനോന് , എന്‍.സി. ശേഖര്‍ തുടങ്ങി ഒളിവില്‍ കഴിഞ്ഞിരുന്ന കമ്മ്യൂണിസ്റുപാര്‍ട്ടിയുടെ പല പ്രമുഖ നേതാക്കളും കൂത്താട്ടുകുളത്ത് വരികയും ഇവിടെ നടന്ന ചില രഹസ്യയോഗങ്ങളില്‍ സബന്ധിക്കുകയും ചെയ്യ്തിട്ടുണ്ട്.
കൂത്താട്ടുകുളത്തിന്റെ സുദിര്‍ഘമായ രാഷ്ടീയ ചരിത്രത്തില്‍ ധീരരായ നാല് യുവാക്കള്‍ രക്തസാക്ഷികളായി. ചൊള്ളമ്പേല്‍ പിള്ള, മണ്ണത്തൂര്‍ വര്‍ഗീസ്, തിരുമാറാടി രാമകൃഷ്ണന്, പാമ്പാക്കുട അയ്യപ്പന്, എന്നിവരാണ് ലോക്കപ്പ് മര്‍ദ്ദനം മൂലം മരണ മടഞ്ഞ രക്തസാക്ഷികള്‍. കയ്യൂരിലും , കരിവെള്ളൂരിലും ,പുന്നപ്രയിലും, വയലാറിലും, ശുരനാട്ടുമൊക്കെ ചോരകൊണ്ട് ഇതിഹാസം രചിച്ച വിപ്ളവകാരികള്ക്കൊപ്പം ഈ നാടിന്റെ ആവേശവും അഭിമാനവുമാണിവര്. ‘രക്തസാക്ഷികളുടെ നാടെന്നാണ് ’ എ.കെ.ജി.തന്റെ ആത്മ കഥയില്‍ കൂത്താട്ടുകുളത്തെ വിശേഷിപ്പിച്ചിട്ടുള്ളത്.
(രക്തസാക്ഷികളുടെ നാടു് എന്നകൃതിയുടെ കര്‍ത്താവാണു് ലേഖകന്‍)
തിരുവിതാംകൂറില്‍ സംയുക്ത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കാലം മുതല്‍ സമര ഗാഥകള്‍ക്ക് ചെവിയോര്‍ത്ത് പോരുന്ന പ്രദേശമാണ് കൂത്താട്ടുകുളം. സംയുക്ത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന നിവര്‍ത്തന പ്രക്ഷോഭങ്ങളുടെ (1933) അലയടികള്‍ അതിന്റെആരംഭത്തില് തന്നെ കൂത്താട്ടുകുളത്തും എത്തിയിരുന്നു.സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി,പ്രായപൂര്‍ത്തി വോട്ടവകാശം, നിയമസഭയില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ന്യൂനപക്ഷങ്ങളും പിന്നോക്ക ജനവിഭാഗങ്ങളും ചേര്‍ന്ന് നിവര്‍ത്തനപ്രക്ഷോഭം ആരംഭിച്ചത്. മര്‍ദ്ദനങ്ങളും, നിരോധന നടപടികളും കൊണ്ട് പ്രക്ഷോഭം അടിച്ചമര്‍ത്താനായിരുന്നു സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ ഇതിനെയെല്ലാം അവഗണിച്ചുകൊണ്ട് നൂറുകണക്കിന് യുവാക്കളാണ് ഇവിടെ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ മുന്നോട്ട് വന്നത് . ഐ.എം. വര്‍ക്കി, കെ.ടി. ജേക്കബ്,സി.ഐ. ആന്‍ഡ്രൂസ്, കെ.സി. ജോണ്‍,ടി.കെ. നീലകണ്ഠന്, ചൊളളമ്പേല്‍ പിളള, തുടങ്ങിയവരായിരുന്നു കൂത്താട്ടുകുളത്തെ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ മുന്നണിപോരാളികള്‍.
നിവര്‍ത്തന പ്രക്ഷോഭത്തിന് മുന്‍പ് തന്നെ സാമൂഹ്യനവോത്ഥാനം ലക്ഷ്യമാക്കിയുള്ള നിരവധിസമരങ്ങള്‍ക്ക് ഈ നാട് സാക്ഷ്യംവഹിക്കുകയുണ്ടായി. അവര്‍ണ്ണ വിഭാഗത്തില്‍ പെട്ട ജനങ്ങള്‍ക്ക് പൊതുവഴികളിലൂടെ സഞ്ചരിക്കുന്നതിനും, ക്ഷേത്രത്തില്‍ പ്രവേശിച്ച് ആരാധന നടത്തുന്നതിനും, വിദ്യാലയ പ്രവേശനത്തിനും വേണ്ടിയായിരുന്നു ആസമരം.വൈക്കം സത്യാഗ്രഹത്തിലെ മുന്നണിപോരാളികളില്‍ ഒരാളായിരുന്ന പാലക്കുഴയിലെ കീഴേട്ടില്ലത്ത് രാമന്ഇളയതാണ് ആ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പൊതു വിദ്യാലയങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ഐത്ത ജാതികളില്‍പ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി അദ്ദേഹം സ്വന്തം ഇല്ലപ്പറമ്പില്‍ തന്നെ ഒരു വിദ്യാലയം ആരംഭിച്ചു.ഈ സ്ക്കുളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് അയ്യങ്കാളിയായിരുന്നു. അവിടെ പഠിക്കാന്‍ വന്നിരുന്ന കുട്ടികള്‍ക്ക് സ്ളേറ്റും, പെന്‍സിലും മാത്രമല്ല, ആഹാരവും, വസ്ത്രവും വരെ സൌജന്യമായിട്ടാണ് നല്‍കിയിരുന്നത്. സഹോദരന് ആയ്യപ്പന്റെ നേതൃത്വത്തില്‍ നടന്ന ജാതിവിരുദ്ധ സമരങ്ങളുടെ ചുവടുപിടിച്ച് മിശ്രഭോജനമടക്കമുളള സമരങ്ങളും അക്കാലത്തിവിടെ നടന്നിരുന്നു. ഇതിനെല്ലാം പങ്കെടുക്കാന്‍ അവര്‍ണ്ണ വിഭാഗത്തില്‍പ്പെട്ട ധാരാളം പേര് മുന്നോട്ടുവരികയുണ്ടായി. കൂത്താട്ടുകുളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ മുന്നേറ്റത്തിന് വഴിതെളിച്ചത് പ്രധാനമായും രാമനിളയതിന്റെ നേതൃത്വത്തില്‍ നടന്ന ഈ നവോത്ഥാന പോരാട്ടങ്ങളായിരുന്നു.
1938- ല്‍ തിരുവിതാംകൂറില്‍ സ്റേറ്റ് കോണ്‍ഗ്രസ് രൂപം കൊളളുകയും, ഉത്തരവാദ ഭരണത്തിന് വേണ്ടിയുളള പ്രക്ഷോഭ സമരങ്ങള്‍ ആരംഭിക്കുകയും ചെയ്തു ഇതോടെ നിവര്‍ത്തനപ്രക്ഷോഭത്തിലൂടെ രാഷ്ട്രീയരംഗത്തെത്തിയ കൂത്താട്ടുകുളത്തെ നിരവധി ചെറുപ്പക്കാര്‍ സ്റേറ്റു കോണ്‍ഗ്രസ്സില്‍ ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍ തയ്യാറായി. ,സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന പട്ടംതാണുപിളളയുടെ കൈയ്യില്‍ നിന്ന് നേരിട്ട് മെമ്പര്ഷിപ്പെടുത്താണ് ഇവര്‍ കോണ്‍ഗ്രസില്‍ അംഗങ്ങളായത്.
ഉത്തര തിരുവിതാംകൂറിലെ സ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു കൂത്താട്ടുകുളം. ദിവാന് സി.പി.രാമസ്വാമിഅയ്യരുടെ കരിനിയമങ്ങളെയും,പോലീസിന്റെ കിരാതമര്ദ്ദനങ്ങളെയും അവഗണിച്ചുകൊണ്ട് നിരവധി യുവാക്കളാണ് ആ പ്രക്ഷോഭസമരങ്ങളില്‍ പങ്കെടുക്കാന്‍ മുന്നോട്ട് വന്നത്. കൂത്താട്ടുകുളത്തെ സ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭം നേരിടാന്‍ ലോക്കല്‍ പോലീസിന് പുറമേ അഞ്ചുരൂപ പോലീസിനേയും സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.സ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുക, യോഗങ്ങള്‍ അലങ്കോലപ്പെടുത്തുക, സ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് പോലീസിന് വിവരങ്ങള്‍ നല്‍കുക തുടങ്ങിയവയായിരുന്നു അഞ്ചുരൂപാ പോലീസിന്റെ പ്രധാന ജോലികള്‍. ഇവര്‍ക്ക് പ്രതിമാസം അഞ്ചുരൂപയായിരുന്നു പ്രതിഫലം. അതിന്റെ അടിസ്ഥാനത്തിലാണ് മൂണ്ടും കാക്കിഷര്‍ട്ടും ധരിച്ച് നടന്നിരുന്ന ഇവരെ അഞ്ചുരൂപാ പോലീസ്സെന്ന് ജനങ്ങള്‍ വിളിച്ചിരുന്നത്.
ഒരിക്കല്‍ സ്റേറ്റ് കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്ന ചങ്ങനാശ്ശേരി പരമേശ്വരന്‍പിളള കൂത്താട്ടുകുളം വി.എം.സ്കൂള്‍ മൈതാനത്ത് (ഇന്നത്തെ ടൌണ്‍ഹാളിന് തെക്കുഭാഗത്തായിരുന്നുവി.എം.സ്കൂള്‍ മൈതാനം ) പ്രസംഗിക്കുന്നതിനിടയില്‍ അഞ്ചുരൂപ പോലീസ് അദ്ദേഹത്തെ കടന്നാക്രമിക്കുകയും,ഉടുമുണ്ട് പറിച്ചെടുത്ത് ആക്ഷേപിക്കുകയും ചെയ്തു.ഇതുപോലുളള അനേകം അക്രമങ്ങള്‍ അഞ്ച്രൂപ പോലീസ് അക്കാലത്ത് ഇവിടെ നടത്തിയിട്ടുണ്ട്.സ്റേറ്റ് കോണ്‍ഗ്രസ് നേതാക്കളായിരുന്ന പട്ടംതാണുപിളള, ടി.എം.വര്‍ഗീസ്, സി.കേശവന്,അക്കാമ്മചെറിയാന്‍ തൂടങ്ങിയവരെല്ലാം അക്കാലത്തിവിടെ വരികയും, നിരവധി രാഷ്ട്രീയ യോഗങ്ങളില്‍ പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തുവന്ന രാഷ്ട്രീയ തടവുകാരില്‍ നല്ല ശതമാനം കൂത്താട്ടുകുളംകാരായിരുന്നു എന്ന കാര്യം പ്രത്യേകം എടുത്തുപറയേണ്ടതാണ്.പില്ക്കാലത്ത് കമ്യൂണിസ്റ് നേതാവും മന്ത്രിയുമായ കെ.ടി.ജേക്കബ്,ഐ.എം. വര്‍ക്കി, ടി.കെ.നീലകണ്ഠന്, ചൊളളമ്പേല്‍ പിളള, കെ.സി.ജോണ്‍,ഡോ.തോമസ്,ആത്രച്ചാലില് ജോസഫ്, സി.ഐ.ആഡ്രൂസ്, സി.എം. കുര്യന്, കളരിക്കല്‍ കുര്യന്,കെ.വി.ജോണ്‍,പി.എ.ജോര്‍ജ്,ആര്.വി.മാരാര്‍, എന്‍.എസ്.മാധവന്തുടങ്ങിയവരാണ് കൂത്താട്ടുകുളത്ത് സ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.
1939 ജനുവരി 19 നു ടി.കെ.നീലകണ്ഠനും,ചൊളളമ്പേല്പിളളയും ചേര്‍ന്ന് കൂത്താട്ടുകുളം വി.എം. സ്കൂള്‍ മൈതാനത്ത് വച്ച് പരസ്യമായി മെമ്മോറാണ്ടം വായിച്ച് നിരോധനം ലംഘിക്കുകയുണ്ടായി. ദിവാനെതിരെ സ്റേറ്റ് കോണ്‍ഗ്രസ് മഹാരാജാവിന് നല്കിയ മെമ്മോറാണ്ടം ഗാന്ധിജിയുടെ നിര്‍ദ്ദേശമനുസരിച്ച് പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിലെ ഇടത് പക്ഷ വിഭാഗത്തിന്റെ തീരുമാനമനുസരിച്ചാണ് അവര്‍ നിരോധനം ലംഘിച്ചത്. ഇതിന്റെ പേരില്‍ ടി.കെ.നീലകണ്ഠനേയും,ചൊളളമ്പേല്‍ പിളളയേയും പോലീസ് അറസ്റ്റ് ചെയ്തു. നീണ്ടകാലത്തെ പോലീസ് മര്‍ദ്ദനങ്ങളുടെ ഫലമായി ക്ഷയരോഗ ബാധിതനായി തീര്‍ന്ന ചൊളളമ്പേല്‍ പിളള അകാലത്തില്‍ മരണമടയുകയുമുണ്ടായി. ഉത്തരതിരുവിതാംകൂറില്‍ സ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭത്തില്‍ പങ്കെടുത്ത് പോലീസ് മര്‍ദ്ദനമേറ്റ് മരണമടഞ്ഞ ആദ്യ രക്ത സാക്ഷിയാണ് ചൊളളമ്പേല്പിളള എന്നറിയപ്പെടുന്ന സി.ജെ.ജോസഫ്.
1939-ല്‍ കരുനാഗപ്പിളളിയില്‍ വച്ച് നടന്ന സ്റേറ്റ് കോണ്‍ഗ്രസ് സമ്മേളനം കൂത്താട്ടുകുളത്ത് പുതിയൊരു രാഷ്ട്രീയ ധ്രുവീകരണത്തിന് വഴിതെളിക്കുകയുണ്ടായി. കൂത്താട്ടുകുളത്തുനിന്നും ആ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ അവിടെ വച്ച് കോണ്‍ഗ്രസിലെ ഇടത് പക്ഷനേതാക്കളുമായി ബന്ധപ്പെടുകയും, അത് വഴി കമ്യൂണിസ്റാശയങ്ങളില് ആകൃഷ്ടരായിതീരുകയുമായിരുന്നു.പിന്നീടിവിടെ നടന്ന രാഷ്ട്രീയ യോഗങ്ങളിലെല്ലാം പങ്കെടുത്തിരുന്നത് ഇടതുപക്ഷ നേതാക്കളായ പി.ടി.പുന്നൂസ്, സി.എസ്സ്. ഗോപാലപിളള, എ.കെ.തമ്പി തുടങ്ങിയവരാണ്. സാമ്പത്തികമായും, സാമൂഹ്യമായും അവശതയനുഭവിച്ചിരുന്ന ഇവിടത്തെ കൃഷിക്കാരേയും, തൊഴിലാളികളേയും വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ ആയുധമണിയിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് ഈ നേതാക്കളാണ്. ഇവരുടെ പ്രസംഗങ്ങളും, സ്റഡിക്ളാസ്സുകളും നിരവധിയുവാക്കളെ കമ്മ്യൂണിസ്റ് അനുഭാവികളാക്കി. രാത്രി കാലങ്ങളില്‍ ഏതെങ്കിലും കൃഷിക്കാരന്റെ വീട്ടില്‍ മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിലായിരുന്നു അത്തരം യോഗങ്ങളും സ്റഡി ക്ളാസ്സുകളും നടന്നിരുന്നത്.
1942-ല്‍ ആണ് കൂത്താട്ടുകുളത്ത് കമ്മ്യൂണിസ്റ് പാര്‍ട്ടി ഔദ്യോഗികമായി രൂപം കൊളളുന്നത്. കേരളത്തില്‍ മറ്റ് പല സ്ഥലങ്ങളിലും ഉണ്ടായതുപോലെ ഇവിടെയും കോണ്‍ഗ്രസിലെ ഇടത് പക്ഷ വിഭാഗമാണ് കമ്യൂണിസ്റ്റ്കാരായി മാറിയത്. കൂത്താട്ടുകുളത്തിനടുത്ത് പാലക്കുഴയിലുളള പെരുമ്പിളളിക്കാട്ടില് പി.എ. ജോര്‍ജ് എന്ന സഖാവിന്റെ വീട്ടില്‍ കൂടിയ ഒരു രഹസ്യ യോഗത്തില്‍ വെച്ചായിരുന്നു പാര്‍ട്ടിയുടെ രൂപീകരണം. ആ യോഗത്തില്‍ സ്റേറ്റ് കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് വന്ന കെ.ടി.ജേക്കബ്, പി.എ.ജോര്‍ജ്, കെ.സി.സഖറിയ, എന്‍.എസ്.മാധവന്, എം.ജെ.ജോണ്‍,കെ.എം. ജോസഫ്,സി.എസ്.ജോര്‍ജ്,കെ.വി.ജോണ്‍,പി.ജെ.സ്കറിയ എന്നിവര്‍ പങ്കെടുക്കുകയുണ്ടായി. കമ്യൂണിസ്റ് പാര്‍ട്ടിയുടെ കേരള കമ്മിറ്റിയില്‍ നിന്ന് സഖാവ് സി.എച്ച്. കണാരനും ആ യോഗത്തില്‍ സംബന്ധിച്ചിരുന്നു. അവിടെ വച്ച് സി.എസ്സ്. ജോര്‍ജ് സെക്രട്ടറിയായി രൂപംകൊണ്ട പാര്‍ട്ടി സെല്ലാണ് ഉത്തരതിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളില്‍ കമ്യൂണിസ്റ് പാര്‍ട്ടിയും, തൊഴിലാളി-കര്‍ഷകപ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കാന്‍ നേതൃത്വം നല്‍കിയത്.
വ്യവസായ ശാലകളോ, വ്യവസായതൊഴിലാളികളോ ഇല്ലാതിരുന്ന കൂത്താട്ടുകുളത്തും, സമീപപ്രദേശങ്ങളിലും കമ്യൂണിസ്റ് പാര്‍ട്ടിയിലേക്ക് ആദ്യമായി കടന്ന് വന്നത് ഇടത്തരം കര്‍ഷകരും, കര്‍ഷകത്തൊഴിലാളികളുമായിരുന്നു.അവര്‍ അനുഭവിച്ചു വന്നിരുന്ന കഷ്ടപ്പാടുകളും,ദുരിതങ്ങളും അവസാനിപ്പിക്കുന്നതിന് വേണ്ടിയുളള നിരന്തരമായ സമരങ്ങള്‍ കമ്യൂണിസ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. തിരുവിതാംകൂറില്‍ ആദ്യമായി സംഘടിതകര്‍ഷക പ്രസ്ഥാനം രൂപം കൊളളുന്നത് കൂത്താട്ടുകുളത്താണ്. 1943-ല്‍ പൂഞ്ഞാറില്‍ വെച്ച് കെ.ടി.ജേക്കബ് പ്രസിഡന്റും, സി.എസ്.ഗോപാലപിളള സെക്രട്ടറിയുമായി തിരുവിതാംകൂര്‍ കര്ഷകസംഘംരൂപം കൊള്ളുന്നതിനുമുമ്പുതന്നെ കൂത്താട്ടുകൂളത്ത് കര്‍ഷകരുടെ സംഘടന നിലവില്‍ വന്നിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഫലമായുണ്ടായ പട്ടിണിയും, ക്ഷാമവും നേരിടാന്‍ രണ്ടേക്കറില്‍ താഴെ നിലമുള്ള പാവപ്പെട്ട കൃഷിക്കാരില്‍ നിന്നുകൂടി ലെവിയെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഈ പ്രദേശത്തെ കൃഷിക്കാര്‍ നടത്തിയ സമരം ചരിത്രപ്രധാനമായ ഒന്നാണ്. ഈ കാര്‍ഷിക സമരങ്ങള്‍ ഇവിടുത്തെ ഭൂരിപക്ഷം വരുന്ന സുറിയാനിക്രിസ്ത്യാനികളായ കൃഷിക്കാരെ കമ്മ്യൂണിസ്റ് പാര്‍ട്ടിയിലേക്കും കര്‍ഷകപ്രസ്ഥാനത്തിലേക്കും കടന്നു വരുവാന്‍ പ്രേരിപ്പിക്കുകയുണ്ടായി. ക്രൈസ്തവ സഭാനേതൃത്വം കമ്മ്യൂണിസ്റുകാരെ ഭീതിയോടെ വീക്ഷിച്ചിരുന്ന ആ കാലത്ത് പതിവിന് വിപരീതമായി ചട്ടയും മുണ്ടുമുടുത്ത ധാരാളം നസ്രാണി സ്ത്രീകള്‍ പുരുഷ•ാരൊടൊപ്പം ചെങ്കൊടിയേന്തി കമ്മ്യൂണിസ്റുപാര്‍ട്ടിയുടെ യോഗങ്ങളിലും, പ്രകടനങ്ങളിലുംമറ്റും പങ്കെടുത്തിരുന്നു.
ഇക്കാലത്ത് എക്സൈസുകാരുടെയും, ഷാപ്പുടമകളുടെയും നിരന്തര ശല്യവും, സാമൂഹ്യഅവശതകളും അനുഭവിച്ചുവന്നിരുന്ന ചെത്തു തൊഴിലാളികളും സംഘടിതകര്‍ഷകരോടും, കര്‍ഷകതൊഴിലാളികളോടും ഒപ്പം അണിചേരാന്‍ തയ്യാറായി . 1945 -ല്‍ കൂത്താട്ടുകുളം അമ്പലംകൂന്ന് ക്ഷേത്ര പരിസരത്തുകൂടിയ ഒരു രഹസ്യയോഗത്തില്‍ വച്ചാണ് ചെത്തുതൊഴിലാളിയൂണിന് രൂപംകൊള്ളുന്നത്. കൂത്താട്ടുകുളത്തെ ആദ്യ തൊഴിലാളി സംഘടനയായിരുന്നു ചെത്തുതൊഴിലാളിയൂണിയന്‍. പിന്നീടിവിടെ കര്ഷകതൊഴിലാളികളും ബീഡി തൊഴിലാളികളുമെല്ലാം സംഘടിച്ച് ശക്തരായി.
1947 ഓഗസ്റ്റ്ഒന്നിന് ദിവാന് സി.പി.രാമസ്വാമി അയ്യരുടെ അമേരിക്കല്‍ മോഡല്‍ ഭരണപരിഷ്കാരത്തിനെതിരെ കൂത്താട്ടുകുളത്തുനടന്ന വിദ്യാര്‍ത്ഥിപ്രകടനം വിദ്യാര്‍ത്ഥികളുടെ സംഘടിത ശക്തിവിളിച്ചറിയിക്കുന്നതായിരുന്നു. ആ പ്രകടനത്തിനുനേരെ പോലീസ് നടത്തിയ ലാത്തിചാര്‍ജില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. ഇതില്‍ പ്രതിഷേധിച്ച് തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കി പ്രകടനം നടത്തി.
1948 ല്‍ കല്‍ക്കത്താ കോണ്‍ഗ്രസിനെ തുടര്‍ന്ന് കമ്മ്യൂണിസ്റുപാര്ട്ടിയെ നിരോധിച്ചിരുന്നകാലത്തുണ്ടായ ഉമ്മന്‍ കൊലക്കേസ് കൂത്താട്ടുകുളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ വിസ്മരിക്കാന്‍ കഴിയാത്ത സംഭവങ്ങളില്‍ ഒന്നാണ്. പാലക്കുഴയില്‍ കമ്മ്യൂണിസ്റുപാര്‍ട്ടിയുടെ ഒരു യോഗത്തിനുനേരെ പോലീസും ഗുണ്ടകളും ചേര്‍ന്നു നടത്തിയ അക്രമണത്തിനിടയിലാണ് പോലീസ് കോണ്‍സ്റബിളായ ഉമ്മന്‍ കോല്ലപ്പെടുന്നത്. ഇതോടെ കൂത്താട്ടുകുളത്തിന്റെ രാഷ്ടീയ അന്തരീക്ഷമാകെ കലുഷിതമായി.ഈ പ്രദേശത്ത് ഒരൊറ്റ കമ്മ്യൂണിസ്റികാരന് പോലുംജീവനോടെയിരിക്കാന് പാടില്ലെന്ന് തീരുമാനിച്ച ഭരണാധികാരികള്‍ അറസ്റും ,ലോക്കപ്പ് മര്‍ദ്ദനങ്ങളും കൊണ്ട് നാടിനെ നരകതുല്യമാക്കി. സ്ത്രികളും കുട്ടികളുമടക്കം നിരപരാധികളായ നൂറുകണക്കിനാളുകള്‍ പീഡനങ്ങള്‍ക്കിരയായി.
ഇങ്ങനെ ഭീകരാന്തരീക്ഷം നിലനില്‍ക്കുമ്പോഴാണ് കൂത്താട്ടുകുളത്തേക്ക് പ്രസിദ്ധമായ വൈക്കം ജാഥ എത്തിച്ചേരുന്നത്. തിരു - കൊച്ചി സംയോജനത്തെ എതിര്‍ക്കുകയും ,ഐക്യ കേരളം രൂപികരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് 1949 ജൂലൈ ഒന്നിന് കമ്മ്യൂണിസ്റുപാര്‍ട്ടിയുടെ നേതൃത്വത്തിലായിരുന്നു ആ ജാഥ. വൈയ്ക്കം ,ഉല്ലല, വെച്ചുര്‍, കരിപ്പാടം, വെള്ളൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സഖാക്കളായിരുന്നു ജാഥയില്‍ പങ്കെടുത്തിരുന്നത്. ജാഥ കൂത്താട്ടുകുളം ടൌണില്‍ പ്രവേശിക്കുന്ന തിനു മുന്‍പുതന്നെ പോലീസ് തടയുകയും ജാഥാഗങ്ങളെ അറസ്റു ചെയ്യ്ത് മൃഗീയമായി മര്‍ദ്ദിക്കുകയും ചെയ്യ്തു. ജാഥയില്‍ അംഗമായിരുന്ന ഉല്ലല ദാമോദരന്‍ കൂത്താട്ടുകുളം ലോക്കപ്പില്‍ കിടന്ന് മര്‍ദ്ദനമേറ്റ് മരണമടഞ്ഞു.
1948 - 50 കാലത്ത് പി.കൃഷ്ണപിള്ള, ഇ.എം.എസ്, അച്ചുതമേനോന് , എന്‍.സി. ശേഖര്‍ തുടങ്ങി ഒളിവില്‍ കഴിഞ്ഞിരുന്ന കമ്മ്യൂണിസ്റുപാര്‍ട്ടിയുടെ പല പ്രമുഖ നേതാക്കളും കൂത്താട്ടുകുളത്ത് വരികയും ഇവിടെ നടന്ന ചില രഹസ്യയോഗങ്ങളില്‍ സബന്ധിക്കുകയും ചെയ്യ്തിട്ടുണ്ട്.
കൂത്താട്ടുകുളത്തിന്റെ സുദിര്‍ഘമായ രാഷ്ടീയ ചരിത്രത്തില്‍ ധീരരായ നാല് യുവാക്കള്‍ രക്തസാക്ഷികളായി. ചൊള്ളമ്പേല്‍ പിള്ള, മണ്ണത്തൂര്‍ വര്‍ഗീസ്, തിരുമാറാടി രാമകൃഷ്ണന്, പാമ്പാക്കുട അയ്യപ്പന്, എന്നിവരാണ് ലോക്കപ്പ് മര്‍ദ്ദനം മൂലം മരണ മടഞ്ഞ രക്തസാക്ഷികള്‍. കയ്യൂരിലും , കരിവെള്ളൂരിലും ,പുന്നപ്രയിലും, വയലാറിലും, ശുരനാട്ടുമൊക്കെ ചോരകൊണ്ട് ഇതിഹാസം രചിച്ച വിപ്ളവകാരികള്ക്കൊപ്പം ഈ നാടിന്റെ ആവേശവും അഭിമാനവുമാണിവര്. ‘രക്തസാക്ഷികളുടെ നാടെന്നാണ് ’ എ.കെ.ജി.തന്റെ ആത്മ കഥയില്‍ കൂത്താട്ടുകുളത്തെ വിശേഷിപ്പിച്ചിട്ടുള്ളത്.
(രക്തസാക്ഷികളുടെ നാടു് എന്നകൃതിയുടെ കര്‍ത്താവാണു് ലേഖകന്‍)
20090722
ഉള്ളടക്കം
![]() | സി.ജെ തോമസിനെപ്പറ്റി... സി.ജെ.സ്മാരക സമിതിയെപ്പറ്റി... |
സി.ജെ.സ്മാരക സമിതി
സി.ജെ.സ്മാരക സമിതി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍
സി.ജെ തോമസ് - ജീവിതരേഖ
സി ജെ മലയാളസാഹിത്യത്തില്‍ നാടകത്തെ പരിചയപ്പെടുത്തി : ഡോ. ജോര്‍ജ് ഓണക്കൂര്‍
സി.ജെ സ്മാരക പ്രസംഗങ്ങളും, പ്രസംഗസമിതിയും
ദേശപ്പെരുമ , ചരിത്രത്തിന്റെ നാള് വഴികളിലൂടെ
കൂത്താട്ടുകുളം; ചരിത്രമുറങ്ങുന്ന സമര ഭൂമി
20090721
സി.ജെ സ്മാരക പ്രസംഗങ്ങളും, പ്രസംഗസമിതിയും

സി.എന്‍.കുട്ടപ്പന്
1950 കളുടെ മദ്ധ്യത്തിലാണ് ഞാന്‍ സി.ജെ.യെ കൂത്താട്ടുകുളത്തു വച്ചു കാണുന്നതും പരിചയപ്പെടുന്നതും. കൂടെ എപ്പോഴും അഞ്ചും ആറും പേരുണ്ടാകും, ശിഷ്യന്മാര്. ചായക്കടയിലാണ് ഒന്നിച്ചുകൂടുക. ടൌണില്‍ വന്നാല്‍ അവരെ ആരെയും കണ്ടില്ലെങ്കില്‍ മറ്റു കാണുന്നവരോട് ചോദിക്കും “അവരെ കണ്ടോ” എന്ന്. പത്രോസ്, കുര്യന്‍സാര്‍, മുതലായവരായിരുന്നു അവര്‍. 1960 ജൂലൈ 14 നു സി.ജെ മരിച്ചു. സി.ജെ മരിച്ചതിന് ശേഷവും “അവര്‍ കണ്ടുമുട്ടുമായിരുന്നു”. ഒരിക്കല്‍ കുര്യന് സാര്‍ പറഞ്ഞു സി.ജെ.യുടെ പേരില്‍ ഒരു പ്രസ്ഥാനം തുടങ്ങിയാല്‍ സാഹിത്യകാരന്മാരുടെ പ്രസംഗം കേള്‍ക്കാന്‍ ഒരു വഴിയാകുമെന്ന്. സി.ജെ സ്മാരകസമിതിയുടെ ബീജാവാപം കുര്യന്‍സാറിന്റെ അഭിലാഷത്തില്‍ നിന്നായിരുന്നു.സി.ജെ യുടെ മരണശേഷം അദ്ദേഹത്തിന്റെ കുട്ടികളുടെ പഠനത്തിന് സഹായകമായി ഡി.സി കിഴക്കേമുറി മുന്‍കൈയെടുത്ത് ഒരു ഫണ്ടുണ്ടാക്കാന്‍ ശ്രമിച്ചു. ഏ.പി.പി.നമ്പൂതിരി പ്രതികരിച്ചു. “സി.ജെ.യെ ആദരിക്കാന്‍ സാഹിത്യചര്‍ച്ചാവേദി ഉണ്ടാക്കുകയാണ് വേണ്ടത്”. ഏ.പി.പി. നമ്പൂതിരിയുടെ നിര്‍ദ്ദേശം ഒരു വെളിച്ചമായി.
കൂത്താട്ടുകുളം ഹൈസ്ക്കൂളില്‍ ജെ.ജയിംസ് സാറിന്റെ(കുറവിലങ്ങാട്) അദ്ധ്യക്ഷതയില്‍ കൂടിയ ആലോചനായോഗത്തില്‍ കാര്യങ്ങള്‍ക്ക് ഒരു രൂപമുണ്ടായി. സമിതിയുടെ അദ്ധ്യക്ഷ പദവി പ്രൊഫ. എന്‍. ഐ.ഏബ്രഹാം സാറിനെ ഏല്‍പ്പിച്ചു. കുര്യന്‍സാര്‍ സെക്രട്ടറി, അദ്ദേഹത്തെ സഹായിക്കുന്ന ജോലി എനിക്കും. പ്രമുഖരായ പലരും ഉള്‍പ്പെട്ട പ്രവര്‍ത്തക സമിതിയും കാര്യങ്ങളുമായി അഴിക്കോടുസാറിനെ സമീപിച്ചപ്പോള്‍ നടത്തിപ്പിനു വലിയ ബുദ്ധിമുട്ടാകുമെന്ന് ഉപദേശം.
“കൂത്താട്ടുകുളം രാഷ്ട്രീയ എരിവുള്ള സ്ഥലം. കോണ്ഗ്രസ്സുകാര് പറയും സി.ജെ. കമ്മ്യൂണിസ്റാണെന്ന്. കമ്മ്യൂണിസ്റുകാര്‍ക്ക് സി.ജെ.കമ്മ്യൂണിസ്റ് വിരുദ്ധനായ വിഷവൃക്ഷം. എന്നാലും നല്ല കാര്യമല്ലേ മുമ്പോട്ടുപോകണം.”
ആദ്യകാലം കുറെ ബുദ്ധിമുട്ടുകള്‍ തോന്നി. രാഷ്ട്രീയാതിപ്രസരമുള്ള സ്ഥലമാണെങ്കിലും ഒരു രാഷ്ട്രീയാഭിജാത്യമുണ്ട് കൂത്താട്ടുകുളത്തിന്. പിന്നൊരിക്കല്‍ അഴിക്കോടുസാര് മറ്റൊരു കാര്യം കൂടി ഓര്‍മ്മിപ്പിച്ചു. അയവില്ലാത്ത ഭരണഘടനയൊന്നും അരുത്. നടത്തിപ്പിന് വിശദമായ ഭരണ ഘടനയുണ്ട്. എങ്കിലും അതാരെയും ബുദ്ധിമുട്ടിച്ചിട്ടില്ല.
1961 -ല്‍ സമിതിയുണ്ടായി. അംഗത്വഫീസ് 5 രൂപ. അഞ്ചു വര്‍ഷം പ്രസംഗം കേള്‍പ്പിക്കാമെന്ന വാഗ്ദാനം. 1961 ല്‍ പ്രസംഗം ആരംഭിച്ചു. വിഷയം ‘നാടകം’. കിട്ടിയതുക ആദ്യപരിപാടിക്കുതന്നെ തികഞ്ഞില്ല. പാസ്സുമൂലമായിരുന്നു പ്രവേശനം. പാസ്സുവാങ്ങിക്കയറി പ്രസംഗം കേള്‍ക്കുകയോ? മുണ്ടശ്ശേരി മാസ്റര്‍ക്ക് അത്ഭുതമായി. അദ്ദേഹം മംഗളോദയം മാസികയില്‍ എഴുതി “ലോകത്തെവിടെയും കേട്ടിട്ടില്ലാത്ത അത്ഭുതം! പണം കൊടുത്ത് പ്രസംഗം കേള്‍ക്കുക.” പ്രശസ്തരായ പലരും പാസ്സുവാങ്ങി സി.ജെ. സ്മാരക പ്രസംഗം കേട്ടിട്ടുണ്ടെന്ന് അവര്‍തന്നെ പറഞ്ഞിട്ടുണ്ട്.
പ്രതിവര്‍ഷം തിരഞ്ഞെടുക്കുന്ന വിഷയത്തെക്കുറിച്ചാണ് പ്രസംഗം. പ്രശസ്തരായ വ്യക്തികള്‍ പങ്കെടുക്കുന്ന സമ്മേളനം, അതാണ് സി.ജെ. സ്മാരകപ്രസംഗം. സാഹിത്യം മാത്രമല്ല സാഹിത്യേതര വിഷയങ്ങളും ചര്‍ച്ചചെയ്യപ്പെടാറുണ്ട്. എങ്കിലും നാടകത്തിനായിരുന്നു മുന്തിയ പരിഗണന. നാലോ, അഞ്ചോവര്‍ഷം ചര്‍ച്ച നാടകമായിരുന്നു. നാടകസാഹിത്യം, നാടകവേദി എന്നിങ്ങനെ. കുമാരനാശാന് ജന്മശതാബ്ദി, ഗാന്ധിയന്‍ ദര്‍ശനങ്ങള്‍, സ്വാതന്ത്യ്രാനന്തര ഭാരതം, ശാസ്ത്രയുഗത്തില്‍ ആധുനിക സാഹിത്യം, എം.ഗോവിന്ദന്റെ കൃതികള്‍ എന്നിവയൊക്കെ ഓരോ വര്‍ഷത്തെ ചര്‍ച്ചാ വിഷയങ്ങളായിരുന്നു.
കാവാലത്തിന്റെയും നരേന്ദ്രപ്രസാദിന്റെയും പല നാടകങ്ങളും അവതരിപ്പിച്ചത് കൂത്താട്ടുകുളത്ത് സി.ജെ.സ്മാരകസമിതിയുടെ ചുമതലയിലാണ്. സി.ജെയുടെ തന്നെ ‘ആ മനുഷ്യന് നീ തന്നെ’ എന്ന നാടകം ആദ്യമായും അവസാനമായും അവതരിപ്പിച്ചതും കൂത്താട്ടുകുളത്താണ്. ജി.ശങ്കരപ്പിള്ളയുടെ നാടകക്കളരി പ്രസ്ഥാനത്തിന്റെ രണ്ടാമതുകളരി സി.ജെ സ്മാരകസമിതിയുടെ ചുമതലയില്‍ കൂത്താട്ടുകുളത്തായിരുന്നു. നാടകക്കളരി എടുത്തുപറയേണ്ട ഒരിനമാണ്. തിരഞ്ഞെടുക്കപ്പെട്ട 30 വിദ്യാര്‍ത്ഥികള്‍ കളരിയില്‍ അഭ്യാസത്തിനുണ്ടായിരുന്നു. കളരിഡയറക്ടര് സി.എന്‍. ശ്രീകണ്ഠന് നായര്‍. സഹായി ജി. ശങ്കരപ്പിള്ള സാറും. അദ്ധ്യാപകരായി ഡോ. അയ്യപ്പപണിക്കര്‍, സിനിമാനടന് മധു തുടങ്ങിയവര്‍. പ്രൊഫ. എന്‍. കൃഷ്ണപിളള സാര്‍, അടൂര്‍ ഗോപാലകൃഷ്ണന്, കടമ്മനിട്ട രാമകൃഷ്ണന് എന്നിവരും ക്ളാസ്സുകള്‍ കൈകാര്യം ചെയ്തിരുന്നു. ഭരത്ഗോപി - ഗോപിസാറിനായിരുന്നുക്ളാസിന്റെ നിയന്ത്രണച്ചുമതല. ഭരത്ഗോപിസാര് ഡയറക്ടറായി വര്‍ഷങ്ങള്‍ക്കുശേഷം മറ്റൊരു നാടകക്കളരിയും നടന്നു.
സി.ജെ. സ്മാരകപ്രസംഗങ്ങള് ഒരു മുഴുവന്‍ ദിവസപരിപാടിയാണ്. രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ. രാത്രിയില്‍ നാടകമോ, ഗൌരവമുള്ള മറ്റു പരിപാടികളോ രണ്ടോ മൂന്നോ മണിക്കൂര്‍. ഒരിക്കല്‍ കഥകളിയും ഉണ്ടായി. പരിപാടി രണ്ടു ദിവസമാക്കിയ വര്‍ഷങ്ങളുമുണ്ട്.
തിരഞ്ഞെടുക്കപ്പെടുന്ന വിഷയങ്ങളുടെ വിവിധവശങ്ങളെ അധികരിച്ച് എട്ടു പത്തു പ്രബന്ധങ്ങളുണ്ടാകും. മലയാളസാഹിത്യത്തറവാട്ടിലെ പ്രമുഖരില്‍ മിക്കവരും സി.ജെ. സ്മാരകപ്രസംഗങ്ങളില് പങ്കെടുത്തിട്ടുണ്ട്. സാനുമാസ്റര്, അഴീക്കോട് സാര്‍, ഡോ.അയ്യപ്പപണിക്കര്‍, കാവാലം നാരായണപണിക്കര്‍,പ്രൊഫ.എന്‍.കൃഷ്ണപിള്ള, കൈനിക്കരകുമാരപിള്ള,എം.ഗോവിന്ദന്, ജി.കുമാരപിള്ള എന്നിവര്‍ ഒന്നിലധികം യോഗങ്ങളില്‍ പങ്കെടുത്തിട്ടുള്ളവരാണ്. റോസിതോമസ്- മിസ്സിസ്.സി.ജെ.തോമസ്- എല്ലാ യോഗങ്ങിലും എത്തിയിരിക്കും. റവ ഡോ. എബ്രഹാം വടക്കേല്‍ സമിതിയുടെ രക്ഷാധികാരിയായിരുന്നു. എല്ലാ സമ്മേളനങ്ങളിലും അച്ചന്റെ മഹനീയ സാന്നിദ്ധ്യമുണ്ടായിരുന്ന കാര്യം ആദരവോടുകൂടി സ്മരിക്കുന്നു. സമിതിയുടെ ബന്ധുക്കളായി ഒട്ടേറെ സാഹിത്യകാരന്മാരും മറ്റു പ്രമുഖവ്യക്തികളുമുണ്ട്.
സമ്മേളനങ്ങളില്‍ അവതരിക്കപ്പെടുന്ന പ്രബന്ധങ്ങള്‍ ആദ്യകാലത്ത് പുസ്തകങ്ങളാക്കി പ്രസിദ്ധീകരിച്ചിരുന്നു. നാടകം ഒരു പഠനം, നോവല്‍, ശാസ്ത്രയുഗത്തില്‍, ജവഹര്‍ലാല്‍ നെഹ്റു, നാടകക്കളരി, റോമില്‍ നിന്നുള്ള കത്തുകള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. പല കാരണങ്ങളാല്‍ അതു തുടരാന്‍ കഴിഞ്ഞില്ല. ‘നാടകം ഒരു പഠനം’ കേരളയൂണിവേഴ്സിറ്റിയുടെ ടെക്സ്റ്റായിരുന്നു. ‘ജവഹര്‍ലാല്‍ നെഹ്രു’ മധുരയൂണിവേവ്സിറ്റിയിലും. മറ്റു ഗ്രന്ഥങ്ങളിലെ പല പ്രബന്ധങ്ങളും ഹൈസ്ക്കൂള് ക്ളാസുകളിലെ മലയാളം പാഠാവലിയിലും വന്നിട്ടുണ്ട്.
ബഹുമാനപ്പെട്ട വടക്കേലച്ചന്റെ പേരില്‍ 1980 മുതല്‍ അവാര്‍ഡ് കൊടുത്തുതുടങ്ങി. കേരളത്തിലെ ഒട്ടേറെ പ്രമുഖസാഹിത്യകാരന്മാരെ അച്ചന്റെ പേരിലുള്ള അവാര്‍ഡ് നല്കി ആദരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
എടുത്തു പറയേണ്ട മറ്റൊരു കാര്യം കഴിഞ്ഞ സി.ജെ സ്മാരക സമിതിയുടെ ചുമതലയില്‍ നടന്നു വന്ന ചര്ച്ചാവേദിയെക്കുറിച്ചാണ്. പ്രതിമാസം നടന്നു വന്ന ചര്ച്ചാസദസ്സുകളാണ് പ്രസംഗസമിതിയെ അടുത്തകാലത്ത് നിലനിറുത്തിപ്പോന്നത്. സമിതിയുടെ വൈസ് പ്രസിഡന്റ് കൂടിയായ പി.കെ. ബാലകൃഷ്ണപിള്ള സാറിനാണ് ഇക്കാര്യത്തില്‍ ഏറെ അഭിമാനിക്കാനുള്ളത്.
1961- ലാണ് സി.ജെ. സ്മാരക സമിതി നിലവില്‍ വന്നതെന്നു പറഞ്ഞല്ലോ, സ്ഥാപകാംഗങ്ങളില്‍ പലരും ഇന്ന് പ്രവര്‍ത്തകസമിതിയിലുണ്ട്. 45 വര്‍ഷമായിട്ടും പ്രധാന പ്രവര്ത്തകന് - പ്രസിഡന്റിന് മാറ്റം വേണ്ടി വന്നില്ല. പി.കെ. ബാലകൃഷ്ണപിള്ള സാറാണ് ആദ്യം തുടങ്ങിത്തന്നെ വൈസ് പ്രസിഡന്റ്, സെക്രട്ടറി കുര്യന് സാറിന്റെ സഹായിയായിരുന്ന ഞാന്‍ പിന്നീട് സെക്രട്ടറിയായി. ആദ്യ ഖജാന്‍ജി പൊതുവാള് സാര്‍. മറ്റു പ്രവര്‍ത്തകരൊക്കെ കാലാകാലം മാറി വന്നവര്‍. ഇന്ന് പ്രവര്‍ത്തകരായി ധാരാളം ചെറുപ്പക്കാര്‍ കൂത്താട്ടുകുളത്തുണ്ട്. സമിതിയുടെ നേതൃത്വം എന്നും സി.ജെയുടെ സുഹൃത്തുക്കളും ആരാധകരുമായ പ്രമുഖ എഴുത്തുകാര്‍ക്കുതന്നെയാണ്.
ആദ്യത്തെ സി.ജെ. സിമ്പോസിയം കൂത്താട്ടുകുളം ഹൈസ്ക്കൂളില്‍ വച്ചായിരുന്നു. തുടര്‍ന്നും അവിടെ വച്ചുതന്നെ. പിന്നീട് കെ.ടി.ജേക്കബ് ടൌണ്‍ ഹാളിലേയ്ക്കുമാറി. ഒരു വര്‍ഷം പി.പി. എസ്തോസ് സ്മാരക ഹാളില്‍ നടന്നു. എങ്ങനെ നടത്തി, ഇത്ര വലിയ പരിപാടികളൊക്കെ എന്നല്ലേ? സര്‍ക്കാരിന്റെയോ മറ്റ് ഏജന്‍സികളുടെയോ സഹായം ഒന്നും ലഭിച്ചിട്ടില്ല. മെമ്പര്‍ഷിപ്പു ഫീസ് വാങ്ങിയിട്ടുണ്ട്. പോരാതെ വരുന്നത് പ്രവര്‍ത്തകരുടെ പങ്ക്. സ്വന്തമായി ആഫീസില്ല. ഉണ്ടാക്കാന്‍ കഴിഞ്ഞുമില്ല. കേന്ദ്രസംസ്ഥാന ഗവണ്മെന്റുകള് ലക്ഷക്കണക്കിനു രൂപ സാംസ്കാരികസ്ഥാപനങ്ങള്‍ക്കു നല്‍കുന്നുണ്ട്. ആ വഴിക്കൊന്നും ശ്രമിച്ചില്ല. അതാണ് എടുത്തു പറഞ്ഞേക്കാവുന്ന വലിയ കുറവ്.

ഏകദേശം 45 വര്‍ഷത്തെ സമിതിയുടെ ബാലന്‍സ്ഷീറ്റ് പരിശോധിക്കുമ്പോള്‍ നിരാശപ്പെടേണ്ടതുണ്ടോ? കേരളത്തിലെ ഏറ്റവും വലിയ സാംസ്കാരിക വേദിയായിരുന്നു - സി.ജെ സ്മാരകസമിതി. സാഹിത്യസമ്മേളനങ്ങള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍ ,പുസ്തക പ്രസാധനം, എല്ലാംകൊണ്ടും സജീവമായ വേദി. സി.ജെ.സ്മാരക പ്രസംഗം സജീവമായിരുന്നപ്പോഴും ഇപ്പോഴും അത് മനുഷ്യമനസ്സില്‍ ഒരു മഹനീയമായ സാന്നിദ്ധ്യമാണ്. കൂത്താട്ടുകുളത്തുകാര്ക്കുമാത്രമല്ല എവിടെയുമുള്ള സുമനസ്സുകളില്‍. കേരളത്തിലെ പ്രമുഖരായ മിക്ക സാഹിത്യകാരന്മാരും കൂത്താട്ടുകുളത്തു വന്നുപോയിട്ടുണ്ട്. വന്നവര്‍ക്കും നിന്നവര്‍ക്കും മനസ്സില്‍ സൂക്ഷിക്കാനും ഒത്തിരിയുണ്ടാകും. ആര്‍ക്കും നിഷേധിക്കാനാവാത്ത, എല്ലാവര്ക്കും അഭിമാനത്തോടെ ഓര്‍ക്കാവുന്ന ഒരു ഇമേജ് ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നതാണ് സമിതിയുടെ ബാലന്‍സ് ഷീറ്റിലെ ശേഷിപ്പ്.
ഈ ഗൂഡ്വില്ലാണ് കൂത്താട്ടുകുളം ഗ്രാമപഞ്ചായത്തും എറണാകുളം ജില്ലാ പഞ്ചായത്തും ഏറ്റുവാങ്ങിയത്. അങ്ങനെ സി.ജെ.യ്ക്കും, സമിതിക്കും മൂര്‍ത്തമായ സ്മാരകമുണ്ടായിരിക്കുന്നു, മനോഹരമായ സൌധം (സി.ജെ സ്മാരക മന്ദിരം). എന്നാല്‍ അത് നിത്യചൈതന്യവത്താകുമോ? തിരുവനന്തപുരത്തെ രാജകൊട്ടാരനിരകളെക്കുറിച്ച് രാമപുരത്തുവാര്യര്‍ പാടിയിട്ടുള്ളത് ഓര്‍ക്കുന്നു. എന്തെല്ലാം കഥകളാണ് ഇവയ്ക്കു പറയാനുള്ളത്. എന്നാല്‍ പാപദൃക്കുകള്ക്ക് ഇവയെല്ലാം വെറും കല്ലും മരവുമാണ്. നമ്മുടെ സ്മാരകമന്ദിരത്തിന് കൂത്താട്ടുകുളത്തിന്റെ കഥ പറയാന്‍ കഴിയട്ടെ. ‘ഗംഗയാറൊഴുകുന്ന നാട്ടിലേ ശരിക്കിത്രമംഗളം വായ്ക്കും കല്പപാദപമുണ്ടായ് വരൂ’ എന്നു വള്ളത്തോള്‍ പാടിയിട്ടുണ്ട്. ഭാരതനാട്ടിലേ ഒരു ഗാന്ധി ജനിക്കൂ എന്നര്‍ത്ഥം. കൂത്താട്ടുകുളം വടക്കേലച്ചനും, കെ.ടി.ജേക്കബും, സി.ജെ.തോമസ്സും ജനിച്ചുജീവിച്ച നാടാണ്. ആദ്ധ്യാത്മിക രാഷ്ട്രീയ സാംസ്കാരിക പാരമ്പര്യങ്ങളുടെ പ്രതീകങ്ങള്‍.
(ജോസ് കരിമ്പന എഡിറ്റ് ചെയ്തു് 2009 മാര്‍ച്ച് ഏഴാം തീയതി സി.ജെ.സ്മാരക സമിതി പ്രകാശിപ്പിച്ച സ്മൃതി -2009 സ്മരണികയില്‍ നിന്നും. )
20090720
സി ജെ മലയാളസാഹിത്യത്തില്‍ നാടകത്തെ പരിചയപ്പെടുത്തി : ഡോ. ജോര്‍ജ് ഓണക്കൂര്‍

കൂത്താട്ടുകുളം: ചിന്താപരമായ സ്വാതന്ത്ര്യത്തെ വിപ്ളവകരമായി അവതരിപ്പിച്ച വ്യക്തിയായിരുന്നു സി.ജെ. തോമസ്സെന്ന് പ്രശസ്ത സാഹിത്യകാരന് ഡോ. ജോര്‍ജ് ഓണക്കൂര്‍ പ്രസ്താവിച്ചു. നാടകകൃത്തും സാഹിത്യ നിരൂപകനുമായിരുന്ന സി.ജെ. തോമസിന്റെ അമ്പതാം ചരമവാര്‍ഷികവും സി.ജെ. സ്മാരക ഗ്രന്ഥശാലയുടെ സുവര്‍ണജൂബിലിയും 2009 ജൂലൈ 14-ആം തീയതി കൂത്താട്ടുകുളത്ത് സി.ജെ. സ്മാരക മന്ദിരത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിയ്ക്കുകയായിരുന്നു അദ്ദേഹം.
നാടകത്തെ മലയാളസാഹിത്യത്തില്‍ പരിചയപ്പെടുത്തുകയാണ് സി.ജെ. ചെയ്തതു്. അദ്ദേഹത്തിന്റെ മഹത്തായ കൃതികള്‍ അനുവാചകഹൃദയങ്ങളെ തൊട്ടുണര്‍ത്തുന്നവയായിരുന്നു. സി.ജെ.യുടെ സമ്പൂര്‍ണകൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സമിതി മുന്കൈയെടുക്കണമെന്നു് അദ്ദേഹം നിര്‍ദ്ദേശിച്ചു. കൂത്താട്ടുകുളത്തിന്റെ കഴിഞ്ഞ അമ്പത് വര്‍ഷത്തെ സാംസ്കാരിക മുന്നേറ്റത്തിന്റെ ദിശ നിര്‍ണയിച്ചത് സി.ജെ.യുടെ ജീവിതവും കൃതികളുമായിരുന്നുവെന്നു് അദ്ദേഹം പറഞ്ഞു.. ഇതിന്റെ ഗതിവേഗം വര്‍ദ്ധിപ്പിക്കാന്‍ സി.ജെ. സ്മാരക സമിതിയ്ക്ക് കഴിയണം.
അഴീക്കോടിന്റെ കാലം കഴിഞ്ഞു
സാംസ്കാരിക രംഗത്ത് സുകുമാര്‍ അഴീക്കോടിന്റെ കാലം അവസാനിച്ചതായി ഡോ. ജോര്‍ജ് ഓണക്കൂര്‍ ചൂണ്ടിക്കാട്ടി. സ്വന്തം ക്ഷേത്രത്തില്‍ നിന്നും കാലു മാറിച്ചവിട്ടി ആനുകാലിക ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ വക്താവായി മാറിയതോടെ സാഹിത്യകാരനെന്ന ബഹുമാനം ഇല്ലാതായെന്നും ഡോ. ഓണക്കൂര്‍ പറഞ്ഞു. താല്‍ക്കാലിക ലാഭത്തിനു വേണ്ടി സ്വന്തം നിലപാടുകളെ വില്ക്കാന് തയാറാകരുതെന്ന് അദ്ദേഹം നിര്‍ദേശിച്ചു. വ്യക്തിപരമായ കാലുഷ്യങ്ങള്‍ക്ക് സാഹിത്യ സാംസ്കാരിക വേദികള്‍ ദുരുപയോഗിക്കരുത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍. വസുമതിയമ്മ അധ്യക്ഷത വഹിച്ചു. സമിതി പ്രസിഡന്റ് പ്രഫ. എന്‍.ഐ. ഏബ്രഹാം, ജില്ലാപഞ്ചായത്തംഗം എ.എം. ചാക്കോ, സി.എന്‍. കുട്ടപ്പന്, എ.എസ്. രാജന്, സണ്ണി കുര്യാക്കോസ്, അനില്‍ കരുണാകരന്, ലീലാമ്മ ജോണ്‍, ജോസ് കരിമ്പന, ഒ.എന്‍. വിജയന്, ജോസഫ് ബാബു, ബേബി കീരാന്തടം, റോയി ഏബ്രഹാം എന്നിവര്‍ പങ്കെടുത്തു.
സി.ജെ തോമസ് - ജീവിതരേഖ

പി.കെ. നരേന്ദ്രദേവ്
സി.ജെ. തോമസ് 1918 നവംബര്‍ 14-ആം തീയതി കൂത്താട്ടുകുളത്തു് ചൊള്ളമ്പേല്‍ വീട്ടില്‍ യോഹന്നാന് കോര്‍ എപ്പിസ്ക്കോപ്പയുടെയും അന്നമ്മയുടേയും പുത്രനായി ജനിച്ചു. മകനെ ഒരു വൈദികനാക്കാന്‍ ആഗ്രഹിച്ച മാതാപിതാക്കള്‍ ഹൈസ്ക്കൂള് വിദ്യാഭ്യാസത്തിനുശേഷം ഒരു വൈദിക വിദ്യാര്‍ത്ഥിയായി കോട്ടയം സി.എം.എസ്. കോളേജില്‍ അയച്ചു. താമസിയാതെ ളോഹ വലിച്ച് കീറി ഒരു വിപ്ളവകാരിയായി സി. ജെ. തിരിച്ചുപോന്നു.
ആലുവ യൂണിയന് ക്രിസ്ത്യന്‍ കോളേജില്‍ നിന്നു ബി.എ. ഡിഗ്രിയും, തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. മാര്‍ത്താണ്ഡം ഗ്രാമോദ്ധാരണകേന്ദ്രത്തില്‍ ചേര്‍ന്ന് ഒരു കൊല്ലത്തെ പരിശീലനവും പൂര്‍ത്തിയാക്കി. ലോ കോളേജിലെ വിദ്യാഭ്യാസജീവിതത്തിനിടയ്ക്കാണ് സി.ജെ. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ആകൃഷ്ടനാകുന്നത്. വിദ്യാര്‍ത്ഥി ഫെഡറേഷന് പ്രവര്‍ത്തനത്തിലൂടെ അദ്ദേഹം കമ്മ്യൂണിസ്റു പാര്‍ട്ടിയിലെത്തി. സി.ജെ. ജനമദ്ധ്യത്തിലേക്കു കടന്നുവന്നത് കമ്യൂണിസ്റുപാര്‍ട്ടി പ്രവര്‍ത്തകനായിട്ടായിരുന്നു. നാലഞ്ചു വര്‍ഷത്തോളം ആ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു. തന്റെ വിശ്വാസങ്ങളും ആദര്‍ശങ്ങളും പാര്‍ട്ടി പ്രവര്‍ത്തനവുമായി പൊരുത്തപ്പെടുകയില്ലെന്ന് ബോധ്യമായപ്പോള്‍ പാര്‍ട്ടിയില്‍ നിന്നു പുറത്തുപോന്നു.
അതിനുശേഷം ഒരു പാര്‍ട്ടിയുടേയും വക്താവായിട്ടില്ല.ജനാധിപത്യ വാദിയായ സി.ജെ. സത്യത്തിനും നീതിക്കും എതിരായ എല്ലാ പ്രവണതകള്‍ക്കുമെതിരെ പ്രതിഷേധശബ്ദമുയര്‍ത്തി. കക്ഷിരാഷ്ട്രീയത്തിനതിതമായി ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും കഴിഞ്ഞ വലിയ മനുഷ്യനായിരുന്നു സി.ജെ. സ്വന്തം ചിന്തകള്‍ക്കും , നിരീക്ഷണങ്ങള്‍ക്കും , നിഗമനങ്ങള്‍ക്കും അനീതമായി മറ്റൊന്നിനേയും അനുസരിക്കുവാന്‍ ആധിക്കാരിക്കു കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ ഏറെ വിമര്‍ശനങ്ങള്‍ക്കു വിധേയനായിട്ടുമുണ്ട്.
എം. പി. പോള്‍സ് കോളേജില്‍ അദ്ധ്യാപകനായിരുന്ന കാലഘട്ടത്തിലാണ് സി.ജെ. സാഹിത്യരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. പ്രൊഫസര്‍ പോളുമായുള്ള സഹവാസവും അദ്ദേഹത്തിന്റെ പ്രോത്സാഹനവും സി.ജെ.യെ ഗുണകരമായി സ്വാധീനിച്ചു. ഏതുകാര്യവും മൌലികമായും വിദഗ്ദ്ധമായും അവതരിപ്പിക്കുവാന്‍ അപാരമായ കഴിവുണ്ടായിരുന്നു സി.ജെ.യ്ക്ക്.
വടകര സെന്റ് ജോണ്‍സ് ഹൈസ്കൂളിലും, എം.പി. പോള്‍സ് ട്യൂട്ടേറിയല്‍ കോളേജിലും അദ്ധ്യാപകനായി ജോലി നോക്കി. ആള് ഇന്ത്യാ റേഡിയോയുടെ തിരുവന്തപുരം നിലയത്തില്‍ കുറച്ചുകാലം പ്രൊഡ്യൂസറായി ജോലി ചെയ്തു. അതു രാജിവച്ചശേഷം മദിരാശിയില്‍ ദക്ഷിണഭാഷാ ഗ്രന്ഥമണ്ഡലത്തിന്റെ പ്രൊഡക്ഷന്‍ ആഫീസറായി നിയമിതനായി. ഒരു വര്‍ഷത്തിനുശേഷം അതും ഉപേക്ഷിച്ചു.സി.ജെ എവിടെ ജോലിയില്‍ പ്രവേശിക്കുമ്പോഴും ഒരു രാജിക്കത്ത് എഴുതി പോക്കറ്റില്‍ സൂക്ഷിക്കുവാന്‍ മറക്കാറില്ല. ആഭിപ്രായവ്യത്യാസം തോന്നുന്ന ആദ്യ സന്ദര്‍ഭത്തില്‍ത്തന്നെ അത് പ്രയോഗിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തിരുന്നു.
കോട്ടയം സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ പ്രാരംഭകാലം മുതല്‍ അതിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും വേണ്ടി സി.ജെ. വളരെയധികം പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്‍.ബി.എസ്സിന്റെ എംബ്ളം അരയന്നത്തിന്റെ മാതൃകയില്‍ രൂപകല്പന ചെയ്തത് സി.ജെ.യെന്നചിത്രകാരനായ പ്രതിഭാശാലിയാണ്. മലയാളഗ്രന്ഥങ്ങള്‍ക്ക് ഇന്നു കാണുന്നവിധം മനോജ്ഞമായ മുഖഛായ നല്‍കിയതിനു പിന്നില്‍ സി.ജെ. യുടെ ഭാവനയും കഴിവും നല്ലപോലെ പണിയെടുത്തിട്ടുണ്ട്.
കഥ, ചിത്രോദയം, പ്രസന്നകേരളം, നവസാഹിതി, ഡെമോക്രാറ്റ് തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതിയില്‍ മുഖ്യസ്ഥാനം വഹിച്ചിട്ടുണ്ട്. ദീനബന്ധു, വീക്കിലി കേരള, ഡെമോക്രാറ്റ് തിയ്യേറ്റേഴ്സ്, വോയ്സ് ഓഫ് കേരള എന്നിവയുടെ അണിയറയിലും സി.ജെ.യുടെ വിദഗ്ദ്ധഹസ്തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു.
എറണാകുളത്തെ ഡെമോക്രാറ്റ് പബ്ളിക്കേഷന്‍സായിരുന്നു, സി.ജെ.യുടെ അവസാനകാല പ്രവര്‍ത്തനമണ്ഡലം.
കൃതികള്‍
1948 മുതല്ക്കാണ് സി.ജെയുടെ കൃതികള്‍ പ്രസിദ്ധീകൃതമാകുന്നത്. ആദ്യം പുറത്തുവന്നത് സോഷ്യലിസം (1948 ജൂണ്‍ ),2. മതവും കമ്യൂണിസവും,(1948 ജൂലൈ ), 3. അവന് വീണ്ടും വരുന്നു, (1949 ആഗസ്റ് ), 4. ഉയരുന്ന യവനിക (1950 ഒക്ടോബര്‍ ), 5. വിലയിരുത്തല്‍ (1951 സെപ്തംബര്‍), 6)ഇവനെന്റെ പ്രിയ പുത്രന് (1953 ഏപ്രില്‍ ), 7. 1128 -ല്‍ ക്രൈം 27 (1954 ജനുവരി ), 8. ശലോമി (1954 സെപ്തംബര്‍ ), 9. ആ മനുഷ്യന് നീ തന്നെ 1955 മെയ് ), 10. ധിക്കാരിയുടെ കാതല്‍ (1955 മെയ് ), 11. മനുഷ്യന്റെ വളര്‍ച്ച (1960 ഏപ്രില്‍), 12. പിശുക്കന്റെ കല്യാണം (1960 ആഗസ്റ്റ്),
13. , വിഷവൃക്ഷം (1960 ആഗസ്റ്റ്), 14. സി.ജെ.വിചാരവും വീക്ഷണവും(1985) ,15. അന്വേഷണങ്ങള്‍(2004 ജൂലൈ)ഇത്രയുമാണ് സ്വതന്ത്രകൃതികള്‍. 1.ജനുവരി ഒമ്പത്, (1952 ജൂണ്‍)2.ആന്റിഗണി(1955 ഫെബ്രുവരി), 3.നട്ടുച്ചക്കിരുട്ട്(1955 നവംബര്‍),4. ഭൂതം (1956 മെയ്), 5. രണ്ടു ചൈനയില്‍(1956 ഒക്ടോബര്‍), 6. ലിസി സ്ടാറ്റ (1960 ഫെബ്രുവരി), 7.കീടജന്മം (1960 സെപ്തബര്‍) ഇവ വിവര്‍ത്തനങ്ങളും. ഈഡിപ്പസ്, ഹാംലറ്റ് എന്നിവ അപൂര്‍ണ്ണങ്ങള്‍. അച്ചടിച്ചിട്ടില്ല.

സി.ജെ.യ്ക്ക് അഞ്ച് സഹോദരിമാരും ഒരു സഹോദരനുമുണ്ടായിരുന്നു.മൂത്ത സഹോദരന് അകാലത്തില്‍ പൊലിഞ്ഞ സ്വാതന്ത്ര്യസമരസേനാനിയായിരുന്ന സി.ജെ.ജോസഫ്. പ്രസിദ്ധ കവയിത്രി മേരിജോണ്‍ കൂത്താട്ടുകുളം മൂത്ത സഹോദരിയാണ്. സുപ്രസിദ്ധ സാഹിത്യനിരൂപകന്‍ പ്രഫസര്‍ എം.പി പോളിന്റെ മകള്‍ റോസിയാണ് സി.ജെ.യുടെ ജീവിത സഖി. ഈ ദമ്പതികള്‍ക്ക് ഒരു മകളും രണ്ട് ആണ്‍മക്കളുമുണ്ട്.
1960 ജൂലൈ 14-ആം തീയതി രാത്രി 9.30 ന് നാല്പത്തിരണ്ടാമത്തെ വയസ്സില്‍ അര്‍ബുദരോഗസംബന്ധമായ ഒരു ശസ്ത്രക്രിയയെ തുടര്‍ന്ന് വെല്ലൂര്‍ ആശുപത്രിയില്‍ വച്ച് ആ പ്രതിഭാശാലി അന്തരിച്ചു. ആ ധിക്കാരിയുടെ ശബ്ദം നിലച്ചപ്പോള്‍ മഹാകവി ജി.ശങ്കരക്കുറുപ്പ് വിലപിച്ചു. "സാഹിത്യത്തിലെ ധീരനും സ്വതന്ത്രവുമായ ശബ്ദമായിരുന്നു സി.ജെ. തോമസ് .ആ ശബ്ദം അപഥ സഞ്ചാരികളെ നടുക്കിയിട്ടുണ്ട്, വിലക്കിയിട്ടുണ്ട്. അത് നിത്യനിശ്ശബ്ദതയില്‍ ലയിച്ചുപോയെന്നറിയുമ്പോള്‍ ആരാണ് വിഷാദിക്കാതിരിക്കുക."
(ജോസ് കരിമ്പന എഡിറ്റ് ചെയ്തു് 2009 മാര്‍ച്ച് ഏഴാം തീയതി സി.ജെ.സ്മാരക സമിതി പ്രകാശിപ്പിച്ച സ്മൃതി -2009 സ്മരണികയില്‍ നിന്നും. )
സി.ജെ.സ്മാരക സമിതി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍
നാടകക്കളരി’, ‘നാടകം ഒരു പഠനം’, ‘നോവല്‍’, ‘കവിത’, ‘ജവഹര്‍ലാല്‍നെഹറു’, ‘ശാസ്ത്രയുഗത്തില്‍’ , ‘ഗാന്ധിജി ഒരു പഠനം’, ‘നവ പല്ലവം’, ‘റോമില്‍നിന്നുള്ള കത്തുകള്‍’, എന്നീ എട്ടു് പുസ്തകങ്ങള്‍ സമിതി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ‘നവ പല്ലവം’ ,‘റോമില്‍നിന്നുള്ള കത്തുകള്‍’ എന്നിവ ഒഴികെ ബാക്കിയെല്ലാം സി.ജെ സ്മാരകപ്രഭാഷണങ്ങളില് അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സമാഹാരങ്ങളാണ്. ‘നാടകം ഒരു പഠനം’ കേരള യൂണിവേഴ്സിറ്റിയുടേയും, ‘ജവഹര്‍ലാല്‍നെഹറു’ മധുര യൂണിവേഴ്സിറ്റിയുടേയും ടെക്സ്റ്ബുക്കുകളായിരുന്നു.ഇതിനു പുറമെ സി.ജെ യുടെ ഏതാനും ലേഖനങ്ങള്‍ സമിതിയുടെ ശ്രമഫലമായി പുസ്തകരുപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഴയആനുകാലികങ്ങളില് നിന്ന് സമാഹരിച്ച ലേഖനങ്ങള്‍ ‘അന്വേഷണങ്ങള്‍ ’ എന്നപേരില്‍ പുറത്തിറക്കിയിട്ടുള്ളത് നിയോഗം ബുക്സാണ്.
സി.ജെ.സ്മാരക സമിതി
രക്ഷാധികാരികള്‍ :- പ്രൊഫ. എം.കെ.സാനു, ചെമ്മനം ചാക്കോ, ഡോ.സുകുമാര്‍ അഴീക്കോട്, പെരുമ്പടവം ശ്രീധരന്, ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍, സി.എന്‍.കുട്ടപ്പന്, ആര്.എസ്. പൊതുവാള്
പ്രവര്‍ത്തക സമിതി :- പ്രൊഫ: എന്‍.ഐ. ഏബ്രാഹാം (പ്രസിഡന്റ്) പി. കെ. ബാലകൃഷ്ണപിളള (വൈസ് പ്രസിഡന്റ്) ജോസ് കരിമ്പന (സെക്രട്ടറി) ജി.ശ്രീജിത്ത് (ജോ. സെക്രട്ടറി) കെ.സുകുമാരന്‍നായര്‍ (ഖജാന്‍ജി) പി.കെ.നരേന്ദ്രദേവ്, പ്രൊഫ: വി.ഐ. ജോര്‍ജ്ജ്, എന്‍.സി. വിജയകുമാര്‍, ഡോ.കെ.ബിനോയി, വി.എ.രവി, ജോസഫ് ബാബു.
ഗവേണിങ് കൌണ്‍സില്‍ :- തോമസ് ചെറിയാന്, പി.കെ. സുരേഷ് കുമാര്‍, എന്‍. രാജു, വി.എന്‍.ഗോപകുമാര്‍, എന്‍.വി.കുര്യന്, ഒ.എന്‍.വിജയന്, എ.എസ്. രാജന്, ബാബുപോള്‍ എം.എല്‍.എ., എല്‍. വസുമതിയമ്മ, എ.എം. ചാക്കോ, ലീലാമ്മ ജോണ്‍, പി.എം. സ്കറിയ.
പ്രവര്‍ത്തക സമിതി :- പ്രൊഫ: എന്‍.ഐ. ഏബ്രാഹാം (പ്രസിഡന്റ്) പി. കെ. ബാലകൃഷ്ണപിളള (വൈസ് പ്രസിഡന്റ്) ജോസ് കരിമ്പന (സെക്രട്ടറി) ജി.ശ്രീജിത്ത് (ജോ. സെക്രട്ടറി) കെ.സുകുമാരന്‍നായര്‍ (ഖജാന്‍ജി) പി.കെ.നരേന്ദ്രദേവ്, പ്രൊഫ: വി.ഐ. ജോര്‍ജ്ജ്, എന്‍.സി. വിജയകുമാര്‍, ഡോ.കെ.ബിനോയി, വി.എ.രവി, ജോസഫ് ബാബു.
ഗവേണിങ് കൌണ്‍സില്‍ :- തോമസ് ചെറിയാന്, പി.കെ. സുരേഷ് കുമാര്‍, എന്‍. രാജു, വി.എന്‍.ഗോപകുമാര്‍, എന്‍.വി.കുര്യന്, ഒ.എന്‍.വിജയന്, എ.എസ്. രാജന്, ബാബുപോള്‍ എം.എല്‍.എ., എല്‍. വസുമതിയമ്മ, എ.എം. ചാക്കോ, ലീലാമ്മ ജോണ്‍, പി.എം. സ്കറിയ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)