വരാപ്പുഴ (കൊച്ചി): പ്രശസ്‌ത സാഹിത്യകാരിയും ആധുനിക നാടകരംഗത്തെ ഇതിഹാസമായിരുന്ന സി.ജെ. തോമസിന്റെ സഹധര്‍മ്മണിയും പ്രശസ്‌ത നിരൂപകന്‍ എം.പി. പോളിന്റെ പുത്രിയുമായ റോസി തോമസ് (82) ഡിസംബര്‍ 16 ബുധനാഴ്‌ച വൈകിട്ട് അഞ്ചരകഴിഞ്ഞപ്പോള്‍ വരാപ്പുഴയിലെ തോമസ് വില്ലയില്‍ അന്തരിച്ചു. സംസ്‌കാരം 18 വെള്ളിയാഴ്‌ച രാവിലെ പത്തിനു് ജന്മനാടായ വരാപ്പുഴയിലെ സെന്റ് ജോര്‍ജ് കത്തോലിക്കാ പള്ളിയില്‍ (പുത്തന്‍പള്ളി) നടത്തി.
വാര്‍ധക്യത്തെ തുടര്‍ന്നുള്ള അവശതകള്‍ മൂലം കഴിഞ്ഞ അഞ്ച് മാസത്തോളമായി കിടപ്പിലായിരുന്നു. ഇളയ മകന്‍ പോള്‍ സി തോമസിനോടൊപ്പമായിരുന്നു താമസം.
ജീവിതരേഖ
പ്രശസ്ത നിരൂപകന്‍ എം പി പോളിന്റെയും മേരി പോളിന്റെയും മൂത്ത മകളായി 1927ലായിരുന്നു റോസ്സി ജനച്ചതു്. തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലും എറണാകുളത്തെ ബോര്‍ഡിംഗ് സ്‌കൂളിലും പഠനം നടത്തി. മഹാരാജാസില്‍ നിന്ന് ഇന്റര്‍മീഡിയറ്റു കഴിഞ്ഞ ശേഷം ആലുവ യുസി കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്നപ്പോള്‍ കുറ്റിപ്പുഴ, റോസ്സിയുടെ അദ്ധ്യാപകനായിരുന്നു.
റോസിയുടെ പിതാവ് എം.പി. പോളിന്റെ ട്യൂട്ടോറിയല്‍ കോളെജില്‍ (പോള്‍സ് കോളേജില്‍) സി. ജെ. തോമസ് ഇംഗ്ലീഷ് അധ്യാപകനായി എത്തിയകാലത്തു് റോസിയും സി. ജെ. തോമസും തമ്മില്‍ പ്രണയത്തിലായി. 1918 നവംബര്‍ 14-ന് കൂത്താട്ടുകുളം വടകര യോഹന്നാന്‍ മാംദാന ഓര്‍ത്തഡോക്സ് പള്ളിവികാരി ചൊള്ളമ്പേല്‍ യോഹന്നാന്‍ കോര്‍-എപ്പിസ്‌കോപ്പയുടെയും അന്നമ്മയുടെയും മകനായി ജനിച്ച സി.ജെ തോമസ് വൈദികനാകാന്‍ ശെമ്മാശനായി കോട്ടയം സിഎംഎസ് കോളജില്‍ പഠിക്കുമ്പോള്‍ ളോഹ ഉപേക്ഷിച്ച് ഇടതുപക്ഷ പ്രവര്‍ത്തകനായി മാറിയയാളായിരുന്നു.
റോസിയുടെയും സി.ജെ.യുടെയും പ്രണയത്തിനോട് പുരോഗമന സാഹിത്യപ്രസ്‌ഥാനത്തിന്റെ നായകനായിരുന്നെങ്കിലും എം.പി. പോളിന് യോജിപ്പുണ്ടായിരുന്നില്ല. എതിര്‍പ്പുകളുടെ നാളുകള്‍ക്കൊടുവില്‍ സി.ജെ. സഭമാറണമെന്ന വ്യവസ്ഥയില്‍ എം.പി. പോള്‍ അവരുടെ വിവാഹത്തിനു്സമ്മതം മൂളി. 1951 ജനു 18-നായിരുന്നു ഇവരുടെ വിവാഹം. (ഒന്നര വര്‍ഷത്തിനുശേഷം പോള്‍ മരിക്കുകയും ചെയ്‌തു).
വിവാഹത്തിന് ശേഷം കുറെക്കാലം ഇവര്‍ കൂത്താട്ടുകുളത്തെ ചൊള്ളമ്പേല്‍ വീട്ടില്‍ താമസിച്ചു. 1960 ജൂലൈ 14-ന് 42-ആമത്തെ വയസില്‍ സി.ജെ അന്തരിച്ചു. മലയാളനാടകരംഗത്തു് ധിഷണയുടെ ഹിമഗിരിശൃംഗമായിരുന്ന സി.ജെ. നാടകകൃത്ത്, നിരൂപകന്‍ പത്രപ്രവര്‍ത്തകന്‍, ചിത്രകാരന്‍ എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്നു. 42 വര്‍ഷത്തെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാനകാലഘട്ടത്തില്‍ നാലുവര്‍ഷത്തെ കാമുകിയും ഒമ്പതുവര്‍ഷത്തെ ഭാര്യയുമായി താന്‍ കഴിഞ്ഞുവെന്നാണു് റോസി എഴുതിയതു്.
മുപ്പത്തിയൊന്നര വയസ്സില്‍ വിധവയാകുമ്പോള്‍ ഒരു മകളും രണ്ട് ആണ്‍മക്കളുമായി മൂന്ന് പിഞ്ച് കുട്ടികളുടെ അമ്മയായിരുന്നു റോസി. മൂത്തമകനു് അന്നു് ഏഴുവയസ്സുകാണും. വിധവയെന്ന് പറഞ്ഞ് തളര്‍ന്നുപോകാതെ ജീവിതത്തെ റോസി ധീരമായി അഭിമുഖീകരിച്ചു. കുട്ടികളുടെ ഭാവിയെക്കരുതി സിജെ മരിച്ചു് രണ്ടാഴ്‌ച കഴിഞ്ഞപ്പോള്‍ റോസി ബിഎഡിനു പഠിക്കാന്‍ ചേരുകയും തുടര്‍ന്ന് വരാപ്പുഴയ്‌ക്കടുത്തു കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപിക ആവുകയും ചെയ്‌തു.
പുനര്‍വിവാഹത്തിന് സമ്മര്‍ദ്ദങ്ങളേറെയുണ്ടായിരുന്നെങ്കിലും മക്കളെ പഠിപ്പിച്ച് വളര്‍ത്തുന്നതിലായിരുന്നു റോസിയുടെ ശ്രദ്ധ. 1960-ല്‍ കൂത്താട്ടുകുളത്തെ വീടും പറമ്പും വിറ്റ് വരാപ്പുഴയിലേക്ക് പോയ റോസി അപ്പന്‍വീടായ മേനാച്ചേരി വീടിനടുത്തു് വരാപ്പുഴയില്‍ പണിത ചൊള്ളമ്പേല്‍ തോമസ് വില്ലയിലായിരുന്നു താമസിച്ചുവന്നതു്.
അധ്യാപികയുടെ ജോലിയില്‍ നിന്നു് 1984 –ല്‍ വിരമിച്ചതിനുശേഷം വരാപ്പുഴയിലെ എല്ലാ സാംസ്‌കാരിക-രാഷ്ട്രീയ മണ്ഡലങ്ങളിലും റോസി തോമസിന്റെ സാന്നിധ്യമുണ്ടായിരുന്നു. രണ്ടുതവണ വരാപ്പുഴ പഞ്ചായത്തിലേക്ക് ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്.
മക്കള്‍
സി.ജെ – റോസിദമ്പതികളുടെ മൂന്നുമക്കളില്‍ മൂത്തയാള്‍ ബിനോയ് കാനഡ സണ്‍ മാഗസിന്റെ മുന്‍ എഡിറ്ററാണു്; ഭാര്യ അഡ്വ. ജിന്‍സി. ബീന എംസണാണു് മക്കളില്‍ രണ്ടാമത്തെയാള്‍; ഭര്‍ത്താവു് അഡ്വ. എംസണ്‍ കാത്തലിക് സിറിയന്‍ ബാങ്ക് റിട്ട. ലോ ഓഫിസറായി വിരമിച്ചു. ഇളയമകന്‍ പോള്‍ സി തോമസ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇടപ്പള്ളി ശാഖ അസി. മാനേജരാണു്.
സി.ജെ സ്‌മാരക പ്രസംഗസമിതി
ചൊള്ളമ്പേല്‍ തോമസ് വില്ലയില്‍ അവസാനനാളുകളിലും സി.ജെയുടെ ഓര്‍മകളും പേറി കഴിഞ്ഞ റോസി, എല്ലാ വര്‍ഷവും മുടങ്ങാതെ മക്കളുമൊത്ത് സി.ജെ.യുടെ ജന്മനാടായ കൂത്താട്ടുകുളത്തു് സി.ജെ സ്‌മാരക പ്രസംഗസമിതി സംഘടിപ്പിക്കുന്ന, സി.ജെ. സ്‌മാരക പ്രസംഗ പരിപാടികളില്‍ പങ്കെടുക്കാനെത്തുമായിരുന്നു. 2006 ഡിസംബര്‍ 31നാണ് കൂത്താട്ടുകുളത്ത് റോസി അവസാനമായിട്ടെത്തിയത്. സി.ജെ. തോമസ് സ്മാരകമന്ദിരത്തിന്റെ സമര്‍പ്പണ ചടങ്ങുകൂടിയായിരുന്നു അന്നു്.
പിന്നീടു് കിടപ്പിലായ റോസിക്ക് സി.ജെ. സ്‌മാരക സമിതി ഈ വര്‍ഷം പ്രസിദ്ധീകരിച്ച സ്‌മരണിക സി.ജെ. സ്‌മാരകഭാരവാഹികള്‍ നല്‍കിയതു് വരാപ്പുഴയിലെ വീട്ടിലെത്തിയായിരുന്നു. 'ഇവനെന്റെ പ്രിയ സി.ജെ.' എന്ന കൃതിയിലും സ്‌മരണികയിലെ റോസിയുടെ ലേഖനത്തിലും കൂത്താട്ടുകുളത്തെ ജീവിതം വിവരിച്ചിട്ടുണ്ട്.
എഴുത്തുകാരി
വൈക്കം മുഹമ്മദ് ബഷീറായിരുന്നു റോസിയുടെ പ്രിയ എഴുത്തുകാരന്‍. ബഷീറിന്റെ ബാല്യകാലസഖി ഉള്‍പ്പെടെ മലയാളത്തിലെ തികവുറ്റ പല കൃതികളുടെയും കയ്യെഴുത്തുപ്രതി വായിച്ചു വളര്‍ന്ന ബാല്യമായിരുന്നു അവരുടേത്. എം.പി. പോളിന്റെ വീട്ടിലെ പതിവുസന്ദര്‍ശകരായിരുന്ന ബഷീര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ എഴുത്തുകാരെ നേരിട്ട് കണ്ടു് പരിചയിച്ചും അവരുടെയൊക്കെ വാല്‍സല്യം ആവോളം നുകര്‍ന്നുമായിരുന്നു റോസിവളര്‍ന്നത്.
പതിനാറാമത്തെ വയസ്സില്‍ കേശവദേവിന്റെ 'കോമളാംഗി' എന്ന നാടകത്തില്‍ റോസി അഭിനയിച്ചിരുന്നു.
ആദ്യകാലത്ത് കഥകള്‍ എഴുതിയിരുന്നെങ്കിലും പിന്നീട് ജീവിതക്ലേശങ്ങളില്‍പ്പെട്ട് ഞാന്‍ എഴുതാന്‍ തന്നെ മറന്നുപോയതായി റോസി എഴുതിയിട്ടുണ്ട്.
ഭര്‍ത്താവ് സി.ജെ. തോമസിന്‍റെ ഓര്‍മയ്ക്കായി എഴുതിയ ഇവനെന്‍റെ പ്രിയ സി.ജെയാണു റോസിയുടെ പ്രധാന രചന. ജീവിച്ചിരിക്കുന്ന ഭാര്യ മണ്‍മറഞ്ഞുപോയ ഭര്‍ത്താവിന് അര്‍പ്പിക്കുന്ന പ്രേമോപഹാരമാണെന്നാണ് ഇവനെന്‍റെ പ്രിയ സി.ജെ എന്ന കൃതിയെ കുറിച്ചു് റോസി തോമസ് പറഞ്ഞിരുന്നത്. ഇവന്‍ എന്റെ പ്രിയസി.ജെ. എന്ന തലക്കെട്ട് 1953-ല്‍ സി.ജെ എഴുതിയ 'ഇവന്‍ എന്റെ പ്രിയപുത്രന്‍' എന്ന പുസ്‌തകത്തിന്റെ പേരിനെ അനുകരിച്ചതാണ്.
സി.ജെ.യുടെ മരണത്തിനും ഒമ്പതു് വര്‍ഷങ്ങള്‍ക്കു ശേഷമാണ് 'ഇവനെന്റെ പ്രിയ സി.ജെ' എഴുതുന്നത്. 1969 ജനവരി 8-ന് തങ്ങളുടെ 18-ാമത് വിവാഹ വാര്‍ഷികത്തിന്റെ അന്ന് രാത്രിയിലാണ് 'ഇവന്‍ എന്റെ സി.ജെ.' എന്ന പുസ്‌തകം എഴുതണമെന്ന ചിന്തയുണ്ടായതെന്ന് റോസി തോമസ് പറഞ്ഞിട്ടുണ്ട്. സി.ജെ.യുടെ വ്യക്തിത്വത്തിന്റെ നാനാവശങ്ങള്‍ വിശകലനം ചെയ്‌ത് പ്രമുഖരായ ചിന്തകരും എഴുത്തുകാരും വ്യാപകമായി എഴുതിയപ്പോള്‍ അതില്‍ നിന്നും ഉണ്ടായ കുറ്റബോധമാണ് ഇവന്‍ എന്റെ പ്രിയ സി.ജെ. എന്ന പുസ്‌തകം എഴുതുന്നതിനുള്ള പ്രചോദനമായത്. അങ്ങനെയാണ് സി.ജെ.യെന്ന പച്ചയായ മനുഷ്യനെപ്പറ്റി തുറന്നെഴുതണമെന്ന ചിന്തയിലേക്ക് റോസി തോമസ് എത്തിയത്. 'ഇവന്‍ എന്റെ പ്രിയ സി.ജെ.' എന്ന പുസ്‌തകം മൂന്നു മാസംകൊണ്ട് എഴുതി തീര്‍ത്തു. പുസ്‌തകരചന പൂര്‍ത്തിയാക്കി മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്നതിനുവേണ്ടി എം.ടി.വാസുദേവന്‍ നായര്‍ക്ക് അയച്ചുകൊടുത്തു. 1969 ജൂലായ് 20-ാം തീയതി മുതലാണ് 'മാതൃഭൂമി' ആഴ്‌ചപ്പതിപ്പില്‍ ഖണ്ഡശഃയായി പ്രസിദ്ധീകരിച്ചത്. 1970ല്‍ ഇവന്‍ എന്റെ പ്രിയ സീജെ പുസ്‌തകമായി.
ഈ ഒറ്റ കൃതിയോടെ സാഹിത്യ രംഗത്ത് തന്‍റെതായ സ്ഥാനം നേടിയെടുക്കാന്‍ റോസി തോമസ്സിനായി. മലയാളത്തിലെ മികച്ച ഓര്‍മക്കുറിപ്പുകളിലൊന്നായിട്ടാണു് ഈ പുസ്തകത്തെ വിലയിരുത്തുന്നതു്. കലാപകാരിയായി ജീവിച്ചുമരിച്ച സി.ജെ. എന്ന മനുഷ്യനിലെ നന്‍മയും തിന്‍മയും സമന്വയിപ്പിച്ച ഒരു തുറന്നെഴുത്തായിരുന്നു ഈ പുസ്തകം. 'ഒറ്റയിരുപ്പിനു വായിച്ചുതീര്‍ത്ത പുസ്‌തകം" എന്നാണ് എം.ടി. ഈ കൃതിയെ വിശേഷിപ്പിച്ചത്.
പിതാവ് എം.പി. പോളിനെക്കുറിച്ച് ഉറങ്ങുന്ന സിംഹം എന്ന പുസ്‌തകവും റോസി തോമസ് എഴുതിയിട്ടുണ്ട്. പിതാവിനെക്കുറിച്ച് മകളെഴുതിയ പുസ്‌തകമെന്ന നിലയില്‍ ആ സാഹിത്യശാഖയില്‍ തന്നെ ഉണര്‍വുണ്ടാക്കി.
കൂട്ടുകാരിയുടെ ജീവിതകഥ അടിസ്‌ഥാനമാക്കി പശ്ചിമകേരളത്തിലെ സുറിയാനി ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ എഴുതിയ ആനി എന്ന നോവലും ഏറെ പ്രശസ്തമാണ്. ഭാര്യയെന്ന കെട്ടുപാടുകളുടെയും അതിനിടയില്‍ പൊട്ടിമുളച്ച സ്‌നേഹബന്ധത്തിന്‍റെയും ഇടയില്‍പെടുന്ന ഒരു പെണ്‍കുട്ടിയുടെ തീവ്രമായ അനുഭവങ്ങളായിരുന്നു ഈ പുസ്തകത്തില്‍ റോസി വരച്ചുകാട്ടിയത്. 'ജാലകക്കാഴ്‌ച', രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയിട്ടുള്ള 'മലവെള്ളം' എന്നീ നോവലുകളും റോസി എഴുതി. ബൊക്കാച്ചിയോ കഥകള്‍, ജോര്‍ജ് ഓര്‍വെല്ലിന്റെ ആനിമല്‍ ഫാം, ഭവാനി ഭട്ടാചാര്യയുടെ സോ മെനി ഹംഗേഴ്‌സ് എന്നിവ വിവര്‍ത്തനത്തിലൂടെ മലയാളഭാഷയ്‌ക്കു പരിചയപ്പെടുത്തിയതും റോസിയായിരുന്നു. മലയാള മനോരമയിലെ `വ്യാഴക്കാഴ്‌ച എന്ന റോസിയുടെ പംക്‌തി പരക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമേരിക്കന്‍ യാത്രാ വിവരണവും എഴുതിയിട്ടുണ്ട്.
അന്ത്യോപചാരം
റോസി തോമസിന്റെ ആഗ്രഹപ്രകാരം കേരളീയ വേഷമായ സെറ്റുമുണ്ട് ഉടുപ്പിച്ചാണ് റോസി തോമസിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചത്.
അന്ത്യോപചാരമര്‍പ്പിക്കാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് പ്രമുഖര്‍ വരാപ്പുഴയിലെ വസതിയിലെത്തി. മന്ത്രിമാരായ ജോസ് തെറ്റയില്‍, എസ്. ശര്‍മ, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്‍, വി.കെ. ഇബ്രാഹിംകുഞ്ഞ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ഷൈല, ജസ്റ്റിസ് കെ. ബാലകൃഷ്‌ണന്‍, വി.എം. സുധീരന്‍, പ്രൊഫ. എം.കെ. സാനു, പ്രൊഫ. തോമസ് മാത്യു, പൊന്നമ്മ ഡി സി കിഴക്കേമുറി, സരസ്വതി ടീച്ചര്‍, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, കൂത്താട്ടുകുളം മേരി, സിപ്പി പള്ളിപ്പുറം, എം.വി. ബെന്നി തുടങ്ങി നൂറുകണക്കിനു പേര്‍ വ്യാഴാഴ്ച വസതിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.
എം.പി. വീരേന്ദ്രകുമാര്‍, മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, എം.വി. ശ്രേയാംസ് കുമാര്‍ എംഎല്‍എ എന്നിവര്‍ക്കു വേണ്ടി റീത്ത് സമര്‍പ്പിച്ചു. മലയാള മനോരമയ്‌ക്കു വേണ്ടി സീനിയര്‍ ന്യൂസ് എഡിറ്റര്‍ പി.ജെ. ജോര്‍ജ് റീത്തു സമര്‍പ്പിച്ചു.
ശവസംസ്‌കാരം
ശവസംസ്‌കാരം വെള്ളിയാഴ്‌ച രാവിലെ ജന്മനാടായ വരാപ്പുഴയില്‍ പുത്തന്‍പള്ളി (സെന്റ് ജോര്‍ജസ് കത്തോലിക്കാ പള്ളി) സെമിത്തേരിയില്‍ നടന്നു.
രാവിലെ 9.30ന് സ്വവസതിയിലും തുടര്‍ന്നു് സെന്റ് ജോര്‍ജസ് പള്ളിയിലും നടന്ന അന്ത്യശുശ്രൂഷകള്‍ക്കു ശേഷം പള്ളി സെമിത്തേരിയിലെ മേനാച്ചേരി കുടുംബ കല്ലറയില്‍ സംസ്‌കരിച്ചു. ചടങ്ങില്‍ പങ്കെടുക്കുവാന്‍ ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ എത്തി. മന്ത്രി പി.ജെ. ജോസഫ് വസതിയില്‍ എത്തി റീത്ത് സമര്‍പ്പിച്ചു. എ.എം. യൂസഫ് എംഎല്‍എ, പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ എന്‍.എ. അലി, എ.സി. ജോസ്, മുണ്ടക്കയം സദാശിവന്‍, സാഹിത്യ അക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടി സി.ജെ. സ്‌മാരകസമിതി സെക്രട്ടറി ജോസ് കരിമ്പന, കൂത്താട്ടുകുളം ഗ്രാമപഞ്ചായത്തു് പ്രസിഡന്റ് വസുമതിയമ്മ, വൈസ്പ്രസിഡന്റ് എ എസ് രാജന്‍ തുടങ്ങി നിരവധി പേരും അന്ത്യോപചാരമര്‍പ്പിയ്ക്കാനുണ്ടായിരുന്നു.
സംസ്‌കാരത്തിനു ശേഷം വരാപ്പുഴ സെന്റ് ജോര്‍ജസ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടത്തിയ അനുശോചന യോഗത്തില്‍ മന്ത്രി പി.ജെ. ജോസഫ് പ്രസംഗിച്ചു. 'ഇവന്‍ എന്റെ പ്രിയ സിജെ' എന്ന ഒറ്റ കൃതിയിലൂടെ പ്രമുഖ എഴുത്തുകാരുടെ നിരയിലേക്ക് വളരാന്‍ റോസി തോമസിന് സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു. വിഷാദഭാവം ഒരിക്കലും ടീച്ചറില്‍ കണ്ടിട്ടില്ലെന്നും ഏറ്റെടുത്ത ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കുന്നതില്‍ ടീച്ചര്‍ നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വരാപ്പുഴ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അനുസ്‌മരണ സമ്മേളനത്തില്‍ പ്രസിഡന്റ് കെ.എ. ആന്റണി അധ്യക്ഷത വഹിച്ചു.
റോസി തോമസിന്റെ നിര്യാണത്തില്‍ കൂത്താട്ടുകുളത്തു് സി.ജെ. സ്‌മാരകസമിതിയും അനുശോചിച്ചു.
ivanente priya CJ ezhuthiya aaLallE
മറുപടിഇല്ലാതാക്കൂaadaraajnjalikaL
:-(