പേജുകള്‍‌

20091223

ബാലെ രചയിതാവു് പി.സി.ആര്‍. കൂത്താട്ടുകുളം ഓര്‍മയായി



കൂത്താട്ടുകുളം: നൃത്തനാടകരചയിതാവും കവിയുമായ പി.സി.ആര്‍. കൂത്താട്ടുകുളത്തിന്റെ നിര്യാണത്തില്‍ സീജെ സ്മാരകസമിതി സെക്രട്ടറി ജോസ് കരിമ്പന അനുശോചിച്ചു. ബാലെ (നൃത്തനാടകം) എന്ന കലാരൂപത്തിനു് കൂത്താട്ടുകുളത്തുണ്ടായ വളര്‍‍ച്ചയില്‍ വലിയ പങ്കു വഹിച്ചയാളാണു് പി.സി.ആര്‍.

പി.സി രാമന്‍കുട്ടി എന്നാണു് പി.സി.ആറിന്റെ മുഴുവന്‍‍പേരു്. കൂത്താട്ടുകുളം കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന കേരള നൃത്തകലാലയം, നവജീവന്‍ തീയറ്റേഴ്‌സ്‌, കാര്‍ത്തിക കലാകേന്ദ്രം, കേരളീയ നൃത്തകലാലയം എന്നീ സമിതികള്‍ക്ക്‌ വേണ്ടി ഇരുപതോളം നൃത്തനാടകങ്ങള്‍ (ബാലെ) രചിച്ചിട്ടുണ്ട്‌. 'കടത്തനാടന്‍ വീരഗാഥ', `കൊടുമല കുങ്കി', `പുലിമല കണ്ണന്‍', `കടത്തനാട്ട്‌ വീരന്‍', `പാലാട്ട്‌ കോമന്‍' തുടങ്ങിയ നൃത്തനാടകങ്ങള്‍ ഇദ്ദേഹം രചിച്ചവയാണ്‌.

നിരവധി നാടകങ്ങള്‍ക്ക്‌ ഗാനരചനയും അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്‌. കവികൂടിയായ അദ്ദേഹം `പ്രിയ സുഹൃത്തിനായി' എന്ന പേരില്‍ കവിതാസമാഹാരം പ്രസിദ്ധീകരിച്ചിരുന്നു. ദേവീസ്‌തവം എന്ന പേരില്‍ സനാതനഭക്തിഗാന സിഡിയും അദ്ദേഹത്തിന്റേതായുണ്ടു്.

58 വയസ്സുകാരനായിരുന്ന പി.സി.ആര്‍ 2009 ഡി 19- നു് കുഴഞ്ഞ്‌ വീണ്‌ മരിയ്ക്കുകയായിരുന്നു. വില്‌പനനികുതി വകുപ്പ്‌ റിട്ടയേര്‍ഡ്‌ ജീവനക്കാരന്‍ കൂടിയായിരുന്ന ഇദ്ദേഹം കരിമ്പന കവലയ്‌ക്ക്‌ സമീപത്തു് നിര്‍മിച്ചുകൊണ്ടിരുന്ന തന്റെ വീടിന്റെ മുന്നിലാണ്‌ കുഴഞ്ഞ്‌ വീണത്‌. ഉടന്‍ തന്നെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൂത്താട്ടുകുളം കാലിക്കട്ട്‌ ജങ്ഷന്‌ സമീപമുള്ള പുളിയനാനിക്കല്‍ കുടുംബാംഗമായ പി.സി.ആര്‍ മൂന്നു് വര്‍ഷം മുമ്പ്‌ കരിമ്പനയില്‍ വാങ്ങിയ സ്ഥലത്തു് അടുത്തയിടെയാണ്‌ വീടു് നിര്‍മാണം ആരംഭിച്ചത്‌.

സംസ്‌കാരം ഡി 20 ഞായറാഴ്‌ച ഉച്ചകഴിഞ്ഞു് നടന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

^ ^