പേജുകള്‍‌

20150123

മദ്യവിരുദ്ധ സന്ദേശയാത്രയും പി.കെ ബാലകൃഷ്ണപിള്ള അനുസ്മരണ സമ്മേളനവും നടന്നു

പി.കെ. ബാലകൃഷ്ണപിള്ള അനുസ്മരണ സമ്മേളനം മദ്യനിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ഫാ. വര്‍ഗീസ് മുഴുത്തേറ്റ് ഉദ്ഘാടനം ചെയ്യുന്നു. റ്റി എം വറുഗീസ്, അഡ്വ. സീനാ ജോണ്‍സണ്‍, ആര്‍. രഘു, ഡോ. വിന്‍സന്റ് മാളിയേക്കല്‍, പ്രൊഫ. എന്‍.ഐ. അബ്രാഹം എന്നിവര്‍ സമീപം

കൂത്താട്ടുകുളം, ജനുവരി 23: ഗാന്ധിയനും കേരള മദ്യ നിരോധന സമിതിയുടെ സംസ്ഥാന മുന്‍ ജനറല്‍ സെക്രട്ടറിയും അദ്ധ്യാപകനുമായിരുന്ന പി.കെ ബാലകൃഷ്ണപിള്ളയുടെ രണ്ടാം ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനവും മൂന്ന് ജില്ലകളെ ബന്ധിപ്പിച്ചുള്ള മദ്യ വിരുദ്ധ സന്ദേശയാത്രയും 2015 ജനുവരി 23-നു് നടന്നു. മദ്യനിരോധന സമിതി, പ്രകൃതി ജീവന സമിതി, സി.ജെ സ്മാരക സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മദ്യവിരുദ്ധ സന്ദേശയാത്രയും പി.കെ. ബാലകൃഷ്ണപിള്ള അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വഴിത്തലയില്‍നിന്നാരംഭിച്ച സന്ദേശയാത്ര ശ്രീനാരായണ ധര്‍മ പരിപാലന യോഗം വഴിത്തല ശാഖാ സെക്രട്ടറി രാജന്‍ പന്തമാക്കല്‍ ഉദ്ഘാടനം ചെയ്തു. മാറിക, പാലക്കുഴ, കോഴിപ്പള്ളി, മംഗലത്തുതാഴം, വെളിയന്നൂര്‍, പുതുവേലി, കൂത്താട്ടുകുളം രാമപുരം കവല, പ്രൈവറ്റ് ബസ്റ്റാന്റ് എന്നിവിടങ്ങളില്‍ പര്യടനം നടത്തി. കൂത്താട്ടുകുളം കെ.ടി. ജേക്കബ് മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ സമാപിച്ചു.

വൈകിട്ട് അഞ്ചിന് നടന്ന പി.കെ ബാലകൃഷ്ണപിള്ള അനുസ്മരണ സമ്മേളനം മദ്യനിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ഫാ. വര്‍ഗീസ് മുഴുത്തേറ്റ് ഉദ്ഘാടനം ചെയ്തു. എം.പി. മന്മഥന്‍ പ്രസിഡന്റും ബാലകൃഷ്ണപിള്ള ജനറല്‍ സെക്രട്ടറിയുമായിരുന്ന കാലത്താണ് മദ്യനിരോധന സമിതി കേരള സംസ്ഥാനമൊട്ടാകെ വളര്‍ന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു.

കൂത്താട്ടുകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സീനാ ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. പൂര്‍ണോദയ ബുക്ക് ട്രസ്റ്റ് മാനേജിങ് കമ്മിറ്റി അംഗമായ ആര്‍. രഘു മുഖ്യപ്രഭാഷണം നടത്തി. സി.ജെ. സ്മാരക സമിതി പ്രസിഡന്റ് പ്രൊഫ. എന്‍.ഐ. അബ്രാഹം, കേരള മദ്യ നിരോധന സമിതി ഇടുക്കി ജില്ലാ പ്രസിഡന്റ് ഡോ. വിന്‍സന്റ് മാളിയേക്കല്‍, ഫാ. തോമസ് കാക്കൂര്‍, റ്റി എം വറുഗീസ്, വി.എന്‍. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ സി.എ. തങ്കച്ചന്‍, സ്വാഗതവും സി.എ. ബിജു നന്ദിയും പറഞ്ഞു.

20150122

പി.കെ. ബാലകൃഷ്‌ണപിള്ള (1924 - 2013)


പ്രമുഖ ഗാന്ധിയനും മദ്യനിരോധന സമിതി മുന്‍ സംസ്‌ഥാന സെക്രട്ടറിയുമായിരുന്നു പി.കെ. ബാലകൃഷ്‌ണപിള്ള (1924 ഡിസംബര്‍ 30 - 2013 ജനുവരി 23).

വെളിയന്നൂര്‍ പൂവക്കുളത്ത് പാര്‍വതിയമ്മയുടേയും ശങ്കരന്‍നായരുടേയും മകനായി 1924 ഡിസംബര്‍ 30നാണ് ബാലകൃഷ്ണപിള്ള ജനിച്ചത്. അരീക്കര സെന്റ് റോക്കീസ് സ്‌കൂള്‍, കൂത്താട്ടുകുളം വി.എം. സ്‌കൂള്‍, കിടങ്ങൂര്‍ എന്‍എസ്എസ് ഹൈസ്‌കൂള്‍, രാമപുരം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍വിദ്യാഭ്യാസം. തേവര എസ്എച്ച് കോളേജില്‍നിന്നു് ബിരുദമെടുത്തു.

സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെയാണു് അദ്ദേഹം പൊതുരംഗത്തേയ്ക്കു് പ്രവേശിച്ചതു്. 1951-52 കാലത്ത് തേവര എസ്എച്ച് കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു.സോഷ്യലിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവായിരുന്നു അന്നു് അദ്ദേഹം. തന്നെ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ത്തതു് പി.കെ. ബാലകൃഷ്‌ണപിള്ളയായിരുന്നുവെന്നു് സോഷ്യലിസ്റ്റ് നേതാവു് പോള്‍ വി കുന്നില്‍ അനുസ്മരിച്ചിട്ടുണ്ടു്. പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന സമയത്തു് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ തിരുവനന്തപുരം ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1955-ല്‍ വെളിയന്നൂര്‍ വന്ദേമാതരം സ്‌കൂള്‍ സ്‌ഥാപിക്കുന്നതിനു് മുന്‍കയ്യെടുത്തു. സ്‌കൂളിന്റെ പ്രഥമ പ്രധാനാധ്യാപകനാകേണ്ടതായിവന്നതുകൊണ്ടു് തിരുവനന്തപുരം വിടേണ്ടിവന്നു.

എന്‍എസ്‌എസില്‍ സജീവമായ അദ്ദേഹം ആ ബന്ധത്തില്‍ കുറെക്കാലം കേരള കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു. പിന്നീടു് കക്ഷിരാഷ്ട്രീയം ഉപേക്ഷിച്ചു് സര്‍വോദയ പ്രവര്‍ത്തകനായി. സര്‍വോദയ പ്രസ്ഥാനത്തില്‍ ആചാര്യ വിനോബ ഭവെയും ലോക് നായക് ജയപ്രകാശ് നാരായണനും തമ്മില്‍ ഭിന്നതയുണ്ടായപ്പോള്‍ എം പി മന്മഥനോടൊപ്പം ജയപ്രകാശ് നാരായണന്റെ ഭാഗത്തു് നിലയുറപ്പിച്ചു. എം പി മന്മഥന്‍ പ്രസിഡന്റായിരുന്ന കാലത്തു് 1980കളിലും 1990കളിലും രണ്ടുവട്ടം മദ്യനിരോധന സമിതിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി രണ്ടുതവണ സേവനമനുഷ്ഠിച്ചു.

വെളിയന്നൂര്‍ വന്ദേമാതരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌ഥാപകനും പ്രഥമ ഹെഡ്‌മാസ്‌റ്ററുമായിരുന്ന അദ്ദേഹം രാമനാട്ടുകര സേവാ മന്ദിര്‍ ടിടിഐയില്‍ പ്രധാനാധ്യാപകനായി പിന്നീടു് സേവനമനുഷ്ഠിച്ചു. 1985ല്‍ മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്‌കാരംനേടി.

പ്രകൃതിജീവനരംഗത്തും സജീവമായിരുന്നു. പ്രകൃതിജീവന സമിതി സംസ്ഥാന സമിതിയംഗവും കൂത്താട്ടുകുളം കേന്ദ്രത്തിന്റെ സ്ഥാപക സെക്രട്ടറിയുമാണ്. സര്‍വോദയപ്രസ്ഥാനത്തിന്റെ സംസ്ഥാന മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി, ഗാന്ധിസാഹിത്യ പ്രചാരണത്തിന്റെ പ്രധാന പ്രവര്‍ത്തകന്‍, പൂര്‍ണോദയ ബുക്ക് ട്രസ്റ്റ് വൈസ് പ്രസിഡന്റ് എന്നീനിലകളിലും പ്രവര്‍ത്തിച്ചു. എം.പി. മന്മഥന്‍ സ്‌മാരക ട്രസ്‌റ്റ്‌ സ്‌ഥാപക സെക്രട്ടറി, വൈസ്‌ പ്രസിഡന്റ്‌, കൂത്താട്ടുകുളം പ്രകൃതിജീവന സമിതി പ്രസിഡന്റ്‌, എന്‍എസ്‌എസ്‌ പ്രതിനിധി സഭാംഗം, കേരള സ്വകാര്യ സ്‌കൂള്‍ പ്രധാനാധ്യാപക സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്, അധ്യാപക ട്രെയിനിങ് സ്‌കൂള്‍ പ്രധാന അധ്യാപകരുടെ സംഘടനയുടെ സ്ഥാപക സെക്രട്ടറി, അരീക്കര വെളിയന്നൂര്‍ വിവിധോദ്ദേശ സഹ. സംഘം പ്രസിഡന്റ്, തേവര എസ്എച്ച് കോളേജ് സ്റ്റുഡന്റ്‌സ് സംഘം പ്രസിഡന്റ്, കൂത്താട്ടുകുളം ഫാര്‍മേഴ്‌സ് ബാങ്ക് ഭരണസമിതിയംഗം എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു. ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പറായി ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സത്യപ്രതിജ്ഞകഴിഞ്ഞ് അരമണിക്കൂറിനകം രാജിവച്ചു. കൂത്താട്ടുകുളം കേന്ദ്രമായുള്ള സി.ജെ. സ്മാരക സമിതിയുടെ വൈസ് പ്രസിഡന്റായിരുന്നു. സമിതിയുടെ പ്രതിമാസ ചര്‍ച്ചാപരിപാടിയും ബാലന്‍സാറിന്റെ ചുമതലയിലായിരുന്നു. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിലും പ്രവര്‍ത്തിച്ചു.

മരണം

2015 ജനുവരി 23നു് അതിരാവിലെ 5മണിയ്ക്കു് 88-ആം വയസ്സില്‍ അന്തരിച്ചു. സംസ്‌കാരം അന്നു് വൈകുന്നേരം നാലരയ്ക്കു് വെളിയന്നൂരിലെ പൂവക്കുളത്തു് (ശ്രീനികേതനം) വീട്ടുവളപ്പില്‍ നടന്നു.

കുടുംബം

കൂത്താട്ടുകുളം നാക്കാട്ടുമഠത്തില്‍ എന്‍. ഈശ്വരിയമ്മയാണു് (കൂത്താട്ടുകുളം ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക) ഭാര്യ. ഗിരിജ (ടീച്ചര്‍, ഗവ. റ്റി.റ്റി.ഐ. ഇടപ്പള്ളി), ബി.ഹരിദാസ്‌ (പെരിയാര്‍ ലാറ്റക്‌സ്‌, മുവാറ്റുപുഴ), ബി. സരിത (ടീച്ചര്‍, വന്ദേമാതരം ഹയര്‍ സെക്കന്ററി സ്‌കൂള്‍, വെളിയന്നൂര്‍)എന്നിവര്‍ മക്കളും ബി. അശോകന്‍ (ഗായത്രി അഡ്വര്‍ട്ടൈസിംഗ്‌ ഏജന്‍സി, എറണാകുളം), പ്രിയ പി.നായര്‍ (സബ്‌ ട്രഷറി, കൂത്താട്ടുകുളം), അഡ്വ. രമേഷ്‌ ബാബു (വെളിയന്നൂര്‍ വന്ദേമാതരം ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാനേജര്‍) എന്നിവര്‍ മരുമക്കളുമാണു്.

20140829

മേരി ജോണ്‍ കൂത്താട്ടുകുളം


ദാമ്പത്യജീവിതത്തിന്റെ തടവറയില്‍ നിന്ന്‌ പുറത്ത്‌ വന്ന്‌ കവിതയെയും, ജീവിതത്തെയും ഒരുപോലെ ആശ്ലേഷിച്ച എഴുത്തുകാരിയാണ്‌, മേരിജോണ്‍ കൂത്താട്ടുകുളം. ധാര്‍മ്മികബോധവും, സ്വാനുഭവങ്ങളുടെ ഭാവതീവ്രതയും, വികാരസാന്ദ്രമാക്കിയ മേരിജോണ്‍ കവിതകള്‍ ഒരു കാലത്ത്‌ നമ്മുടെ സ്‌ക്കൂള്‍ പാഠപുസ്‌തകങ്ങളില്‍ പതിവായി പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. മനുഷ്യനോടും, പ്രകൃതിയോടുമുള്ള ഉദാത്തമായ സ്‌നേഹവും, ആരാധനയും നിറഞ്ഞതാണ്‌ ആ കവിതകള്‍ എല്ലാം തന്നെ.

കൂത്താട്ടുകുളത്തു് വടകര യോഹന്നാൻ മാംദാന ഓർത്തഡോക്സ് സുറിയാനി പള്ളിവികാരി ചൊള്ളമ്പയിൽ വീട്ടില്‍ യോഹന്നാൻ കോർ എപ്പിസ്ക്കോപ്പയുടെയും (1870-1951) പുത്തൻ കുരിശ് ഏഴക്കരനാട്ടെ അന്നമ്മയുടേയും മകളായി 1905 ജനുവരി 22 നു ജനിച്ചു. മേരിജോണിന്റെ ഇളയ സഹോദരനാണു് സി.ജെ.തോമസ്.

പന്ത്രണ്ടാമത്തെ വയസ്സില്‍ വിവാഹിതയായ മേരി പ്രൈവറ്റായി പഠിച്ചാണ്‌ മലയാളം ഏഴാം ക്ലാസ്സും, ഹയറും പാസ്സായത്‌. എന്നാല്‍ വിദ്യാഭ്യാസത്തിനും, സാഹിത്യാഭിരുചിക്കും യാതൊരുവിലയും കല്‌പിക്കാതെ അടുക്കളയ്‌ക്കുള്ളില്‍ തളച്ചിടാനുള്ള ഭര്‍ത്താവിന്റെയും, ഭര്‍ത്തൃവീട്ടുകാരുടേയും നീക്കം മേരിക്ക്‌ സഹിക്കാനായില്ല. ഒരു ദിവസം രാത്രിയില്‍ ആരുമറിയാതെ മേരി സ്വന്തം വീട്ടിലേക്ക്‌ തിരിച്ചു പോന്നു. ളോഹയൂരി പൗരോഹിത്യത്തിന്റെ ആവൃതിക്കുള്ളില്‍ നിന്ന്‌ രക്ഷപ്പെട്ട സഹോദരന്‍ സി.ജെ.യെപ്പോലെ. എന്നാല്‍ വീട്ടുകാരുടെ സമ്മര്‍ദ്ദം മൂലം ഭര്‍ത്തൃഗൃഹത്തിലേക്ക്‌ തിരിച്ചുപോകേണ്ടി വരും എന്ന്‌ തോന്നിയപ്പോള്‍ അതില്‍ നിന്ന്‌ രക്ഷപ്പെടാന്‍ പതിനഞ്ച്‌ രൂപയുമായി ആ പെണ്‍കുട്ടി തിരുവനന്തപുരത്തിന്‌ വണ്ടി കയറി.

തിരുവനന്തപുരത്തെ ഡോ. പല്‌പുവിന്റെ മക്കളായ ആനന്ദലക്ഷ്‌മിയും, ദാക്ഷായണിയും ആയി മേരിക്ക്‌ നേരത്തെ പരിചയമുണ്ടായിരുന്നു. മേരി അഭയം തേടി ചെന്നത്‌ നന്തന്‍കോട്ടുള്ള അവരുടെ വീട്ടിലേക്കായിരുന്നു. കാര്യമറിഞ്ഞപ്പോള്‍ ഡോ. പല്‍പ്പു മേരിയെ സ്വന്തം മകളെപ്പോലെ സ്വീകരിച്ചു. അവിടെ താമസിച്ച്‌ മലയാളം വിദ്വാന്‍ പരീക്ഷ പാസ്സായി. ഡോ.പല്‍പ്പുവിന്റെ സഹായത്തോടെ അധ്യാപികയായി ജോലിയും നേടി.

ഇക്കാലത്തെല്ലാം വായനയും എഴുത്തും ദിനചര്യപോലെ തുടര്‍ന്നു പോന്നു. അതിനിടയില്‍ അധ്യാപകജോലിയുപേക്ഷിച്ച്‌ തിരുവിതാംകൂര്‍ അഞ്ചല്‍ സര്‍വ്വീസില്‍ ചേര്‍ന്നു. അധ്യാപകജോലിയെ അപേക്ഷിച്ച്‌ അക്കാലത്ത്‌ അഞ്ചല്‍ ഡിപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന ഉയര്‍ന്നശമ്പളവും, സ്‌ക്കൂളില്‍ പഠിപ്പിക്കുന്നതിനുള്ള അനാരോഗ്യവുമായിരുന്നു അതിനവരെ പ്രേരിപ്പിച്ചത്‌.

1960 ല്‍ പോസ്റ്റല്‍ സര്‍വ്വീസില്‍ നിന്ന്‌ വിരമിച്ചശേഷം തിരുവന്തപുരത്ത്‌ എം.എന്‍.ലെയിനിലുള്ള വീട്ടില്‍ സഹോദരിയോടും കുടുംബത്തോടും ഒപ്പമായിരുന്നു താമസം.

സര്‍ഗ്ഗാത്മകസാഹിത്യത്തിന്റേയും, കവിതയുടേയും മേഖലയില്‍ വിഹരിക്കാന്‍ ദാമ്പത്യജീവിതം തന്നെ ഉപേക്ഷിച്ച ആ എഴുത്തുകാരി കൈരളിയ്‌ക്ക്‌ കാഴ്‌ചവച്ച ശ്രദ്ധേയമായ കൃതികളാണ്‌ പ്രഭാതപുഷ്‌പം, ബാഷ്‌പമണികള്‍, അന്തിനക്ഷത്രം, പൂജാപുഷ്‌പം, അമ്മയും മകളും, കാറ്റ്‌ പറഞ്ഞ കഥ, ചിരിക്കുന്ന കാട്ടാര്‍ തുടങ്ങിയവ. ഇതിന്‌ പുറമെ വിവിധ ആനുകാലികങ്ങളിലും, വാര്‍ഷികപ്പതിപ്പുകളിലും പ്രസിദ്ധീകരിച്ച ഒട്ടനവധി കവിതകളും മേരിജോണിന്റേതായിട്ടുണ്ടു്‌.1996 ൽ കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നൽകി ആദരിച്ചു.

1998 ഡിസംബര്‍ 2 ന്‌ കവിതയ്‌ക്കും സാഹിത്യത്തിനും ജീവിതം ഉഴിഞ്ഞ്‌ വച്ച മേരിജോണ്‍ കൂത്താട്ടുകുളം അന്തരിച്ചു.

(ജോസ് കരിമ്പന എഡിറ്റ് ചെയ്തു് 2009 മാര്‍‍ച്ച് ഏഴാം തീയതി സി.ജെ.സ്മാരക സമിതി പ്രകാശിപ്പിച്ച സ്മൃതി -2009 സ്മരണികയില്‍ നിന്നു്.)

കൂത്താട്ടുകുളം മേരിജോണിന്റെ കൃതികൾ

  • പ്രഭാതപുഷ്പം
  • ബാഷ്പമണികൾ
  • അന്തിനക്ഷത്രം
  • പൂജാപുഷ്‌പം
  • അമ്മയും മകളും
  • കാറ്റു പറഞ്ഞ കഥ
  • ചിരിക്കുന്ന കാട്ടാര്‍
  • കാവ്യകൗമുദി
  • കബീറിന്റെ ഗീതങ്ങൾ (കബീറിന്റെ നൂറുഗാനങ്ങളുടെ വിവര്‍ത്തനങ്ങള്‍)
  • തെരഞ്ഞെടുത്ത കവിതകള്‍

20130123

പി.കെ. ബാലകൃഷ്‌ണപിള്ള അന്തരിച്ചു

പി.കെ. ബാലകൃഷ്‌ണപിള്ള

കൂത്താട്ടുകുളം: പ്രമുഖ ഗാന്ധിയനും മദ്യനിരോധന സമിതി മുന്‍ സംസ്‌ഥാന സെക്രട്ടറിയുമായ പി.കെ. ബാലകൃഷ്‌ണപിള്ള (88) ജനുവരി 23നു് അതിരാവിലെ 5മണിയ്ക്കു് അന്തരിച്ചു. സംസ്‌കാരം അന്നു് വൈകുന്നേരം നാലരയ്ക്കു് വെളിയന്നൂരിലെ പൂവക്കുളത്തു് (ശ്രീനികേതനം) വീട്ടുവളപ്പില്‍ നടന്നു.

വെളിയന്നൂര്‍ പൂവക്കുളത്ത് പാര്‍വതിയമ്മയുടേയും ശങ്കരന്‍നായരുടേയും മകനായി 1924 ഡിസംബര്‍ 30നാണ് ബാലകൃഷ്ണപിള്ള ജനിച്ചത്. അരീക്കര സെന്റ് റോക്കീസ് സ്‌കൂള്‍, കൂത്താട്ടുകുളം വി.എം. സ്‌കൂള്‍, കിടങ്ങൂര്‍ എന്‍എസ്എസ് ഹൈസ്‌കൂള്‍, രാമപുരം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍വിദ്യാഭ്യാസം. തേവര എസ്എച്ച് കോളേജില്‍നിന്നു് ബിരുദമെടുത്തു.

സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെയാണു് അദ്ദേഹം പൊതുരംഗത്തേയ്ക്കു് പ്രവേശിച്ചതു്.1951-52കാലത്ത് തേവര എസ്എച്ച് കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു.സോഷ്യലിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവായിരുന്നു അന്നു് അദ്ദേഹം. തന്നെ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ത്തതു് പി.കെ. ബാലകൃഷ്‌ണപിള്ളയായിരുന്നുവെന്നു് പോള്‍ വി കുന്നില്‍ അനുസ്മരിച്ചിട്ടുണ്ടു്. പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന സമയത്തു് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ തിരുവനന്തപുരം ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1955-ല്‍ വെളിയന്നൂര്‍ വന്ദേമാതരം സ്‌കൂള്‍ സ്‌ഥാപിക്കുന്നതിനു് മുന്‍കയ്യെടുത്തു. സ്‌കൂളിന്റെ പ്രഥമ പ്രധാനാധ്യാപകനാകേണ്ടതായിവന്നതുകൊണ്ടു് തിരുവനന്തപുരം വിടേണ്ടിവന്നു.

എന്‍എസ്‌എസില്‍ സജീവമായ അദ്ദേഹം ആ ബന്ധത്തില്‍ കുറെക്കാലം കേരള കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു. പിന്നീടു് കക്ഷിരാഷ്ട്രീയം ഉപേക്ഷിച്ചു് സര്‍വോദയ പ്രവര്‍ത്തകനായി. സര്‍വോദയ പ്രസ്ഥാനത്തില്‍ ആചാര്യ വിനോബ ഭവെയും ലോക് നായക് ജയപ്രകാശ് നാരായണനും തമ്മില്‍ ഭിന്നതയുണ്ടായപ്പോള്‍ എം പി മന്മഥനോടൊപ്പം ജയപ്രകാശ് നാരായണന്റെ ഭാഗത്തു് നിലയുറപ്പിച്ചു. എം പി മന്മഥന്‍ പ്രസിഡന്റായിരുന്ന കാലത്തു് 1980കളിലും 1990കളിലും രണ്ടുവട്ടം മദ്യനിരോധന സമിതിയുടെ സംസ്‌ഥാന സെക്രട്ടറിയായി.മദ്യനിരോധന സമിതിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി രണ്ടുതവണ സേവനമനുഷ്ഠിച്ചു.

വെളിയന്നൂര്‍ വന്ദേമാതരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌ഥാപകനും പ്രഥമ ഹെഡ്‌മാസ്‌റ്ററുമായിരുന്ന അദ്ദേഹം രാമനാട്ടുകര സേവാ മന്ദിര്‍ ടിടിഐയില്‍ പ്രധാനാധ്യാപകനായി പിന്നീടു് സേവനമനുഷ്ഠിച്ചു. 1985ല്‍ മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്‌കാരംനേടി.

പ്രകൃതിജീവനരംഗത്തും സജീവമായിരുന്നു. പ്രകൃതിജീവന സമിതി സംസ്ഥാന സമിതിയംഗവും കൂത്താട്ടുകുളം കേന്ദ്രത്തിന്റെ സ്ഥാപക സെക്രട്ടറിയുമാണ്. സര്‍വോദയപ്രസ്ഥാനത്തിന്റെ സംസ്ഥാന മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി, ഗാന്ധിസാഹിത്യ പ്രചാരണത്തിന്റെ പ്രധാന പ്രവര്‍ത്തകന്‍, പൂര്‍ണോദയ ബുക്ക് ട്രസ്റ്റ് വൈസ് പ്രസിഡന്റ് എന്നീനിലകളിലും പ്രവര്‍ത്തിച്ചു. എം.പി. മന്മഥന്‍ സ്‌മാരക ട്രസ്‌റ്റ്‌ സ്‌ഥാപക സെക്രട്ടറി, വൈസ്‌ പ്രസിഡന്റ്‌, കൂത്താട്ടുകുളം പ്രകൃതിജീവന സമിതി പ്രസിഡന്റ്‌, എന്‍എസ്‌എസ്‌ പ്രതിനിധി സഭാംഗം, കേരള സ്വകാര്യ സ്‌കൂള്‍ പ്രധാനാധ്യാപക സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്, അധ്യാപക ട്രെയിനിങ് സ്‌കൂള്‍ പ്രധാന അധ്യാപകരുടെ സംഘടനയുടെ സ്ഥാപക സെക്രട്ടറി, അരീക്കര വെളിയന്നൂര്‍ വിവിധോദ്ദേശ സഹ. സംഘം പ്രസിഡന്റ്, തേവര എസ്എച്ച് കോളേജ് സ്റ്റുഡന്റ്‌സ് സംഘം പ്രസിഡന്റ്, കൂത്താട്ടുകുളം ഫാര്‍മേഴ്‌സ് ബാങ്ക് ഭരണസമിതിയംഗം എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു. ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പറായി ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സത്യപ്രതിജ്ഞകഴിഞ്ഞ് അരമണിക്കൂറിനകം രാജിവച്ചു. കൂത്താട്ടുകുളം കേന്ദ്രമായുള്ള സി.ജെ. സ്മാരക സമിതിയുടെ വൈസ് പ്രസിഡന്റായിരുന്നു. സമിതിയുടെ പ്രതിമാസ ചര്‍ച്ചാപരിപാടിയും ബാലന്‍സാറിന്റെ ചുമതലയിലായിരുന്നു. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിലും പ്രവര്‍ത്തിച്ചു.

കൂത്താട്ടുകുളം നാക്കാട്ടുമഠത്തില്‍ എന്‍. ഈശ്വരിയമ്മയാണു് (കൂത്താട്ടുകുളം ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക)ഭാര്യ. ഗിരിജ (ടീച്ചര്‍, ഗവ. റ്റി.റ്റി.ഐ. ഇടപ്പള്ളി), ബി.ഹരിദാസ്‌ (പെരിയാര്‍ ലാറ്റക്‌സ്‌, മുവാറ്റുപുഴ), ബി. സരിത (ടീച്ചര്‍, വന്ദേമാതരം ഹയര്‍ സെക്കന്ററി സ്‌കൂള്‍, വെളിയന്നൂര്‍)എന്നിവര്‍ മക്കളും ബി. അശോകന്‍ (ഗായത്രി അഡ്വര്‍ട്ടൈസിംഗ്‌ ഏജന്‍സി, എറണാകുളം), പ്രിയ പി.നായര്‍ (സബ്‌ ട്രഷറി, കൂത്താട്ടുകുളം), അഡ്വ. രമേഷ്‌ ബാബു (വെളിയന്നൂര്‍ വന്ദേമാതരം ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാനേജര്‍)എന്നിവര്‍ മരുമക്കളുമാണു്.

20120125

രക്ഷാധികാരിയായി അമ്പതാണ്ടുകള്‍; അഴീക്കോടിന്റെ സ്മരണയില്‍ സി.ജെ.സ്മാരകസമിതി


വിജയകുമാര്‍ കൂത്താട്ടുകുളം

സി.ജെ.സ്മാരക പ്രസംഗ സമിതി യോഗത്തില്‍ പങ്കെടുക്കുന്ന സുകുമാര്‍
അഴീക്കോട്. കാവാലം നാരായണപണിക്കര്‍, അയ്യപ്പപ്പണിക്കര്‍ റോസി
തോമസ്‌ എന്നിവര്‍ സമീപം- 1998


''നമ്മുടെ എഴുത്തിന്റെ ഉയരങ്ങളില്‍ വന്ന് തിളങ്ങി മറഞ്ഞുപോയ ഒരു ചലല്‍പ്രഭയായിരുന്നു. ആരോടും ചോദിക്കാതെ കടന്നുകയറി ഇരിക്കുകയും ആരോടും മിണ്ടാതെ ഇറങ്ങിപ്പോവുകയും ചെയ്ത ആള്‍. ആ അതിഥിയെ- ശരിയായ അര്‍ത്ഥത്തില്‍ അതിഥി തന്നെ!- കാത്ത് ഏതേ ഒരുസ്ഥാനം മലയാളത്തില്‍ എവിടെയോ ഒഴിഞ്ഞുകിടപ്പുണ്ട്. അത് ഉണ്ടാക്കിയെടുത്ത അദ്ദേഹം പോകുമ്പോള്‍ അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല''- കൂത്താട്ടുകുളം സി.ജെ. സ്മാരക സമിതിയുടെ രക്ഷാധികാരിയായ ഡോ. സുകുമാര്‍ അഴീക്കോട് സി.ജെ.തോമസിനെക്കുറിച്ച് എഴുതിയ ഏറ്റവും ഒടുവിലത്തെ വരികള്‍.

അഴീക്കോടിന്റെ സാന്നിധ്യമില്ലാത്ത സി.ജെ.സ്മാരക സമിതിയുടെ വിശേഷാല്‍ പരിപടികള്‍ വിരളമായിരുന്നു. 1961ല്‍ സി.ജെ.തോമസിന്റെ സ്മരണ നിലനിര്‍ത്താനായി സ്മാരക സമിതിക്ക് രൂപം കൊടുക്കുമ്പോള്‍ രക്ഷാധികാരികളായി അഴീക്കോടിന് പുറമേ പ്രൊഫ. എം.കെ.സാനു, ചെമ്മനം ചാക്കോ, അയ്യപ്പപ്പണിക്കര്‍, ആര്‍.എസ്. പൊതുവാള്‍, സി.എന്‍.കുട്ടപ്പന്‍ എന്നിവരും ഉണ്ടായിരുന്നു.
1998-ല്‍ സി.ജെ.സ്മാരക പ്രസംഗ സമിതിയുടെ അബ്രാഹം വടക്കേല്‍
പുരസ്കാരം കാവാലം നാരായണപണിക്കര്‍‍ക്കു് സുകുമാര്‍ അഴീക്കോട് നല്കുന്നു

കൂത്താട്ടുകുളത്ത്  പതിവായി സംഘടിപ്പിക്കുന്ന സി.ജെ. സ്മാരക പ്രസംഗങ്ങളിലും റവ. എബ്രഹാം വടക്കേല്‍ അവാര്‍ഡുദാന ചടങ്ങിലും അഴീക്കോട് പങ്കെടുത്തിരുന്നു. 1998 മെയ് 30ന് കൂത്താട്ടുകുളം ടൗണ്‍ഹാളില്‍ സി.ജെ.സ്മാരക സമിതി സംഘടിപ്പിച്ച സ്വാതന്ത്ര്യത്തിന്റെ അന്‍പതുവര്‍ഷങ്ങള്‍ എന്ന വിഷയത്തെ ആസ്​പദമാക്കിയുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്തത് അഴീക്കോടായിരുന്നു. സി.ജെയുടെ ഭാര്യ റോസി തോമസ്, അയ്യപ്പപ്പണിക്കര്‍ എന്നിവര്‍ ചടങ്ങിലുണ്ടായിരുന്നു. കൂത്താട്ടുകുളവുമായി ഏറെ ബന്ധമുള്ള അഴീക്കോട് ഏറ്റവും ഒടുവില്‍ എത്തിയത് 2006 ഡിസംബര്‍ 30ന് ആയിരുന്നു.

കൂത്താട്ടുകുളത്ത് സി.ജെ.സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന 'മലയാള സാഹിത്യം കേരളപ്പിറവിക്കുശേഷം' എന്ന വിഷയത്തെ ആസ്​പദമാക്കി നടന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയതും അഴീക്കോടുതന്നെയായിരുന്നു.

ഫോട്ടോകള്‍ വിജയകുമാര്‍ കൂത്താട്ടുകുളത്തിന്റെ ശേഖരത്തില്‍ നിന്നു്

^ ^