പേജുകള്‍‌

20090720

സി ജെ മലയാളസാഹിത്യത്തില്‍ നാടകത്തെ പരിചയപ്പെടുത്തി : ഡോ. ജോര്‍ജ് ഓണക്കൂര്‍


കൂത്താട്ടുകുളം: ചിന്താപരമായ സ്വാതന്ത്ര്യത്തെ വിപ്ളവകരമായി അവതരിപ്പിച്ച വ്യക്തിയായിരുന്നു സി.ജെ. തോമസ്സെന്ന് പ്രശസ്ത സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ പ്രസ്താവിച്ചു. നാടകകൃത്തും സാഹിത്യ നിരൂപകനുമായിരുന്ന സി.ജെ. തോമസിന്റെ അമ്പതാം ചരമവാര്‍ഷികവും സി.ജെ. സ്മാരക ഗ്രന്ഥശാലയുടെ സുവര്‍ണജൂബിലിയും 2009 ജൂലൈ 14-ആം തീയതി കൂത്താട്ടുകുളത്ത് സി.ജെ. സ്മാരക മന്ദിരത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിയ്ക്കുകയായിരുന്നു അദ്ദേഹം.

നാടകത്തെ മലയാളസാഹിത്യത്തില്‍ പരിചയപ്പെടുത്തുകയാണ് സി.ജെ. ചെയ്തതു്. അദ്ദേഹത്തിന്റെ മഹത്തായ കൃതികള്‍ അനുവാചകഹൃദയങ്ങളെ തൊട്ടുണര്‍ത്തുന്നവയായിരുന്നു. സി.ജെ.യുടെ സമ്പൂര്‍ണകൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സമിതി മുന്‍കൈയെടുക്കണമെന്നു് അദ്ദേഹം നിര്‍ദ്ദേശിച്ചു. കൂത്താട്ടുകുളത്തിന്റെ കഴിഞ്ഞ അമ്പത് വര്‍ഷത്തെ സാംസ്കാരിക മുന്നേറ്റത്തിന്റെ ദിശ നിര്‍ണയിച്ചത് സി.ജെ.യുടെ ജീവിതവും കൃതികളുമായിരുന്നുവെന്നു് അദ്ദേഹം പറഞ്ഞു.. ഇതിന്റെ ഗതിവേഗം വര്‍ദ്ധിപ്പിക്കാന്‍ സി.ജെ. സ്മാരക സമിതിയ്ക്ക് കഴിയണം.

അഴീക്കോടിന്റെ കാലം കഴിഞ്ഞു

സാംസ്കാരിക രംഗത്ത് സുകുമാര്‍ അഴീക്കോടിന്റെ കാലം അവസാനിച്ചതായി ഡോ. ജോര്‍ജ് ഓണക്കൂര്‍ ചൂണ്ടിക്കാട്ടി. സ്വന്തം ക്ഷേത്രത്തില്‍ നിന്നും കാലു മാറിച്ചവിട്ടി ആനുകാലിക ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ വക്താവായി മാറിയതോടെ സാഹിത്യകാരനെന്ന ബഹുമാനം ഇല്ലാതായെന്നും ഡോ. ഓണക്കൂര്‍ പറഞ്ഞു. താല്‍ക്കാലിക ലാഭത്തിനു വേണ്ടി സ്വന്തം നിലപാടുകളെ വില്ക്കാന്‍ തയാറാകരുതെന്ന് അദ്ദേഹം നിര്‍‍ദേശിച്ചു. വ്യക്തിപരമായ കാലുഷ്യങ്ങള്‍ക്ക് സാഹിത്യ സാംസ്കാരിക വേദികള്‍ ദുരുപയോഗിക്കരുത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍. വസുമതിയമ്മ അധ്യക്ഷത വഹിച്ചു. സമിതി പ്രസിഡന്റ് പ്രഫ. എന്‍.ഐ. ഏബ്രഹാം, ജില്ലാപഞ്ചായത്തംഗം എ.എം. ചാക്കോ, സി.എന്‍. കുട്ടപ്പന്‍, എ.എസ്. രാജന്‍, സണ്ണി കുര്യാക്കോസ്, അനില്‍ കരുണാകരന്‍, ലീലാമ്മ ജോണ്‍, ജോസ് കരിമ്പന, ഒ.എന്‍. വിജയന്‍, ജോസഫ് ബാബു, ബേബി കീരാന്തടം, റോയി ഏബ്രഹാം എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

^ ^