പേജുകള്‍‌

20090724

ദേശപ്പെരുമ , ചരിത്രത്തിന്റെ നാള്‍ വഴികളിലൂടെ


ജോസ് കരിമ്പന

ആധുനിക രാഷ്ട്രീയചരിത്രങ്ങള്‍ക്കപ്പുറം ബുദ്ധ, ജൈന കാലഘട്ടത്തോളം പഴക്കമുള്ള സാംസ്ക്കാരിക പാരമ്പര്യങ്ങളും അവകാശപ്പെടാന്‍ കഴിയുന്ന അപൂര്‍വ്വം കേരളീയ ഗ്രാമങ്ങളിലൊന്നാണ് കൂത്താട്ടുകുളം.

എ.ഡി. എട്ടാം നൂറ്റാണ്ടിന് മുന്‍പ് കൂത്താട്ടുകുളത്തും സമീപ പ്രദേശങ്ങളിലും ബുദ്ധ-ജൈന മതങ്ങള്‍ വേരുറപ്പിച്ചിരുന്നതിന്റെ വ്യക്തമായ സൂചനകള്‍ ഇന്നും നിലനില്ക്കുന്നുണ്ട്. മധുരയില്‍ നിന്ന് ആനമല വഴി മധ്യകേരളത്തിലെത്തിയ ജൈനസന്യാസിമാരാണ് പെരുമ്പാവൂരിനടുത്തുള്ള കല്ലില്‍ ക്ഷേത്രം കേന്ദ്രീകരിച്ച് ഇവിടെ മത പ്രചാരണം നടത്തിയതെന്ന് കരുതുന്നു.

ഇവിടെ അധിവസിച്ചിരുന്ന ജൈനവിശ്വാസികളുടെ ആരാധനാലയമായിരുന്നു ഒരുകാലത്ത് ഓണംകുന്ന് ഭഗവതിക്ഷേത്രം. കൂത്താട്ടുകുളത്ത്നിന്നും അധികം ദൂരെയല്ലാതെ സ്ഥിതിചെയ്യുന്ന ഓണക്കൂര്‍ എന്ന സ്ഥലവും ജൈനരുടെ അധിവാസത്തെയാണ് സൂചിപ്പിക്കുന്നത്. ജൈനസംസ്കാരത്തോട് ബന്ധപ്പെട്ട ശ്രാവണ ശബ്ദത്തിന്റെ പരിണാമമാണ് ഓണം. കാഞ്ചിപുരത്തുള്ള ഓണകാന്തന്‍ തളിപോലെ, ഓണംകുന്നും, ഓണക്കൂറും ജൈനപാരമ്പര്യം പേറുന്നുണ്ടെന്നാണ് സ്ഥലനാമചരിത്രകാരനായ വി.വി.കെ വാലത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. കൂത്താട്ടുകുളത്തെ നെല്ല്യക്കാട്ട് ഭഗവതീ ക്ഷേത്രവും ജൈനരുടേതായിരുന്നു എന്നാണ് വാലത്തിന്റെ അഭിപ്രായം. പില്കാലത്ത് ബുദ്ധ-ജൈനമതങ്ങള്‍ ക്ഷയിക്കുകയും, ആര്യബ്രാഹ്മണര്‍ ശക്തരാകുകയും ചെയ്തതോടെ ഇത് ഹിന്ദുക്ഷേത്രങ്ങളായി തീരുകയാണുണ്ടായത്.

കൂത്താട്ടുകുളത്തിന്റെ സമീപസ്ഥലങ്ങളായ മുത്തലപുരവും, മോനിപ്പള്ളിയും ആ പേരുകള്‍ കൊണ്ട് തന്നെ ബുദ്ധ-ജൈന പാരമ്പര്യം പ്രകടമാക്കുന്നുണ്ട്. മുത്തന്‍, മുത്തളന്‍ തുടങ്ങിയ ജൈനരുടെ ദേവസങ്കല്പങ്ങളുമായി ബന്ധപ്പെട്ടാണ് മുത്തലപുരം എന്ന സ്ഥലനാമം രൂപപ്പെട്ടതെന്ന് കരുതുന്നു. മോനിപ്പള്ളിയും ബുദ്ധസംസ്കാരത്തോട് ബന്ധപ്പെട്ടതാണ്. നാനം മോനം നടന്നിരുന്ന, അതായത് ബൌദ്ധരുടെ എഴുത്തുപള്ളിക്കൂടം സ്ഥിതിചെയ്തിരുന്ന സ്ഥലത്തെയാണ് മോനിപ്പള്ളിയെന്ന സ്ഥലനാമം സൂചിപ്പിക്കുന്നത്.

ഒരു കാലത്ത് ചേര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു കൂത്താട്ടുകുളം. എ.ഡി.1100 നു ശേഷം ചോളന്‍മാരുടെ ആക്രമണത്തെ തുടര്‍ന്ന് ചേര സാമ്രാജ്യം തകരുകയും ശക്തമായ കേന്ദ്രഭരണം ഇല്ലാതാകുകയും ചെയ്തു. ഇതിന്റെ ഫലമായി രാജ്യം പതിനേഴ് നാടുകളായി വേര്‍പിരിഞ്ഞു. അക്കാലത്ത് കീഴ്മലനാടിന്റെ ഭാഗമായിതീര്‍ന്നു കൂത്താട്ടുകുളവും സമീപ പ്രദേശങ്ങളും. ഇന്നത്തെ മൂവാറ്റുപുഴ, തൊടുപുഴ താലൂക്കുകള്‍ ഉള്‍ക്കൊള്ളുന്ന കീഴിമല നാടിന്റെ ആദ്യതലസ്ഥാനം തൃക്കാരിയൂരും, പിന്നീട് തൊടുപുഴക്കടുത്തുള്ള കാരിക്കോടുമായിരുന്നു. ഈ രണ്ട് സ്ഥലങ്ങളും ബുദ്ധമത കേന്ദ്രങ്ങളായിരുന്നു. വിസൃതമായിരുന്ന വെമ്പൊലിനാടിന്റെ ഒരു ശാഖയായിരുന്നു കീഴ്മലനാട്. പില്‍ക്കാലത്ത് വെമ്പൊലിനാട് വടക്കുംകൂര്‍,തെക്കുംകൂര്‍ എന്നിങ്ങനെ രണ്ട് രാജ്യങ്ങളായി.വെമ്പൊലിനാടിന്റെ വടക്കുഭാഗങ്ങള്‍ വടക്കുംകൂറായും , തെക്കുഭാഗങ്ങളും , മുഞ്ഞനാടും, നാന്റുഴൈനാടിന്റെ ഭാഗങ്ങളും ചേര്‍ന്ന് തെക്കുംകൂറായും രൂപാന്തരപ്പെടുകയാണുണ്ടായത്. കവണാറിന്റെ തെക്കും വടക്കും ഭാഗങ്ങളിലായി സ്ഥിതിചെയ്്തിരുന്നതുകൊണ്ടാണ് ഈ പേരുണ്ടാകാന്‍ കാരണം. 1599 -ല്‍ കീഴ്മലനാട് വടക്കും കൂറില്‍ ലയിച്ചു. ഇതൊടെ കൂത്താട്ടുകുളവും സമീപ പ്രദേശങ്ങളും വടക്കുംകൂറിന്റെ ഭാഗമായി. ഉത്തര തിരുവിതാം കൂറിലെ ഉജ്ജയിനി എന്നാണ് വടക്കുംകൂറിനെ മഹാകവി ഉള്ളൂര്‍ വിശേഷിപ്പിച്ചിട്ടുള്ളത്. ശുകസന്ദേശകര്‍ത്താവായ ലക്ഷ്മി ദാസന്‍, മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി,തമിഴ് കവി അരുണഗിരിനാഥന്‍, രാമപുരത്തു വാര്യര്‍ തുടങ്ങിയ സാഹിത്യകാരന്മാരെയും കലാകാരന്മാരെയും വടക്കുംകൂര്‍ തമ്പുരാക്കന്മാര്‍ പ്രോല്‍സാഹിപ്പിച്ചിരുന്നു.വടക്കുംകൂറിന് നിരവധിതാവഴികള്‍ ഉണ്ടായിരുന്നതിനാല്‍ ഓരൊകാലത്ത് ഓരൊ താവഴിയുടെയും ആസ്ഥാനം രാജ്യത്തിന്റെ തലസ്ഥാനമായി കണക്കാക്കിയിരുന്നു. കടുത്തുരുത്തി,വൈയ്ക്കം,തൊടുപുഴ,ളാലം മുതലായ സ്ഥലങ്ങള്‍ ഇങ്ങനെ തലസ്ഥാനങ്ങളായിരുന്നിട്ടുണ്ട്. കൂത്താട്ടുകൂളത്തിനടുത്ത് കാക്കൂരിലും വടക്കുംകൂറിന്റെ കൊട്ടാരമുണ്ടായിരുന്നു. ഇവിടെ കൊട്ടാരം സ്ഥിതിചെയ്തിരുന്ന സ്ഥലം കൊട്ടാരപ്പറമ്പെന്നാണ് ഇന്നും അറിയപ്പെടുന്നത്.

1750 - ല്‍ മാര്‍ത്താണ്ഡവര്‍മ്മ വടക്കുംകൂര്‍ പിടിച്ചടക്കി.വേണാടിന് വടക്കോട്ട് കവണാര്‍ വരെയുളള പ്രദേശങ്ങള്‍ തിരുവിതാംകൂറില്‍ ലയിപ്പിച്ചശേഷമാണ് വടക്കുംകൂര്‍ ആക്രമിക്കുന്നത്. കടുത്തുരുത്തിക്കു നേരെയായിരുന്നു ആദ്യ ആക്രമണം. അവിടെയുണ്ടായിരുന്ന കോട്ടയും കൊട്ടാരവും ഡിലനായുടെ നേത്യത്വത്തിലുള്ള സൈന്യം നിഷ്പ്രയാസം തകര്‍ത്തു. അവിടുന്ന് മീനച്ചിലിന്റെ മര്‍മ്മ പ്രധാന കേന്ദ്രങ്ങള്‍ കടന്ന് വടക്കുംകൂറിന് നേരെ ആക്രമണങ്ങള്‍ ആരംഭിച്ചു. തിരുവിതാംകൂര്‍സൈന്യം വളരെയേറെ കൊള്ളകള്‍ നടത്തിയെന്നും , ദേവാലയങ്ങള്‍ക്ക് നേരെ പോലും ആക്രമണങ്ങള്‍ ഉണ്ടായതായും വരാപ്പുഴയില്‍ താമസിച്ചിരുന്ന വിദേശ പാതിരിയായ പൌളിനോസ് ബര്‍ത്തലോമിയാ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മുന്നേറ്റങ്ങള്‍ക്ക് ഡിലനോയിയോടൊപ്പം രാമയ്യന്‍ ദളവയുടെയും ശക്തമായ നേതൃത്വം ഉണ്ടായിരുന്നു.

ആധുനിക തിരുവിതാംകൂറിന്റെ ശില്‍പ്പിയായ മാര്‍ത്താണ്ഡവര്‍മ്മ താന്‍ വെട്ടിപ്പിടിച്ച് വിസൃതമാക്കിയ രാജ്യം തന്റെ കുലദൈവമായ ശ്രീ പത്മനാഭന് അടിയറവച്ചു. (1750 ജനുവരി 3 ) ശ്രീ പത്മനാഭദാസനായി ഭരണം നടത്തിപോന്ന ആദ്ദേഹം രാജ്യത്ത് പല ഭരണപരിഷ്ക്കാരങ്ങളും നടപ്പാക്കി. ഭൂമി മുഴുവന്‍ കണ്ടെഴുതിയും കേട്ടെഴുതിയും കുടിയാ•ാര്‍ക്ക് പതിച്ച് നല്‍കി. ഭൂമിക്ക് കരം ഏര്‍പ്പെടുത്തി. ബ്രഹ്മസ്വം,ദേവസ്വം, പണ്ടാരവക എന്നിങ്ങനെയായി ഭൂമി വേര്‍തിരിച്ചു.പണ്ടാരവക ഭൂമി പതിച്ചുനല്‍കിയ അദ്ദേഹം കുരുമുളക്,അടയ്ക്ക,പുകയില എന്നിവയുടെ വ്യാപാരവും ,ഉപ്പു നിര്‍മ്മാണവും കുത്തകയാക്കി. ഭരണസൌകര്യത്തിനായി രാജ്യത്തെപല താലൂക്കുകളായും വില്ലേജുകളായും വിഭജിച്ചു. അങ്ങനെ മൂവാറ്റുപുഴ താലൂക്കില്‍ (മണ്ഡപത്തും വാതില്‍ )പെട്ട കൂത്താട്ടുകുളം ഒരു വില്ലേജിന്റെ ആസ്ഥാനമായി.1906 ലെ ട്രാവന്‍കൂര്‍സ്റേറ്റ്മാനുവലില്‍ കൊടുത്തിരിക്കുന്ന വിവരമനുസരിച്ച് മൂവാറ്റുപുഴ താലൂക്കിലെ നാല് പ്രധാന സ്ഥലങ്ങളില്‍ ഒന്നാണ് കൂത്താട്ടുകുളം. മറ്റ് സ്ഥലങ്ങള്‍ കോതമംഗലം, തൃക്കാരിയൂര്‍, മൂവാറ്റുപുഴ എന്നിവയാണ്.

20 -ആം നൂറ്റാണ്ടിന്റെ ആരംഭം വരെ ഇടപ്രഭുക്ക•ാരായിരുന്നു ഓരൊ നാടിന്റെയും ഭരണാധികാരികള്‍. അവര്‍ക്ക് സ്വന്തമായി കളരികളും യോദ്ധാക്കളുമുണ്ടായിരുന്നു. കൊല്ലിനും കൊലക്കും അധികാരമുണ്ടായിരുന്ന ആമ്പക്കാട്ട് കര്‍ത്താക്കളായിരുന്നു കൂത്താട്ടുകുളം പ്രദേശത്തിന്റെ അധികാരികള്‍. ഇവിടുത്തെ ഭൂമി മുഴുവന്‍ ആമ്പാക്കാട്ട് കര്‍ത്താക്കളുടെയും ,കട്ടിമുട്ടം, പുതുമന , നെല്യക്കാട്ട്,ചേന്നാസ് തുടങ്ങി ഏതാനും നമ്പൂതിരി ഇല്ലങ്ങളുടെയും, വേങ്ങച്ചേരിമൂസതിന്റേയും വകയായിരുന്നു.

കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തിന് തെക്ക് ഭാഗത്ത്, വിശാലമായ നെല്‍വയലിന്റെ കരയിലായിരുന്നു ആമ്പക്കാട്ട് കര്‍ത്താക്കള്‍ താമസിച്ചിരുന്നത്. അവിടന്ന് അരകിലൊമീറ്റര്‍ പടിഞ്ഞാറ് മാറി ഇന്ന് ശിര്‍ദ്ദിസായി ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു ആമ്പക്കാട്ട് കര്‍ത്താക്കളുടെ കളരി. ആ സ്ഥലത്തുനിന്ന് ധാരാളം ആയുധങ്ങളും വിഗ്രഹങ്ങളും മറ്റും പിന്നീട് കണ്ടെത്തിയിട്ടുണ്ട്. അവരുടെ ഭരദേവതയായിരുന്നു ഓണംകുന്ന് ഭഗവതി. തന്റെ അധികാര അതിര്‍ത്തിയില്‍ കുറ്റം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷകള്‍ നല്കിയിരുന്ന കര്‍ത്താക്കള്‍ വധശിക്ഷ നടപ്പാക്കിയിരുന്നത് കഴുവേറ്റിയായിരുന്നു. കൂത്താട്ടുകുളത്തുനിന്ന് കോഴിപ്പിള്ളിക്കുള്ള വഴിയില്‍ ചാരഞ്ചിറ ഭാഗത്തുകൂടി അന്നുണ്ടായിരുന്ന നടപ്പ് വഴിയുടെ സമീപത്തായിരുന്നു കുറ്റവാളികളെ കഴുവേറ്റിയിരുന്നത്. അന്ന് കഴുമരമായി ഉപയോഗിച്ചിരുന്ന രണ്ട് ഇലവു മരങ്ങള്‍ ഏതാനും കൊല്ലം മുന്‍പ് വരെ അവിടെ നിലനിന്നിരുന്നു.

മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണകാലത്ത് സര്‍ക്കാരിന്റെ കുത്തകയായിരുന്ന പുകയില, ഉപ്പ്, കുരുമുളക് തുടങ്ങിയ സാധനങ്ങള്‍ സംഭരിച്ച് സൂക്ഷിക്കുന്നതിനും അതിന്റെ ക്രയവിക്രയത്തിനും വേണ്ടി കൂത്താട്ടുകുളത്ത് കോട്ടയും കുത്തകയാഫീസും സ്ഥാപിച്ചിരുന്നു. കൂത്താട്ടുകുളം ഹൈസ്കൂള്‍ റോഡില്‍നിന്ന് മാരുതി ജംഗ്ഷന് സമീപത്തേക്ക് പോകുന്ന റോഡിനോട് ചേര്‍ന്ന് ആ കോട്ടയുടെ അവശിഷ്ടം ഏതാനും കൊല്ലം മുന്‍പുവരെ കാണാമായിരുന്നു. ഒന്നര എക്കറോളം വിസ്തൃതിയില്‍ സമചതുരത്തില്‍ മണ്ണും ചെങ്കല്ലും കൊണ്ട് നിര്‍മ്മിച്ച ആ കോട്ടയുടെ ചുറ്റുമുണ്ടായിരുന്ന കിടങ്ങ് നികന്ന് കഴിഞ്ഞിട്ടുണ്ട്. അടുത്തകാലം വരെ ഇവിടെ വെട്ടിക്കിളക്കുമ്പോള്‍ ധാരാളം വെടിയുണ്ടകള്‍ ലഭിച്ചിരുന്നതായി സ്ഥലവാസിയായ മേച്ചേരില്‍ രാഘവന്‍പിള്ള പറയുകയുണ്ടായി. ഈ കോട്ടയ്ക്കടുത്തുതന്നെയായിരുന്നു കൂത്താട്ടുകുളത്തെ പ്രവൃത്തിക്കച്ചേരിയും കുത്തകയാഫീസും പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഇന്നത്തെ സഹകരണ ആശുപത്രി സ്ഥിതിചെയ്യുന്ന ഭാഗത്ത് റോഡരുകില്‍ ഉണ്ടായിരുന്ന ഒരു ചെറിയ മാളികക്കെട്ടിടത്തിലേക്ക് കുത്തകയാഫീസ് മാറ്റി.

കുത്തക സംഭരണ കേന്ദ്രങ്ങളുടെ മോല്‍നോട്ടം വഹിച്ചിരുന്നത് വിചാരിപ്പുകാര്‍ എന്നറിയപ്പെട്ടിരുന്ന ഉദ്യോഗസ്ഥരായിരുന്നു. ഇവിടത്തെ കുത്തകവിചാരിപ്പുമായി ബന്ധപ്പെട്ട് തെക്കന്‍ തിരുവിതാംകൂറില്‍ നിന്നെത്തിയ അറുമുഖംപിള്ളയുടെ പിന്‍മുറക്കാരായ പത്തിരുപത് കുടുംബങ്ങള്‍ ഇന്ന് കൂത്താട്ടുകുളത്തുണ്ട്. നാഞ്ചിനാട്ട് വെള്ളാളരായ ഇവര്‍ ഒരു പ്രത്യേകസമുദായമായിട്ടാണ് ഇവിടെ ജീവിക്കുന്നത്.

റോഡുകള്‍, സഞ്ചാരമാര്‍ഗ്ഗങ്ങള്‍

പുരാതനകാലത്തെ വ്യാപാരമാര്‍ഗ്ഗങ്ങളായിരുന്ന നാട്ട് വഴികളുടെ സംഗമസ്ഥാനമായിരുന്നു കൂത്താട്ടുകുളം. പാണ്ടിനാട്ടില്‍നിന്നും കാരിക്കോട്, ചുങ്കം, നെടിയശാല, മാറിക വഴി പടിഞ്ഞാറന്‍ തീരത്തേക്കും, മുവാറ്റുപുഴ യില്‍ നിന്ന് ആരക്കുഴ, പാലക്കുഴ, വെളിയന്നൂര്‍, ഉഴവൂര്‍, കിടങ്ങൂര്‍ വഴി തെക്കോട്ടും , വാണിഭശ്ശേരി, തിരുമാറാടി , കാക്കൂര്‍, ഓണക്കൂര്‍ വഴി പിറവം പുഴക്കടവിലേക്കും ഉണ്ടായിരുന്ന പ്രധാനനാട്ടുവഴികള്‍ കടന്ന് പോയിരുന്നത് കൂത്താട്ടുകുളം കൂടിയായിരുന്നു. പാണ്ടിയില്‍നിന്ന് കഴുതപ്പുറത്തായിരുന്നു ഈ വഴികളിലൂടെ ചരക്കുകള്‍ കൊണ്ടുവന്നിരുന്നത്. തലച്ചുമടായി കൊണ്ടുവരുന്ന ചരക്കുകള്‍ ഇറക്കിവച്ച് വിശ്രമിക്കാന്‍ ചുമട് താങ്ങികളും, അവ വിറ്റഴിക്കാന്‍ പല സ്ഥലങ്ങളിലും അങ്ങാടികളുമുണ്ടായിരുന്നു. കൂത്താട്ടുകുളത്തിന് ചുറ്റുപാടുമുള്ള പല വഴിയോരങ്ങളിലും തകര്‍ന്നടിഞ്ഞ നിലയിലുള്ള ധാരാളം ചുമടുതാങ്ങികള്‍ കാണാം. അവ നിന്നിരുന്ന സ്ഥലങ്ങള്‍ അത്താണി, അത്താണിയ്ക്കല്‍ എന്നീ പേരുകളിലാണ് ഇന്നറിയപ്പെടുന്നത്. അക്കാലത്ത് കൂത്താട്ടുകുളത്തുണ്ടായിരുന്ന അങ്ങാടി ഏറെ പ്രസിദ്ധമായിരുന്നു. അങ്ങാടിയോട് ചേര്‍ന്ന് വഴിയാത്രക്കാരുടെ താമസത്തിനും വിശ്രമത്തിനും വേണ്ടി സത്രം നിര്‍മ്മിച്ചിരുന്നു. ഇന്നത്തെ കൂത്താട്ടുകുളം പഞ്ചായത്താഫീസും, ടൌണ്‍ഹാളും , സഹകരണ ആശുപത്രിയുമൊക്കെ സ്ഥിതിചെയ്യുന്ന ഭാഗത്തായിരുന്നു സത്രം സ്ഥിതി ചെയ്തിരുന്നത്.

കൂത്താട്ടുകുളത്തിന്റെ സാമൂഹ്യവും, സാമ്പത്തികവുമായ വളര്‍ച്ചയ്ക്ക് ഏറെ സഹായിച്ചത് എം. സി. റോഡിന്റെ നിര്‍മ്മാണമായിരുന്നു. 1860-ല്‍ ദിവാന്‍ ടി. മാധവറാവുവിന്റെ കാലത്താണ് തിരുവനന്തപുരത്ത്നിന്ന് രാജ്യത്തിന്റെ വടക്കേ അതിര്‍ത്തിയായ കറുകുറ്റിവരെ കരമാര്‍ഗ്ഗം എത്തിച്ചേരുന്നതിന് വേണ്ടി മെയിന്‍ സെന്‍ട്രല്‍ റോഡിന്റെ നിര്‍മ്മാണം തുടങ്ങിയത്. കൂത്താട്ടുകുളം ഭാഗത്ത് ഈ റോഡിന്റെ പണികള്‍ നടക്കുന്നത് 1876 കാലത്താണ്. ഇംഗ്ളിഷ്കാരനായ ചീഫ് എഞ്ചിനീയര്‍ വില്യം ബാര്‍ട്ടന്റെ നേതൃത്വത്തില്‍ എട്ട് അടി വീതിയിലായിരുന്നു ആദ്യം ഈ റോഡ് നിര്‍മ്മിച്ചത്. കൂത്താട്ടുകുളത്ത്നിന്ന് ആരക്കുഴവഴി നേരത്തേ ഉണ്ടായിരുന്ന നാട്ട് വഴി വികസിപ്പിച്ച് റോഡ് നിര്‍മ്മിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും അവിടെയുള്ള നാട്ടുകാരുടെ എതിര്‍പ്പ് മൂലം അതുപേക്ഷിക്കുകയും, വനപ്രദേശമായിരുന്ന ആറൂര്‍വഴി പുതിയറോഡ് നിര്‍മ്മിക്കുകയുമാണുണ്ടായത്.

യൂറോപ്യന്‍മാരായ കോണ്‍ട്രാക്ടേഴ്സിന് കീഴില്‍ നാട്ടുകാരായ ചെറുകിടക്കരാറുകാരായിരുന്നു ഈ റോഡിന്റെ നിര്‍മ്മാണ ജോലികള്‍ ഏറ്റെടുത്ത് നടത്തിയത്. പ്രായപൂര്‍ത്തിയായവരെക്കൊണ്ട് മാത്രമല്ല കുട്ടികളെക്കൊണ്ടും അവര്‍ നിര്‍ബന്ധപൂര്‍വ്വം പണിയെടുപ്പിച്ചിരുന്നു. മുതിര്‍ന്നവര്‍ക്ക് രണ്ട് ചക്രമായിരുന്നു കൂലി. എം. സി. റോഡിന്റെ നിര്‍മ്മാണ കാര്യങ്ങള്‍ക്കായി പണി കഴിപ്പിച്ചതാണ് ഇന്ന് കാണുന്ന കൂത്താട്ടുകുളം ടി.ബി. എം.സി റോഡിന് പുറമേ കൂത്താട്ടുകുളത്ത് നിന്ന് തൊടുപുഴ, പിറവം, തലയോലപ്പറമ്പ് എന്നിവിടങ്ങളിലേക്കെല്ലാം രാജഭരണകാലത്ത് തന്നെ ഗതാഗതയോഗ്യമായ റോഡുകള്‍ ഉണ്ടായിരുന്നു. കൂത്താട്ടുകുളം ചന്തയിലേക്ക് കാളവണ്ടികളിലും മറ്റും ചരക്കുകള്‍ എത്തിക്കുന്നതിനും, നാടിന്റെ പൊതുവായ വികസനത്തിനും ഈ റോഡുകള്‍ ഏറെ പ്രയോജനപ്പെട്ടു.

ആഴ്ചചന്ത

കൂത്താട്ടുകുളത്ത് ആദ്യകാലത്തുണ്ടായിരുന്ന അങ്ങാടിയുടെ സ്ഥാനത്താണ് ആഴ്ചചന്ത തുടങ്ങിയത്. ദിവാന്‍ പേഷ്കാര്‍ നേരിട്ടെത്തിയാണ് ഇവിടെ ആഴ്ച ചന്ത തുടങ്ങുന്നതിനുള്ള സാധ്യതകളെക്കുറിച്ച് അനേഷണം നടത്തിയത്. പരിശോധനക്കെത്തിയ അദ്ദേഹത്തെ അങ്ങാടിയുടെ വലിപ്പം ബോധ്യപ്പെടുത്തുന്നതിന് വേണ്ടി നാട്ടുകാര്‍ ഏതാനും നെടുമ്പുരകള്‍കൂടി അവിടെ കൂടുതലായി കെട്ടിയുണ്ടാക്കിയിരുന്നു.അതെല്ലാം നേരത്തെതന്നെ അവിടെ ഉണ്ടായിരുന്നതായി തോന്നാന്‍ ഓല മേഞ്ഞ പഴയകെട്ടിടങ്ങള്‍ പൊളിച്ചുകൊണ്ടുവന്നാണ് അവിടെ സ്ഥാപിച്ചത്. തുരുത്തേല്‍ ഉതുപ്പ് തന്റെ വീട്ടിലെ തൊഴുത്തും ആട്ടിന്‍ കൂടും പൊളിച്ചുകൊണ്ടുവന്ന് അങ്ങാടിയില്‍ സ്ഥാപിക്കുകയുണ്ടായി. അതിനുള്ളില്‍ വില്‍പ്പനക്കുള്ള കാര്‍ഷികോല്പന്നങ്ങള്‍ കൊണ്ടു വന്നു കൂട്ടി. ആട്, കോഴി തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെയും ചന്തയില്‍ കൊണ്ടുവന്ന് കെട്ടി. ഇതെല്ലാം കണ്ട് തൃപ്തനായ ദിവാന്‍ പേഷ്ക്കാര്‍ കൂത്താട്ടുകുളത്ത് ആഴ്ചചന്ത തുടങ്ങാന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ടുനല്‍കുകയും ചെയ്തു. 1865-നോട് അടുത്ത്. ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് ആരംഭിച്ച ഈ ആഴ്ചചന്ത രാമവര്‍മ്മപുരം മാര്‍ക്കറ്റ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്നത്തെ സെന്‍ട്രല്‍ ജംഗ്ഷന് സമീപം പോലീസ് സ്റ്റേഷന്റെ തെക്ക് ഭാഗത്തായിരുന്നു മാര്‍ക്കറ്റ് ആദ്യം തുടങ്ങിയത്. അവിടെ രാമവര്‍മപുരം മാര്‍ക്കറ്റ് എന്നെഴുതിയ തിരുവിതാംകൂറിന്റെ മുദ്രയുള്ള വലിയ ശിലാഫലകം സ്ഥാപിച്ചിരുന്നു. കാലക്രമേണ മാര്‍ക്കറ്റ് വികസിച്ചപ്പോള്‍ കൂടുതല്‍ സൌകര്യത്തിനായി ടൌണിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചതാണ് ഇന്ന് കാണുന്ന ആഴ്ചചന്ത.

ആടുമാടുകള്‍ക്ക് പുറമെ, കോഴി, താറാവ്, പന്നി മുതലായ വളര്‍ത്തുമൃഗങ്ങളുടെയും, കാര്‍ഷികോല്പന്നങ്ങളുടെയും പ്രധാനവിപണന കേന്ദ്രമായിരുന്നു ഈ ആഴ്ചചന്ത. ബുധനാഴ്ചയാണ് ചന്തദിവസം. ചന്തയില്‍ എത്തിച്ചേരുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ അധികവും അന്നത്തെ പ്രധാന വ്യാപാര കേന്ദ്രമായിരുന്ന ആലപ്പുഴയ്ക്കായിരുന്നു കയറ്റി അയച്ചിരുന്നത് . അവിടന്നു പായ, കരിപ്പട്ടി ശര്‍ക്കര, ഉപ്പ്, പുകയില , ഉണക്കമീന്‍, ഇരുമ്പ് സാധനങ്ങള്‍ എന്നിവയൊക്കെ കച്ചവടക്കാര്‍ ഇവിടെക്കൊണ്ടുവന്ന് വില്പന നടത്തിയിരുന്നു. ആലപ്പുഴയില്‍ നിന്ന് വഞ്ചിയില്‍ വെട്ടിയ്ക്കാട്ട് മുക്കില്‍ എത്തിക്കുന്ന ചരക്കുകള്‍ തലച്ചുമടായിട്ടായിരുന്നു കൊണ്ടുവന്നിരുന്നത്. പിന്നീട് കാളവണ്ടികളിലായി. അക്കാലത്ത് കുടമണികള്‍ കെട്ടിയ കാളകളും വണ്ടികളുമായി ദൂരെ ദിക്കുകളില്‍ നിന്നു പോലും കച്ചവടക്കാര്‍ ഇവിടെ വന്ന് ചരക്കുകള്‍ വില്ക്കുകയും, വാങ്ങുകയും ചെയ്തിരുന്നു. ടൌണ്‍പാലത്തിനടുത്ത് ചന്ത തോടിന്റെ കരയിലായിരുന്നു പ്രധാന വണ്ടിപേട്ട. അവിടെ വണ്ടിക്കാളകള്‍ക്ക് പുല്ലും വയ്ക്കോലും, വെള്ളവും ഒക്കെ എത്തിച്ച് കൊടുക്കാനും, ലാടം തറയ്ക്കുന്നതിനും തൊഴിലാളികളുണ്ടായിരുന്നു. വണ്ടിക്കാര്‍ക്ക് ചാട്ട പിരിച്ച് കൊടുത്ത് ഉപജീവനം നടത്തിയിരുന്നവരും അന്ന് ഉണ്ടായിരുന്നു.

ആരാധനാലയങ്ങള്‍

പുരാതനമായ ക്ഷേത്രങ്ങളും ,പള്ളികളും ഈ പ്രദേശത്തിന്റെ പാരമ്പര്യത്തെ വിളിച്ചറിയിക്കുന്നു. ജീര്‍ണ്ണ പ്രായമായിക്കോണ്ടിരിക്കുന്ന കൂത്താട്ടുകുളം മഹാദേവ ക്ഷേത്രം രാമയ്യന്‍ ദളവയാല്‍ പുതുക്കി പണിയിക്കപ്പെട്ടതാണെന്ന് പറയപ്പെടുന്നു. ഈ ക്ഷേത്രത്തിലെ ദാരുശില്‍പ്പങ്ങളും മറ്റു നിര്‍മ്മാണങ്ങളും ആകര്‍ഷണീയങ്ങളും പഠനാര്‍ഹങ്ങളുമാണ്. ഇവിടെ രാമായണ കഥ തടിയില്‍ കൊത്തിവച്ചിട്ടുള്ളത് കാലപ്പഴക്കത്താലും സംരക്ഷണക്കുറവുകൊണ്ടും നശിച്ചുകൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് കൂത്താട്ടുകുളത്തെയും സമീപ പ്രദേശങ്ങളിലേയും ഭൂ സ്വത്തുക്കളുടെ നല്ലൊരുഭാഗം ഈ ക്ഷേത്രം വകയായിരുന്നു എന്നാണ് പഴയരേഖകള്‍ കാണിക്കുന്നത്. കൂത്താട്ടുകുളത്തെ ഓണംകുന്ന് ഭഗവതിക്ഷേത്രവും ചിരപുരാതനമാണ്. ഈ ക്ഷേത്രത്തെക്കുറിച്ചും പല ഐതീഹ്യങ്ങളും പ്രചാരത്തിലുണ്ട്. കൂത്താട്ടുകുളത്തെ അര്‍ജ്ജുനന്‍മല ശിവക്ഷേത്രം ആദിമ നിവാസികളായ ഉള്ളാരുടെതാണ്. ഗിരിജന വിഭാഗത്തില്‍ പെട്ടവരാണ് ഇവിടത്തെ പൂജാരികള്‍. ആദ്യകാലത്ത് ഈ ക്ഷേത്രഭരണം നടത്തിയിരുന്നവര്‍ ‘ എട്ടുമുട്ടന്‍മാര്‍ ’ എന്നാണ് അറിയപ്പെട്ടിരുന്നത്. ദ്രാവിഡകാലഘട്ടത്തോളം പഴക്കമുള്ളതാണ് കൂത്താട്ടുകുളത്തെ കിഴകൊമ്പ് ഭഗവതി ക്ഷേത്രം. വന്‍വൃക്ഷങ്ങളും വള്ളിപടര്‍പ്പികളും കൊണ്ട് നിബിഡമായ കാവിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ വന ദുര്‍ഗ്ഗയാണ്.

കൂത്താട്ടുകുളത്തെ ചിരപുരാതനവും, പ്രശസ്തവുമായ ക്രിസ്ത്യന്‍ ദേവാലയമാണ് വടകരപ്പള്ളി. പത്താംനൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ത്ഥത്തിലാണ് ഇവിടെ ആദ്യത്തെ പള്ളി സ്ഥാപിച്ചതെന്നാണ് വിശ്വാസം. വടകര എന്ന സ്ഥലപ്പേരിനെക്കുറിച്ചും വടകരപ്പള്ളിയുടെ സ്ഥാപനത്തെക്കുറിച്ചും പല ഐതീഹ്യങ്ങളും നിലവിലുണ്ട്. 1653 ലെ കൂനന്‍കുരിശ് സത്യത്തെതുടര്‍ന്ന് കേരളത്തിലെ ക്യസ്ത്യാനികള്‍ പുത്തന്‍ കൂറെന്നും, പഴയകൂറെന്നും വേര്‍പിരിഞ്ഞെങ്കിലും ഇവിടെ ഇരുവിഭാഗവും നൂറ്റി ഇരുപത്തിയഞ്ച് വര്‍ക്ഷം മാതൃ ദേവാലയത്തില്‍ തന്നെയാണ് ആരാധന നടത്തിയിരുന്നത്. പേര്‍ഷ്യന്‍ വാസ്തുശില്പമാതൃകയില്‍ നിര്‍മ്മിച്ചിട്ടുള്ള പുരാതന ദേവാലയം പുത്തന്‍കൂര്‍വിഭാഗത്തിന്റെ കൈവശമാണ്. പഴയ കൂറ്റുകാരെന്നറിയപ്പെടുന്ന കത്തോലിക്കര്‍ക്ക് വടകരയില്‍ ഇപ്പോള്‍ പുതുയ ദേവാലയമുണ്ട്. ഇത് കൂടാതെ ധാരാളം ഹൈന്ദവക്ഷേത്രങ്ങളും, ക്രിസ്ത്യന്‍ പള്ളികളും ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്നു. ഓണംകുന്ന് ക്ഷേത്രത്തിനഭിമുഖമായി സ്ഥിതിചെയ്യുന്ന സി.എസ്സ്.ഐ. ദേവാലയം ബ്രീട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ചതാണ്.

വിദ്യാലയങ്ങള്‍

കൂത്താട്ടുകുളത്തെ ആദ്യത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനം വെര്‍ണാകുലര്‍ മലയാളം സ്കൂളാണ്. 1875 കാലത്താണ് ഈ സ്കൂള്‍ ആരംഭിക്കുന്നത്. അതിന് മുന്‍പ് അക്ഷരാഭ്യാസത്തിന് ഇവിടെയുണ്ടായിരുന്നത് കളരികളായിരുന്നു. തുരുത്തേല്‍ ആശാന്റേയും, പടിഞ്ഞാറേല്‍ ആശാന്റേയും കളരികളായിരുന്നു പ്രധാനപ്പെട്ട രണ്ട് കളരികള്‍.

ദിവാന്‍ ടി. മാധവറാവു ആണ് തിരുവിതാംകൂറില്‍ നാട്ടുഭാഷാ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് നേതൃത്വം നല്കിയത്. 1866-ല്‍ അദ്ദേഹം ആദ്യത്തെ നാട്ട് ഭാഷാ വിദ്യാലയം തിരുവനന്തപുരത്ത് സ്ഥാപിച്ചു. പ്യൂണ്‍ ജോലിക്ക് മുകളിലുള്ള എല്ലാ ജോലിക്കും പൊതുപരീക്ഷ പാസ്സായിരിക്കണം എന്ന കാഴ്ചപ്പാടിനോടൊപ്പം തന്നെ മിഷണറിമാരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുകയും, അവരുടെ സ്വാധീനത്തില്‍ നിന്ന് താഴ്ന്ന ജാതിക്കാരെ മോചിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശവും സര്‍ക്കാരിനുണ്ടായിരുന്നു.

കൂത്താട്ടുകുളത്ത് ആരംഭിച്ച വെര്‍ണാകുലര്‍ സ്കൂള്‍ ഉത്തരതിരുവിതാംകൂറിലെതന്നെ ആദ്യത്തെ പൊതുവിദ്യാലയമായിരുന്നു. അക്കാലത്ത് വടക്കന്‍പറവൂരും , കോട്ടയത്തും മാത്രമേ വേറേ സ്കൂളുകള്‍ ഉണ്ടായിരുന്നുള്ളു എന്നാണ്, കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇവിടെ വിദ്യാര്‍ത്ഥിയായിരുന്ന റവ ഡോ. എബ്രഹാം വടക്കേല്‍ ഒരു ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്. ഇന്നത്തെ ട്രഷറി റോഡിനും, മാര്‍ക്കറ്റ് റോഡിനും ഇടയില്‍ ആദ്യത്തെ അങ്ങാടിയോട് ചേര്‍ന്നായിരുന്നു ആ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഇന്നത്തെ ടൌണ്‍ഹാളിന് തെക്ക് ഭാഗത്ത് ഉണ്ടായിരുന്ന വടകരപള്ളിയുടെ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ച ആ സ്കൂള്‍ എതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ടൌണ്‍സ്കൂളില്‍ ലയിപ്പിക്കുകയാണുണ്ടായത്. ഹൈസ്കൂള്‍ റോഡില്‍ പള്ളിവക സ്ഥലത്ത് പുതിയ ഷോപ്പിംഗ് സെന്റര്‍ നിര്‍മ്മിക്കുന്നതുവരെ ആ സ്കൂള്‍ കെട്ടിടം അവിടെ നിലനിന്നിരുന്നു.

1918-ല്‍ കൂത്താട്ടുകുളത്ത് വടകരയില്‍ പഴയ സുറിയാനി പള്ളിയുടെ മുറ്റത്ത് ഒരു മിഡില്‍സ്കൂള്‍ ആരംഭിച്ചു. അധികം കഴിയുന്നതിന് മുന്‍പ് വടകര സെന്റ് ജോണ്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതിചെയ്യുന്ന തേന്‍കുളത്ത് മലയിലേക്ക് ആ സ്കൂള്‍ മാറ്റി. 1929-ല്‍ അവിടെ ഹൈസ്കൂള്‍ വിഭാഗം ആരംഭിച്ചപ്പോള്‍ അത് ഈ നാട്ടിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസസ്ഥാപനമായിത്തീര്‍ന്ന. മുന്‍ രാഷ്ട്രപതി കെ. ആര്‍. നാരായണന്‍ , ലോ ബോര്‍ഡ് ചെയര്‍മാനായിരുന്ന ഡോ. എ.ടി. മര്‍ക്കോസ്, ബൊട്ടാണിക്കല്‍ സര്‍വ്വേ ഓഫ് ഇന്‍ഡ്യ യുടെ ഡപ്യൂട്ടി ഡയറക്ടറായിരുന്ന ഡോ. കെ. എം. സെബാസ്റ്യന്‍, അധ്യാപകനും എഴുത്തുകാരനുമായിരുന്ന പ്രൊഫ. പി.വി. ഉലഹന്നന്‍ മാപ്പിള, കമ്മ്യൂണിസ്റ് നേതാവും റവന്യു വകുപ്പ് മന്ത്രിയുമായിരുന്ന കെ. ടി. ജേക്കബ്, സി. ജെ. തോമസ് തുടങ്ങി ഉന്നതരായ നിരവധി വ്യക്തികള്‍ പഠിച്ച ഈ സ്കൂളിലെ ആദ്യ എസ്സ്. എസ്. എല്‍. സി. ബാച്ച് പുറത്തിറങ്ങുന്നത് 1931 ലാണ്. 1933-ല്‍ വടകരയിലെ പൂച്ചപ്പുറത്ത്കുന്നില്‍ തുടങ്ങിയ ആരാധനമഠം വക മിഡല്‍ സ്കൂള്‍ 1949-ല്‍ ഹൈസ്കൂളായി.

1938-ല്‍ ആരംഭിച്ച ഹിന്ദു മിഷന്‍ മിഡില്‍സ്കൂളാണ് ഇന്നത്തെ കൂത്താട്ടുകുളം ഹൈസ്കൂള്‍. ആദ്യം അയ്യംപറമ്പ് ചാവടിയിലും പിന്നീട് കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തിന്റെ ഊട്ട്പുരയിലുമായിരുന്നു ഈ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. പില്കാലത്ത് കൂത്താട്ടുകുളം വില്ലേജ് യൂണിയന്റെ പ്രസിഡന്റായിരുന്ന അത്തിമണ്ണില്ലത്ത് കേശവന്‍ നമ്പൂതിരിയായിരുന്നു ഈ സ്കൂളിന്റെ സ്ഥാപകന്‍. ക്ഷേത്രപ്രവേശനവിളംബരത്തിന് ശേഷവും ഊരാണ്മക്ഷേത്രങ്ങളില്‍ അയിത്തജാതിക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന കാലത്ത് തന്റെ അധീനതയിലുള്ള ക്ഷേത്രത്തില്‍ അധസ്ഥിതര്‍ക്ക് പ്രവേശനം അനുവദിച്ച് മാതൃക കാട്ടിയ പരിഷ്കരണവാദിയായിരുന്നു കേശവന്‍ നമ്പൂതിരി. ആഗമാനന്ദ സ്വാമികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം ഊട്ട്പുരയില്‍ ആരംഭിച്ച സ്കൂളില്‍ നാനാ ജാതികളിലും പെട്ട കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു.

കൂത്താട്ടുകുളത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന
ആനുകാലികങ്ങള്‍


കൂത്താട്ടുകുളത്തുനിന്ന് ശ്രദ്ധേയമായ ഏതാനും ആനുകാലികങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ എടുത്തുപറയേണ്ട മികവുറ്റ ഒരു സാഹിത്യമാസികയായിരുന്നു ‘ ലാവ’ 1970 കളുടെ തുടക്കത്തില്‍ മലയാളത്തിലുണ്ടായ ബദല്‍ പ്രസിദ്ധീകരണങ്ങളുടെ കൂട്ടത്തില്‍ ഒന്നായിരുന്നു ഇത്. ‘ ലാവ’ യുടെ പത്രാധിപര്‍ കെ.എം.രാജുവായിരുന്നു. ഇതിനു പുറമെ ‘അഷ്ടപദി’ ,‘കാമന’,‘കനക’,‘ഭാരതപ്പുഴ’,‘ഭാവന’,‘രാജ്യകാര്യം’ തുടങ്ങിയ മാസികകളും ഇവിടെനിന്ന് പ്രസിദ്ധീകരിച്ചിരുന്നു.കൂത്താട്ടുകുളത്തെ ദേശസേവിനി പ്രസ്സില്‍ നിന്ന് ‘അഷ്ടപദി’ പ്രസിദ്ധീകരിച്ചിരുന്നത്. ‘ അഷ്ടപദി’ ക്കു പുറമെ ‘ അനുരജ്ഞനം’ എന്ന സായാഹ്ന പത്രവും പ്രസിദ്ധീകരിച്ചിരുന്നു.ഇന്നത്തേതു പോലെ അച്ചടിയുടെ സാങ്കേതികസൌകര്യങ്ങള്‍ ഇല്ലാതിരുന്നകാലത്ത് ലറ്റര്‍ പ്രസ്സിലാണ് ‘ അനുരഞ്ജനം’ അച്ചടിച്ചിരുന്നത്. രണ്ടിന്റേയും പത്രാധിപര്‍ പ്രസ്സുടമയായ വി.കെ.മാധവനായിരുന്നു.യുവ സാഹിത്യകാരനായിരുന്ന സതീഷ് ചേലാട്ടായിരുന്നു കാമനയുടെ പത്രാധിപര്‍.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് തന്നെ അഞ്ചലാഫീസ്, പോലീസ്സ്റേഷന്‍. പകുതിക്കച്ചേരി, രജിസ്ട്രര്‍ ആഫീസ്, എക്സൈസ് ആഫീസ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളൊക്കെ കൂത്താട്ടുകുളത്തുണ്ടായിരുന്നു.

ഇപ്പോള്‍ പോസ്റോഫീസ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തായിരുന്നു അഞ്ചലാഫീസ്. നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറിലും കൊച്ചിയിലും കത്തുകളയയ്ക്കാന്‍ അഞ്ചല്‍ സമ്പ്രദായവും , ഇവിടന്ന് വെളിയിലേക്കുള്ള കത്തിടപാടുകള്‍ക്ക് തപാല്‍ സമ്പ്രദായവുമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. കൂത്താട്ടുകുളത്ത് അക്കാലത്ത് അഞ്ചലാഫീസിനു പുറമേ തപാലാഫീസും പ്രവര്‍ത്തിച്ചിരുന്നു. മാര്‍ക്കറ്റ് റോഡിലുള്ള ഒരു പഴയ ഇരുനിലക്കെട്ടിടത്തിലായിരുന്നു തപാലാഫീസ് പ്രവര്‍ത്തിച്ചിരുന്നത്. 1951-ല്‍ തിരു-കൊച്ചിയിലെ അഞ്ചല്‍ സമ്പ്രദായം അഖിലേന്ത്യ തപാല്‍ വകുപ്പില്‍ ലയിക്കുന്നതുവരെ രണ്ട് ആഫീസുകളും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു.

1880 കളില്‍ തന്നെ കൂത്താട്ടുകുളത്ത് പകുതിക്കച്ചേരിയും, രജിസ്ട്രാര്‍ ആഫീസും ആരംഭിച്ചിരുന്നു. ഇടപ്രഭുക്കന്‍മാരായിരുന്ന ആമ്പക്കാട്ട് കര്‍ത്താക്കളുടെ ഇടത്തി ന് സമീപത്തുണ്ടായിരുന്ന മണ്‍കോട്ടയ്ക്കടുത്തായിരുന്നു ആ കച്ചേരികള്‍ പ്രവര്‍ത്തിച്ചിരുന്നത്. രണ്ട് പതിറ്റാണ്ടിന് ശേഷം എം. സി. റോഡിനോട് ചേര്‍ന്ന് ഇന്നിരിക്കുന്ന സ്ഥലത്തേക്ക് ആ കച്ചേരികള്‍ മാറ്റി. അക്കാലത്ത് ഈ കച്ചേരികളുടെ അധികാരപരിധി വളരെ വിപുലമായിരുന്നു. ഇന്നത്തെ കോട്ടയം ജില്ലയില്‍ ഉള്‍പ്പെട്ട ഉഴവൂര്‍, വെളിയന്നൂര്‍, മുളക്കുളം വില്ലേജുകളും, തിരുവിതാംകൂറിന്റെ അതിര്‍ത്തിയായിരുന്ന പേപ്പതി മുതല്‍ കിഴക്കോട്ടുള്ള പ്രദേശങ്ങളും ഈ രജിസ്ട്രര്‍ കച്ചേരിയുടെ പരിധിക്കുള്ളിലായിരുന്നു. ഇന്നത്തെ പാലക്കുഴ വില്ലേജ് കൂടി ഉള്‍പ്പെട്ടതായിരുന്നു പഴയ കൂത്താട്ടുകുളം പകുതി. അക്കാലത്ത് കൂത്താട്ടുകുളം പോലീസ് സ്റേഷന്റെ അതിര്‍ത്തിയും പിറവത്തിനപ്പുറത്ത് പേപ്പതി വരെയായിരുന്നു . ഒരു നൂറ്റാണ്ട് മുന്‍പ് നിര്‍മ്മിച്ചതാണ് (1902) പോലീസ് സ്റേഷന്റെ ഇന്ന് കാണുന്ന ഓട് മേഞ്ഞ വലിയ കെട്ടിടം. 1946 മുതല്‍ 52 വരെയുള്ള കാലത്ത് സ്വാതന്ത്യ്ര സമര സേനാനികളുടെയും, കമ്മ്യൂണിസ്റ് പോരാളികളുടെയും മേല്‍ നടന്ന ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കുപ്രസിദ്ധമായ ഈ പോലീസ് സ്റേഷന്‍ ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. ഇടക്കാലത്ത് ഇവിടെ ആരംഭിച്ച സെക്കന്റ് ക്ളാസ്സ് മജിസ്ട്രേട്ട് കോടതി കേരളപ്പിറവിക്കുശേഷം നിര്‍ത്തലാക്കി.

ഇന്ന് നഷ്ടപ്രതാപങ്ങളുടെ കണക്കുകളുമായി വികസനത്തിന്റെ പുതിയ വഴിത്താരകള്‍ തുറക്കാന്‍ കാത്തിരിക്കുന്ന ഈ നാടിന് അഭിമാനിക്കാന്‍ കഴിയുന്നത് കൈമോശം വരാതെ കാത്ത് സൂക്ഷിച്ചു പോരുന്ന അതിന്റെ സാംസ്കാരിക പാരമ്പര്യം മാത്രമാണ്.

(രക്തസാക്ഷികളുടെ നാടു് എന്നകൃതിയുടെ കര്‍ത്താവാണു് ലേഖകന്‍)

2 അഭിപ്രായങ്ങൾ:

  1. ഈ വിവരണത്തിന് നന്ദി.കൂത്താട്ടുകുളം എന്ന് കേട്ടിട്ടേ ഉള്ളൂ.വരാനുള്ള സാഹചര്യം ഉണ്ടായിട്ടില്ല

    മറുപടിഇല്ലാതാക്കൂ
  2. ശ്രീ ജോസ് കരിമ്പനയുടെ ഈ പരിശ്രമം കൂത്താട്ടുകുളത്തിന്റെ ചരിത്രത്തിലേയ്ക്കു് നല്ലൊരു വഴികാട്ടിയാണ്.ബാറുകള്‍ക്കും ബിവറേജ് കോര്‍പ്പറേഷന്‍ ഔട്ട്ലറ്റുകള്‍ക്കും മുമ്പില്‍ ക്യൂനില്‍ക്കുന്ന കൂത്താട്ടുകുളത്തിന്റെ പുതുതലമുറ തീര്‍ച്ചയായും ഈ ലേഖനം വായിച്ചിരിക്കേണ്ടതാണ്.

    മറുപടിഇല്ലാതാക്കൂ

^ ^