പേജുകള്‍‌

20100719

.സി.ജെ. അനുസ്മരണം :ഇടതുപക്ഷ ചിന്താഗതികള്‍ വളരുന്നുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തകര്‍ന്നുകൊണ്ടിരിക്കുന്നു




കൊച്ചി: സി.ജെ.തോമസിന്റെ 50-ആം ചരമവാര്‍ഷികാചരണത്തോടനുബന്ധിച്ച് ചങ്ങമ്പുഴ സാംസ്‌കാരികകേന്ദ്രത്തിന്റെയും സ്മൃതിധാരയുടെയും സഹകരണത്തോടെ ആര്‍ട്ടിസ്റ്റ് പി.ജെ.ചെറിയാന്‍ ഫൗണ്ടേഷന്‍‍ ജൂലായ് 12 തിങ്കളാഴ്ച വൈകീട്ട് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ സ്മൃതിസായാഹ്നം സംഘടിപ്പിച്ചു.

വൈകീട്ട് 4ന് 'ആ മനുഷ്യന്‍ സി.ജെ.തന്നെ' സ്മൃതിചര്‍ച്ച പരിപാടി മന്ത്രി ജോസ് തെറ്റയില്‍ ഉദ്ഘാടനം ചെയ്തു. ചെമ്മനം ചാക്കോ അധ്യക്ഷതവഹിച്ചു. എ.സി. ജോസ്, പ്രൊഫ. ചന്ദ്രദാസന്‍ എന്നിവര്‍ സംസാരിച്ചു.


6 മണിക്ക് സി.ജെ.തോമസ്- ഒരു പുനര്‍വായന സ്മൃതിസന്ധ്യ സി.ജെ.യുടെ ശിഷ്യന്‍ കൂടിയായ കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്തു. എം.കെ.സാനുവാണു് അധ്യക്ഷതവഹിച്ചതു്. ലോകത്ത് ഇടതുപക്ഷ ചിന്താഗതികള്‍ വളരുന്നുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി അഭിപ്രായപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നാല്‍ സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായാണ് ജനങ്ങള്‍ കാണുന്നത്. അതുകൊണ്ടുതന്നെ മനുഷ്യമുഖം നഷ്ടപ്പെട്ടുപോയ ഒരു പ്രസ്ഥാനമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാറിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയകാര്യങ്ങളില്‍ ദീര്‍ഘദൃഷ്ടിയായിരുന്ന സി.ജെ. തോമസ് ഇതെല്ലാം മുന്‍കൂട്ടി കണ്ടിരുന്നതായും അദ്ദേഹത്തിന്റെ രാഷ്ട്രീയവീക്ഷണം വളരെ ശരിയായിരുന്നെന്നും വയലാര്‍ രവി പറഞ്ഞു.

ദാരിദ്ര്യം, ചൂഷണം എന്നിവ നിലനില്‍ക്കുന്നിടത്തോളം ഇടതുപക്ഷ ചിന്തകള്‍ക്കു പ്രാധാന്യമുണ്ട്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും ഇടതുപക്ഷ പ്രാമുഖ്യമുള്ള പാര്‍ട്ടികള്‍ അധികാരത്തില്‍ വരുന്നത് ഇതിനു തെളിവാണ്. സി.ജെ. തോമസിന്‍െറ പല രാഷ്ട്രീയ വീക്ഷണങ്ങളും ശരിയാണെന്നു കാലം തെളിയിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് വിരുദ്ധനല്ലെങ്കിലും കമ്യൂണിസ്റ്റ് ആശയങ്ങളോട് വിയോജിപ്പുണ്ടായിരുന്ന ആളായിരുന്നു സിജെ. വിദ്യാര്‍ഥിയായിരുന്നപ്പോഴായിരുന്നു സിജെയുമായി കൂടുതല്‍ ഇടപഴകാനും അദ്ദേഹത്തെ അറിയാനും കഴിഞ്ഞത്. തന്‍െറ രാഷ്ട്രീയ ജീവിതത്തില്‍ സിജെയുടെ ചിന്തകള്‍ പ്രയോജനമായിട്ടുണ്ടെന്നും വയലാര്‍ രവി കൂട്ടിച്ചേര്‍ത്തു.

വിപ്ലവകാരിയുടെ ചിന്ത, നിഷേധിത്വം ഇതെല്ലാം സി.ജെ.യുടെ കൃതികളില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നും എല്ലാ മേഖലകളിലും അദ്ദേഹത്തിനുണ്ടായിരുന്ന ദീര്‍ഘവീക്ഷണം സമൂഹത്തിന് ഉദാത്ത മാതൃകയാണെന്നും വയലാര്‍ രവി അനുസ്മരിച്ചു.

സി.ജെ.യുടെ അനന്തമായ സൃഷ്ടിയും അനനുകരണീയമായ ശൈലിയും എക്കാലത്തും സ്മരിക്കപ്പെടുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രൊഫ. എം.കെ. സാനു അഭിപ്രായപ്പെട്ടു. രാജാരവിവര്‍മ പുരസ്‌കാരം നേടിയ സി.എന്‍.കരുണാകരനെ ചടങ്ങില്‍ ആദരിച്ചു. പി.ജെ. ചെറിയാന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സ്നേഹസൂചകം വയലാര്‍ രവി ചിത്രകാരന്‍ സി.എന്‍. കരുണാകരനു നല്‍കി. സി.ജെ.രചനകളുടെ വായനാവതരണവും ഉണ്ടായിരുന്നു.

സംസ്കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍, പ്രൊഫ.എം. തോമസ് മാത്യു, ജോണ്‍പോള്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്. സിജെയുടെ മകള്‍ ബീന എംസണ്‍, കെ.എം. റോയി, അജയ് തറയില്‍, ലിനോ ജേക്കബ്, ആര്‍ട്ടിസ്റ്റ് കലാധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

.ചിത്രം മാതൃഭൂമിയില്‍ നിന്നു്
.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

^ ^