പേജുകള്‍‌

20100715

സി.ജെ.യുടെത് പ്രവാചക തുല്യമായ മനസ്സ്-അഴീക്കോട്

തൃശ്ശിവപേരൂര്‍: പ്രവാചക തുല്യമായ മനസ്സിനു് ഉടമയായിരുന്നു സി.ജെ. തോമസ്നെന്നു് ഡോ. സുകുമാര്‍ അഴീക്കോട് പറഞ്ഞു. മലയാളത്തിലെ മൗലിക പ്രതിഭകളില്‍ ഒരാളായ സി.ജെ. തോമസിന്റെ അമ്പതാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായി സംഗീത നാടക അക്കാദമി ജൂലയ്14നു് സംഘടിപ്പിച്ച സ്മൃതിവന്ദനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാടകത്തില്‍ ജയിച്ചവനും ജീവിതത്തില്‍ തോറ്റവനുമായി അറിയപ്പെട്ടയാളാണ് സി.ജെ. പക്ഷേ ജീവിതത്തില്‍ വിജയിച്ചവരെ അര നൂറ്റാണ്ടിനുശേഷവും സി.ജെ.യിലെ സാഹിത്യകാരന്‍ അതിജീവിക്കുകയാണ്. പ്രയോഗികതയും ആദര്‍ശവും തമ്മില്‍ ഒരു അതിര്‍വരമ്പ് അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. നാടകത്തിലെ സംഘട്ടനം ആ മനസ്സിലുമുണ്ട്. വിമോചന സമരത്തെ അനുകൂലിച്ചെഴുതിയ വിഷവൃക്ഷം എന്ന നാടകം അദ്ദേഹത്തിന്റെ പരാജയമായിരുന്നു. അതില്‍ പ്രവാചകനേക്കാള്‍ പ്രചാരവേലക്കാരന്‍ നിറഞ്ഞു നിന്നു. അത് അദ്ദേഹത്തിന് മനസ്സിലായി. ആ ക്ഷോഭവും മോഹഭംഗവും അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ച സംഗതികളാണെന്ന് പി.കെ. ബാലകൃഷ്ണനും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്-അഴീക്കോട് ചൂണ്ടിക്കാട്ടി.

പഴയ തലമുറയുടെ റോള്‍ മോഡലായിരുന്നു സി.ജെ.യെന്ന് തിരക്കഥാകൃത്ത് ജോണ്‍പോള്‍ ഓര്‍മിച്ചു. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ചലച്ചിത്ര തിരക്കഥയുടെ രചയിതാവും സി.ജെ. ആയിരുന്നു. കൈനിക്കര പത്മനാഭപിള്ളയുടെ 'കാല്‍വരിയലെ കല്പപാദപം' എന്ന നാടകത്തെ ആസ്പദമാക്കി സി.ജെ. രചിച്ചതാണ് സ്വതന്ത്ര തിരക്കഥ. നീലക്കുയിലിനും ന്യൂസ്‌പേപ്പര്‍ ബോയിക്കും മുമ്പായിരുന്നു അത്. ഉന്നതമായ ദൃശ്യബോധം അതിലുണ്ട്. യേശുവിന്റെ അന്ത്യകാലമായിരുന്നു പ്രമേയം. യൂദാസ് കയറിനുപകരം തൂലിക എടുത്തിരുന്നെങ്കില്‍ ശ്രേഷ്ഠമായ സുവിശേഷം ലഭിക്കുമായിരുന്നു എന്ന വിപ്ലവകരമായ ഒരു സന്ദേശം അതില്‍ സി.ജെ. നല്‍കിയിരുന്നു. എന്നാല്‍ അത് ചലച്ചിത്രമാക്കാന്‍ പറ്റാതെയാണ് അദ്ദേഹം മരിച്ചത്-ജോണ്‍പോള്‍ പറഞ്ഞു.

അക്കാദമി വൈസ് ചെയര്‍മാന്‍ കെ.എം. രാഘവന്‍ നമ്പ്യാര്‍ അധ്യക്ഷനായി. ഡോ. സി.കെ. തോമസ്, ഡോ. എസ്.പി. രമേശ്, ടി.എം. അബ്രഹാം, ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ്, സി.ജെ.യുടെ മകള്‍ ബീന എംസന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി രാവുണ്ണി സ്വാഗതവും കെ.വി. ശ്രീജ നന്ദിയും പറഞ്ഞു.


മാതൃഭൂമിയില്‍ നിന്നു്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

^ ^