പേജുകള്‍‌

20101217

വി. രാജകൃഷ്‌ണനു് ഫാ. ഏബ്രാഹം വടക്കേല്‍ പുരസ്‌കാരം

വി. രാജകൃഷ്‌ണൻ


കൂത്താട്ടുകുളം: റവ.ഡോ. ഏബ്രഹാം വടക്കേലിന്റെ സ്‌മരണയ്‌ക്കായി സി.ജെ സ്‌മാരകപ്രസംഗസമിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിനു് സാഹിത്യ നിരൂപകനായ വി. രാജകൃഷ്‌ണൻ അര്‍ഹനായി. `മറുതിര കാത്തുനിന്നപ്പോള്‍' എന്ന പുസ്‌തകമാണു് രാജകൃഷ്‌ണനെ അവാര്‍ഡിനര്‍ഹനാക്കിയതു്.

മലയാള സാഹിത്യത്തില്‍ നിന്നും യൂറോപ്യന്‍ സാഹിത്യത്തില്‍ നിന്നും ഉദാഹരണങ്ങളും മാതൃകകളും നിരത്തിക്കൊണ്ടു് നോവല്‍ സാഹിത്യത്തിന്റെ ഭിന്നമുഖങ്ങള്‍ അപഗ്രഥിക്കുന്ന ഈ സൗന്ദര്യശാസ്‌ത്ര പഠനഗ്രന്ഥം പ്രഫ. എം.കെ സാനു, പ്രഫ.എം തോമസ്‌ മാത്യു, പ്രഫ. പി.വി കൃഷ്‌ണന്‍നായര്‍ എന്നിവരുള്‍പ്പെട്ട ജഡ്‌ജിംഗ്‌ കമ്മിറ്റിയാണ്‌ അവാര്‍ഡിനായി തെരഞ്ഞെടുത്തത്‌. 2011 ജനുവരി 8-നു് കൂത്താട്ടുകുളം സി.ജെ സ്‌മാരകമന്ദിരത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിയ്ക്കും.

ആധുനിക സാഹിത്യത്തില്‍ പേരെടുത്ത വിമര്‍ശകരില്‍ പ്രതിഭയുടെ മിന്നലാട്ടം കൊണ്ടു് പ്രസിദ്ധനാണു് വി.രാജകൃഷ്‌ണനെന്നും സാഹിത്യ വിമര്‍ശനത്തെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്കാണു് രാജകൃഷ്‌ണനുള്ളതെന്നും പ്രഫ.എം തോമസ്‌ മാത്യു ഈയിടെ അഭിപ്രായപ്പെട്ടിരുന്നു..

20101109

സി.ജെ. സഹിഷ്ണുതയുടെ മൂര്‍ത്തീഭാവം-എം.കെ. സാനു

തൃശ്ശൂര്‍, ഒക്ടോ.31: സഹിഷ്ണുതയുടെ മൂര്‍ത്തീഭാവമായിരുന്നു സി.ജെ. തോമസ്സെന്ന് എം.കെ. സാനു പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാദമിയും തൃശ്ശൂര്‍ ദൂരദര്‍ശന്‍ കേന്ദ്രവും കേരള സാഹിത്യ അക്കാദമിയും കേരള നാട്യവേദിയും ചേര്‍ന്ന് സംഘടിപ്പിച്ച സി.ജെ. തോമസ് അനുസ്മരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം. തോമസ്മാത്യു, ടി.എം. ഏബ്രഹാം, ജോണ്‍പോള്‍, എസ്.പി. രമേഷ്, ബീനാ എംസണ്‍, കെ.ജി. പൗലോസ്, സി.കെ. തോമസ്, കെ.എസ്. രാധാകൃഷ്ണന്‍, ജെ. പൊന്നുദുരെ, പുരുഷന്‍ കടലുണ്ടി എന്നിവര്‍ പ്രസംഗിച്ചു.

20100812

സി ജെ തോമസിന്റെ അപ്രകാശിത തിരക്കഥ പ്രകാശനം ചെയ്‌തു: കാല്‍വരിയിലെ കല്പപാദപം

കോട്ടയം, ജൂലൈ 29: സിനിമ അപ്രധാനമായിരുന്ന കാലത്ത്‌ സി ജെ തോമസിനെപ്പോലെ മികച്ച ഒരാള്‍ തിരക്കഥ എഴുതി എന്നത്‌ അദ്‌ഭുതപ്പെടുത്തുന്നുവെന്ന്‌ പ്രശസ്‌ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍ പറഞ്ഞു. പ്രമുഖ നാടകകൃത്ത്‌ സി ജെ തോമസിന്റെ അപ്രകാശിത തിരക്കഥ കാല്‍വരിയിലെ കല്പപാപാദപത്തിന്റെ പ്രകാശനം ഡി.സി ബുക്‌സ്‌ ഓഡിറ്റേറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സിനിമാ വളരാത്ത ആകാലഘട്ടത്തിലും സി ജെ സിനിമയെ ഗൗരവമായി കണ്ടിരുന്നുവെന്നാണ്‌ ഇന്ന്‌ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. വായനക്കാരെ കണ്ടെത്താം എന്ന്‌ വിശ്വാസമില്ലാതിരുന്ന കാലത്ത്‌ ഒരു സംവിധായകന്റെ വീക്ഷണകോണിലൂടെയാണു് സി ജെ തിരക്കഥാ രചന നിര്‍വഹിച്ചിരിക്കുന്നത്‌. സിനിമയാക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ കാലഘട്ടത്തിലെ മികച്ച ചിത്രമായി അത്‌ മാറിയേനെ എന്നും അടൂര്‍ അനുസ്‌മരിച്ചു.

കൈനിക്കര പത്മനാഭപിള്ളയുടെ കാല്‍വരിയിലെ കല്പപാദപം എന്ന നാടകമാണ്‌ സി ജെ തിരക്കഥയാക്കിയത്‌. സി ജെ മരിച്ചതിന്റെ അറുപതാം വാര്‍‍ഷികത്തോടനുബന്ധിച്ചാണു് പ്രമുഖ തിരക്കഥാകൃത്തു് ജോണ്‍ പോള്‍ എഡിറ്റ് ചെയ്തു് ഡി.സി ബുക്‌സിനെ ക്കൊണ്ടു് പ്രസിദ്ധീകരിപ്പിച്ചിയ്ക്കുന്നതു്. പുസ്‌തകത്തിനു് 85 രൂപയാണു് വില.

പുസ്‌തകം സി ജെയുടെ മകള്‍ ബീന എംസണ്‍ ഏറ്റുവാങ്ങി. ഡി സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തോമസ്‌ ജേക്കബ്‌ അധ്യക്ഷത വഹിച്ചു.

20100726

സിജെയുടെ നിരീക്ഷണം ഇന്നും നിലനില്‍ക്കുന്നു-സക്കറിയ

കൂത്താട്ടുകുളം ജൂലൈ 25: രാഷ്ട്രീയ, മത, സാമുദായികവിഷയങ്ങളില്‍ സിജെയുടെ നിരീക്ഷണം 65 വര്‍ഷം മുന്‍പത്തേതുപോലെ ഇന്നും നിലനില്‍ക്കുന്നുവെന്നത് നടുക്കം ഉളവാക്കുന്നതാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ സക്കറിയ പറഞ്ഞു. മതേതരത്വം, മാനവികത, ശാസ്ത്രീയസമീപനം, ബൗദ്ധികമായ ആധുനികത എല്ലാം ഇന്ന് അവസാനിപ്പിച്ചിരിക്കുകയാണ്.

ആള്‍ദൈവങ്ങള്‍ കേരളസമൂഹത്തിന്റെ നടുനായകരായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നുവെന്ന് സക്കറിയ പറഞ്ഞു. കൂത്താട്ടുകുളത്ത് സംഘടിപ്പിച്ച സി.ജെ. അനുസ്മരണസമ്മേളനം സക്കറിയ ഉദ്ഘാടനംചെയ്തു. പ്രൊഫ. എം. അച്യുതന്‍ അധ്യക്ഷനായി. കരിവെള്ളൂര്‍ മുരളി, ടി.എം. എബ്രഹാം, പ്രൊഫ. എം. തോമസ്മാത്യു, എം.വി. ബന്നി, ജോസ് കരിമ്പന എന്നിവര്‍ പ്രസംഗിച്ചു.

'എഴുത്തുകാരന്റെ സ്വാതന്ത്ര്യം' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറില്‍ പ്രൊഫ. എം. തോമസ് മാത്യു അധ്യക്ഷനായി. എസ്. രമേശന്‍, ബാബു കുഴിമറ്റം, പി.എം. ആന്റണി, ഷാജി ജേക്കബ്, പി. സുരേന്ദ്രന്‍, ഡോ. മ്യൂസ് മേരി ജോര്‍ജ്, എന്‍.കെ. ലത്തീഫ്, പി.കെ. ബാലകൃഷ്ണപിള്ള എന്നിവര്‍ പ്രസംഗിച്ചു.

പുസ്തകപ്രകാശനവും സമാപനസമ്മേളനവും സി. രാധാകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. ഡോ. കെ.ജി. പൗലോസ് അധ്യക്ഷനായി. ഡോ. ജോര്‍ജ് ഓണക്കൂര്‍ രചിച്ച സി.ജെ.യുടെ ജീവചരിത്രം 'മണല്‍ക്കാറ്റിന്റെ ശബ്ദം' എം.കെ. മാധവന്‍നായര്‍ പ്രകാശനംചെയ്തു. നാടകം ഒരു പഠനം, ഈഡിപ്പസ് എന്നീ കൃതികളുടെ പ്രകാശനവും ഇതോടൊപ്പം നടന്നു. ഡോ. ജോര്‍ജ് ഓണക്കൂര്‍, ബീന എംസണ്‍, പ്രൊഫ. എന്‍.ഐ. ഏബ്രഹാം, എം.വി. ബന്നി എന്നിവര്‍ പ്രസംഗിച്ചു.

സക്കറിയയുടെ പ്രസംഗം






20100722

സി.ജെ. തോമസ്

.

മലയാളഭാഷയിലെ പ്രമുഖ നാടകകൃത്തും സാഹിത്യ നിരൂപകനുമായിരുന്നു സി.ജെ. തോമസ് (1918 - 1960) എന്നറിയപ്പെടുന്ന ചൊള്ളമ്പേല്‍ യോഹന്നാന്‍ തോമസ്. മലയാള നാടകസാഹിത്യത്തെ ആധുനിക ഘട്ടത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു് വഹിച്ച ഈ സാഹിത്യ പ്രതിഭ, പത്രപ്രവര്‍ത്തകന്‍, ചിത്രകാരന്‍ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു.

കേരളത്തിലെ സ്വതന്ത്ര ചിന്തകരുടെ മുന്‍‍നിരയില്‍ സ്ഥാനമുറപ്പിച്ചിരുന്ന ധിഷണയുടെ ഹിമഗിരിശൃംഗമായിരു‍ന്നു സിജെയെന്നാണു് സുകുമാര്‍ അഴീക്കോടു് അഭിപ്രായപ്പെട്ടിട്ടുള്ളതു്.

1918 –ല്‍ കൂത്താട്ടുകുളത്തെ പ്രമുഖ ക്രിസ്തീയ വൈദീകന്റെ മകനായി ജനിച്ച സിജെ വൈദിക വിദ്യാര്‍ത്ഥിയായിരിയ്ക്കുന്ന സമയത്തു് ളോഹ ഉപേക്ഷിച്ചു് തിരിച്ചുപോന്നു് വിപ്ലവം സൃഷ്ടിച്ചു. രണ്ട് വര്‍ഷക്കാലം വടകര സെന്റ് ജോണ്‍സ് ഹൈസ്കൂളിലും തുടര്‍‍ന്നു് എം. പി. പോള്‍സ് കോളേജിലും അധ്യാപകനായി ജോലിനോക്കിയിരുന്ന അദ്ദേഹം പിന്നീടു് അവസാനം വരെ പത്രപ്രവര്‍‍ത്തനരംഗത്തു് സജീവമായിരുന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, ആകാശവാണി, ദക്ഷിണഭാഷാ ബുക്ക് ട്രസ്റ്റ് എന്നിവയിലും പ്രവര്‍‍ത്തിച്ചു.

സാഹിത്യ പ്രവര്‍ത്തക സഹകരണസംഘംവക പുസ്തകങ്ങളുടെ പുറംചട്ടകള്‍ക്ക് അത്യധികം ആകര്‍ഷകങ്ങളായ ചിത്രങ്ങള്‍ വരച്ചു് മലയാള പുസ്തകങ്ങളുടെ പുറംചട്ട രൂപകല്പനയുടെ രംഗത്തു് മാറ്റങ്ങളുടെ തുടക്കം കുറിച്ചതു് സിജെയാണു്.

പ്രസിദ്ധ സാഹിത്യകാരനായിരുന്ന എം.പി. പോളിന്റെ (1904- 1952) മൂത്ത പുത്രി റോസിയെയാണു് വിവാഹം ചെയ്തതു്. റോസി തോമസ് സിജെയുടെ മരണശേഷം അറിയപ്പെടുന്ന സാഹിത്യകാരിയായി.

പ്രശസ്ത കവയത്രി മേരി ജോണ്‍ കൂത്താട്ടുകുളം സി.ജെ. തോമസിന്റെ മുത്ത സഹോദരിയാണു്. 1960 ജൂലൈ 14-ന്‌ 42-ആം വയസ്സില്‍ സി.ജെ. കഥാവശേഷനായി.

ആദ്യകാലജീവിതം

സി.ജെ. തോമസ് 1918 നവംബര്‍ 14-ആം തീയതി കൂത്താട്ടുകുളത്തു് വടകര യോഹന്നാന്‍ മാംദാന ഓര്‍‍ത്തഡോക്സ് സുറിയാനി പള്ളിവികാരി ചൊള്ളമ്പേല്‍ യോഹന്നാന്‍ കോര്‍ എപ്പിസ്ക്കോപ്പയുടെയും (1870-1951) ഭാര്യ പുത്തന്‍‍കുരിശ് ഏഴക്കരനാട്ടെ അന്നമ്മയുടേയും ഏഴു് മക്കളില്‍ ഇളയമകനായി ജനിച്ചു. ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മകനെ ഒരു വൈദികനാക്കാന്‍ ആഗ്രഹിച്ച മാതാപിതാക്കള്‍ ഒരു വൈദിക വിദ്യാര്‍ത്ഥിയായി കോട്ടയം സി.എം.എസ്. കോളേജില്‍ അയച്ചു. ചെമ്മാച്ചനായിരുന്ന സി. ജെ താമസിയാതെതന്നെ ളോഹ വലിച്ച് കീറി ഒരു വിപ്ളവകാരിയായി തിരിച്ചുപോന്നു.

വിദ്യാഭ്യാസം

ആദ്യകാല വിദ്യാഭ്യാസം കൂത്താട്ടുകുളത്തും വടകരയിലുമായിരുന്നു. ഇന്റര്‍മീഡിയറ്റിനു് കോട്ടയം സി.എം.എസ്. കോളജില്‍ ചേര്‍ന്നു. ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നു ബി.എ. ബിരുദവും, തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് 1943-ല്‍‍ നിയമബിരുദവും നേടി. മാര്‍ത്താണ്ഡം ഗ്രാമോദ്ധാരണകേന്ദ്രത്തില്‍ ചേര്‍ന്ന് ഒരു കൊല്ലത്തെ പരിശീലനവും പൂര്‍ത്തിയാക്കി.

ലോ കോളേജിലെ വിദ്യാഭ്യാസജീവിതത്തിനിടയ്ക്കു് സി.ജെ. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. വിദ്യാര്‍ത്ഥി ഫെഡറേഷന്‍ പ്രവര്‍ത്തനത്തിലൂടെ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തി. നാലഞ്ചു് വര്‍ഷത്തോളം ആ രംഗത്തു് സജീവമായി പ്രവര്‍ത്തിച്ചു. തന്റെ വിശ്വാസങ്ങളും ആദര്‍ശങ്ങളും പാര്‍ട്ടി പ്രവര്‍ത്തനവുമായി പൊരുത്തപ്പെടുകയില്ലെന്നു് ബോധ്യമായപ്പോള്‍ പാര്‍ട്ടിയില്‍ നിന്നു് പുറത്തു്പോന്നു. അതിനു്ശേഷം ഒരു പാര്‍ട്ടിയുടേയും വക്താവായിട്ടില്ല.


വടകര സെന്റ് ജോണ്‍സ് ഹൈസ്കൂളിലും, പ്രസിദ്ധ സാഹിത്യകാരനായിരുന്ന എം.പി. പോളിന്റെ എം.പി. പോള്‍സ് ട്യൂട്ടേറിയല്‍ കോളേജിലും അദ്ധ്യാപകനായി ജോലി നോക്കി.

വിവാഹം

എം.പി. പോളിന്റെ ട്യൂട്ടോറിയല്‍ കോളെജില്‍ (പോള്‍സ്‌ കോളേജില്‍) ഇംഗ്ലീഷ്‌ അധ്യാപകനായി എത്തിയകാലത്തു് (1945) സി. ജെ. തോമസ്, എം.പി. പോളിന്റെ മൂത്തപുത്രിയായ റോസിയുമായി പ്രണയത്തിലായി.

റോസിയുടെയും സി.ജെ.യുടെയും പ്രണയത്തോട്‌ പുരോഗമന സാഹിത്യപ്രസ്‌ഥാനത്തിന്റെ നായകനായിരുന്നെങ്കിലും എം.പി. പോളിന്‌ യോജിപ്പുണ്ടായിരുന്നില്ല. എതിര്‍പ്പുകളുടെ നാളുകള്‍ക്കൊടുവില്‍ സി.ജെ. സഭമാറണമെന്ന വ്യവസ്ഥയിലാണു് എം.പി. പോള്‍ അവരുടെ വിവാഹത്തിനു് സമ്മതം നല്കിയതു്. 1951 ജനുവരി 18-നായിരുന്നു ഇവരുടെ വിവാഹം.

വിവാഹത്തിനു് ശേഷം കുറെക്കാലം ഇവര്‍ കൂത്താട്ടുകുളത്തെ ചൊള്ളമ്പേല്‍ വീട്ടില്‍ താമസിച്ചു. വിവാഹത്തിന്റെ പിറ്റേ മാസം അതായതു് 1951ഫെ 21-നു് സിജെയുടെ പിതാവായ ചൊള്ളമ്പേല്‍ യോഹന്നാന്‍ കോര്‍ എപ്പിസ്ക്കോപ്പ (1870-1951) മരണമടഞ്ഞു. ഒന്നര വര്‍ഷത്തിനു് ശേഷം എം പി പോളും മരിച്ചു.

സാഹിത്യരംഗത്തു്

എം. പി. പോള്‍സ് കോളേജില്‍ അദ്ധ്യാപകനായിരുന്ന കാലഘട്ടത്തിലാണു് സി.ജെ. സാഹിത്യരംഗത്തു് പ്രത്യക്ഷപ്പെടുന്നതു്. പ്രൊഫസര്‍ എം. പി പോളുമായുള്ള ബന്ധവും അദ്ദേഹത്തിന്റെ പ്രോത്സാഹനവും സി.ജെ.യെ ഗുണകരമായി സ്വാധീനിച്ചു. ഏതു്കാര്യവും മൌലികമായും വിദഗ്ദ്ധമായും അവതരിപ്പിയ്ക്കുവാന്‍ അപാരമായ കഴിവുണ്ടായിരുന്നു സി.ജെ.യ്ക്കു്.

അവന്‍ വീണ്ടും വരുന്നു എന്ന നാടകം 1949-ല്‍ പ്രസിദ്ധീകരിച്ചു. പ്രാചീന യവന നാടകങ്ങളുടെ സ്വാധീനം ഈ കൃതിയില്‍ പ്രകടമാണു്. കേരള സാഹിത്യ അക്കാദമി ഈ കൃതിയുടെ ആംഗല പരിഭാഷ 1979-ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

1950-ല്‍ പ്രസിദ്ധീകരിച്ച ഉയരുന്ന യവനിക എന്ന ലേഖനസമാഹാരം നാടകരചന, അവതരണം, സംവിധാനം തുടങ്ങിയ വിവിധ ഘടകങ്ങളെക്കുറിച്ചു് പ്രതിപാദിക്കുന്നു . മലയാള നാടകപ്രസ്ഥാനത്തിന്റെ വേരുകള്‍, നാടകവും ഇതര കലകളും, മലയാളത്തിലെ രാഷ്ട്രീയ നാടകങ്ങള്‍, ഭാഷയിലെ ഇബ്സന്‍ പ്രസ്ഥാനം, രംഗസംവിധാനം, കാഴ്ചക്കാര്‍ തുടങ്ങിയവയാണ് ഈ കൃതിയിലെ ചര്‍ച്ചാവിഷയങ്ങള്‍.

1953-ല്‍ പ്രസിദ്ധീകരിച്ച ഇവന്‍ എന്റെ പ്രിയ പുത്രന്‍ എന്നകൃതി പതിനഞ്ച് ഉപന്യാസങ്ങളുടെ  സമാഹാരമാണു്. 'വേഷവും സദാചാരവും', 'കുറുക്കുവഴികള്‍', 'എ. ബാലകൃഷ്ണപിള്ള എന്തു ചെയ്തു?', 'എന്റെ ചങ്ങമ്പുഴ' തുടങ്ങിയ ഉപന്യാസങ്ങളാണു് ഇതില്‍.

ഇബ്സനുശേഷം പാശ്ചാത്യ നാടകരംഗത്തുണ്ടായ മാറ്റങ്ങള്‍ സി.ജെ. തോമസ് ഉള്‍ക്കൊണ്ടു. മൊണ്ടാഷിന്റെ സൗന്ദര്യശാസ്ത്രവും എക്സ്പ്രഷനിസ്റ്റ് ദര്‍ശനവും സ്വാംശീകരിച്ച നാടകങ്ങള്‍ സി.ജെ.യാണ് മലയാളത്തില്‍ അവതരിപ്പിച്ചുതുടങ്ങിയതു്.

മതവും കമ്യൂണിസവും, അവന്‍ വീണ്ടും വരുന്നു, 1128-ല്‍ ക്രൈം 27, ഉയരുന്ന യവനിക, ആ മനുഷ്യന്‍ നീ തന്നെ, വിലയിരുത്തല്‍, ശലോമി, വിഷവൃക്ഷം, ആന്റിഗണി, കീടജന്മം, ലിസിസ്ട്രാറ്റ, ഈഡിപ്പസ്, പിശുക്കന്റെ കല്യാണം, ഇവനെന്റെ പ്രിയപുത്രന്‍, ധിക്കാരിയുടെ കാതല്‍, മനുഷ്യന്റെ വളര്‍ച്ച, ജനുവരി 9, രണ്ടു ചൈനയില്‍, നട്ടുച്ചയ്ക്കിരുട്ട് മുതലായവ തോമസിന്റെ ശ്രദ്ധേയമായ കൃതികളാണു്.

പത്രപ്രവര്‍ത്തനം


വിവാഹശേഷം ആകാശവാണി(ആള്‍ ഇന്ത്യാ റേഡിയോ)യുടെ തിരുവന്തപുരം നിലയത്തില്‍ കുറച്ചുകാലം പ്രൊഡ്യൂസറായി ജോലി ചെയ്തു. അതു രാജിവച്ചശേഷം മദിരാശിയില്‍ ദക്ഷിണഭാഷാ ഗ്രന്ഥമണ്ഡലത്തിന്റെ പ്രൊഡക്ഷന്‍ ആഫീസറായി നിയമിതനായി. ഒരു വര്‍ഷത്തിനുശേഷം അതും ഉപേക്ഷിച്ചു. സി.ജെ എവിടെ ജോലിയില്‍ പ്രവേശിക്കുമ്പോഴും ഒരു രാജിക്കത്ത് എഴുതി കീശയില്‍ സൂക്ഷിയ്ക്കുവാന്‍ മറക്കാറില്ല. ആഭിപ്രായവ്യത്യാസം തോന്നുന്ന ആദ്യ സന്ദര്‍ഭത്തില്‍ത്തന്നെ അത് പ്രയോഗിയ്ക്കാന്‍ ശ്രദ്ധിയ്ക്കുകയും ചെയ്തിരുന്നു.

കോട്ടയം സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ പ്രാരംഭകാലം മുതല്‍ അതിന്റെ വളര്‍ച്ചയ്ക്കും പുരോഗതിയ്ക്കും വേണ്ടി സി.ജെ. വളരെയധികം പ്രവര്‍ത്തിച്ചിട്ടുണ്ടു്. എന്‍.ബി.എസ്സിന്റെ എംബ്ലം അരയന്നത്തിന്റെ മാതൃകയില്‍ രൂപകല്പന ചെയ്തത് സി.ജെ.യെന്നചിത്രകാരനായ പ്രതിഭാശാലിയാണ്. മലയാളഗ്രന്ഥങ്ങള്‍ക്ക് ഇന്നു കാണുന്നവിധം മനോജ്ഞമായ മുഖഛായ നല്‍കിയതിനു പിന്നില്‍ സി.ജെ. യുടെ ഭാവനയും കഴിവും നല്ലപോലെ പണിയെടുത്തിട്ടുണ്ട്.


കഥ, ചിത്രോദയം, പ്രസന്നകേരളം, നവസാഹിതി, ഡെമോക്രാറ്റ് തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതിയില്‍ മുഖ്യസ്ഥാനം വഹിച്ചിട്ടുണ്ട്. ദീനബന്ധു, വീക്കിലി കേരള, ഡെമോക്രാറ്റ് തിയ്യേറ്റേഴ്സ്, വോയ്സ് ഓഫ് കേരള എന്നിവയുടെ അണിയറയിലും സി.ജെ.യുടെ വിദഗ്ദ്ധഹസ്തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു.


എറണാകുളത്തെ ഡെമോക്രാറ്റ് പബ്ളിക്കേഷന്‍സായിരുന്നു, സി.ജെ.യുടെ അവസാനകാല പ്രവര്‍ത്തനമണ്ഡലം.
1959-ല്‍ വിമോചനസമരത്തിന്റെയൊപ്പം സിജെ നിലയുറപ്പിച്ചിരുന്നു. ജനാധിപത്യ വാദിയായ സി.ജെ. സത്യത്തിനും നീതിക്കും എതിരായ എല്ലാ പ്രവണതകള്‍ക്കുമെതിരെ പ്രതിഷേധശബ്ദമുയര്‍ത്തി. കക്ഷിരാഷ്ട്രീയത്തിനതിതമായി ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും കഴിഞ്ഞ വലിയ മനുഷ്യനായിരുന്നു സി.ജെ. സ്വന്തം ചിന്തകള്‍ക്കും , നിരീക്ഷണങ്ങള്‍ക്കും , നിഗമനങ്ങള്‍ക്കും അതീതമായി മറ്റൊന്നിനേയും അനുസരിക്കുവാന്‍ തയ്യാറാകാതിരുന്നതുകൊണ്ടുതന്നെ ഏറെ വിമര്‍ശനങ്ങള്‍ക്കു വിധേയനായിട്ടുമുണ്ടു്.

നാല്പത്തിരണ്ടാമത്തെ വയസ്സില്‍ കഠിനരോഗിയായി വെല്ലൂരിലെത്തിയ തോമസ് 1960 ജൂലയ് 14-ാം തീയതി അന്തരിച്ചു. മസ്തിഷ്കാർബുദമായിരുന്നു രോഗം. ഇദ്ദേഹത്തിന്റെ മരണാനന്തരം ഭാര്യ റോസി തോമസ് ഇവന്‍ എന്റെ പ്രിയ സി.ജെ. എന്ന പേരില്‍ ആത്മകഥാപരമായ ഒരു കൃതി പ്രസിദ്ധീകരിക്കുകയുണ്ടായി. 42 വര്‍ഷത്തെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാനകാലഘട്ടത്തില്‍ നാലുവര്‍ഷത്തെ കാമുകിയും ഒമ്പതുവര്‍ഷത്തെ ഭാര്യയുമായി താന്‍ കഴിഞ്ഞുവെന്നാണു് റോസി എഴുതിയതു്.


ഈ ധിക്കാരിയുടെ ശബ്ദം നിലച്ചപ്പോള്‍ മഹാകവി ജി.ശങ്കരക്കുറുപ്പ് വിലപിച്ചതിങ്ങനെയാണു്: "സാഹിത്യത്തിലെ ധീരവും സ്വതന്ത്രവുമായ ശബ്ദമായിരുന്നു സി.ജെ. തോമസ് .ആ ശബ്ദം അപഥ സഞ്ചാരികളെ നടുക്കിയിട്ടുണ്ട്, വിലക്കിയിട്ടുണ്ട്. അത് നിത്യനിശ്ശബ്ദതയില്‍ ലയിച്ചുപോയെന്നറിയുമ്പോള്‍ ആരാണ് വിഷാദിക്കാതിരിക്കുക."

കൃതികള്‍

1948 മുതല്‍ക്കാണ് സി.ജെയുടെ കൃതികള്‍ പ്രസിദ്ധീകൃതമാകുന്നത്.

സ്വന്തം രചനകകള്‍


  1. സോഷ്യലിസം (1948 ജൂണ്‍ )
  2. മതവും കമ്യൂണിസവും (1948 ജൂലൈ )
  3. അവന്‍ വീണ്ടും വരുന്നു (1949 ആഗസ്റ്റ് )
  4. ഉയരുന്ന യവനിക (1950 ഒക്ടോബര്‍ )
  5. വിലയിരുത്തല്‍ (1951 സെപ്തംബര്‍)
  6. ഇവനെന്റെ പ്രിയ പുത്രന്‍ (1953 ഏപ്രില്‍ )
  7. 1128 -ല്‍ ക്രൈം 27 (1954 ജനുവരി)
  8. ശലോമി (1954 സെപ്തംബര്‍)
  9. ആ മനുഷ്യന്‍ നീ തന്നെ (1955 മെയ്)
  10. ധിക്കാരിയുടെ കാതല്‍ (1955 മെയ്)
  11. മനുഷ്യന്റെ വളര്‍ച്ച (1960 ഏപ്രില്‍)
  12. പിശുക്കന്റെ കല്യാണം (1960 ആഗസ്റ്റ്)
  13. വിഷവൃക്ഷം (1960 ആഗസ്റ്റ്)
  14. സി.ജെ.വിചാരവും വീക്ഷണവും(1985)
  15. അന്വേഷണങ്ങള്‍(2004 ജൂലൈ).


വിവര്‍ത്തനങ്ങള്‍


  1. ജനുവരി ഒമ്പത് (1952 ജൂണ്‍)
  2. ആന്റിഗണി(1955 ഫെബ്രുവരി)
  3. നട്ടുച്ചക്കിരുട്ട്(1955 നവംബര്‍)
  4. ഭൂതം (1956 മെയ്)
  5. രണ്ടു ചൈനയില്‍(1956 ഒക്ടോബര്‍)
  6. ലിസി സ്ടാറ്റ (1960 ഫെബ്രുവരി)
  7. കീടജന്മം (1960 സെപ്തബര്‍)


അപൂര്‍ണ്ണങ്ങള്‍


  1. ഈഡിപ്പസ്
  2. ഹാംലറ്റ് ( അച്ചടിച്ചിട്ടില്ല)

അപ്രകാശിതം
കാൽ‍വരിയിലെ കല്പപാദപം -ചലച്ചിത്ര തിരക്കഥ (1949-50-ൽ രചിച്ചതു്)

സിജി തോമസ്സിനെപ്പറ്റിയുള്ള കൃതികള്‍


  1. ഇവന്‍ എന്റെ പ്രിയ സി.ജെ. (റോസി തോമസ്, 1970)
  2. സി. ജെ. തോമസ് പ്രിയപ്പെട്ട ധിക്കാരി (ഡോ.കെ. ജോയ് പോള്‍, 2003)
  3. മണല്‍‍ക്കാറ്റിന്റെ ശബ്ദം (ഡോ.ജോര്‍‍ജ് ഓണക്കൂര്‍‍, 2010)


സഹോദരങ്ങള്‍

അഞ്ചു് സഹോദരിമാരും ഒരു സഹോദരനുമാണു് അദ്ദേഹത്തിനുണ്ടായിരുന്നതു്. പ്രശസ്ത കവയത്രി മേരി ജോണ്‍ കൂത്താട്ടുകുളം സി.ജെ. തോമസിന്റെ മുത്ത സഹോദരിയാണു്. സി.ജെ തോമസ്സിന്റെ ജ്യേഷ്ഠനായിരുന്ന സി ജെ ജോസഫ് (1910-1943) സ്വാതന്ത്ര്യസമരസേനാനിയും സ്റ്റേറ്റ് കാങ്ഗ്രസ് പ്രവര്‍‍ത്തകനുമായിരുന്നു. വിദ്യാര്‍‍ത്ഥിയായി സി എം എസ്സില്‍ പഠിക്കവെ രാഷ്ട്രീയത്തില്‍‍ പ്രവേശിച്ച അയാള്‍ 1114 (1938)- ലെ സ്റ്റേറ്റ് കാങ്‍ഗ്രസ് പ്രക്ഷോഭത്തില്‍‍ പങ്കെടുക്കവെ പോലീസ് മര്‍‍ദനമേറ്റു് രോഗിയായി 1943 മാര്‍‍ച്ച് 24നു് മരിച്ചു.

മക്കള്‍

സി.ജെ – റോസിദമ്പതികളുടെ മൂന്നുമക്കളില്‍ മൂത്തയാള്‍ ബിനോയ്‌ തോമസ് കാനഡയില്‍ബ്രൗണ്‍ ബസ് (Brown Buzz) മാസികയുടെ പത്രാധിപരും മുംബൈയില്‍ നിന്നുള്ള സൊസൈറ്റി എന്ന ഇങ്ഗ്ലീഷ് മാസികയുടെയും കാനഡ സണ്‍ മാഗസിന്റെയും മുന്‍ എഡിറ്ററുമാണു്; ഭാര്യ അഡ്വ. ജിന്‍സി. ബീന എംസണാണു് മക്കളില്‍ രണ്ടാമത്തെയാള്‍; ഭര്‍‍ത്താവു് അഡ്വ. എംസണ്‍ കാത്തലിക്‌ സിറിയന്‍ ബാങ്ക്‌ റിട്ട. ലോ ഓഫിസറായി വിരമിച്ചു. ഇളയമകന്‍ പോള്‍ സി തോമസ്‌ സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ ഇടപ്പള്ളി ശാഖ അസി. മാനേജരാണു്.
.

20100719

.സി.ജെ. അനുസ്മരണം :ഇടതുപക്ഷ ചിന്താഗതികള്‍ വളരുന്നുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തകര്‍ന്നുകൊണ്ടിരിക്കുന്നു




കൊച്ചി: സി.ജെ.തോമസിന്റെ 50-ആം ചരമവാര്‍ഷികാചരണത്തോടനുബന്ധിച്ച് ചങ്ങമ്പുഴ സാംസ്‌കാരികകേന്ദ്രത്തിന്റെയും സ്മൃതിധാരയുടെയും സഹകരണത്തോടെ ആര്‍ട്ടിസ്റ്റ് പി.ജെ.ചെറിയാന്‍ ഫൗണ്ടേഷന്‍‍ ജൂലായ് 12 തിങ്കളാഴ്ച വൈകീട്ട് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ സ്മൃതിസായാഹ്നം സംഘടിപ്പിച്ചു.

വൈകീട്ട് 4ന് 'ആ മനുഷ്യന്‍ സി.ജെ.തന്നെ' സ്മൃതിചര്‍ച്ച പരിപാടി മന്ത്രി ജോസ് തെറ്റയില്‍ ഉദ്ഘാടനം ചെയ്തു. ചെമ്മനം ചാക്കോ അധ്യക്ഷതവഹിച്ചു. എ.സി. ജോസ്, പ്രൊഫ. ചന്ദ്രദാസന്‍ എന്നിവര്‍ സംസാരിച്ചു.


6 മണിക്ക് സി.ജെ.തോമസ്- ഒരു പുനര്‍വായന സ്മൃതിസന്ധ്യ സി.ജെ.യുടെ ശിഷ്യന്‍ കൂടിയായ കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്തു. എം.കെ.സാനുവാണു് അധ്യക്ഷതവഹിച്ചതു്. ലോകത്ത് ഇടതുപക്ഷ ചിന്താഗതികള്‍ വളരുന്നുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി അഭിപ്രായപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നാല്‍ സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായാണ് ജനങ്ങള്‍ കാണുന്നത്. അതുകൊണ്ടുതന്നെ മനുഷ്യമുഖം നഷ്ടപ്പെട്ടുപോയ ഒരു പ്രസ്ഥാനമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാറിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയകാര്യങ്ങളില്‍ ദീര്‍ഘദൃഷ്ടിയായിരുന്ന സി.ജെ. തോമസ് ഇതെല്ലാം മുന്‍കൂട്ടി കണ്ടിരുന്നതായും അദ്ദേഹത്തിന്റെ രാഷ്ട്രീയവീക്ഷണം വളരെ ശരിയായിരുന്നെന്നും വയലാര്‍ രവി പറഞ്ഞു.

ദാരിദ്ര്യം, ചൂഷണം എന്നിവ നിലനില്‍ക്കുന്നിടത്തോളം ഇടതുപക്ഷ ചിന്തകള്‍ക്കു പ്രാധാന്യമുണ്ട്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും ഇടതുപക്ഷ പ്രാമുഖ്യമുള്ള പാര്‍ട്ടികള്‍ അധികാരത്തില്‍ വരുന്നത് ഇതിനു തെളിവാണ്. സി.ജെ. തോമസിന്‍െറ പല രാഷ്ട്രീയ വീക്ഷണങ്ങളും ശരിയാണെന്നു കാലം തെളിയിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് വിരുദ്ധനല്ലെങ്കിലും കമ്യൂണിസ്റ്റ് ആശയങ്ങളോട് വിയോജിപ്പുണ്ടായിരുന്ന ആളായിരുന്നു സിജെ. വിദ്യാര്‍ഥിയായിരുന്നപ്പോഴായിരുന്നു സിജെയുമായി കൂടുതല്‍ ഇടപഴകാനും അദ്ദേഹത്തെ അറിയാനും കഴിഞ്ഞത്. തന്‍െറ രാഷ്ട്രീയ ജീവിതത്തില്‍ സിജെയുടെ ചിന്തകള്‍ പ്രയോജനമായിട്ടുണ്ടെന്നും വയലാര്‍ രവി കൂട്ടിച്ചേര്‍ത്തു.

വിപ്ലവകാരിയുടെ ചിന്ത, നിഷേധിത്വം ഇതെല്ലാം സി.ജെ.യുടെ കൃതികളില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നും എല്ലാ മേഖലകളിലും അദ്ദേഹത്തിനുണ്ടായിരുന്ന ദീര്‍ഘവീക്ഷണം സമൂഹത്തിന് ഉദാത്ത മാതൃകയാണെന്നും വയലാര്‍ രവി അനുസ്മരിച്ചു.

സി.ജെ.യുടെ അനന്തമായ സൃഷ്ടിയും അനനുകരണീയമായ ശൈലിയും എക്കാലത്തും സ്മരിക്കപ്പെടുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രൊഫ. എം.കെ. സാനു അഭിപ്രായപ്പെട്ടു. രാജാരവിവര്‍മ പുരസ്‌കാരം നേടിയ സി.എന്‍.കരുണാകരനെ ചടങ്ങില്‍ ആദരിച്ചു. പി.ജെ. ചെറിയാന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സ്നേഹസൂചകം വയലാര്‍ രവി ചിത്രകാരന്‍ സി.എന്‍. കരുണാകരനു നല്‍കി. സി.ജെ.രചനകളുടെ വായനാവതരണവും ഉണ്ടായിരുന്നു.

സംസ്കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍, പ്രൊഫ.എം. തോമസ് മാത്യു, ജോണ്‍പോള്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്. സിജെയുടെ മകള്‍ ബീന എംസണ്‍, കെ.എം. റോയി, അജയ് തറയില്‍, ലിനോ ജേക്കബ്, ആര്‍ട്ടിസ്റ്റ് കലാധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

.ചിത്രം മാതൃഭൂമിയില്‍ നിന്നു്
.

മലയാളത്തിലെ സോഫോക്ലീസ്‌

ദൈവത്തില്‍ നിന്ന്‌ വേര്‍പെട്ട പാപിയുടെ ഏകാന്തദുഃഖങ്ങളെ ഓര്‍മിപ്പിക്കും വിധം മലയാള സാഹിത്യചിന്തയില്‍ ആദ്യമായി അസ്തിത്വവാദത്തിന്റെ സ്വതന്ത്രമായ ദാര്‍ശനിക മുദ്ര പതിപ്പിച്ച എഴുത്തുകാരനാണ്‌ സി.ജെ. തോമസ്‌. 50 വര്‍ഷം മുമ്പ്‌ ജീവിതത്തോട്‌ വിടപറഞ്ഞ സി.ജെയെ സ്മരിക്കുന്നു ഇ.വി. ശ്രീധരന്‍ വീക്ഷണം ദിനപ്പത്രത്തില്‍ (2010 ജൂലയ് 14)


നാല്‍പത്തിരണ്ടാമത്തെ വയസ്സില്‍ സി.ജെ. തോമസിനെ വിളിച്ചുകൊണ്ടുപോയ മരണത്തിന്‌ ഇന്ന്‌ 50 വയസ്സാകുന്നു. തലയ്ക്കകത്ത്‌ ക്യാന്‍സര്‍ ബാധിച്ചാണ്‌ സിജെ മരിച്ചത്‌. വലിയ മനുഷ്യപ്പറ്റുള്ള മധുരമനോഞ്ഞജമായ ഒരു വ്യക്തിത്വമായിരുന്നു സിജെയുടേത്‌. സിജെ തോമസിന്റെ എഴുത്തും നാടകങ്ങളും മലയാള സാഹിത്യത്തില്‍ ഒരു ദാര്‍ശനിക മണ്ഡലം നിര്‍മ്മിച്ചുവെച്ചിട്ടുണ്ട്‌. അസ്തിത്വവാദ ദര്‍ശനത്തിന്റെ മലയാളത്തിലെ ആദ്യത്തെ വക്താവായി സിജെയെ അദ്ദേഹത്തിന്റെ നാടക സാഹിതിയിലൂടെയും ഗദ്യകൃതികളിലൂടെയും നമുക്ക്‌ കാണാവുന്നതാണ്‌.


സിജെ എഴുതുന്നു: "എന്നെക്കൂടാതെ ഈ പ്രപഞ്ചം നിലനില്‍ക്കുമെന്ന്‌ എനിക്കറിയാം. പക്ഷെ, ഞാനില്ലെങ്കില്‍ എനിക്ക്‌ ഈ ലോകമില്ല, ഒന്നുമില്ല. ഞാനില്ലെങ്കില്‍ നിങ്ങളുമില്ല. ഇല്ലാത്ത എന്നെ വ്യക്തിവാദിയെന്ന്‌ അധിക്ഷേപിക്കുകയില്ലല്ലോ?. ഞാന്‍ ജനിക്കുന്നതിന്‌ വളരെ മുമ്പുതന്നെ പ്രപഞ്ചം ഉണ്ടായിരുന്നു. ഞാന്‍ മരിച്ചുകഴിഞ്ഞും അതുണ്ടായിരിക്കും. പക്ഷെ, എന്നെ സംബന്ധിച്ചിടത്തോളം എന്റെ അസ്തിത്വമാണ്‌ ആദ്യത്തെപ്പടി. പ്രപഞ്ചത്തിന്റെ അസ്തിത്വത്തെ ഞാന്‍ അംഗീകരിക്കണമെങ്കില്‍ ഞാനുണ്ടായിരിക്കണം. അതിന്‌ എന്റെ സ്വന്തം അസ്തിത്വത്തെ നിഷേധിച്ചിട്ട്‌ കഴിയുകയില്ലല്ലോ? എന്നെ നിഷേധിച്ചാല്‍ പ്രപഞ്ചത്തിന്‌ നില്‍ക്കാനാവില്ല.


ഞാനില്ലെങ്കിലും പ്രപഞ്ചം ഉണ്ടെന്ന്‌ നിങ്ങളല്ലേ പറയുന്നത്‌! ഞാനില്ലെങ്കില്‍ ആ പ്രസ്താവനയുടെ ചുവട്ടില്‍ ഞാനെങ്ങനെ ഒപ്പുവെയ്ക്കും. അതുകൊണ്ട്‌ ഞാനുണ്ട്‌, പ്രപഞ്ചമുണ്ട്‌-ഞ്ഞാന്‍ കൂടി ഉള്‍പ്പെട്ട പ്രപഞ്ചം. ഞാന്‍ പ്രപഞ്ചത്തിന്റെ ഒരു ഭാഗമാണ്‌."സിജെ ഒരു യാക്കോബായ ക്രിസ്തീയ പുരോഹിതന്റെ മകനാണ്‌. അച്ഛന്‍ മകനെയും വൈദികപഠനത്തിന്‌ ചേര്‍ത്തു. എന്നാല്‍ വൈദികപഠനത്തിന്റെ വഴിയില്‍ നിന്ന്‌ മകന്‍ മാറിക്കളഞ്ഞു. എന്നിട്ട്‌ സിജെ ളോഹ കീറിക്കളഞ്ഞു. അക്കാലത്ത്‌ ഇത്‌ വലിയൊരു കുറ്റമാണ്‌. അതും ഒരു വൈദികന്റെ മകന്‍ ളോഹ കീറിക്കളയുക. നാടിനെയും കുടുംബത്തെയും മതത്തെയും ഞെട്ടിച്ചുകളഞ്ഞു സിജെയുടെ ഈ കൃത്യം. സ്വജീവിതത്തിലേക്ക്‌ ഒരുപാട്‌ മുള്ളുകള്‍ നിറഞ്ഞ സ്വാതന്ത്ര്യത്തിന്റെ ജീവിതപ്പാതയെ സ്വീകരിക്കുകയായിരുന്നു സിജെ. അസ്തിത്വ സാക്ഷാത്ക്കാരത്തിന്റെ വഴിയിലേക്ക്‌ വരികയായിരുന്നു സിജെ.


വ്യക്തിയെയും അവന്റെ സ്വാതന്ത്ര്യത്തിന്റെ സങ്കല്‍പ്പങ്ങളെയും അസ്തിത്വ വിചാരത്തിന്റെ അള്‍ത്താരയില്‍ പ്രതിഷ്ഠിക്കുകയായിരുന്നു സിജെ തന്റെ ളോഹ വലിച്ചുകീറിക്കളഞ്ഞുകൊണ്ട്‌. ഇവിടെ നിന്നും മാര്‍ക്സിസത്തിന്റെ കമ്മ്യൂണിസ്റ്റ്‌ വഴിയിലൂടെയാണ്‌ സിജെ നടന്നുനീങ്ങിയത്‌. ദൈവരാജ്യത്തിന്റെ മറുപുറത്തുള്ള മനുഷ്യരാജ്യം അന്വേഷിക്കുകയായിരുന്നു സിജെ. ദൈവത്തില്‍ നിന്ന്‌ മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്ന്‌ ദൈവത്തിലേക്കുമുള്ള ദൂരം അളന്നു നോക്കുകയായിരുന്നു സിജെ. ഈ രണ്ട്‌ ദൂരങ്ങളും സിജെ അളന്നു നോക്കിയത്‌ ഒരു നെഞ്ചില്‍ ഗ്രീക്ക്‌ ദുരന്തനാടകങ്ങളും മറ്റേ നെഞ്ചില്‍ ബൈബിളും ചേര്‍ത്തുവെച്ചുകൊണ്ടാണ്‌. സിജെയുടെ ചിന്തയ്ക്ക്‌ അസ്തിത്വത്തിന്റെ അഗാധതകള്‍ കാണിച്ചുകൊടുത്തത്‌ ബൈബിളും ഗ്രീക്ക്‌ ദുരന്തനാടകങ്ങളുമാണ്‌.


ഗ്രീക്ക്‌ ദുരന്തനാടകങ്ങള്‍ സകലകാലത്തിന്റെയും സാഹിത്യമാണെന്ന്‌ സിജെ വിശ്വസിച്ചിരുന്നു. ആ പുരാതന ദുരന്ത നാടകങ്ങള്‍ ദര്‍ശനവത്ക്കരിച്ച ജീവിതനാടകത്തിലെ ദുരന്ത കഥാപാത്രങ്ങളാണ്‌ ക്രിസ്തുവും ഗാന്ധിജിയും കാള്‍മാര്‍ക്സുമൊക്കെയെന്ന്‌ സിജെ വിശ്വസിച്ചിരുന്നു. ദുരന്തം ഒരു സനാതനമായ സത്യമാണ്‌. ഈ സത്യത്തിന്റെ വഴിയിലേക്കാണ്‌ സിജെ തോമസ്‌ തന്നെ വാരിവലിച്ചെറിഞ്ഞുകൊടുത്തത്‌. ഗ്രീക്ക്‌ ദുരന്തനാടകങ്ങളെന്ന സനാതന സത്യത്തെ മനസ്സിലേറ്റി, ആ മനസ്സ്‌ ബൈബിളില്‍ ചേര്‍ത്തുവെച്ച ഒരു റിബല്‍ ആയിരുന്നു സിജെ തോമസ്‌. അദ്ദേഹം നമ്മുടെ ഭാഷയില്‍ പിറന്നുവെന്നത്‌ മലയാള സാഹിത്യത്തിന്റെ ഭാഗ്യം. സിജെ മലയാളസാഹിത്യത്തിലെ അപൂര്‍വ സുന്ദരമായ ഒരു അനശ്വരത.
ജീനിയസും ദാര്‍ശനികനുമായ ഒരെഴുത്തുകാരന്‍. സോക്രട്ടീസും ക്രിസ്തുവും മാര്‍ക്സും ഗാന്ധിജിയുമൊക്കെ സിജെയുടെ ദുരന്തസങ്കല്‍പ്പങ്ങളില്‍ സമ്മേളിക്കുന്നു.


വൈദികനാകേണ്ടിയിരുന്ന സിജെ ളോഹ വലിച്ചുകീറിയെങ്കിലും ബൈബിള്‍ കരളില്‍ തന്നെ സൂക്ഷിച്ചു. ബൈബിള്‍ സിജെയുടെ ആത്മവേദമായിരുന്നു. ഈ ആത്മവേദത്തില്‍ മനസുറപ്പിച്ചുവെച്ച്‌ ട്രാജിക്‌ സെന്‍സിനെ ലാവണ്യവത്ക്കരിക്കുകയായിരുന്നു സിജെയുടെ നാടകങ്ങള്‍. സിജെയുടെ ദാര്‍ശനിക വികാരം അദ്ദേഹത്തിന്റെ നാടകങ്ങളില്‍ നിന്നും ലേഖനങ്ങളില്‍ നിന്നുമൊക്കെ നാം അനുഭവിച്ചെടുക്കേണ്ടതാണ്‌. സിജെ തന്റെ ദര്‍ശന പദ്ധതികള്‍ ആവിഷ്കരിക്കുന്ന ഗ്രന്ഥങ്ങളൊന്നും എഴുതിയിട്ടില്ല. എന്നാല്‍ സിജെ എഴുതിയ എല്ലാനാടകങ്ങളിലും ലേഖനങ്ങളിലും തന്റെ ദര്‍ശനങ്ങള്‍ ലയിച്ചു ചേര്‍ന്നിട്ടുണ്ട്‌. 'ഞാന്‍' എന്ന ലേഖനം സിജെയുടെ ദര്‍ശനത്തിന്റെ മുഖവുരയാണ്‌.


മതത്തിന്‌ പുറത്തേക്ക്‌ കടന്ന സിജെ സോഷ്യലിസത്തെക്കുറിച്ചും കമ്മ്യൂണിസത്തെക്കുറിച്ചുമൊക്കെ എഴുതാന്‍ തുടങ്ങി. 'മതവും കമ്മ്യൂണിസവും', 'സോഷ്യലിസം' എന്നീ രണ്ട്‌ പുസ്തകങ്ങള്‍ സിജെ എഴുതുകയുണ്ടായി. കമ്മ്യൂണിസ്റ്റായി ജീവിക്കാന്‍ തുടങ്ങിയ സിജെയെ കമ്മ്യൂണിസവും മതവും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കി. മതവും കമ്മ്യൂണിസവും ഒന്നുതന്നെ എന്ന ചിന്തയില്‍ എത്തിച്ചേര്‍ന്ന സിജെ വ്യക്തിയും അവന്റെ സത്തയും എന്ന സത്യത്തിലേക്ക്‌ തിരിച്ചുവന്നു. ഈ സത്യത്തിന്റെ ദാര്‍ശനികനാണ്‌ സിജെ തോമസ്‌.
ഈ ദര്‍ശനം സി ജെയെ മാനവീയതയുടെ വലിയ വഴികളിലേക്ക്‌ നയിച്ചു. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ തുടക്കത്തില്‍ അത്‌ അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നു.


പുരോഗമന കലാ സാഹിത്യപ്രസ്ഥാനം കമ്മ്യൂണിസ്റ്റുകാരുടെ പ്രചരണയന്ത്രമായി മാറുന്നതുകണ്ടപ്പോള്‍ സി ജെ അതുമായി തെറ്റിപ്പിരിഞ്ഞു. സാഹിത്യത്തിനു പുരോഗമന സാഹിത്യമല്ല, സാഹിത്യത്തിന്‌ സാഹിത്യ പുരോഗതിയാണ്‌ ആവശ്യമെന്ന്‌ സി.ജെ. തോമസ്‌ ഉറക്കെ വിളിച്ചുപറഞ്ഞു. എഴുത്തുകാരെയും കലാകാരന്മാരെയും മനുഷ്യന്റെ ചേരിയിലേക്ക്‌ മാത്രം നയിക്കാന്‍ സി ജെ എഴുതുകയും പറയുകയും ചെയ്തു. ഓഫീസും സെക്രട്ടറിയും സംഘടനയുമില്ലാത്ത സ്വതന്ത്ര വ്യക്തികളുടേതു മാത്രമായ ഒരു പവിത്ര സംഘത്തിനകത്താണ്‌ പിന്നീട്‌ സി ജെയെ മലയാളി കാണുന്നത്‌. എല്ലാ ദുരന്തങ്ങള്‍ക്കും ദുഃഖങ്ങള്‍ക്കുമിടയിലും മനുഷ്യനെന്ന ബിംബത്തെ മനോഹരമാക്കലാണ്‌ എഴുത്തുകാരന്റെ കര്‍ത്തവ്യമെന്ന്‌ വിശ്വസിച്ചുകൊണ്ട്‌ സി ജെ എഴുതി- മനുഷ്യനെന്ന ബിംബത്തെ മനസ്സിലും കണ്‍മുന്നിലും പ്രതിഷ്ഠിച്ചുകൊണ്ട്‌.


സി ജെക്ക്‌ രാഷ്ട്രീയമുണ്ടായിരുന്നു. അരാഷ്ട്രീയമെന്ന അവസ്ഥയില്‍ സി ജെ വിശ്വസിച്ചിട്ടില്ല. കമ്മ്യൂണിസത്തില്‍ സി ജെ മനുഷ്യവംശത്തിനാവശ്യമായ ഒരു ലോകനന്മ സ്വപ്നം കണ്ടിരുന്നു. സി ജെ റഷ്യയിലും ചൈനയിലും പൂര്‍വ്വ യൂറോപ്യന്‍ രാഷ്ട്രങ്ങളിലുമൊന്നും സൗഹാര്‍ദപ്രതിനിധിയായി പോയിട്ടില്ല. ഈ രാജ്യങ്ങളിലൊക്കെ കമ്മ്യൂണിസം പൊളിഞ്ഞുപോകുന്നതിനു എത്രയോ മുമ്പുതന്നെ സി ജെയുടെ മനസ്സില്‍ കമ്മ്യൂണിസം പൊളിഞ്ഞുപോയിരുന്നു.കേരളം തന്നെയാണ്‌ സി ജെയുടെ മനസ്സില്‍ നിന്ന്‌ കമ്മ്യൂണിസത്തെ വലിച്ചെറിഞ്ഞത്‌. 1957ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ്‌ ഗവണ്‍മെന്റാണ്‌ സി ജെയോട്‌ കമ്മ്യൂണിസത്തെക്കുറിച്ച്‌ സത്യസന്ധമായി സംസാരിച്ചത്‌.



ഈ ഗവണ്‍മെന്റ്‌ കേരളത്തിന്റെ മനുഷ്യാവസ്ഥയ്ക്ക്‌ ഒരു സമൂലപരിവര്‍ത്തനമുണ്ടാക്കുമെന്ന്‌ സി ജെ സ്വപ്നം കണ്ടിരിക്കാം. ഇങ്ങനെയൊരു സ്വപ്നം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ പുറത്തുള്ള എല്ലാ നല്ല മനുഷ്യര്‍ക്കുമുണ്ടായിരുന്നു. ദാരിദ്ര്യത്തിനു ശമനം വേണം. പാവങ്ങള്‍ക്ക്‌ വിദ്യാഭ്യാസം വേണം. പാവങ്ങള്‍ക്ക്‌ മണ്ണില്‍ അവകാശം വേണം. താഴ്ത്തപ്പെട്ടവര്‍ക്ക്‌ തങ്ങളും മനുഷ്യര്‍ എന്ന അന്തസ്സ്‌ സ്ഥാപിച്ചുകിട്ടണം. ഇതു സാക്ഷാല്‍ കാള്‍മാര്‍ക്സിന്റെ സ്വപ്നമാണ്‌. ഈ ഭൂമിക്കു വേണ്ടി കാള്‍മാര്‍ക്സ്‌ കണ്ട മഹാസ്വപ്നം കേരളമെന്ന ഈ പാവപ്പെട്ട പ്രദേശത്തിരുന്നു കൊണ്ട്‌ സ്വപ്നം കണ്ട പാവപ്പെട്ട ഒരു മലയാള നാടകകൃത്താണ്‌ സി.ജെ. തോമസ്‌.


അദ്ദേഹത്തിന്റെ ഈ സ്വപ്നം 1957ലെ ഗവണ്‍മെന്റ്‌ തകര്‍ത്തുകളഞ്ഞു. കേരളത്തിലെ ഒരു വര്‍ഗീയതയുമായി കൂട്ടുചേര്‍ന്നുള്ള ഒരു വിഷവൃക്ഷമായിരുന്നു ആ ഗവണ്‍മെന്റെന്ന്‌ പാവം സി.ജെ. തോമസിന്‌ ആദ്യം മനസ്സിലായില്ല. ഇ എം എസ്സിന്റെ സല്‍ഭരണത്തിന്റെ സെല്‍ഭരണം മനസ്സിലായപ്പോള്‍ ആ സര്‍ക്കാരിനെ സി ജെ തന്റെ ഹൃദയത്തിലെ വേദഭാഷയില്‍ വിഷവൃക്ഷം എന്നു വിളിച്ചു. ആ 'വിഷവൃക്ഷ'ത്തിന്റെ തുടര്‍ച്ചയാണ്‌ ഇന്നത്തെയും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍. ജനാധിപത്യരാഷ്ട്രീയത്തിന്റെ വക്താക്കള്‍ സി ജെയുടെ വിഷവൃക്ഷം എന്ന നാടകമാണ്‌ ഇന്നു കേരളത്തില്‍ അവതരിപ്പിച്ചു കാണിച്ചുകൊടുക്കേണ്ടത്‌. സി ജെ വിഷവൃക്ഷം എന്ന നാടകത്തില്‍ രാഷ്ട്രീയം കൈകാര്യം ചെയ്തതുകൊണ്ട്‌ സി ജെയുടെ മറ്റു നാടകങ്ങളുടെ സാഹിത്യമൂല്യം ഈ നാടകത്തിനില്ലായിരിക്കാം.


അദ്ദേഹത്തിന്റെ സഹധര്‍മിണി റോസി തോമസ്‌ പോലും അങ്ങനെ പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ സി ജെ വിഷവൃക്ഷത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. മഹാകവി കുമാരനാശാന്‍ എഴുതിയ ഒരു മോശപ്പെട്ട കൃതിയായി 'ദുരവസ്ഥ' ദന്തഗോപുരക്കാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ദുരവസ്ഥ ഒരു അവസ്ഥയോടുള്ള ശക്തമായ പ്രതികരണമായിരുന്നു. ഇതേപോലെ ഇന്ത്യയിലാദ്യമായി കേരളത്തില്‍ ബാലറ്റുപെട്ടിയിലൂടെ അധികാരത്തില്‍വന്ന ഗവണ്‍മെന്റിന്റെ സെല്‍ഭരണത്തോടുള്ള പ്രതികരണമായിരുന്നു സി ജെയുടെ വിഷവൃക്ഷം. ആശാന്റെ ദുരവസ്ഥ എന്ന കാവ്യം കേരളത്തിലെ വര്‍ഗീയതയോടും സി ജെയുടെ വിഷവൃക്ഷം കമ്മ്യൂണിസത്തിന്റെ മനുഷ്യവിരുദ്ധതയോടും പ്രതികരിച്ചു.


സി ജെയെക്കുറിച്ച്‌ നമ്മള്‍ പഠിക്കേണ്ടത്‌ 'വിഷവൃക്ഷ'ത്തില്‍ നിന്നല്ല. സി ജെ നമ്മുടെ ഭാഷയ്ക്ക്‌ '1128-ല്‍ ക്രൈം 27' എന്ന നാടകം സംഭാവന ചെയ്ത ഒരു വലിയ സാഹിത്യകാരനാണ്‌. മലയാളത്തില്‍ ഇങ്ങനെയൊരു നാടകമെഴുതിയ വിശ്വസാഹിത്യകാരന്‍. ഈ നാടകമാണ്‌ മലയാളഭാഷയില്‍ അദ്ദേഹത്തിന്റെ സ്മാരകം. മലയാളനാടകത്തെ ലോകനിലവാരത്തിലെത്തിച്ച നാടകമാണിത്‌. അവന്‍ വീണ്ടും വരുന്നു, ഭൂതം, ഈഡിപ്പസ്‌ രാജാവ്‌, ആന്റിഗണി, ആ മനുഷ്യന്‍ നീ തന്നെ, ശലോമി, പിശുക്കന്റെ കല്യാണം എന്നിവയാണ്‌ ക്രൈമിനപ്പുറത്തുള്ള സി ജെ കൃതികള്‍. ഇത്‌ മലയാളഭാഷയിലെ മൗലികമായ നാടകസാഹിതിയാണ്‌. ഈ നാടകസാഹിതി മലയാള നാടകസംസ്കാരത്തിന്‌ ലോകത്തേക്കൊരു വാതില്‍ തുറന്നുകൊടുത്തു.


മലയാള നാടകസാഹിതിയുടെ ഏറ്റവും മുന്‍പന്തിയിലാണ്‌ സി ജെയുടെ നാടകങ്ങളുടെ സ്ഥാനം.എന്തുകൊണ്ട്‌ സി ജെ നാടകമെന്ന കലാരൂപം തന്നെ ആത്മാവിഷ്കാരത്തിന്‌ തെരഞ്ഞെടുത്തു എന്ന ഒരു മണ്ടന്‍ചോദ്യം ഞാന്‍ എന്നോടു ചോദിക്കുന്നു. എന്നിലെ മണ്ടന്‍ എന്നോടു ചോദിക്കുന്നു, എന്തുകൊണ്ടാണ്‌ സോഫോക്ലീസും ഷേക്സ്പിയറും കാളിദാസനും ബര്‍ടോള്‍ഡ്‌ ബ്രെശ്സ്റ്റുമൊക്കെ നാടകം ആത്മാവിഷ്കാരത്തിന്‌ തെരഞ്ഞെടുത്തതെന്ന്‌. എന്നിലെ സാധാരണമനുഷ്യന്‍ അതിന്‌ നാടകാന്തം കവിത്വം എന്നൊക്കെ ഉത്തരം പറയുമായിരിക്കാം. എന്നാല്‍ ഈ ഉത്തരമാണ്‌ ശരിയെന്ന്‌ എനിക്ക്‌ തോന്നുന്നില്ല.
സി ജെയുടെ ഭാഷ ഒരു സിംഫണിയായിരുന്നു. അതൊരു സ്വരലയമായിരുന്നു.


ഇങ്ങനെയുള്ള സി ജെ നാടകത്തിനെ ആത്മാവിഷ്കാരത്തിന്‌ തെരഞ്ഞെടുത്തു; സോഫോക്ലീസിനെപ്പോലെ, ഷേക്സ്പിയറെപ്പോലെ, കാളിദാസനെപ്പോലെ, ബര്‍ട്ടോള്‍ഡ്‌ ബ്രെശ്സ്റ്റിന്‍പ്പോലെ. എന്തിനു വേണ്ടി? ആത്യന്തികമായി ജീവിതം ദുരന്തത്തിന്റെ ഒരു സിംഫണിയാണെന്ന്‌ ഫലിതരൂപേണ പറയാന്‍. സി ജെ ഒരു സിംഫണി കൊണ്ട്‌ നാടകത്തിലൂടെ ദുരന്തത്തിന്‌ ഫലിതഭാഷ്യം നല്‍കുകയായിരുന്നു.

കടപ്പാട് വീക്ഷണം

20100715

‘C.J. Thomas rose to great heights'



Special Correspondent (THE HINDU)


Thrissur: Writer Sukumar Azhikode has said that playwright C. J. Thomas rose to prophetic heights through his plays.
He was addressing a meeting organised by the Kerala Sangeetha Nataka Akademi here on Wednesday July 14, 2010 in remembrance of Thomas.

“But the ‘prophet' became a propagandist when he wrote a play about the Liberation Struggle,” Prof. Azhikode commented.
He noted that Thomas might be considered by many as a failure in life, but he was a winner in art. “If the ultimate victory in life is not judged through a person's material achievements, Thomas is a victor.”
Prof. Azhikode observed that no other work in world literature had depicted King David's relationship with Bathsheba, the wife of Uriah the Hittite, as touchingly as Thomas' ‘ Aa Manushyan Nee Thanne' (Thou art the man) did.
Akademi chairman K. M. Raghavan Nambiar; scenarist John Paul; dramatist C. K. Thomas; actor Aliyar and writer N. R. Gramaprakash were present.

Courtesy: THE HINDU , July 15, 2010

സി.ജെ.യുടെത് പ്രവാചക തുല്യമായ മനസ്സ്-അഴീക്കോട്

തൃശ്ശിവപേരൂര്‍: പ്രവാചക തുല്യമായ മനസ്സിനു് ഉടമയായിരുന്നു സി.ജെ. തോമസ്നെന്നു് ഡോ. സുകുമാര്‍ അഴീക്കോട് പറഞ്ഞു. മലയാളത്തിലെ മൗലിക പ്രതിഭകളില്‍ ഒരാളായ സി.ജെ. തോമസിന്റെ അമ്പതാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായി സംഗീത നാടക അക്കാദമി ജൂലയ്14നു് സംഘടിപ്പിച്ച സ്മൃതിവന്ദനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാടകത്തില്‍ ജയിച്ചവനും ജീവിതത്തില്‍ തോറ്റവനുമായി അറിയപ്പെട്ടയാളാണ് സി.ജെ. പക്ഷേ ജീവിതത്തില്‍ വിജയിച്ചവരെ അര നൂറ്റാണ്ടിനുശേഷവും സി.ജെ.യിലെ സാഹിത്യകാരന്‍ അതിജീവിക്കുകയാണ്. പ്രയോഗികതയും ആദര്‍ശവും തമ്മില്‍ ഒരു അതിര്‍വരമ്പ് അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. നാടകത്തിലെ സംഘട്ടനം ആ മനസ്സിലുമുണ്ട്. വിമോചന സമരത്തെ അനുകൂലിച്ചെഴുതിയ വിഷവൃക്ഷം എന്ന നാടകം അദ്ദേഹത്തിന്റെ പരാജയമായിരുന്നു. അതില്‍ പ്രവാചകനേക്കാള്‍ പ്രചാരവേലക്കാരന്‍ നിറഞ്ഞു നിന്നു. അത് അദ്ദേഹത്തിന് മനസ്സിലായി. ആ ക്ഷോഭവും മോഹഭംഗവും അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ച സംഗതികളാണെന്ന് പി.കെ. ബാലകൃഷ്ണനും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്-അഴീക്കോട് ചൂണ്ടിക്കാട്ടി.

പഴയ തലമുറയുടെ റോള്‍ മോഡലായിരുന്നു സി.ജെ.യെന്ന് തിരക്കഥാകൃത്ത് ജോണ്‍പോള്‍ ഓര്‍മിച്ചു. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ചലച്ചിത്ര തിരക്കഥയുടെ രചയിതാവും സി.ജെ. ആയിരുന്നു. കൈനിക്കര പത്മനാഭപിള്ളയുടെ 'കാല്‍വരിയലെ കല്പപാദപം' എന്ന നാടകത്തെ ആസ്പദമാക്കി സി.ജെ. രചിച്ചതാണ് സ്വതന്ത്ര തിരക്കഥ. നീലക്കുയിലിനും ന്യൂസ്‌പേപ്പര്‍ ബോയിക്കും മുമ്പായിരുന്നു അത്. ഉന്നതമായ ദൃശ്യബോധം അതിലുണ്ട്. യേശുവിന്റെ അന്ത്യകാലമായിരുന്നു പ്രമേയം. യൂദാസ് കയറിനുപകരം തൂലിക എടുത്തിരുന്നെങ്കില്‍ ശ്രേഷ്ഠമായ സുവിശേഷം ലഭിക്കുമായിരുന്നു എന്ന വിപ്ലവകരമായ ഒരു സന്ദേശം അതില്‍ സി.ജെ. നല്‍കിയിരുന്നു. എന്നാല്‍ അത് ചലച്ചിത്രമാക്കാന്‍ പറ്റാതെയാണ് അദ്ദേഹം മരിച്ചത്-ജോണ്‍പോള്‍ പറഞ്ഞു.

അക്കാദമി വൈസ് ചെയര്‍മാന്‍ കെ.എം. രാഘവന്‍ നമ്പ്യാര്‍ അധ്യക്ഷനായി. ഡോ. സി.കെ. തോമസ്, ഡോ. എസ്.പി. രമേശ്, ടി.എം. അബ്രഹാം, ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ്, സി.ജെ.യുടെ മകള്‍ ബീന എംസന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി രാവുണ്ണി സ്വാഗതവും കെ.വി. ശ്രീജ നന്ദിയും പറഞ്ഞു.


മാതൃഭൂമിയില്‍ നിന്നു്

20100320

ആഹ്ലാദസാന്നിധ്യം ഇനിയില്ല

പ്രൊഫ. എം.കെ. സാനു


അരനൂറ്റാണ്ട് മുമ്പാണ് റോസിതോമസുമായി ഞാന്‍ പരിചയപ്പെടുന്നത്. എറണാകുളത്ത് സി.ജെ. തോമസിന്റെ വീട്ടില്‍ വെച്ചായിരുന്നു അത്. ഹൃദ്യമായി സംസാരിക്കുന്ന ആകര്‍ഷകമായ വ്യക്തിത്വം ആരിലും ഉല്ലാസഭാവം പകരും. ഞങ്ങള്‍ ഉറ്റസുഹൃത്തുക്കളാകാന്‍ താമസമുണ്ടായില്ല. സി.ജെ.തോമസുമായി എനിക്കുണ്ടായിരുന്ന സൗഹൃദവും എം.പി. പോളിന്റെ നേര്‍ക്ക് ഞാന്‍ പുലര്‍ത്തിയിരുന്ന ബഹുമാനവും ആ ബന്ധത്തിന് ആഴംനല്‍കി.


പലപ്പോഴും റോസി തോമസിന്റെ ചായ സല്‍ക്കാരം ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. ആ സന്ദര്‍ഭത്തില്‍ അപ്പനെക്കുറിച്ചും സി.ജെ. തോമസിനെക്കുറിച്ചും റോസി പറഞ്ഞിരുന്ന ഫലിതങ്ങള്‍ ഒട്ടൊന്നുമല്ല എന്നെ ആകര്‍ഷിച്ചത്. അവരുടെ വ്യക്തിത്വങ്ങളിലേക്ക് ഉള്‍ക്കാഴ്ച പകരാന്‍ അത് എന്നെ സഹായിച്ചിട്ടുണ്ട്.


സി.ജെ. തോമസിനെ റോസി വിവാഹം കഴിക്കുന്നതിന് എം.പി.പോള്‍ എതിരായിരുന്നു. പിതാവിനെ ഈശ്വരതുല്യനായി കണ്ടിരുന്നെങ്കിലും തന്റെ പ്രണയത്തില്‍നിന്നും പിന്മാറാന്‍ റോസി വിസമ്മതിച്ചു. കുറ്റിപ്പുഴ കൃഷ്ണപിള്ളയും പൊന്‍കുന്നം വര്‍ക്കിയും മറ്റും സി.ജെ.യുമായുള്ള ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ഉപദേശിക്കുകയും ചെയ്തു. എങ്കിലും പിതാവിനെപ്പോലെ അഭിപ്രായസ്ഥൈര്യം പുലര്‍ത്തുന്നതില്‍ റോസി തെല്ലും അധൈര്യം കാട്ടിയില്ല.


സി.ജെ. തോമസിന്റെ ബുദ്ധിപരവും സര്‍ഗാത്മാകവുമായ കഴിവുകളില്‍ റോസിക്ക് മതിപ്പുണ്ടായിരുന്നു. എങ്കിലും പിതാവിന്റെ സമുന്നതമായ ആദര്‍ശവായ്പിനെയും ചിന്താമണ്ഡലത്തെയുമാണ് അവര്‍ കൂടുതല്‍ ബഹുമാനിച്ചിരുന്നത്.ഒരു പുരുഷന്റെ ഉത്തമമാതൃകയായി റോസി മനസ്സില്‍ സൂക്ഷിച്ചിരുന്നതും എം.പി. പോളിന്റെ വിഗ്രഹമായിരുന്നു. അതേസമയം തന്നെ സി.ജെ.തോമസ് നാടകകൃത്തെന്ന നിലയില്‍ മലയാളത്തില്‍ മാത്രമല്ല ലോകസാഹിത്യത്തില്‍ തന്നെ ഇടം നേടുമെന്നും അവര്‍ വിലയിരുത്തിയിരുന്നു.


സി.ജെ.യുടെ ലഘുഉപന്യാസങ്ങളിലെ മിന്നല്‍പ്പിണരുകള്‍ എത്ര വിശിഷ്ടമാണെന്ന് തിരിച്ചറിയാനുള്ള കഴിവും റോസിക്കുണ്ടായിരുന്നു. ചിലപ്പോഴെല്ലാം വിരസനായും പരുഷ പ്രകൃതിയായും മാറിയിരുന്ന ഭര്‍ത്താവിനെ ഉദാരമായ സ്നേഹവായേ്പാടെ വീക്ഷിക്കാന്‍ റോസിക്ക് കഴിഞ്ഞതിന്റെ കാരണവും ഇതാണ്. ഇവന്‍ എന്റെ പ്രിയ സി.ജെ. എന്ന വികാരസ്പര്‍ശിയായ പുസ്തകത്തിലൂടെ കടന്നുപോകുന്നവര്‍ക്ക് ആ മനോഭാവം എത്ര ഊഷ്മളമായിരുന്നുവെന്ന് തിരിച്ചറിയാന്‍ കഴിയും.


സി.ജെ. തോമസും റോസിയും തമ്മില്‍ തര്‍ക്കിക്കുകയും കലഹിക്കുകയും ചെയ്യുന്ന രംഗങ്ങള്‍ക്ക് ഞാന്‍ സാക്ഷിയായിരുന്നിട്ടുണ്ട്. അതിനിടയിലും പരസ്പരം സഹതാപത്തോടെ വീക്ഷിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ സ്നേഹിക്കാനും അവര്‍ക്ക് കഴിഞ്ഞിരുന്നു. ആ ഗുണവിശേഷമാണ് വിപരീത സാഹചര്യങ്ങള്‍ക്കിടയിലും അവരുടെ കുടുംബജീവിതം സന്തുഷ്ടമാക്കിത്തീര്‍ത്തത്.


വിപരീത സാഹചര്യങ്ങളില്‍ പ്രധാനം ദാരിദ്ര്യവും അതിനോട് ബന്ധപ്പെട്ട ബുദ്ധിമുട്ടുകളുമാണ്. അരിഷ്ടിച്ച് കഴിയാനുള്ള വകയേ അക്കാലത്ത് അവര്‍ക്ക് കിട്ടിയിരുന്നുള്ളൂ. ഒരു സ്വപ്നദര്‍ശിയെപോലെ പല കാര്യങ്ങളിലും ഇടപ്പെട്ട് ലോകം നന്നാക്കാന്‍ പരിശ്രമിച്ചിരുന്ന സി.ജെ. തോമസ് പണമുണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നതേയില്ല. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിലും ഓള്‍ ഇന്ത്യ റേഡിയോയിലും സതേണ്‍ ലാംഗ്വേജസ് ബുക് ട്രസ്റ്റിലും ഉണ്ടായിരുന്ന ഉദ്യോഗങ്ങള്‍ ലാഘവബുദ്ധിയോടെ അദ്ദേഹം വലിച്ചെറിഞ്ഞ് തെരുവിലിറങ്ങി നടന്നു.


സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇതൊക്കെ ചെയ്യുന്നതില്‍ അദ്ദേഹം അഭിമാനം കൊണ്ടിരുന്നു. ഭാര്യയും മക്കളും കൂടുതല്‍ സുഖസൗകര്യങ്ങള്‍ ആസ്വദിച്ച് വളരേണ്ടവരാണെന്ന് അദ്ദേഹം അറിഞ്ഞിരിക്കാം. എം.പി. പോളിന്റെ മകളെന്ന നിലയില്‍ സമൃദ്ധിയുടെ നടുവിലാണ് റോസി വളര്‍ന്നത്. പിതാവിന്റെ സ്നേഹവാത്സല്യങ്ങളും ആശയസമൃദ്ധങ്ങളായ സംഭാഷണങ്ങളുമാണ് അവരില്‍ സ്വാതന്ത്ര്യബോധം വളര്‍ത്തിയത്.


അതിന്റെതന്നെ തുടര്‍ച്ചയായിരുന്നു അല്ലലില്ലാതെ കഴിയണമെന്ന അവരുടെ ആഗ്രഹവും. എന്നാല്‍, അതിന്റെ തീവ്രത സി.ജെ. അറിഞ്ഞിരുന്നില്ല. അതില്‍ നിന്നാണ് തര്‍ക്കങ്ങളും കലഹങ്ങളും ചിലപ്പോഴൊക്കെ ഉണ്ടായിരുന്നത്. അപ്പോഴും സി.ജെ. തോമസിനെ ഒരു ശിശുവിനെ എന്നപോലെ കാണുകയും അദ്ദേഹത്തിന്റെ കാര്യങ്ങളില്‍ ശ്രദ്ധവെക്കുകയും ചെയ്തിരുന്നു.


നാടകവും ഉപന്യാസങ്ങളും എഴുതുന്നതിന് അദ്ദേഹത്തിന് റോസി നല്‍കിയിരുന്ന പ്രചോദനവും പിന്തുണയും ചെറുതല്ല. രചനയുടെ മുഹൂര്‍ത്തങ്ങളില്‍ സി.ജെ.യുടെ മുറിയില്‍ ഒരു ഈച്ചപോലും കടന്നുചെല്ലാന്‍ റോസി അനുവദിച്ചിരുന്നില്ല. അക്കാര്യത്തില്‍ റോസിയോട് സി.ജെ. എന്നും കടപ്പെട്ടിരുന്നു.


വിവാഹത്തിനു സമ്മതിച്ചില്ലെങ്കിലും പിതാവിന്റെ മഹിമ മനസ്സിലാക്കി അദ്ദേഹത്തെ എപ്പോഴും ബഹുമാനത്തോടെ കാണാന്‍ റോസിക്ക് സാധിച്ചിരുന്നു. തന്റെ ഉറച്ച നിലപാടിനെ ഗൂഢമായെങ്കിലും പിതാവ് അഭിനന്ദിക്കുകയും അനുഗ്രഹിക്കുകയും ചെയ്തിരുന്നു എന്ന് അവര്‍ വിശ്വസിച്ചു.


പിതാവിന്റെ ഗുണവിശേഷങ്ങള്‍ എത്ര വിവരിച്ചാലും റോസിക്ക് മതിയാവുമായിരുന്നില്ല. മതമേധാവികളുമായി എം.പി. പോള്‍ നടത്തിയ ധീരോദാത്തമായ പോരാട്ടങ്ങളെക്കുറിച്ച് പറയുമ്പോള്‍ അവരുടെ മുഖം അഭിമാനം കൊണ്ട് തുടുക്കുമായിരുന്നു. പിതാവിന്റെ ചില ഗുണവിശേഷങ്ങള്‍ തനിക്കും ലഭിച്ചിട്ടുണ്ടെന്ന് അവര്‍ ഉത്സാഹപൂര്‍വം എപ്പോഴും പറയുമായിരുന്നു.


പ്രകടനപരമല്ലാത്ത ധൈര്യം എം.പി. പോളിനെന്ന പോലെ റോസിക്കും സമൃദ്ധമായി ഉണ്ടായിരുന്നു. 'ഉറങ്ങുന്ന സിംഹം' എന്ന ഗ്രന്ഥം രചിക്കാന്‍ റോസിയെ പ്രാപ്തയാക്കിയത് പിതാവിനോടുള്ള സ്നേഹബഹുമാനങ്ങള്‍ തന്നെയാണ്.ആശയപരമായ കാര്യങ്ങളിലും റോസി പലപ്പോഴും സ്വന്തം നിലപാട് അവലംബിച്ചിരുന്നു. വിമോചന സമരഘട്ടത്തില്‍ സി.ജെ. സ്വീകരിച്ച നിലപാടിനെ റോസി നേരിട്ട് വിമര്‍ശിക്കുമായിരുന്നു. അത് ജനാധിപത്യ വിരുദ്ധമാണെന്ന് അവര്‍ വാശിയോടെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അതിനു മുന്നില്‍ പലപ്പോഴും സി.ജെ. തോമസ് മൗനം അവലംബിച്ചിരുന്നു.


അന്ത്യഘട്ടത്തില്‍ ഭര്‍ത്താവിന് മാരക രോഗമാണെന്നറിഞ്ഞപ്പോള്‍ അവരുടെ സ്വഭാവത്തില്‍ നിലീനമായിരുന്ന ഗുണവിശേഷങ്ങളെല്ലാം ഉണര്‍ന്നുപ്രകടമാകുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്.ഓര്‍മ സാവധാനം നഷ്ടപ്പെടുകയും അസ്വസ്ഥത അനുഭവിക്കുകയും ചെയ്തിരുന്ന ഭര്‍ത്താവിനെ ഒരു ദേവതയെപ്പോലെ അവര്‍ അടുത്തിരുന്നു ശുശ്രൂഷിച്ചു. ഇവിടെ നിന്ന് ചികിത്സയ്ക്കായി വെല്ലൂര്‍ക്ക് കൊണ്ടുപോയപ്പോഴും റോസി ഒപ്പമുണ്ടായി.


സി.ജെ.യുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരേണ്ട എന്ന് റോസി തീരുമാനിച്ചത് നല്ലവണ്ണം ആലോചിച്ചുതന്നെയാണ്. പിതാവിന്റെ മൃതദേഹം സംസ്‌കരിക്കുന്ന കാര്യത്തില്‍ വൈദികര്‍ കാണിച്ച എതിര്‍പ്പ് സി.ജെ.യുടെ കാര്യത്തിലും അവര്‍ ആവര്‍ത്തിക്കുമെന്ന് അവര്‍ ശങ്കിച്ചു. അങ്ങനെ അസുഖകരമായ രംഗം സൃഷ്ടിക്കാതെ സി.ജെ.യുടെ മൃതദേഹം വെല്ലൂരില്‍ തന്നെ സംസ്‌കരിക്കുന്നതിന് അവര്‍ തീരുമാനിച്ചു.
1987-ല്‍ ഇഎംഎസ്സിന്റെ തത്ത്വാധിഷ്ഠിത രാഷ്ട്രീയം എന്ന മുദ്രാവാക്യത്തില്‍ ആകൃഷ്ടയായി റോസി ഇടതുമുന്നണിയുടെ വിജയത്തിനു വേണ്ടി അക്ഷീണം യത്‌നിച്ചു. എറണാകുളം നിയോജകമണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്ന എനിക്കുവേണ്ടി ഒട്ടേറെ വേദികളില്‍ അവര്‍ നര്‍മ മധുരമായി പ്രസംഗിച്ചു.


ഫലിതങ്ങള്‍ പറയുന്നതിനിടയിലും അവര്‍ തത്ത്വങ്ങള്‍ മറന്നിരുന്നില്ല. ചെറിയ ചെറിയ ഉദാഹരണങ്ങള്‍ ലോകരാഷ്ട്രീയത്തില്‍ നിന്ന് ഉദ്ധരിച്ച് നര്‍മ മധുരമായി അവര്‍ പ്രസംഗിക്കുമ്പോള്‍ ആരും കേട്ടിരുന്നുപോകും. സുഹൃത്തെന്ന നിലയില്‍ റോസിയുടെ ആത്മാര്‍ഥതയും സ്നേഹവായ്പും മറക്കാനാവില്ല. അങ്ങേയറ്റത്തെ ആത്മാര്‍ഥതയോടെയാണ് അവര്‍ പെരുമാറിയിരുന്നത്.


എനിക്ക് ബുദ്ധിമുട്ടുകളുണ്ടായപ്പോഴെല്ലാം റോസി ഓടിയെ ത്തിയിട്ടുണ്ട്. അവരുടെ സാന്നിധ്യം തന്നെ മാനസിക വിഷമങ്ങളില്‍ നിന്ന് മോചിപ്പിക്കുന്നതായാണ് എന്റെ അനുഭവം. വിരസമായ അന്തരീക്ഷത്തില്‍ ഉല്ലാസത്തിന്റെ വസന്തം വിരിയിച്ചാകും റോസിയുടെ ആഗമനം. എല്ലാവരെയും ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത് അന്തരീക്ഷത്തിലെ പിരിമുറുക്കങ്ങള്‍ ഇല്ലാതാക്കിയാകും അവര്‍ മടങ്ങുക.


അവരുടെ വേര്‍പാട് പരിചയക്കാര്‍ക്കെല്ലാം അഗാധമായ ദുഃഖം പകരും, തീര്‍ച്ച. അത്രയ്ക്ക് മാധുര്യം നിറഞ്ഞ വ്യക്തിത്വമായിരുന്നു അത്.
പിതാവിനെക്കുറിച്ചും ഭര്‍ത്താവിനെക്കുറിച്ചും അവര്‍ രചിച്ച പുസ്തകങ്ങള്‍ അവരുടെ തന്നെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതാണ്. സരളമധുരമായ ഭാഷയും നര്‍മം തുളുമ്പുന്ന ശൈലിയും അതിന്റെ സാക്ഷ്യമാണ്. ഭാവിതലമുറയ്ക്ക് ആ കൃതികള്‍ പ്രയോജനപ്രദമായിരിക്കും.


കടപ്പാടു് മാതൃഭൂമി

ഏവരെയും സ്നേഹിച്ച റോസിച്ചേച്ചി



പ്രൊഫ. എം. തോമസ് മാത്യു


നിഷ്കളങ്കവും ആര്‍ദ്രവുമായ സ്നേഹം ജീവിതത്തിലും എഴുത്തിലും എക്കാലവും പുലര്‍ത്തിയ സവിശേഷവ്യക്തിത്വമായിരുന്നു റോസി തോമസ്. മറയില്ലാത്ത പ്രകൃതവും അപാരമായ തന്റേടവും റോസിച്ചേച്ചിയെ വ്യത്യസ്തയാക്കി.

സി.ജെ. തോമസുമായി എനിക്ക് പരിചയമില്ല. ഞാന്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ സി.ജെ മരിച്ചിരുന്നു. സി.ജെ. സ്മാരക പ്രസംഗ സമിതിയുമായി ഞാന്‍ സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. അതുവഴിയാണ് റോസിച്ചേച്ചിയുമായി അടുപ്പമുണ്ടായത്. സമിതിയുടെ ആവശ്യങ്ങള്‍ക്കായി കൂത്താട്ടുകുളത്തേക്കും സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം കാര്യങ്ങള്‍ക്ക് കോട്ടയത്തേക്കും നടത്തുന്ന യാത്രകളില്‍ കാറില്‍ എം.കെ. സാനുമാഷിനൊപ്പം റോസിച്ചേച്ചി എന്നെയും കൂട്ടും. യാത്രയ്ക്കിടെ മുഴുവന്‍ തമാശകള്‍ പറയും, പൊട്ടിച്ചിരിക്കും. വ്യക്തിജീവിതത്തില്‍ എപ്പോഴും വളരെ സജീവമായിരുന്നു. എല്ലാക്കാര്യങ്ങളിലും അവരുടെ സാന്നിദ്ധ്യം ഉറപ്പാണ്.

തുറന്ന മനസോടെ എല്ലാവരെയും സ്നേഹിച്ച വ്യക്തിയാണ് റോസിച്ചേച്ചി. ഞാന്‍ റോസിച്ചേച്ചി എന്നാണ് വിളിച്ചിരുന്നത്. എന്നോട് എക്കാലത്തും വാത്സ്യല്യം സൂക്ഷിച്ചിരുന്നു. എനിക്ക് കത്തുകള്‍ എഴുതുമ്പോള്‍ താഴെ 'റോസിച്ചേച്ചി' എന്നെഴുതി ഒപ്പിടുമായിരുന്നു.

നിഷ്കളങ്കമായിരുന്നു അവരുടെ എഴുത്തും. ഒപ്പം നിശിതവിമര്‍ശനവും നടത്തും. വിമര്‍ശനങ്ങളും നിഷ്കളങ്കവും ആര്‍ദ്രവുമായിരിക്കും. കാര്യങ്ങള്‍ നന്നായി വിശകലനം ചെയ്യുന്ന നിലാവ് പോലുള്ള മനസായിരുന്നു.


'ഇവനെന്റെ പ്രിയ സി.ജെ' എന്ന കൃതിക്ക് തുല്യമായി മലയാളത്തില്‍ മറ്റൊരു കൃതി കാണാനില്ല. ഏറ്റവും ഹൃദ്യമെന്ന് പറയാവുന്ന കൃതി. സി.ജെ. തോമസിന്റെ വ്യക്തിത്വം, ബന്ധങ്ങള്‍, സംഭാവനകള്‍ തുടങ്ങിയവ വളരെ സൂക്ഷ്മതയോടെയും ഒപ്പം അലിവോടെയും റോസിച്ചേച്ചി എഴുതി. സി.ജെയെ അടുത്തറിയാന്‍ ഇതിലും നല്ലൊരു കൃതിയില്ല.

പിതാവായ എം.പി. പോളിനെക്കുറിച്ചുള്ള പുസ്തകവും അതുപോലെ ഹൃദ്യമാണ്. 'ഉറങ്ങുന്ന സിംഹം' എന്നാണ് പുസ്തകത്തിന്റെ പേര്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരനെ മകള്‍ എന്നനിലയില്‍ നോക്കിക്കാണുന്ന രചനയാണത്. സി.ജെ. തോമസ് പറഞ്ഞ വാചകത്തില്‍ നിന്നാണ് പുസ്തകത്തിന്റെ പേരും നല്‍കിയത്. എം.പി. പോളിനെ സംസ്കരിച്ചിടത്ത് സിംഹത്തിന്റെ പ്രതിമ വയ്ക്കണമെന്ന് ഒരവസരത്തില്‍ സി.ജെ പറഞ്ഞിരുന്നു. എം.പി പോള്‍ എന്താണെന്ന് ചൂണ്ടിക്കാണിക്കുന്ന പുസ്തകമാണിത്. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ വലിപ്പം, അറിയാതെ പോയ നന്മകള്‍ എന്നിവ അതിലറിയാം.
റോസിച്ചേച്ചി എഴുതിയ രണ്ടു നോവലുകളും സുന്ദരമാണ്. ഗ്രാമീണജീവിതവും ബന്ധങ്ങളുമാണ് അവയില്‍. വ്യക്തിപരമായ ദു:ഖങ്ങളും അവയില്‍ കാണാന്‍ കഴിയും.

അനാചാരങ്ങളെയും ഫാഷനു പിന്നാലെ പായുന്നവരെയും വിമര്‍ശിക്കാന്‍ അവര്‍ തയ്യാറായി. പെണ്‍കുട്ടികള്‍ വഴിതെറ്റുന്നതില്‍ ആശങ്കയും ഭയവും അവര്‍ രേഖപ്പെടുത്തി. 'ജാലകക്കാഴ്ച' എന്ന പുസ്തകത്തില്‍ ഇത്തരം നിരീക്ഷണങ്ങള്‍ കാണാന്‍ കഴിയും.

റോസിച്ചേച്ചിയുടെ ഭാഷ ഹൃദ്യമാണ്. ലളിതവും വക്രതയില്ലാത്തതുമാണ്. ആര്‍ക്കും വായിച്ചുപോകാന്‍ കഴിയും. എം.പി. പോള്‍, സി.ജെ. തോമസ് എന്നിവരുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന രചനാശൈലി അവരുടെ കരുത്താണ്. ആര്‍ജ്ജവവും നന്മയുമുള്ള ഭാഷയുമാണ്.

ഹൃദയത്തില്‍ നിന്നു വരുന്നതാണ് അവരുടെ ഓരോ വാക്കും വാചകങ്ങളും. നല്ല മൂര്‍ച്ചയുള്ള ഭാഷ. എപ്പോഴും കുറിക്കുകൊള്ളുന്ന വാചകങ്ങള്‍. ചെറുവാചകങ്ങള്‍. അനാര്‍ഭാടമായിരുന്നു അവരുടെ ഭാഷ.
ഒരിക്കലും എന്തെങ്കിലും പറയാന്‍ അവര്‍ മറ സ്വീകരിച്ചിട്ടില്ല. മനസിലുള്ളത് തുറന്നു പറയും. ആരോടും. ഇഷ്ടപ്പെടാത്തതായാലും സ്നേഹത്താടെ പറയും. എപ്പോഴും പൊട്ടിച്ചിരിക്കുന്ന പ്രകൃതം. മഹാദു:ഖങ്ങള്‍ എടുത്തയാളാണ്. എങ്കിലും കുട്ടികളെപ്പോലെ ചിരിക്കും.

കുടുംബഭാരം ഏറ്റെടുത്ത സ്ത്രീയാണ്. ജീവിതത്തോടും എഴുത്തിനോടും പ്രതീക്ഷാനിര്‍ഭരമായ സമീപനമാണ് സ്വീകരിച്ചിരുന്നത്.

വ്യക്തിബന്ധങ്ങള്‍ സാഹിത്യരംഗത്ത് മാത്രമല്ല, ഇതരമേഖലയിലുള്ളവരുമായും കാത്തുസൂക്ഷിച്ചിരുന്നു. സാഹിത്യരംഗത്ത് ഏറ്റവും അടുപ്പം എം.കെ. സാനുമാഷിനോടാണ്. സി.ജെ ജീവിച്ചിരുന്ന കാലം മുതല്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഉറ്റ സുഹൃത്തായിരുന്നു. ബഷീര്‍ കുടുംബാംഗം തന്നെയായിരുന്നു. എം.പി പോളിനോടെന്ന പോലെ പിതൃതുല്യമായ സ്നേഹവും ബഹുമാനവും ബഷീറിനെക്കുറിച്ച് പറയുമ്പോള്‍ പോലും വാക്കുകളില്‍ സ്ഫുരിച്ചിരുന്നു. എം.വി. ദേവന്‍, അയ്യപ്പപ്പണിക്കര്‍ എന്നിവരുമായും അടുപ്പം സൂക്ഷിച്ചിരുന്നു.

നല്ല വായനക്കാരിയായിരുന്നു. നല്ല പുസ്തകങ്ങള്‍ പതിവായി വായിക്കും. അടുത്തകാലം വരെയും വായിച്ചിരുന്നു. അനാരോഗ്യംമൂലം അടുത്തകാലത്ത് വായിക്കാന്‍ കഴിഞ്ഞില്ല. പുതുതലമുറയിലെ എഴുത്തുകാരെ ശ്രദ്ധിച്ചിരുന്നു. അവരോട് എക്കാലത്തും വാത്സല്യം പുലര്‍ത്തിയിരുന്നു. റോസി ച്ചേച്ചിയുടെ വേര്‍പാട് എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്വ ന്തം ചേച്ചിയുടെ നഷ്ടമാണ്.

കടപ്പാടു് കേരള കൗമുദി

ഫോട്ടോ കടപ്പാടു് മലയാള മനോരമ

20100107

പഞ്ചായത്തീരാജില്‍ അനിവാര്യമായ മാറ്റങ്ങള്‍ - സിമ്പോസിയം ജനുവരി ഒമ്പതിന്‌

കൂത്താട്ടുകുളം: സി.ജെ തോമസിന്റെ അമ്പതാം ചരമ വാര്‍ഷികാചരണങ്ങളുടെ ഭാഗമായി 2010 ജനുവരി ഒമ്പതിന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ കൂത്താട്ടുകുളത്ത്‌ സി.ജെ സ്‌മാരക ലൈബ്രറിഹാളില്‍ സിമ്പോസിയം നടത്തും. പഞ്ചായത്തീരാജില്‍ അനിവാര്യമായ മാറ്റങ്ങള്‍ എന്ന വിഷയത്തെക്കുറിച്ച്‌ നടത്തുന്ന ഈ സിമ്പോസിയം വി.എം സുധീരന്‍ ഉദ്‌ഘാടനം ചെയ്യും.

സി.ജെ സ്‌മാരകസമിതി പ്രസിഡന്റ്‌ പ്രഫ. എന്‍.ഐ ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ കെ. ചന്ദ്രന്‍പിള്ള, ജോണ്‍ പി. മാണി, എ.എം. ചാക്കോ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും. സമിതി എക്‌സിക്യൂട്ടീവ്‌ മെമ്പര്‍ ജോസഫ്‌ ബാബു സ്വാഗതവും വൈസ്‌പ്രസിഡന്റ്‌ പി.കെ ബാലകൃഷ്‌ണപിള്ള നന്ദിയും പറയും
^ ^

ലേഖന ശേഖരം