പേജുകള്‍‌

20100320

ആഹ്ലാദസാന്നിധ്യം ഇനിയില്ല

പ്രൊഫ. എം.കെ. സാനു


അരനൂറ്റാണ്ട് മുമ്പാണ് റോസിതോമസുമായി ഞാന്‍ പരിചയപ്പെടുന്നത്. എറണാകുളത്ത് സി.ജെ. തോമസിന്റെ വീട്ടില്‍ വെച്ചായിരുന്നു അത്. ഹൃദ്യമായി സംസാരിക്കുന്ന ആകര്‍ഷകമായ വ്യക്തിത്വം ആരിലും ഉല്ലാസഭാവം പകരും. ഞങ്ങള്‍ ഉറ്റസുഹൃത്തുക്കളാകാന്‍ താമസമുണ്ടായില്ല. സി.ജെ.തോമസുമായി എനിക്കുണ്ടായിരുന്ന സൗഹൃദവും എം.പി. പോളിന്റെ നേര്‍ക്ക് ഞാന്‍ പുലര്‍ത്തിയിരുന്ന ബഹുമാനവും ആ ബന്ധത്തിന് ആഴംനല്‍കി.


പലപ്പോഴും റോസി തോമസിന്റെ ചായ സല്‍ക്കാരം ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. ആ സന്ദര്‍ഭത്തില്‍ അപ്പനെക്കുറിച്ചും സി.ജെ. തോമസിനെക്കുറിച്ചും റോസി പറഞ്ഞിരുന്ന ഫലിതങ്ങള്‍ ഒട്ടൊന്നുമല്ല എന്നെ ആകര്‍ഷിച്ചത്. അവരുടെ വ്യക്തിത്വങ്ങളിലേക്ക് ഉള്‍ക്കാഴ്ച പകരാന്‍ അത് എന്നെ സഹായിച്ചിട്ടുണ്ട്.


സി.ജെ. തോമസിനെ റോസി വിവാഹം കഴിക്കുന്നതിന് എം.പി.പോള്‍ എതിരായിരുന്നു. പിതാവിനെ ഈശ്വരതുല്യനായി കണ്ടിരുന്നെങ്കിലും തന്റെ പ്രണയത്തില്‍നിന്നും പിന്മാറാന്‍ റോസി വിസമ്മതിച്ചു. കുറ്റിപ്പുഴ കൃഷ്ണപിള്ളയും പൊന്‍കുന്നം വര്‍ക്കിയും മറ്റും സി.ജെ.യുമായുള്ള ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ഉപദേശിക്കുകയും ചെയ്തു. എങ്കിലും പിതാവിനെപ്പോലെ അഭിപ്രായസ്ഥൈര്യം പുലര്‍ത്തുന്നതില്‍ റോസി തെല്ലും അധൈര്യം കാട്ടിയില്ല.


സി.ജെ. തോമസിന്റെ ബുദ്ധിപരവും സര്‍ഗാത്മാകവുമായ കഴിവുകളില്‍ റോസിക്ക് മതിപ്പുണ്ടായിരുന്നു. എങ്കിലും പിതാവിന്റെ സമുന്നതമായ ആദര്‍ശവായ്പിനെയും ചിന്താമണ്ഡലത്തെയുമാണ് അവര്‍ കൂടുതല്‍ ബഹുമാനിച്ചിരുന്നത്.ഒരു പുരുഷന്റെ ഉത്തമമാതൃകയായി റോസി മനസ്സില്‍ സൂക്ഷിച്ചിരുന്നതും എം.പി. പോളിന്റെ വിഗ്രഹമായിരുന്നു. അതേസമയം തന്നെ സി.ജെ.തോമസ് നാടകകൃത്തെന്ന നിലയില്‍ മലയാളത്തില്‍ മാത്രമല്ല ലോകസാഹിത്യത്തില്‍ തന്നെ ഇടം നേടുമെന്നും അവര്‍ വിലയിരുത്തിയിരുന്നു.


സി.ജെ.യുടെ ലഘുഉപന്യാസങ്ങളിലെ മിന്നല്‍പ്പിണരുകള്‍ എത്ര വിശിഷ്ടമാണെന്ന് തിരിച്ചറിയാനുള്ള കഴിവും റോസിക്കുണ്ടായിരുന്നു. ചിലപ്പോഴെല്ലാം വിരസനായും പരുഷ പ്രകൃതിയായും മാറിയിരുന്ന ഭര്‍ത്താവിനെ ഉദാരമായ സ്നേഹവായേ്പാടെ വീക്ഷിക്കാന്‍ റോസിക്ക് കഴിഞ്ഞതിന്റെ കാരണവും ഇതാണ്. ഇവന്‍ എന്റെ പ്രിയ സി.ജെ. എന്ന വികാരസ്പര്‍ശിയായ പുസ്തകത്തിലൂടെ കടന്നുപോകുന്നവര്‍ക്ക് ആ മനോഭാവം എത്ര ഊഷ്മളമായിരുന്നുവെന്ന് തിരിച്ചറിയാന്‍ കഴിയും.


സി.ജെ. തോമസും റോസിയും തമ്മില്‍ തര്‍ക്കിക്കുകയും കലഹിക്കുകയും ചെയ്യുന്ന രംഗങ്ങള്‍ക്ക് ഞാന്‍ സാക്ഷിയായിരുന്നിട്ടുണ്ട്. അതിനിടയിലും പരസ്പരം സഹതാപത്തോടെ വീക്ഷിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ സ്നേഹിക്കാനും അവര്‍ക്ക് കഴിഞ്ഞിരുന്നു. ആ ഗുണവിശേഷമാണ് വിപരീത സാഹചര്യങ്ങള്‍ക്കിടയിലും അവരുടെ കുടുംബജീവിതം സന്തുഷ്ടമാക്കിത്തീര്‍ത്തത്.


വിപരീത സാഹചര്യങ്ങളില്‍ പ്രധാനം ദാരിദ്ര്യവും അതിനോട് ബന്ധപ്പെട്ട ബുദ്ധിമുട്ടുകളുമാണ്. അരിഷ്ടിച്ച് കഴിയാനുള്ള വകയേ അക്കാലത്ത് അവര്‍ക്ക് കിട്ടിയിരുന്നുള്ളൂ. ഒരു സ്വപ്നദര്‍ശിയെപോലെ പല കാര്യങ്ങളിലും ഇടപ്പെട്ട് ലോകം നന്നാക്കാന്‍ പരിശ്രമിച്ചിരുന്ന സി.ജെ. തോമസ് പണമുണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നതേയില്ല. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിലും ഓള്‍ ഇന്ത്യ റേഡിയോയിലും സതേണ്‍ ലാംഗ്വേജസ് ബുക് ട്രസ്റ്റിലും ഉണ്ടായിരുന്ന ഉദ്യോഗങ്ങള്‍ ലാഘവബുദ്ധിയോടെ അദ്ദേഹം വലിച്ചെറിഞ്ഞ് തെരുവിലിറങ്ങി നടന്നു.


സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇതൊക്കെ ചെയ്യുന്നതില്‍ അദ്ദേഹം അഭിമാനം കൊണ്ടിരുന്നു. ഭാര്യയും മക്കളും കൂടുതല്‍ സുഖസൗകര്യങ്ങള്‍ ആസ്വദിച്ച് വളരേണ്ടവരാണെന്ന് അദ്ദേഹം അറിഞ്ഞിരിക്കാം. എം.പി. പോളിന്റെ മകളെന്ന നിലയില്‍ സമൃദ്ധിയുടെ നടുവിലാണ് റോസി വളര്‍ന്നത്. പിതാവിന്റെ സ്നേഹവാത്സല്യങ്ങളും ആശയസമൃദ്ധങ്ങളായ സംഭാഷണങ്ങളുമാണ് അവരില്‍ സ്വാതന്ത്ര്യബോധം വളര്‍ത്തിയത്.


അതിന്റെതന്നെ തുടര്‍ച്ചയായിരുന്നു അല്ലലില്ലാതെ കഴിയണമെന്ന അവരുടെ ആഗ്രഹവും. എന്നാല്‍, അതിന്റെ തീവ്രത സി.ജെ. അറിഞ്ഞിരുന്നില്ല. അതില്‍ നിന്നാണ് തര്‍ക്കങ്ങളും കലഹങ്ങളും ചിലപ്പോഴൊക്കെ ഉണ്ടായിരുന്നത്. അപ്പോഴും സി.ജെ. തോമസിനെ ഒരു ശിശുവിനെ എന്നപോലെ കാണുകയും അദ്ദേഹത്തിന്റെ കാര്യങ്ങളില്‍ ശ്രദ്ധവെക്കുകയും ചെയ്തിരുന്നു.


നാടകവും ഉപന്യാസങ്ങളും എഴുതുന്നതിന് അദ്ദേഹത്തിന് റോസി നല്‍കിയിരുന്ന പ്രചോദനവും പിന്തുണയും ചെറുതല്ല. രചനയുടെ മുഹൂര്‍ത്തങ്ങളില്‍ സി.ജെ.യുടെ മുറിയില്‍ ഒരു ഈച്ചപോലും കടന്നുചെല്ലാന്‍ റോസി അനുവദിച്ചിരുന്നില്ല. അക്കാര്യത്തില്‍ റോസിയോട് സി.ജെ. എന്നും കടപ്പെട്ടിരുന്നു.


വിവാഹത്തിനു സമ്മതിച്ചില്ലെങ്കിലും പിതാവിന്റെ മഹിമ മനസ്സിലാക്കി അദ്ദേഹത്തെ എപ്പോഴും ബഹുമാനത്തോടെ കാണാന്‍ റോസിക്ക് സാധിച്ചിരുന്നു. തന്റെ ഉറച്ച നിലപാടിനെ ഗൂഢമായെങ്കിലും പിതാവ് അഭിനന്ദിക്കുകയും അനുഗ്രഹിക്കുകയും ചെയ്തിരുന്നു എന്ന് അവര്‍ വിശ്വസിച്ചു.


പിതാവിന്റെ ഗുണവിശേഷങ്ങള്‍ എത്ര വിവരിച്ചാലും റോസിക്ക് മതിയാവുമായിരുന്നില്ല. മതമേധാവികളുമായി എം.പി. പോള്‍ നടത്തിയ ധീരോദാത്തമായ പോരാട്ടങ്ങളെക്കുറിച്ച് പറയുമ്പോള്‍ അവരുടെ മുഖം അഭിമാനം കൊണ്ട് തുടുക്കുമായിരുന്നു. പിതാവിന്റെ ചില ഗുണവിശേഷങ്ങള്‍ തനിക്കും ലഭിച്ചിട്ടുണ്ടെന്ന് അവര്‍ ഉത്സാഹപൂര്‍വം എപ്പോഴും പറയുമായിരുന്നു.


പ്രകടനപരമല്ലാത്ത ധൈര്യം എം.പി. പോളിനെന്ന പോലെ റോസിക്കും സമൃദ്ധമായി ഉണ്ടായിരുന്നു. 'ഉറങ്ങുന്ന സിംഹം' എന്ന ഗ്രന്ഥം രചിക്കാന്‍ റോസിയെ പ്രാപ്തയാക്കിയത് പിതാവിനോടുള്ള സ്നേഹബഹുമാനങ്ങള്‍ തന്നെയാണ്.ആശയപരമായ കാര്യങ്ങളിലും റോസി പലപ്പോഴും സ്വന്തം നിലപാട് അവലംബിച്ചിരുന്നു. വിമോചന സമരഘട്ടത്തില്‍ സി.ജെ. സ്വീകരിച്ച നിലപാടിനെ റോസി നേരിട്ട് വിമര്‍ശിക്കുമായിരുന്നു. അത് ജനാധിപത്യ വിരുദ്ധമാണെന്ന് അവര്‍ വാശിയോടെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അതിനു മുന്നില്‍ പലപ്പോഴും സി.ജെ. തോമസ് മൗനം അവലംബിച്ചിരുന്നു.


അന്ത്യഘട്ടത്തില്‍ ഭര്‍ത്താവിന് മാരക രോഗമാണെന്നറിഞ്ഞപ്പോള്‍ അവരുടെ സ്വഭാവത്തില്‍ നിലീനമായിരുന്ന ഗുണവിശേഷങ്ങളെല്ലാം ഉണര്‍ന്നുപ്രകടമാകുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്.ഓര്‍മ സാവധാനം നഷ്ടപ്പെടുകയും അസ്വസ്ഥത അനുഭവിക്കുകയും ചെയ്തിരുന്ന ഭര്‍ത്താവിനെ ഒരു ദേവതയെപ്പോലെ അവര്‍ അടുത്തിരുന്നു ശുശ്രൂഷിച്ചു. ഇവിടെ നിന്ന് ചികിത്സയ്ക്കായി വെല്ലൂര്‍ക്ക് കൊണ്ടുപോയപ്പോഴും റോസി ഒപ്പമുണ്ടായി.


സി.ജെ.യുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരേണ്ട എന്ന് റോസി തീരുമാനിച്ചത് നല്ലവണ്ണം ആലോചിച്ചുതന്നെയാണ്. പിതാവിന്റെ മൃതദേഹം സംസ്‌കരിക്കുന്ന കാര്യത്തില്‍ വൈദികര്‍ കാണിച്ച എതിര്‍പ്പ് സി.ജെ.യുടെ കാര്യത്തിലും അവര്‍ ആവര്‍ത്തിക്കുമെന്ന് അവര്‍ ശങ്കിച്ചു. അങ്ങനെ അസുഖകരമായ രംഗം സൃഷ്ടിക്കാതെ സി.ജെ.യുടെ മൃതദേഹം വെല്ലൂരില്‍ തന്നെ സംസ്‌കരിക്കുന്നതിന് അവര്‍ തീരുമാനിച്ചു.
1987-ല്‍ ഇഎംഎസ്സിന്റെ തത്ത്വാധിഷ്ഠിത രാഷ്ട്രീയം എന്ന മുദ്രാവാക്യത്തില്‍ ആകൃഷ്ടയായി റോസി ഇടതുമുന്നണിയുടെ വിജയത്തിനു വേണ്ടി അക്ഷീണം യത്‌നിച്ചു. എറണാകുളം നിയോജകമണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്ന എനിക്കുവേണ്ടി ഒട്ടേറെ വേദികളില്‍ അവര്‍ നര്‍മ മധുരമായി പ്രസംഗിച്ചു.


ഫലിതങ്ങള്‍ പറയുന്നതിനിടയിലും അവര്‍ തത്ത്വങ്ങള്‍ മറന്നിരുന്നില്ല. ചെറിയ ചെറിയ ഉദാഹരണങ്ങള്‍ ലോകരാഷ്ട്രീയത്തില്‍ നിന്ന് ഉദ്ധരിച്ച് നര്‍മ മധുരമായി അവര്‍ പ്രസംഗിക്കുമ്പോള്‍ ആരും കേട്ടിരുന്നുപോകും. സുഹൃത്തെന്ന നിലയില്‍ റോസിയുടെ ആത്മാര്‍ഥതയും സ്നേഹവായ്പും മറക്കാനാവില്ല. അങ്ങേയറ്റത്തെ ആത്മാര്‍ഥതയോടെയാണ് അവര്‍ പെരുമാറിയിരുന്നത്.


എനിക്ക് ബുദ്ധിമുട്ടുകളുണ്ടായപ്പോഴെല്ലാം റോസി ഓടിയെ ത്തിയിട്ടുണ്ട്. അവരുടെ സാന്നിധ്യം തന്നെ മാനസിക വിഷമങ്ങളില്‍ നിന്ന് മോചിപ്പിക്കുന്നതായാണ് എന്റെ അനുഭവം. വിരസമായ അന്തരീക്ഷത്തില്‍ ഉല്ലാസത്തിന്റെ വസന്തം വിരിയിച്ചാകും റോസിയുടെ ആഗമനം. എല്ലാവരെയും ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത് അന്തരീക്ഷത്തിലെ പിരിമുറുക്കങ്ങള്‍ ഇല്ലാതാക്കിയാകും അവര്‍ മടങ്ങുക.


അവരുടെ വേര്‍പാട് പരിചയക്കാര്‍ക്കെല്ലാം അഗാധമായ ദുഃഖം പകരും, തീര്‍ച്ച. അത്രയ്ക്ക് മാധുര്യം നിറഞ്ഞ വ്യക്തിത്വമായിരുന്നു അത്.
പിതാവിനെക്കുറിച്ചും ഭര്‍ത്താവിനെക്കുറിച്ചും അവര്‍ രചിച്ച പുസ്തകങ്ങള്‍ അവരുടെ തന്നെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതാണ്. സരളമധുരമായ ഭാഷയും നര്‍മം തുളുമ്പുന്ന ശൈലിയും അതിന്റെ സാക്ഷ്യമാണ്. ഭാവിതലമുറയ്ക്ക് ആ കൃതികള്‍ പ്രയോജനപ്രദമായിരിക്കും.


കടപ്പാടു് മാതൃഭൂമി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

^ ^