ദൈവത്തില്‍ നിന്ന് വേര്‍പെട്ട പാപിയുടെ ഏകാന്തദുഃഖങ്ങളെ ഓര്‍മിപ്പിക്കും വിധം മലയാള സാഹിത്യചിന്തയില്‍ ആദ്യമായി അസ്തിത്വവാദത്തിന്റെ സ്വതന്ത്രമായ ദാര്‍ശനിക മുദ്ര പതിപ്പിച്ച എഴുത്തുകാരനാണ് സി.ജെ. തോമസ്. 50 വര്‍ഷം മുമ്പ് ജീവിതത്തോട് വിടപറഞ്ഞ സി.ജെയെ സ്മരിക്കുന്നു ഇ.വി. ശ്രീധരന്‍ വീക്ഷണം ദിനപ്പത്രത്തില്‍ (2010 ജൂലയ് 14)
നാല്‍പത്തിരണ്ടാമത്തെ വയസ്സില്‍ സി.ജെ. തോമസിനെ വിളിച്ചുകൊണ്ടുപോയ മരണത്തിന് ഇന്ന് 50 വയസ്സാകുന്നു. തലയ്ക്കകത്ത് ക്യാന്‍സര്‍ ബാധിച്ചാണ് സിജെ മരിച്ചത്. വലിയ മനുഷ്യപ്പറ്റുള്ള മധുരമനോഞ്ഞജമായ ഒരു വ്യക്തിത്വമായിരുന്നു സിജെയുടേത്. സിജെ തോമസിന്റെ എഴുത്തും നാടകങ്ങളും മലയാള സാഹിത്യത്തില്‍ ഒരു ദാര്‍ശനിക മണ്ഡലം നിര്‍മ്മിച്ചുവെച്ചിട്ടുണ്ട്. അസ്തിത്വവാദ ദര്‍ശനത്തിന്റെ മലയാളത്തിലെ ആദ്യത്തെ വക്താവായി സിജെയെ അദ്ദേഹത്തിന്റെ നാടക സാഹിതിയിലൂടെയും ഗദ്യകൃതികളിലൂടെയും നമുക്ക് കാണാവുന്നതാണ്.
സിജെ എഴുതുന്നു: "എന്നെക്കൂടാതെ ഈ പ്രപഞ്ചം നിലനില്‍ക്കുമെന്ന് എനിക്കറിയാം. പക്ഷെ, ഞാനില്ലെങ്കില്‍ എനിക്ക് ഈ ലോകമില്ല, ഒന്നുമില്ല. ഞാനില്ലെങ്കില്‍ നിങ്ങളുമില്ല. ഇല്ലാത്ത എന്നെ വ്യക്തിവാദിയെന്ന് അധിക്ഷേപിക്കുകയില്ലല്ലോ?. ഞാന്‍ ജനിക്കുന്നതിന് വളരെ മുമ്പുതന്നെ പ്രപഞ്ചം ഉണ്ടായിരുന്നു. ഞാന്‍ മരിച്ചുകഴിഞ്ഞും അതുണ്ടായിരിക്കും. പക്ഷെ, എന്നെ സംബന്ധിച്ചിടത്തോളം എന്റെ അസ്തിത്വമാണ് ആദ്യത്തെപ്പടി. പ്രപഞ്ചത്തിന്റെ അസ്തിത്വത്തെ ഞാന്‍ അംഗീകരിക്കണമെങ്കില്‍ ഞാനുണ്ടായിരിക്കണം. അതിന് എന്റെ സ്വന്തം അസ്തിത്വത്തെ നിഷേധിച്ചിട്ട് കഴിയുകയില്ലല്ലോ? എന്നെ നിഷേധിച്ചാല്‍ പ്രപഞ്ചത്തിന് നില്‍ക്കാനാവില്ല.
ഞാനില്ലെങ്കിലും പ്രപഞ്ചം ഉണ്ടെന്ന് നിങ്ങളല്ലേ പറയുന്നത്! ഞാനില്ലെങ്കില്‍ ആ പ്രസ്താവനയുടെ ചുവട്ടില്‍ ഞാനെങ്ങനെ ഒപ്പുവെയ്ക്കും. അതുകൊണ്ട് ഞാനുണ്ട്, പ്രപഞ്ചമുണ്ട്-ഞ്ഞാന്‍ കൂടി ഉള്‍പ്പെട്ട പ്രപഞ്ചം. ഞാന്‍ പ്രപഞ്ചത്തിന്റെ ഒരു ഭാഗമാണ്."സിജെ ഒരു യാക്കോബായ ക്രിസ്തീയ പുരോഹിതന്റെ മകനാണ്. അച്ഛന്‍ മകനെയും വൈദികപഠനത്തിന് ചേര്‍ത്തു. എന്നാല്‍ വൈദികപഠനത്തിന്റെ വഴിയില്‍ നിന്ന് മകന്‍ മാറിക്കളഞ്ഞു. എന്നിട്ട് സിജെ ളോഹ കീറിക്കളഞ്ഞു. അക്കാലത്ത് ഇത് വലിയൊരു കുറ്റമാണ്. അതും ഒരു വൈദികന്റെ മകന്‍ ളോഹ കീറിക്കളയുക. നാടിനെയും കുടുംബത്തെയും മതത്തെയും ഞെട്ടിച്ചുകളഞ്ഞു സിജെയുടെ ഈ കൃത്യം. സ്വജീവിതത്തിലേക്ക് ഒരുപാട് മുള്ളുകള്‍ നിറഞ്ഞ സ്വാതന്ത്ര്യത്തിന്റെ ജീവിതപ്പാതയെ സ്വീകരിക്കുകയായിരുന്നു സിജെ. അസ്തിത്വ സാക്ഷാത്ക്കാരത്തിന്റെ വഴിയിലേക്ക് വരികയായിരുന്നു സിജെ.
വ്യക്തിയെയും അവന്റെ സ്വാതന്ത്ര്യത്തിന്റെ സങ്കല്‍പ്പങ്ങളെയും അസ്തിത്വ വിചാരത്തിന്റെ അള്‍ത്താരയില്‍ പ്രതിഷ്ഠിക്കുകയായിരുന്നു സിജെ തന്റെ ളോഹ വലിച്ചുകീറിക്കളഞ്ഞുകൊണ്ട്. ഇവിടെ നിന്നും മാര്‍ക്സിസത്തിന്റെ കമ്മ്യൂണിസ്റ്റ് വഴിയിലൂടെയാണ് സിജെ നടന്നുനീങ്ങിയത്. ദൈവരാജ്യത്തിന്റെ മറുപുറത്തുള്ള മനുഷ്യരാജ്യം അന്വേഷിക്കുകയായിരുന്നു സിജെ. ദൈവത്തില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്ന് ദൈവത്തിലേക്കുമുള്ള ദൂരം അളന്നു നോക്കുകയായിരുന്നു സിജെ. ഈ രണ്ട് ദൂരങ്ങളും സിജെ അളന്നു നോക്കിയത് ഒരു നെഞ്ചില്‍ ഗ്രീക്ക് ദുരന്തനാടകങ്ങളും മറ്റേ നെഞ്ചില്‍ ബൈബിളും ചേര്‍ത്തുവെച്ചുകൊണ്ടാണ്. സിജെയുടെ ചിന്തയ്ക്ക് അസ്തിത്വത്തിന്റെ അഗാധതകള്‍ കാണിച്ചുകൊടുത്തത് ബൈബിളും ഗ്രീക്ക് ദുരന്തനാടകങ്ങളുമാണ്.
ഗ്രീക്ക് ദുരന്തനാടകങ്ങള്‍ സകലകാലത്തിന്റെയും സാഹിത്യമാണെന്ന് സിജെ വിശ്വസിച്ചിരുന്നു. ആ പുരാതന ദുരന്ത നാടകങ്ങള്‍ ദര്‍ശനവത്ക്കരിച്ച ജീവിതനാടകത്തിലെ ദുരന്ത കഥാപാത്രങ്ങളാണ് ക്രിസ്തുവും ഗാന്ധിജിയും കാള്‍മാര്‍ക്സുമൊക്കെയെന്ന് സിജെ വിശ്വസിച്ചിരുന്നു. ദുരന്തം ഒരു സനാതനമായ സത്യമാണ്. ഈ സത്യത്തിന്റെ വഴിയിലേക്കാണ് സിജെ തോമസ് തന്നെ വാരിവലിച്ചെറിഞ്ഞുകൊടുത്തത്. ഗ്രീക്ക് ദുരന്തനാടകങ്ങളെന്ന സനാതന സത്യത്തെ മനസ്സിലേറ്റി, ആ മനസ്സ് ബൈബിളില്‍ ചേര്‍ത്തുവെച്ച ഒരു റിബല്‍ ആയിരുന്നു സിജെ തോമസ്. അദ്ദേഹം നമ്മുടെ ഭാഷയില്‍ പിറന്നുവെന്നത് മലയാള സാഹിത്യത്തിന്റെ ഭാഗ്യം. സിജെ മലയാളസാഹിത്യത്തിലെ അപൂര്‍വ സുന്ദരമായ ഒരു അനശ്വരത.
ജീനിയസും ദാര്‍ശനികനുമായ ഒരെഴുത്തുകാരന്‍. സോക്രട്ടീസും ക്രിസ്തുവും മാര്‍ക്സും ഗാന്ധിജിയുമൊക്കെ സിജെയുടെ ദുരന്തസങ്കല്‍പ്പങ്ങളില്‍ സമ്മേളിക്കുന്നു.
വൈദികനാകേണ്ടിയിരുന്ന സിജെ ളോഹ വലിച്ചുകീറിയെങ്കിലും ബൈബിള്‍ കരളില്‍ തന്നെ സൂക്ഷിച്ചു. ബൈബിള്‍ സിജെയുടെ ആത്മവേദമായിരുന്നു. ഈ ആത്മവേദത്തില്‍ മനസുറപ്പിച്ചുവെച്ച് ട്രാജിക് സെന്‍സിനെ ലാവണ്യവത്ക്കരിക്കുകയായിരുന്നു സിജെയുടെ നാടകങ്ങള്‍. സിജെയുടെ ദാര്‍ശനിക വികാരം അദ്ദേഹത്തിന്റെ നാടകങ്ങളില്‍ നിന്നും ലേഖനങ്ങളില്‍ നിന്നുമൊക്കെ നാം അനുഭവിച്ചെടുക്കേണ്ടതാണ്. സിജെ തന്റെ ദര്‍ശന പദ്ധതികള്‍ ആവിഷ്കരിക്കുന്ന ഗ്രന്ഥങ്ങളൊന്നും എഴുതിയിട്ടില്ല. എന്നാല്‍ സിജെ എഴുതിയ എല്ലാനാടകങ്ങളിലും ലേഖനങ്ങളിലും തന്റെ ദര്‍ശനങ്ങള്‍ ലയിച്ചു ചേര്‍ന്നിട്ടുണ്ട്. 'ഞാന്‍' എന്ന ലേഖനം സിജെയുടെ ദര്‍ശനത്തിന്റെ മുഖവുരയാണ്.
മതത്തിന് പുറത്തേക്ക് കടന്ന സിജെ സോഷ്യലിസത്തെക്കുറിച്ചും കമ്മ്യൂണിസത്തെക്കുറിച്ചുമൊക്കെ എഴുതാന്‍ തുടങ്ങി. 'മതവും കമ്മ്യൂണിസവും', 'സോഷ്യലിസം' എന്നീ രണ്ട് പുസ്തകങ്ങള്‍ സിജെ എഴുതുകയുണ്ടായി. കമ്മ്യൂണിസ്റ്റായി ജീവിക്കാന്‍ തുടങ്ങിയ സിജെയെ കമ്മ്യൂണിസവും മതവും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കി. മതവും കമ്മ്യൂണിസവും ഒന്നുതന്നെ എന്ന ചിന്തയില്‍ എത്തിച്ചേര്‍ന്ന സിജെ വ്യക്തിയും അവന്റെ സത്തയും എന്ന സത്യത്തിലേക്ക് തിരിച്ചുവന്നു. ഈ സത്യത്തിന്റെ ദാര്‍ശനികനാണ് സിജെ തോമസ്.
ഈ ദര്‍ശനം സി ജെയെ മാനവീയതയുടെ വലിയ വഴികളിലേക്ക് നയിച്ചു. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ തുടക്കത്തില്‍ അത് അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നു.
പുരോഗമന കലാ സാഹിത്യപ്രസ്ഥാനം കമ്മ്യൂണിസ്റ്റുകാരുടെ പ്രചരണയന്ത്രമായി മാറുന്നതുകണ്ടപ്പോള്‍ സി ജെ അതുമായി തെറ്റിപ്പിരിഞ്ഞു. സാഹിത്യത്തിനു പുരോഗമന സാഹിത്യമല്ല, സാഹിത്യത്തിന് സാഹിത്യ പുരോഗതിയാണ് ആവശ്യമെന്ന് സി.ജെ. തോമസ് ഉറക്കെ വിളിച്ചുപറഞ്ഞു. എഴുത്തുകാരെയും കലാകാരന്മാരെയും മനുഷ്യന്റെ ചേരിയിലേക്ക് മാത്രം നയിക്കാന്‍ സി ജെ എഴുതുകയും പറയുകയും ചെയ്തു. ഓഫീസും സെക്രട്ടറിയും സംഘടനയുമില്ലാത്ത സ്വതന്ത്ര വ്യക്തികളുടേതു മാത്രമായ ഒരു പവിത്ര സംഘത്തിനകത്താണ് പിന്നീട് സി ജെയെ മലയാളി കാണുന്നത്. എല്ലാ ദുരന്തങ്ങള്‍ക്കും ദുഃഖങ്ങള്‍ക്കുമിടയിലും മനുഷ്യനെന്ന ബിംബത്തെ മനോഹരമാക്കലാണ് എഴുത്തുകാരന്റെ കര്‍ത്തവ്യമെന്ന് വിശ്വസിച്ചുകൊണ്ട് സി ജെ എഴുതി- മനുഷ്യനെന്ന ബിംബത്തെ മനസ്സിലും കണ്‍മുന്നിലും പ്രതിഷ്ഠിച്ചുകൊണ്ട്.
സി ജെക്ക് രാഷ്ട്രീയമുണ്ടായിരുന്നു. അരാഷ്ട്രീയമെന്ന അവസ്ഥയില്‍ സി ജെ വിശ്വസിച്ചിട്ടില്ല. കമ്മ്യൂണിസത്തില്‍ സി ജെ മനുഷ്യവംശത്തിനാവശ്യമായ ഒരു ലോകനന്മ സ്വപ്നം കണ്ടിരുന്നു. സി ജെ റഷ്യയിലും ചൈനയിലും പൂര്‍വ്വ യൂറോപ്യന്‍ രാഷ്ട്രങ്ങളിലുമൊന്നും സൗഹാര്‍ദപ്രതിനിധിയായി പോയിട്ടില്ല. ഈ രാജ്യങ്ങളിലൊക്കെ കമ്മ്യൂണിസം പൊളിഞ്ഞുപോകുന്നതിനു എത്രയോ മുമ്പുതന്നെ സി ജെയുടെ മനസ്സില്‍ കമ്മ്യൂണിസം പൊളിഞ്ഞുപോയിരുന്നു.കേരളം തന്നെയാണ് സി ജെയുടെ മനസ്സില്‍ നിന്ന് കമ്മ്യൂണിസത്തെ വലിച്ചെറിഞ്ഞത്. 1957ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റാണ് സി ജെയോട് കമ്മ്യൂണിസത്തെക്കുറിച്ച് സത്യസന്ധമായി സംസാരിച്ചത്.
ഈ ഗവണ്‍മെന്റ് കേരളത്തിന്റെ മനുഷ്യാവസ്ഥയ്ക്ക് ഒരു സമൂലപരിവര്‍ത്തനമുണ്ടാക്കുമെന്ന് സി ജെ സ്വപ്നം കണ്ടിരിക്കാം. ഇങ്ങനെയൊരു സ്വപ്നം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പുറത്തുള്ള എല്ലാ നല്ല മനുഷ്യര്‍ക്കുമുണ്ടായിരുന്നു. ദാരിദ്ര്യത്തിനു ശമനം വേണം. പാവങ്ങള്‍ക്ക് വിദ്യാഭ്യാസം വേണം. പാവങ്ങള്‍ക്ക് മണ്ണില്‍ അവകാശം വേണം. താഴ്ത്തപ്പെട്ടവര്‍ക്ക് തങ്ങളും മനുഷ്യര്‍ എന്ന അന്തസ്സ് സ്ഥാപിച്ചുകിട്ടണം. ഇതു സാക്ഷാല്‍ കാള്‍മാര്‍ക്സിന്റെ സ്വപ്നമാണ്. ഈ ഭൂമിക്കു വേണ്ടി കാള്‍മാര്‍ക്സ് കണ്ട മഹാസ്വപ്നം കേരളമെന്ന ഈ പാവപ്പെട്ട പ്രദേശത്തിരുന്നു കൊണ്ട് സ്വപ്നം കണ്ട പാവപ്പെട്ട ഒരു മലയാള നാടകകൃത്താണ് സി.ജെ. തോമസ്.
അദ്ദേഹത്തിന്റെ ഈ സ്വപ്നം 1957ലെ ഗവണ്‍മെന്റ് തകര്‍ത്തുകളഞ്ഞു. കേരളത്തിലെ ഒരു വര്‍ഗീയതയുമായി കൂട്ടുചേര്‍ന്നുള്ള ഒരു വിഷവൃക്ഷമായിരുന്നു ആ ഗവണ്‍മെന്റെന്ന് പാവം സി.ജെ. തോമസിന് ആദ്യം മനസ്സിലായില്ല. ഇ എം എസ്സിന്റെ സല്‍ഭരണത്തിന്റെ സെല്‍ഭരണം മനസ്സിലായപ്പോള്‍ ആ സര്‍ക്കാരിനെ സി ജെ തന്റെ ഹൃദയത്തിലെ വേദഭാഷയില്‍ വിഷവൃക്ഷം എന്നു വിളിച്ചു. ആ 'വിഷവൃക്ഷ'ത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെയും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍. ജനാധിപത്യരാഷ്ട്രീയത്തിന്റെ വക്താക്കള്‍ സി ജെയുടെ വിഷവൃക്ഷം എന്ന നാടകമാണ് ഇന്നു കേരളത്തില്‍ അവതരിപ്പിച്ചു കാണിച്ചുകൊടുക്കേണ്ടത്. സി ജെ വിഷവൃക്ഷം എന്ന നാടകത്തില്‍ രാഷ്ട്രീയം കൈകാര്യം ചെയ്തതുകൊണ്ട് സി ജെയുടെ മറ്റു നാടകങ്ങളുടെ സാഹിത്യമൂല്യം ഈ നാടകത്തിനില്ലായിരിക്കാം.
അദ്ദേഹത്തിന്റെ സഹധര്‍മിണി റോസി തോമസ് പോലും അങ്ങനെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ സി ജെ വിഷവൃക്ഷത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. മഹാകവി കുമാരനാശാന്‍ എഴുതിയ ഒരു മോശപ്പെട്ട കൃതിയായി 'ദുരവസ്ഥ' ദന്തഗോപുരക്കാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ദുരവസ്ഥ ഒരു അവസ്ഥയോടുള്ള ശക്തമായ പ്രതികരണമായിരുന്നു. ഇതേപോലെ ഇന്ത്യയിലാദ്യമായി കേരളത്തില്‍ ബാലറ്റുപെട്ടിയിലൂടെ അധികാരത്തില്‍വന്ന ഗവണ്‍മെന്റിന്റെ സെല്‍ഭരണത്തോടുള്ള പ്രതികരണമായിരുന്നു സി ജെയുടെ വിഷവൃക്ഷം. ആശാന്റെ ദുരവസ്ഥ എന്ന കാവ്യം കേരളത്തിലെ വര്‍ഗീയതയോടും സി ജെയുടെ വിഷവൃക്ഷം കമ്മ്യൂണിസത്തിന്റെ മനുഷ്യവിരുദ്ധതയോടും പ്രതികരിച്ചു.
സി ജെയെക്കുറിച്ച് നമ്മള്‍ പഠിക്കേണ്ടത് 'വിഷവൃക്ഷ'ത്തില്‍ നിന്നല്ല. സി ജെ നമ്മുടെ ഭാഷയ്ക്ക് '1128-ല്‍ ക്രൈം 27' എന്ന നാടകം സംഭാവന ചെയ്ത ഒരു വലിയ സാഹിത്യകാരനാണ്. മലയാളത്തില്‍ ഇങ്ങനെയൊരു നാടകമെഴുതിയ വിശ്വസാഹിത്യകാരന്‍. ഈ നാടകമാണ് മലയാളഭാഷയില്‍ അദ്ദേഹത്തിന്റെ സ്മാരകം. മലയാളനാടകത്തെ ലോകനിലവാരത്തിലെത്തിച്ച നാടകമാണിത്. അവന്‍ വീണ്ടും വരുന്നു, ഭൂതം, ഈഡിപ്പസ് രാജാവ്, ആന്റിഗണി, ആ മനുഷ്യന്‍ നീ തന്നെ, ശലോമി, പിശുക്കന്റെ കല്യാണം എന്നിവയാണ് ക്രൈമിനപ്പുറത്തുള്ള സി ജെ കൃതികള്‍. ഇത് മലയാളഭാഷയിലെ മൗലികമായ നാടകസാഹിതിയാണ്. ഈ നാടകസാഹിതി മലയാള നാടകസംസ്കാരത്തിന് ലോകത്തേക്കൊരു വാതില്‍ തുറന്നുകൊടുത്തു.
മലയാള നാടകസാഹിതിയുടെ ഏറ്റവും മുന്‍പന്തിയിലാണ് സി ജെയുടെ നാടകങ്ങളുടെ സ്ഥാനം.എന്തുകൊണ്ട് സി ജെ നാടകമെന്ന കലാരൂപം തന്നെ ആത്മാവിഷ്കാരത്തിന് തെരഞ്ഞെടുത്തു എന്ന ഒരു മണ്ടന്‍ചോദ്യം ഞാന്‍ എന്നോടു ചോദിക്കുന്നു. എന്നിലെ മണ്ടന്‍ എന്നോടു ചോദിക്കുന്നു, എന്തുകൊണ്ടാണ് സോഫോക്ലീസും ഷേക്സ്പിയറും കാളിദാസനും ബര്‍ടോള്‍ഡ് ബ്രെശ്സ്റ്റുമൊക്കെ നാടകം ആത്മാവിഷ്കാരത്തിന് തെരഞ്ഞെടുത്തതെന്ന്. എന്നിലെ സാധാരണമനുഷ്യന്‍ അതിന് നാടകാന്തം കവിത്വം എന്നൊക്കെ ഉത്തരം പറയുമായിരിക്കാം. എന്നാല്‍ ഈ ഉത്തരമാണ് ശരിയെന്ന് എനിക്ക് തോന്നുന്നില്ല.
സി ജെയുടെ ഭാഷ ഒരു സിംഫണിയായിരുന്നു. അതൊരു സ്വരലയമായിരുന്നു.
ഇങ്ങനെയുള്ള സി ജെ നാടകത്തിനെ ആത്മാവിഷ്കാരത്തിന് തെരഞ്ഞെടുത്തു; സോഫോക്ലീസിനെപ്പോലെ, ഷേക്സ്പിയറെപ്പോലെ, കാളിദാസനെപ്പോലെ, ബര്‍ട്ടോള്‍ഡ് ബ്രെശ്സ്റ്റിന്‍പ്പോലെ. എന്തിനു വേണ്ടി? ആത്യന്തികമായി ജീവിതം ദുരന്തത്തിന്റെ ഒരു സിംഫണിയാണെന്ന് ഫലിതരൂപേണ പറയാന്‍. സി ജെ ഒരു സിംഫണി കൊണ്ട് നാടകത്തിലൂടെ ദുരന്തത്തിന് ഫലിതഭാഷ്യം നല്‍കുകയായിരുന്നു.
കടപ്പാട് വീക്ഷണം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
എന്തും സൗകര്യപൂര്‍വ്വം മറക്കുക എന്നത് മലയാളിയുടെ 'തനിമ'യുടെ
മറുപടിഇല്ലാതാക്കൂതമോഗര്ത്തത്തില് നിന്നും സി ജെ യെ വെളിച്ചത്തു കൊണ്ടുവന്നതിനു വളരെ നന്ദി