![]() |
ചന്ദ്രശേഖര കമ്പാർ കടപ്പാടു്: വിക്കിമീഡിയ കോമൺസ് |
കൊച്ചി, 2017 നവംബർ 10: നാടകമേഖലയിലെ മൗലിക സംഭാവനയ്ക്ക് എം.കെ. സാനു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സി.ജെ. തോമസ് ദേശീയ പുരസ്‌കാരം കന്നഡ എഴുത്തുകാരൻ ചന്ദ്രശേഖരകമ്പാർക്കു് സമ്മാനിക്കുമെന്നു് എം.കെ. സാനു ഫൗണ്ടേഷൻ ജന.സെക്രട്ടറി ഫാ. റോബി കണ്ണഞ്ചിറ അറിയിച്ചു. സി.ജെ. തോമസ് ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി തൃശൂരിലെ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ സംഘടിപ്പിയ്ക്കുന്ന ഡിസംബർ 11ന് ഉച്ചകഴിഞ്ഞു മൂന്നിന് എം.ടി. വാസുദേവൻ നായർ സി.ജെ. തോമസ് ദേശീയ പുരസ്‌കാരം ചന്ദ്രശേഖരകമ്പാർക്കു സമ്മാനിക്കും. നാടക മേഖലയിലെ മൗലികസംഭാവനകൾ പരിഗണിച്ചാണ് സി.ജെ. തോമസ് ദേശീയ പുരസ്‌കാരം നൽകുന്നത്.
80-കാരനായ ചന്ദ്രശേഖര കമ്പാർ (Chandrashekhara Kambara) കവി, നോവലിസ്റ്റ്, ഫോക്ലോറിസ്റ്റ്, നാടകകൃത്ത്, സിനിമാ സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനാണ്. വടക്കൻ കന്നഡഭാഷയും ശൈലിയും കഥകളിലും നോവലുകളിലും നാടകത്തിലും പ്രയോഗിച്ച കമ്പാർ ഇന്ത്യയിലെ പ്രാദേശിക അനുഷ്ഠാനങ്ങളോടും ആചാരങ്ങളോടുമാണ് അഭിനിവേശം പുലർത്തിയത്. 1937ൽ ബെൽഗാവി ജില്ലയിലെ ഗോദഗേരി ഗ്രാമത്തിലാണ് ചന്ദ്രശേഖരകമ്പാർ ജനിച്ചത്. സിങ്കാരവ്വ മത്തു അരമനെ എന്ന കമ്പാറിന്റെ നോവൽ കൂലോത്തെ ചിങ്കാരമ്മ എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. കന്നഡ സാഹിത്യത്തിൽ നാടോടി പാരമ്പര്യത്തിൽ അധിഷ്ഠിതമായ ഒരു പുതിയ വഴിത്താര തുറക്കുന്നതിൽ കമ്പാർ ആത്മാർത്ഥശ്രമങ്ങൾ നടത്തിയിട്ടുണ്ട്. നാടോടി ഭാഷയും നാടോടി ഗാനങ്ങളുമായി രംഗത്തവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ നാടകങ്ങൾ കർണാടകയിൽ പ്രശസ്തങ്ങളാണ്. ജോകുമാരസ്വാമി,സാംഗ്യബാല്യ തുടങ്ങിയ നാടകങ്ങളിലെ വടക്കൻ കന്നഡയുടെ ഭാഷാശൈലി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ജ്ഞാനപീഠ പുരസ്‌കാരം (2010), പത്മശ്രീ, ആശാൻ പുരസ്‌കാരം (1982),കബീർ സമ്മാനം, കാളിദാസ സമ്മാനം, പമ്പ അവാർഡ്, കർണാടക സാഹിത്യ അക്കാദമി അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ കമ്പാറിനെ തേടിയെത്തിയിട്ടുണ്ട്. 1975 ൽ രാജ്യത്തെ ഏറ്റവും മികച്ച നാടകമായി കമ്പാറിന്റെ നാട്യസംഘ് തെരഞ്ഞെടുക്കപ്പെട്ടു. 2012 ബാംഗ്‌ളൂർ കൈരളികലാസമിതി ഓണാഘോഷച്ചടങ്ങിന്റെ സമാപന സമ്മേളനത്തിൽ പ്രസംഗിച്ചുകൊണ്ടു് ജാതിമതഭേദമെന്യേ എല്ലാവരേയും ഒന്നിപ്പിക്കുന്ന നന്മയുടെ ഉൽസവമായ ഓണം മഹത്തായസന്ദേശമാണ് വിഭാവന ചെയ്യുന്നതെന്നു് പറഞ്ഞത് ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു.
സി.ജെ. തോമസ് ജന്മശതാബ്ദി വർഷം
ഒരു വർഷം നീളുന്ന സി.ജെ. തോമസ് ജന്മശതാബ്ദി പരിപാടികൾക്കു് എം.കെ. സാനു ഫൗണ്ടേഷൻ പദ്ധതിയിട്ടിട്ടുണ്ട്
സി.ജെ. ജന്മശതാബ്ദി പരിപാടികളുടെ ഉദ്ഘാടനം കൂത്താട്ടുകുളത്തെ സി ജെ സ്മാരകസമിതിയുമായിച്ചേർന്നു് നവംബർ 14നു വൈകിട്ട് മൂന്നിനു കൂത്താട്ടുകുളം ടൗൺഹാളിൽ പ്രഫ. എം.കെ.സാനു ഉദ്ഘാടനം ചെയ്യും. അന്നു വൈകിട്ട് 5.30ന് ചങ്ങമ്പുഴ പാർക്കിൽ ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിന്റെയും പി.ജെ. ചെറിയാൻ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിക്കും. എസ്. രമേശൻ, പ്രഫ. എം. തോമസ് മാത്യു എന്നിവർ പ്രഭാഷണം നടത്തും. ഓരോ മാസവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സർഗ സംവാദങ്ങളും പഠന ശിബിരങ്ങളും സംഘടിപ്പിക്കുമെന്ന് ഫാ. റോബി കണ്ണഞ്ചിറ പറഞ്ഞു.
എം.കെ. സാനു ഫൗണ്ടേഷൻ, ചാവറ കൾച്ചറൽ സെന്റർ, കാരിക്കാമുറി, കൊച്ചി, 11
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ