പേജുകള്‍‌

20171118

സി ജെ ജന്മശതാബ്ദിയാഘോഷങ്ങൾ തുടങ്ങി

സി ജെ തോമസിന്റെ ജന്മശതാബ്ദിയാഘോഷം കൂത്താട്ടുകുളം ടൗൺഹാളിൽ പ്രൊഫ. എം കെ സാനു സ്മൃതിദീപം തെളിച്ച് ഉദ്ഘാടനംചെയ്യുന്നു
ഇടത്തുനിന്നു് ജോൺപോൾ, ഡോ. എൻ അജയകുമാർ, ടി എം എബ്രഹാം, എം കെ സാനു, പ്രൊഫ. എൻ ഐ അബ്രാഹം, ജോസ് കരിമ്പന, സി എൻ പ്രഭകുമാർ എന്നിവരെ കാണാം. കടപ്പാടു്: ദേശാഭിമാനി
എഴുത്തുകാരൻ സി ജെ തോമസിന്റെ ഒരുവർഷം നീളുന്ന ജന്മശതാബ്ദി ആഘോഷങ്ങൾക്കു 2017 നവംബർ 14നു് ജന്മനാടായ കൂത്താട്ടുകുളത്ത് തുടക്കമായി. കൂത്താട്ടുകുളം ടൗൺഹാളിൽ പ്രൊഫ. എം കെ സാനു സ്മൃതിദീപം തെളിച്ച് ഉദ്ഘാടനംചെയ്തു. തിരക്കഥാകൃത്ത് ജോൺപോൾ അധ്യക്ഷനായി. സി ജെയുടെ നാടകങ്ങളായ 'അവൻ വീണ്ടും വരുന്നു', 'ആ മനുഷ്യൻ നീ തന്നെ', '1128ൽ ക്രൈം 27' എന്നിവയിലെ സംഭാഷണഭാഗങ്ങൾ വേദിയിൽ വായിച്ചുകൊണ്ടു് കാലടിസർവകലാശാല തീയെറ്റർ വിഭാഗം വിദ്യാർത്ഥികളായ എംപി മിഥുനും ആതിര ദിലീപും ഗുരുപ്രണാമമവതരിപ്പിച്ചു.

'താരതമ്യങ്ങളില്ലാത്ത പ്രതിഭാവിസ്മയം: സി ജെ തോമസ്' എന്ന സെമിനാറിൽ 'ഇരുട്ടുകീറുന്ന വജ്രസൂചി', 'സി ജെ ഉണർത്തിയ നാടകകലാപങ്ങൾ', 'രാഷ്ട്രീയ സി ജെ' എന്നീ വിഷയങ്ങളിൽ പ്രൊഫ. എം കെ സാനു, ടി എം എബ്രഹാം, ഡോ. എൻ അജയകുമാർ എന്നിവർ പ്രഭാഷണം നടത്തി. കേരള സാഹിത്യ അക്കാദമി പ്രസിദ്ധപ്പെടുത്തുന്ന സി ജെ തോമസിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമായ സി ജെയുടെ ലേഖനങ്ങൾ എന്നകൃതിയുെ ആദ്യവിൽപ്പന എം കെ സാനു നിർവഹിച്ചു. നവതി പിന്നിടുന്ന എം കെ സാനുവിനെയും നാടകസംസ്‌കൃതിയ്ക്കുനല്കിയ സംഭാവനകളുടെ പേരിൽ ടി എം എബ്രഹാമിനെയും പൊന്നാടയണിയിച്ച് ചടങ്ങിൽ ആദരിച്ചു.

പ്രൊഫ. എൻ ഐ അബ്രാഹം, സാനു ഫൌണ്ടേഷൻ സെക്രട്ടറി ഫാ. റോബി കണ്ണൻചിറ,ജോസ് കരിമ്പന തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ ചെയർമാൻ ബിജു ജോൺ ,സി ജെയുടെ മക്കളായ ബീന എംസൺ, പോൾ സി തോമസ് എന്നിവരും പങ്കെടുത്തു.

സി ജെ സ്മാരകസമിതിയും എം കെ സാനു ഫൌണ്ടേഷനും ചേർന്നായിരുന്നു പരിപാടി സംഘടിപ്പിച്ചതു്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

^ ^