പേജുകള്‍‌

20110111

റവ. ഡോ. ഏബ്രാഹം വടക്കേല്‍

റൈറ്റ് റെവറന്‍‍ഡ് മോണ്‍‍സിഞ്ഞോര്‍‍  റവ. ഡോ. ഏബ്രഹാം വടക്കേല്‍ (1894-1980) ഭാഷാപണ്ഡിതനും, വാഗ്മിയും സാഹിത്യ നിരൂപകനും. കൂത്താട്ടുകുളത്തെ‍ വടകരയില്‍ ഒരു യാഥാസ്ഥിതിക റോമന്‍ സുറിയാനി കത്തോലിക്കാ കുടുംബത്തില്‍ 1894ജൂണ്‍‍ 14നു് ജനിച്ചു.

ചങ്ങമ്പുഴയുടെ ‘രക്തപുഷ്പങ്ങള്‍,’ കൈനിക്കരയുടെ കാല്‍വരിയിലെ കല്പപാദപം’ തുടങ്ങി മുപ്പത്തഞ്ചോളം കൃതികള്‍ക്ക് അവതാരിക എഴുതുകയും അതിന്റെ പേരില്‍ മതാധികാരികളുടെ പീഡനങ്ങള്‍ക്കും ശിക്ഷാ നടപടികള്‍ക്കും വിധേയനാകേണ്ടിയും വന്ന റോമന്‍ കത്തോലിക്കാ പുരോഹിതന്‍‍. 1980 ഡി.31നു് മരണമടഞ്ഞു.

കൂത്താട്ടുകുളത്ത് വടകരയില്‍ വടക്കേല്‍ കുടുംബത്തില്‍ 1894 ജൂണ്‍‍ 14-നു് ജനിച്ചു. വിദ്യാഭ്യാസകാലത്തു തന്നെ കലാ-സാഹിത്യ രംഗങ്ങളില്‍ അനിതരസാധാരണമായ കഴിവുകള്‍ പ്രകടിപ്പിച്ചിരുന്ന ഏബ്രാഹം വടക്കേല്‍ 1916-ല്‍ തിരുച്ചിറപ്പള്ളി (തൃശ്ശിനാപ്പിള്ളി) സെന്റ് ജോസഫ്സ് കോളജില്‍ നിന്ന് ബി.എ. പാസ്സായി. തുടര്‍ന്നു് റോമിലെ പ്രപ്പഗാന്ത കോളജില്‍ വൈദിക വിദ്യാര്‍ത്ഥിയായി ചേര്‍ന്ന അദ്ദേഹം തത്ത്വശാസ്ത്രത്തിലും, ദൈവശാസ്ത്രത്തിലും ഉന്നത ബിരുദങ്ങള്‍ കരസ്ഥമാക്കി. സംസ്കൃതം ഉള്‍പ്പെടെ അനേകം ഭാഷകളില്‍ അഗാധപാണ്ഡിത്യവും നേടി.

1927ല്‍‍ റോമില്‍‍ നിന്നു് വൈദികപട്ടം സ്വീകരിച്ചു് നാട്ടില്‍ തിരിച്ചെത്തിയ ശേഷം 1928 ല്‍ ചങ്ങനാശ്ശേരി സെന്റ് ബെര്‍‍ക്‍‍മാന്‍‍സ് (St Berchmans College) അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. ലോജിക് അദ്ധ്യാപകനായിരുന്ന (Lecturer in Logic) മാര്‍ ജെയിംസ് കാളാശേരി ചങ്ങനാശ്ശേരി മെത്രാനായതോടെ(Bishop of Changanacherry) അദ്ദേഹത്തിന്റെ പിന്‍‍ഗാമിയായാണു് ഡോ. ഏബ്രാഹം വടക്കേല്‍ കോളെജില്‍ ചുമതലയേറ്റതു്. 35 വയസ്സിന്റെ ചെറുപ്പവുമായി 1927-ല്‍‍ ചങ്ങനാശ്ശേരി മെത്രാനായ മാര്‍‍ കാളാശേരി (1892-1949) പിന്നീടു് എസ്.ബി. കോളെജിന്റെ (St Berchmans College) രക്ഷാധികാരിയായിരുന്നു.

1930-ല്‍‍ ഡോ. ഏബ്രാഹം വടക്കേല്‍ കോളെജിന്റെ വൈസ് പ്രിന്‍സിപ്പാളായി. അക്കാലത്തു് സാഹിത്യസാംസ്കാരിക രംഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച അദ്ദേഹം എഴുത്തു്കൊണ്ടും സൗമ്യമധുരമായ വാഗ്വിലാസം കൊണ്ടും സാഹിത്യകുതുകികളുടേയും സഹൃദയരുടെയും ആദരവും അംഗീകാരവും നേടിയെടുത്തു. പള്ളിമതില്‍ക്കെട്ടിനു് പുറത്തു്കടന്നു് സാംസ്ക്കാരിക സദസ്സുകളില്‍ നിറഞ്ഞ സാന്നിദ്ധ്യമായി. ഇക്കാലത്താണ് ഡോ. ഏബ്രാഹം വടക്കേല്‍ തന്റെ ആത്മമിത്രമായിരുന്ന കൈനിക്കരയുടെ ‘കാല്‍വരിയിലെ കല്പപാദപം’ എന്ന കൃതിക്ക് അവതാരിക എഴുതിയതു്. ആ അവതാരിക സഭാന്തരീക്ഷത്തില്‍ കൊടുങ്കാറ്റുയര്‍ത്തി.

ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്റെ ‘സന്മാര്‍ഗ്ഗ വിലാസിനി’ നടനസഭയുടെ ‘മിശിഹാചരിത്രം’ നാടകം പോലും തന്റെ രൂപതയില്‍പ്പെട്ട പള്ളികളിലൊരിടത്തും നടത്താന്‍ പാടില്ലെന്ന് ശഠിച്ചിരുന്നയാളായിരുന്നു ചങ്ങനാശ്ശേരിയുടെ മാര്‍‍ ജെയിംസ് കാളാശേരി മെത്രാന്‍‍ (Rev. Dr. James Kalacherry). തന്റെ കീഴിലുള്ള ഒരു പുരോഹിതന്‍ കല്പപാദപത്തിനു് അവതാരികയെഴുതിയതു് മാര്‍‍ ജെയിംസ് കാളാശേരിയെ ചൊടിപ്പിച്ചു. പ്രശസ്തമായ ഒരു കോളജിന്റെ വൈസ് പ്രിന്‍സിപ്പാളായിരുന്ന ഡോ. വടക്കേലിനെ പാലായ്ക്കടുത്തു് പ്രവിത്താനത്തുള്ള ഒരു മിഡില്‍ സ്കൂളിലേക്ക് തരംതാഴ്ത്തിക്കൊണ്ടായിരുന്നു മെത്രാന്‍‍ പ്രതികരിച്ചതു്. ശിക്ഷാനടപടികള്‍ക്കു് വിധേയനായ അദ്ദേഹം അച്ചടക്കമുള്ള ഒരു സഭാപുരോഹിതനെന്ന നിലയില്‍ 1935-ല്‍‍ കോളജ് വിട്ടു് മിഡില്‍‍ സ്കൂള്‍ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു.
മാര്‍‍ ജെയിംസ് കാളാശേരി

അവിടെ ഹെഡ്മാസ്റ്ററായിരിക്കുമ്പോഴാണ് ചില സുഹൃത്തുക്കളുടെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിനു് വഴങ്ങി അദ്ദേഹം രക്തപുഷ്പങ്ങള്‍ക്കു് അവതാരിക എഴുതുന്നത്. രക്തപുഷ്പങ്ങളിലെ ഓരോ കവിതയും സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കിയ അദ്ദേഹം അതിലെ ആശയങ്ങള്‍, ആദര്‍ശങ്ങള്‍ എന്നിവയോട് വിയോജിച്ചുകൊണ്ടാണെങ്കിലും അനുഗൃഹീതനായ ആ യുവകവിയുടെ വാസനാവൈഭവത്തെ അറിഞ്ഞാദരിക്കാന്‍ യാതൊരു വിമുഖതയും കാണിച്ചില്ല. ഗഹനസുന്ദരങ്ങളായ ആശയവിശേഷങ്ങള്‍, തദനുയുക്തങ്ങളായ ലളിതപദാവലികള്‍ സമുചിതമായി നിക്ഷേപിക്കുവാന്‍ വശ്യവചസ്സായ ഒരു അനുഗൃഹീത കവിക്കേ കഴിയൂ എന്ന് സുദീര്‍ഘമായ അവതാരികയില്‍ അദ്ദേഹം എഴുതുകയുണ്ടായി. അക്കാലത്ത് ചങ്ങമ്പുഴ കൃതികളേക്കുറിച്ച് ഒരു റോമന്‍‍ കത്തോലിക്ക പുരോഹിതന്റെ തൂലികയില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്ത വാക്കുകള്‍.

സഭതീര്‍ത്ത അച്ചടക്കത്തിന്റെ തടവറയില്‍ നിന്നും പുറത്തുവന്ന ധിക്കാരിയുടെ സ്വരം വീണ്ടും അധികാരികളെ അലോസരപ്പെടുത്തി. തങ്ങളുടെ വരുതിയില്‍ ഒതുങ്ങിക്കഴിയുവാന്‍ കൂട്ടാക്കാതിരുന്ന ഡോ. വടക്കേലിനെ അച്ചടക്കത്തിന്റെ ചാട്ടവാറുയര്‍ത്തി വീണ്ടും ഭയപ്പെടുത്തുവാനും അള്‍ത്താരയുടെ അടിത്തട്ടില്‍ത്തന്നെ തളച്ചിടാനും അവര്‍ ഗൂഢമാര്‍ഗ്ഗങ്ങള്‍ തേടി. പണ്ഡിതനായ ആ പുരോഹിതന്‍ റോമന്‍‍‍ കത്തോലിക്കാസഭയുടെ ഉന്നതസ്ഥാനങ്ങളില്‍ നിന്നെല്ലാം അകറ്റി നിര്‍ത്തപ്പെട്ടു.

1935 മുതല്‍‍ 1942 വരെ പ്രവിത്താനം മിഡില്‍‍ സ്കൂളിലും1942 മുതല്‍‍ 1949 വരെ ചിറക്കടവു് മിഡില്‍‍ സ്കൂളിലും1949 മുതല്‍‍ ഇലഞ്ഞി ഹൈ സ്കൂളിലും ഹെഡ്മാസ്റ്ററായിരുന്നു.

1951ല്‍‍ ഇലഞ്ഞി ഹൈസ്ക്കൂളിന്റെ ഹെഡ്മാസ്റ്റര്‍ പദവിയില്‍ നിന്ന് വിരമിച്ച അദ്ദേഹം 1951-55കാലത്തു് പാലാ സെന്റ് തോമസ് കോളജിലും 1955-56 കാലത്തു് കോട്ടയം ബി.സി.എം. കോളജിലും അദ്ധ്യാപകനായി ജോലിനോക്കി. ബി.സി.എം. കോളജില്‍‍ വൈസ് പ്രിന്‍സിപ്പാളിന്റെ ചുമതലയും ഉണ്ടായിരുന്നുവെന്നുപറയാം. 1954 മുതല്‍ 1962 വരെയുണ്ടായിരുന്ന സിസ്ററര്‍‍ അല്‍‍ഫോന്‍‍സയുടെ കാനോനീകരണം വേണമോയെന്നു് നിര്‍‍ണയിയ്ക്കാനുള്ള ട്രിബ്യൂണലില്‍‍ അദ്ദേഹം അംഗമായി.

എങ്കിലും അര്‍ഹിക്കുന്ന അംഗീകാരങ്ങളും ഉയര്‍‍ച്ചയും ഒന്നും സമയത്തു് ലഭിയ്ക്കാതെ ഒടുവില്‍ സ്വവസതിയില്‍ വിശ്രമജീവിതം കഴിച്ചുകൂട്ടുകയാണ് ചെയ്തത്. അവസാനകാലത്തു് 83-ആം വയസ്സില്‍‍ 1977-ല്‍ റോമാ മാര്‍‍പാപ്പയായ പൗലോസ് ആറാമനില്‍‍ നിന്നു് മോണ്‍‍സിഞ്ഞോര്‍ പദവി കിട്ടി ഡൊമെസ്റ്റിക് പ്രിലേറ്റായി മാനിയ്ക്കപ്പെട്ടു.

1961 മുതല്‍ മരണം വരെ സി.ജെ. സ്മാരക പ്രസംഗ സമിതിയുടെ രക്ഷാധികാരിമാരിലൊരാളായിരുന്നു. അദ്ദേഹം റോമില്‍ നിന്നെഴുതിയ കത്തുകളുടെ സമാഹാരം സി.ജെ. സ്മാരക പ്രസംഗ സമിതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൈനിക്കര കുമാരപിള്ളയുടെ കാൽവരിയിലെ കല്പപാദപം, ചങ്ങമ്പുഴയുടെ രക്തപുഷ്പങ്ങൾ തുടങ്ങി മുപ്പതിൽ പരം  ഗ്രന്ഥങ്ങൾക്ക് റവ.ഡോ. ഏബ്രഹാം വടക്കേൽ എഴുതിയിട്ടുള്ള അവതാരികകൾ പ്രസിദ്ധങ്ങളാണ്.

1980 ഡിസംബര്‍ 31 നു് ഡോ. അബ്രഹാം വടക്കേല്‍ അന്തരിച്ചു. വാഗ്മിയും സാഹിത്യകലാ മര്‍മ്മജ്ഞനുമായിരുന്ന ഈ പണ്ഡിതന്റെ സ്മരണ നിലനിറുത്താനായി സി.ജെ. സ്മാരക പ്രസംഗ സമിതി 1980 മുതല്‍ റവ. ഡോ. ഏബ്രഹാം വടക്കേല്‍ പുരസ്കാരം (REV. DR. ABRAHAM VADAKKEL AWARD) നല്കിവരുന്നു.

Rt. Rev. Msgr. Dr. Abraham Vadakkel, B.A, Ph.D.D.D
സി.ജെ. സ്മാരക  റവ. ഡോ. ഏബ്രഹാം വടക്കേല്‍ പുരസ്കാരം (C.J. SMARAKA  REV. DR. ABRAHAM VADAKKEL AWARD)

1 അഭിപ്രായം:

  1. സിസ്ററര്‍‍ അല്‍‍ഫോന്‍‍സയുടെ കാനോനീകരണം വേണമോയെന്നു് നിര്‍‍ണയിയ്ക്കാനുള്ള ട്രിബ്യൂണലില്‍‍ അദ്ദേഹം അംഗമായി എന്നത് ചെറിയ കാര്യമല്ല ....അതുകൊണ്ട് തന്നെ അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ കിട്ടിയില്ല എന്ന് പറയുന്നതു ശരിയല്ല ...എങ്കിലും ചില അവഗണനകള്‍ ഉണ്ടായിരിക്കാം ..നല്ല ലേഖനം ...

    മറുപടിഇല്ലാതാക്കൂ

^ ^