പേജുകള്‍‌

20110109

ഗദ്യസാഹിത്യമുണ്ടായതു് മിഷനറിമാര്‍‍ വന്നതിനു് ശേഷം-പ്രൊഫ. എം.കെ. സാനു

കൂത്താട്ടുകുളം: ശക്തമായ മലയാള ഗദ്യമെഴുതിയിരുന്ന പണ്ഡിതനും പ്രഭാഷകനുമായിരുന്നു ഡോ. എബ്രഹാം വടക്കേല്‍ എന്നു് പ്രൊഫ. എം.കെ. സാനു അനുസ്മരിച്ചു. കൂത്താട്ടുകുളത്ത് സി.ജെ. സ്മാരകസമിതിയുടെ ഡോ. എബ്രഹാം വടക്കേല്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 'മറുതിര കാത്തുനിന്നപ്പോള്‍' എന്ന കൃതിയുടെ രചയിതാവ് ഡോ. വി. രാജകൃഷ്ണനാണു് അവാര്‍ഡ് ഏറ്റുവാങ്ങിയതു്. ഇന്നു് ഏറ്റവും ശക്തമായ മലയാള ഗദ്യമെഴുതുന്ന എഴുത്തുകാരനാണു് ഡോ. വി. രാജകൃഷ്ണനെന്നു് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗദ്യസാഹിത്യമുണ്ടായതു് മിഷനറിമാര്‍‍ വന്നതിനു് ശേഷമാണു്. ആശയം ആവിഷ്കരിയ്ക്കുന്നതിനു് ഗദ്യം വേണമായിരുന്നു. ആഢ്യന്‍‍മാര്‍‍ ഉപയോഗിയ്ക്കുന്ന ഉച്ചഭാഷയില്‍‍ നിന്നല്ല, നീചഭാഷയെന്നറിയപ്പെടുന്ന സാധാരണക്കാരുടെ സംസാര ഭാഷയില്‍‍നിന്നാണു് ഗദ്യഭാഷ ആവിഷ്കരിച്ചതു്. വേദപുസ്തക പരിഭാഷയിലെ ഗദ്യത്തോടാണു് സി ജെ തോമസ്‍ കടപ്പെട്ടിരിയ്ക്കുന്നതെന്നു് എം.കെ. സാനു ചൂണ്ടിക്കാട്ടി. ചിന്തയെ ഒരു വിമോചന ശക്തിയായി സ്വീകരിച്ച സിജെ ചിന്തയുടെ തീയും വേദനയും ഏറ്റെടുത്ത ചിന്തകനായിരുന്നു.

ഡോ. വി. രാജകൃഷ്ണന്‍ ആധുനിക മലയാള വിമര്‍‍ശനത്തില്‍ ചിന്തയുടെ നവീനപാത തുറന്നിട്ടു. വായനക്കാരുടെ ആശയചക്രവാളത്തെ വികസ്വരമാക്കുന്ന എഴുത്താണദ്ദേഹത്തിന്റേതു്. നവീനാശയങ്ങളുടെ വീഥികള്‍‍ വെട്ടിത്തുറക്കാന്‍ കഴിയുന്ന ആശയങ്ങള്‍‍ അമ്പതു വര്‍‍ഷം കഴിഞ്ഞും അദ്ദേഹത്തിന്റെ കൃതികളില്‍‍ കണ്ടെത്താന്‍‍ കഴിയും. അടിയന്തരാവസ്ഥക്കാലത്തു് അതിനെതിരെ അമര്‍‍ഷവും സങ്കടവും അദ്ദേഹം പുലര്‍‍ത്തിയിരുന്നു

ഗ്രന്ഥാലോകം സി.ജെ. പതിപ്പിന്‍റെ പ്രകാശനം 
സി.ജെ. സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. എം. തോമസ് മാത്യു അധ്യക്ഷനായി. ഗ്രന്ഥാലോകം മാസിക പുറത്തിറക്കിയ സി.ജെ. പതിപ്പിന്‍റെ പ്രകാശനം പ്രൊഫ. തോമസ് മാത്യു നിര്‍വഹിച്ചു. ഗൗരവത്തോടുകൂടി ഗ്രന്ഥവിമര്‍ശനം നടത്തുന്ന പ്രസിദ്ധീകരണങ്ങളാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൂത്താട്ടുകുളം ഗ്രാമ പഞ്ചായത്തു് അദ്ധ്യക്ഷ അഡ്വ. സീന ജോണ്‍സണ്‍ ഗ്രന്ഥാലോകം സി.ജെ പതിപ്പു് ഏറ്റുവാങ്ങി.

മതവും കമ്യൂണിസവും പ്രകാശനം
സി.ജെ. തോമസിന്റെ 'മതവും കമ്യൂണിസവും' എന്ന ആദ്യകാല കൃതിയുടെ പുതിയ പതിപ്പിന്റെ (മാളൂബന്‍‍ ബുക്സ്) പ്രകാശനം പ്രൊഫ. തോമസ് മാത്യു നിര്‍വഹിച്ചു. ഡോ. സെല്‍വി സേവ്യര്‍ ഏറ്റുവാങ്ങി. ഡോ. വി. രാജകൃഷ്ണന്‍ മറുപടി പ്രസംഗം നടത്തി. സി.ജെ. തോമസും എം ഗോവിന്ദനുമാണു് തന്റെ റോള്‍‍ മോഡലുകളെന്നു് അദ്ദേഹം പറഞ്ഞു. പ്രൊഫ. എന്‍.ഐ. എബ്രഹാം സ്വാഗതവും ജോസ് കരിമ്പന കൃതജ്ഞതയും പറഞ്ഞു.

സാഹിത്യ അരങ്ങ്
സി.ജെ സ്മാരകമന്ദിരത്തിലെ ലൈബ്രറി ഹാളില്‍‍ രാവിലെ 10 മണിയ്ക്കു് സി.ജെ. സ്മാരക സമിതിയും താലൂക്ക് ലൈബ്രറി കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിച്ച ജനകീയ സാഹിത്യ അരങ്ങ് ഡോ. ജോര്‍ജ് ഓണക്കൂര്‍ ഉദ്ഘാടനം ചെയ്തു. സി.ജെ. തോമസിന്റെ 'മതവും കമ്യൂണിസവും' എന്നകൃതിയെ മുന്‍‍ നിറുത്തിയുള്ള ഈ സാഹിത്യ ചര്‍‍ച്ചയില്‍ ഡോ. എന്‍. അജയകുമാര്‍ അധ്യക്ഷനായി. എസ്. രമേശന്‍, ചലച്ചിത്ര സംവിധായകന്‍‍ ജോണ്‍ പോള്‍, സി.എന്‍. പ്രഭകുമാര്‍ (സ്വാഗതം) കെ.എം. ഗോപി (കൃതജ്ഞത) എന്നിവര്‍ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞു് രണ്ടുമണിയ്ക്കു് ശേഷമാണു് അവാര്‍‍ഡ് ദാനവും പുസ്തക പ്രകാശനവും നടന്നതു്.


ഫോട്ടോകൾ: എബി ജോൻ വന്‍നിലം

പുതിയ തലമുറ മലയാളത്തെ സമ്പന്നമാക്കണം-പ്രൊഫ. എം.കെ. സാനു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

^ ^