പേജുകള്‍‌

20130123

പി.കെ. ബാലകൃഷ്‌ണപിള്ള അന്തരിച്ചു

പി.കെ. ബാലകൃഷ്‌ണപിള്ള

കൂത്താട്ടുകുളം: പ്രമുഖ ഗാന്ധിയനും മദ്യനിരോധന സമിതി മുന്‍ സംസ്‌ഥാന സെക്രട്ടറിയുമായ പി.കെ. ബാലകൃഷ്‌ണപിള്ള (88) ജനുവരി 23നു് അതിരാവിലെ 5മണിയ്ക്കു് അന്തരിച്ചു. സംസ്‌കാരം അന്നു് വൈകുന്നേരം നാലരയ്ക്കു് വെളിയന്നൂരിലെ പൂവക്കുളത്തു് (ശ്രീനികേതനം) വീട്ടുവളപ്പില്‍ നടന്നു.

വെളിയന്നൂര്‍ പൂവക്കുളത്ത് പാര്‍വതിയമ്മയുടേയും ശങ്കരന്‍നായരുടേയും മകനായി 1924 ഡിസംബര്‍ 30നാണ് ബാലകൃഷ്ണപിള്ള ജനിച്ചത്. അരീക്കര സെന്റ് റോക്കീസ് സ്‌കൂള്‍, കൂത്താട്ടുകുളം വി.എം. സ്‌കൂള്‍, കിടങ്ങൂര്‍ എന്‍എസ്എസ് ഹൈസ്‌കൂള്‍, രാമപുരം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍വിദ്യാഭ്യാസം. തേവര എസ്എച്ച് കോളേജില്‍നിന്നു് ബിരുദമെടുത്തു.

സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെയാണു് അദ്ദേഹം പൊതുരംഗത്തേയ്ക്കു് പ്രവേശിച്ചതു്.1951-52കാലത്ത് തേവര എസ്എച്ച് കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു.സോഷ്യലിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവായിരുന്നു അന്നു് അദ്ദേഹം. തന്നെ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ത്തതു് പി.കെ. ബാലകൃഷ്‌ണപിള്ളയായിരുന്നുവെന്നു് പോള്‍ വി കുന്നില്‍ അനുസ്മരിച്ചിട്ടുണ്ടു്. പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന സമയത്തു് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ തിരുവനന്തപുരം ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1955-ല്‍ വെളിയന്നൂര്‍ വന്ദേമാതരം സ്‌കൂള്‍ സ്‌ഥാപിക്കുന്നതിനു് മുന്‍കയ്യെടുത്തു. സ്‌കൂളിന്റെ പ്രഥമ പ്രധാനാധ്യാപകനാകേണ്ടതായിവന്നതുകൊണ്ടു് തിരുവനന്തപുരം വിടേണ്ടിവന്നു.

എന്‍എസ്‌എസില്‍ സജീവമായ അദ്ദേഹം ആ ബന്ധത്തില്‍ കുറെക്കാലം കേരള കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു. പിന്നീടു് കക്ഷിരാഷ്ട്രീയം ഉപേക്ഷിച്ചു് സര്‍വോദയ പ്രവര്‍ത്തകനായി. സര്‍വോദയ പ്രസ്ഥാനത്തില്‍ ആചാര്യ വിനോബ ഭവെയും ലോക് നായക് ജയപ്രകാശ് നാരായണനും തമ്മില്‍ ഭിന്നതയുണ്ടായപ്പോള്‍ എം പി മന്മഥനോടൊപ്പം ജയപ്രകാശ് നാരായണന്റെ ഭാഗത്തു് നിലയുറപ്പിച്ചു. എം പി മന്മഥന്‍ പ്രസിഡന്റായിരുന്ന കാലത്തു് 1980കളിലും 1990കളിലും രണ്ടുവട്ടം മദ്യനിരോധന സമിതിയുടെ സംസ്‌ഥാന സെക്രട്ടറിയായി.മദ്യനിരോധന സമിതിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി രണ്ടുതവണ സേവനമനുഷ്ഠിച്ചു.

വെളിയന്നൂര്‍ വന്ദേമാതരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌ഥാപകനും പ്രഥമ ഹെഡ്‌മാസ്‌റ്ററുമായിരുന്ന അദ്ദേഹം രാമനാട്ടുകര സേവാ മന്ദിര്‍ ടിടിഐയില്‍ പ്രധാനാധ്യാപകനായി പിന്നീടു് സേവനമനുഷ്ഠിച്ചു. 1985ല്‍ മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്‌കാരംനേടി.

പ്രകൃതിജീവനരംഗത്തും സജീവമായിരുന്നു. പ്രകൃതിജീവന സമിതി സംസ്ഥാന സമിതിയംഗവും കൂത്താട്ടുകുളം കേന്ദ്രത്തിന്റെ സ്ഥാപക സെക്രട്ടറിയുമാണ്. സര്‍വോദയപ്രസ്ഥാനത്തിന്റെ സംസ്ഥാന മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി, ഗാന്ധിസാഹിത്യ പ്രചാരണത്തിന്റെ പ്രധാന പ്രവര്‍ത്തകന്‍, പൂര്‍ണോദയ ബുക്ക് ട്രസ്റ്റ് വൈസ് പ്രസിഡന്റ് എന്നീനിലകളിലും പ്രവര്‍ത്തിച്ചു. എം.പി. മന്മഥന്‍ സ്‌മാരക ട്രസ്‌റ്റ്‌ സ്‌ഥാപക സെക്രട്ടറി, വൈസ്‌ പ്രസിഡന്റ്‌, കൂത്താട്ടുകുളം പ്രകൃതിജീവന സമിതി പ്രസിഡന്റ്‌, എന്‍എസ്‌എസ്‌ പ്രതിനിധി സഭാംഗം, കേരള സ്വകാര്യ സ്‌കൂള്‍ പ്രധാനാധ്യാപക സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്, അധ്യാപക ട്രെയിനിങ് സ്‌കൂള്‍ പ്രധാന അധ്യാപകരുടെ സംഘടനയുടെ സ്ഥാപക സെക്രട്ടറി, അരീക്കര വെളിയന്നൂര്‍ വിവിധോദ്ദേശ സഹ. സംഘം പ്രസിഡന്റ്, തേവര എസ്എച്ച് കോളേജ് സ്റ്റുഡന്റ്‌സ് സംഘം പ്രസിഡന്റ്, കൂത്താട്ടുകുളം ഫാര്‍മേഴ്‌സ് ബാങ്ക് ഭരണസമിതിയംഗം എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു. ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പറായി ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സത്യപ്രതിജ്ഞകഴിഞ്ഞ് അരമണിക്കൂറിനകം രാജിവച്ചു. കൂത്താട്ടുകുളം കേന്ദ്രമായുള്ള സി.ജെ. സ്മാരക സമിതിയുടെ വൈസ് പ്രസിഡന്റായിരുന്നു. സമിതിയുടെ പ്രതിമാസ ചര്‍ച്ചാപരിപാടിയും ബാലന്‍സാറിന്റെ ചുമതലയിലായിരുന്നു. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിലും പ്രവര്‍ത്തിച്ചു.

കൂത്താട്ടുകുളം നാക്കാട്ടുമഠത്തില്‍ എന്‍. ഈശ്വരിയമ്മയാണു് (കൂത്താട്ടുകുളം ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക)ഭാര്യ. ഗിരിജ (ടീച്ചര്‍, ഗവ. റ്റി.റ്റി.ഐ. ഇടപ്പള്ളി), ബി.ഹരിദാസ്‌ (പെരിയാര്‍ ലാറ്റക്‌സ്‌, മുവാറ്റുപുഴ), ബി. സരിത (ടീച്ചര്‍, വന്ദേമാതരം ഹയര്‍ സെക്കന്ററി സ്‌കൂള്‍, വെളിയന്നൂര്‍)എന്നിവര്‍ മക്കളും ബി. അശോകന്‍ (ഗായത്രി അഡ്വര്‍ട്ടൈസിംഗ്‌ ഏജന്‍സി, എറണാകുളം), പ്രിയ പി.നായര്‍ (സബ്‌ ട്രഷറി, കൂത്താട്ടുകുളം), അഡ്വ. രമേഷ്‌ ബാബു (വെളിയന്നൂര്‍ വന്ദേമാതരം ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാനേജര്‍)എന്നിവര്‍ മരുമക്കളുമാണു്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

^ ^