പേജുകള്‍‌

20221201

സി.ജെ. സ്മാരക പ്രസംഗങ്ങളും റവ.ഡോ ഏബ്രഹാം വടക്കേൽ അവാർഡ് ദാനവും 2022 ഡിസംബർ 3 ശനിയാഴ്ച

കൂത്താട്ടുകുളം: 1961 മുതൽ സി.ജെ. സ്മാരക പ്രസംഗ സമിതി സംഘടിപ്പിച്ചു വരുന്ന സി.ജെ. സ്മാരക പ്രസംഗങ്ങൾ, 'സ്വാതന്ത്രൃത്തിന്റെ എഴുപത്തഞ്ചാണ്ടുകൾ' എന്ന വിഷയത്തിൽ സിമ്പോസിയമായി കൂത്താട്ടുകുളം കെ.റ്റി. ജേക്കബ് ടൗൺഹാളിൽ കൂത്താട്ടുകുളം നഗരസഭയുടെ സാംസ്കാരികോൽസവത്തിന്റെ ഭാഗമായി 2022 ഡിസംബർ 3 ശനിയാഴ്ച മുഴുദിന പരിപാടിയായി നടക്കും. സാഹിത്യവിമർശനത്തിന് സി.ജെ. സ്മാരക പ്രസംഗ സമിതി ഏർപ്പെടുത്തിയിട്ടുള്ള റവ.ഡോ. ഏബ്രഹാം വടക്കേൽ പുരസ്കാരം വൈകുന്നേരം ആറുമണിയ്ക്കു നടക്കുന്ന സമാപന സമ്മേളനത്തിൽ വച്ച് പ്രഫ. എം തോമസ് മാത്യു എഴുത്തുകാരനും കാലടി സർവകലാശാലാ വൈസ് ചാൻസലറുമായ പ്രഫ. ഡോ.എം.വി.നാരായണന്  സമ്മാനിയ്ക്കും.

രാവിലെ ഒമ്പതരയ്ക്ക് ആരംഭിയ്ക്കുന്ന ഉദ്ഘാടന സത്രത്തിൽ നഗരസഭാദ്ധ്യക്ഷ വിജയ ശിവൻ അദ്ധ്യക്ഷയാവും. സുനിൽ പി. ഇളയിടം ഉദ്ഘാടന പ്രഭാഷണം നടത്തും.  'ഇന്ത്യൻ ദേശീയത : ഗതിയും പരിണാമങ്ങളും' എന്നതാണു വിഷയം.

 നഗരസഭാ ഉപാദ്ധ്യക്ഷ അംബിക രാജേന്ദ്രൻ സ്വാഗതവും സി ജെ സമാരക പ്രസംഗ സമിതി അദ്ധ്യക്ഷൻ പ്രൊഫ. ഡോ. എൻ. അജയകുമാർ ആമുഖവും ഖാദി ബോർഡ് അംഗം കെ ചന്ദ്രശേഖരൻ, നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പ്രിൻസ് പോൾ ജോൺ, പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ സണ്ണി കുര്യാക്കോസ്,  നഗരസഭയുടെ സി ജെ സമാരക ഗ്രന്ഥശാല അദ്ധ്യക്ഷൻ അനിൽ കരുണാകരൻ എന്നിവർ ആശംസകളും  വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ മരിയ ഗൊരേത്തി നന്ദിയും പറയും. 

11:15 ന് ആരംഭിയ്ക്കുന്ന ആദ്യ സത്രത്തിൽ 'സാമൂഹിക നീതി - ദാരിദ്ര്യം - സമ്പത്ത് - സ്വാതന്ത്ര്യം' എന്ന വിഷയത്തിൽ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ.എം കുഞ്ഞാമൻ പ്രസംഗിയ്ക്കും. ഡോ. രാജേഷ് കോമത്ത് മോഡറേറ്ററായിരിയ്ക്കും.

ഉച്ചഭക്ഷണത്തിനുശേഷം ഒന്നേമുക്കാലിന് ആരംഭിയ്ക്കുന്ന രണ്ടാം സത്രത്തിൽ 'മാദ്ധ്യമം, ബഹുജനമാദ്ധ്യമം, ബദൽ മാദ്ധ്യമം' എന്ന വിഷയത്തിൽ സിനിമാസംവിധായികയും മാദ്ധ്യമ പ്രവർത്തകയുമായ വിധു വിൻസെന്റ് പ്രസംഗിയ്ക്കും.

ഉച്ച കഴിഞ്ഞ് മൂന്നുമണിയ്ക്ക് മൂന്നാമത്തെ സത്രത്തിൽ പാലക്കാട് ഗവ വിക്ടോറിയ കോളേജ് റിട്ട പ്രഫ. വി. വിജയകുമാർ 'ശാസ്ത്ര കേരളം ഒരു ദൂരക്കാഴ്ച' എന്ന ശീർഷകത്തിൽ പ്രസംഗിയ്ക്കും. 

4 മണിയ്ക്ക് നാലാമത്തെ സത്രത്തിൽ കേരള ശാസ്ത്ര സാഹിത്യപരിഷത്ത് ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ, 'വിണ്ടുകീറിയ പരിസ്ഥിതി' എന്ന വിഷയത്തിൽ പ്രസംഗം നടത്തും. വൈകുന്നേരം 5 മണിയ്ക്ക് കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലയുടെയും കേരള കലാമണ്ഡലത്തിന്റെയും വൈസ് ചാൻസലറും എഴുത്തുകാരനുമായ ഡോ. എം. വി നാരായണൻ 'കലയും കാലവും ചില വർത്തമാന ചിന്തകൾ' എന്ന വിഷയത്തിൽ പ്രസംഗം നടത്തും. 

വൈകിട്ട് ആറരയ്ക്ക് അഡ്വ. അനൂപ് ജേക്കബ് എം. എൽ.എ. അദ്ധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനം തോമസ് ചാഴിക്കാടൻ എം.പി. ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷ വിജയ ശിവൻ സ്വാഗതം ആശംസിയ്ക്കും.

സാഹിത്യ നിരൂപണത്തിന് സി.ജെ സ്മാരക സമിതി നല്കുന്ന റവ. ഡോ. ഏബ്രഹാം വടക്കേൽ പുരസ്കാരത്തിന് അർഹത നേടിയ 'ഓർമയുടെ ഉത്ഭവം' എന്ന കൃതിയുടെ കർത്താവായ കാലടി സർവകലാശാല വൈസ്  ചാൻസലർ ഡോ.എം വി നാരായണന്  പ്രഫ. എം. തോമസ് മാത്യു പുരസ്കാരം സമ്മാനിയ്ക്കും.  

കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച സി.ജെ സ്മാരക പ്രസംഗ സമിതിയുടെ അദ്ധ്യക്ഷൻ കൂടിയായ ഡോ.എൻ അജയകുമാറിനെയും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കുമാരി അനഘ ജെ. കോലോത്തിനെയും സമ്മേളനം അനുമോദിയ്ക്കും.  ആശംസാ - മറുപടി പ്രസംഗങ്ങൾക്കു ശേഷം സി.ജെ. സ്മാരക സമിതി സെകട്ടറി പ്രേംനാഥ് ഡി. നന്ദി പറയും.

 രാത്രി എട്ടുമണിയ്ക്ക്  'രണ്ടന്ത്യ രംഗങ്ങൾ അഥവാ ധർമോക്രസി' എന്ന നാടകം കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല നടക വിഭാഗം അവതരിപ്പിയ്ക്കും.  ഭാസ മഹാകവിയുടെ ഊരുഭംഗവും അഭിഷേകനാടകത്തിലെ ആദ്യ അങ്കവും (ബാലിവധാങ്കം) സമന്വയിപ്പിച്ചു കൊണ്ടുള്ള ഈ നാടകം രമേശ് വർമയാണ് സംവിധാനം ചെയ്യുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

^ ^