പേജുകള്‍‌

20100320

ഏവരെയും സ്നേഹിച്ച റോസിച്ചേച്ചി



പ്രൊഫ. എം. തോമസ് മാത്യു


നിഷ്കളങ്കവും ആര്‍ദ്രവുമായ സ്നേഹം ജീവിതത്തിലും എഴുത്തിലും എക്കാലവും പുലര്‍ത്തിയ സവിശേഷവ്യക്തിത്വമായിരുന്നു റോസി തോമസ്. മറയില്ലാത്ത പ്രകൃതവും അപാരമായ തന്റേടവും റോസിച്ചേച്ചിയെ വ്യത്യസ്തയാക്കി.

സി.ജെ. തോമസുമായി എനിക്ക് പരിചയമില്ല. ഞാന്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ സി.ജെ മരിച്ചിരുന്നു. സി.ജെ. സ്മാരക പ്രസംഗ സമിതിയുമായി ഞാന്‍ സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. അതുവഴിയാണ് റോസിച്ചേച്ചിയുമായി അടുപ്പമുണ്ടായത്. സമിതിയുടെ ആവശ്യങ്ങള്‍ക്കായി കൂത്താട്ടുകുളത്തേക്കും സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം കാര്യങ്ങള്‍ക്ക് കോട്ടയത്തേക്കും നടത്തുന്ന യാത്രകളില്‍ കാറില്‍ എം.കെ. സാനുമാഷിനൊപ്പം റോസിച്ചേച്ചി എന്നെയും കൂട്ടും. യാത്രയ്ക്കിടെ മുഴുവന്‍ തമാശകള്‍ പറയും, പൊട്ടിച്ചിരിക്കും. വ്യക്തിജീവിതത്തില്‍ എപ്പോഴും വളരെ സജീവമായിരുന്നു. എല്ലാക്കാര്യങ്ങളിലും അവരുടെ സാന്നിദ്ധ്യം ഉറപ്പാണ്.

തുറന്ന മനസോടെ എല്ലാവരെയും സ്നേഹിച്ച വ്യക്തിയാണ് റോസിച്ചേച്ചി. ഞാന്‍ റോസിച്ചേച്ചി എന്നാണ് വിളിച്ചിരുന്നത്. എന്നോട് എക്കാലത്തും വാത്സ്യല്യം സൂക്ഷിച്ചിരുന്നു. എനിക്ക് കത്തുകള്‍ എഴുതുമ്പോള്‍ താഴെ 'റോസിച്ചേച്ചി' എന്നെഴുതി ഒപ്പിടുമായിരുന്നു.

നിഷ്കളങ്കമായിരുന്നു അവരുടെ എഴുത്തും. ഒപ്പം നിശിതവിമര്‍ശനവും നടത്തും. വിമര്‍ശനങ്ങളും നിഷ്കളങ്കവും ആര്‍ദ്രവുമായിരിക്കും. കാര്യങ്ങള്‍ നന്നായി വിശകലനം ചെയ്യുന്ന നിലാവ് പോലുള്ള മനസായിരുന്നു.


'ഇവനെന്റെ പ്രിയ സി.ജെ' എന്ന കൃതിക്ക് തുല്യമായി മലയാളത്തില്‍ മറ്റൊരു കൃതി കാണാനില്ല. ഏറ്റവും ഹൃദ്യമെന്ന് പറയാവുന്ന കൃതി. സി.ജെ. തോമസിന്റെ വ്യക്തിത്വം, ബന്ധങ്ങള്‍, സംഭാവനകള്‍ തുടങ്ങിയവ വളരെ സൂക്ഷ്മതയോടെയും ഒപ്പം അലിവോടെയും റോസിച്ചേച്ചി എഴുതി. സി.ജെയെ അടുത്തറിയാന്‍ ഇതിലും നല്ലൊരു കൃതിയില്ല.

പിതാവായ എം.പി. പോളിനെക്കുറിച്ചുള്ള പുസ്തകവും അതുപോലെ ഹൃദ്യമാണ്. 'ഉറങ്ങുന്ന സിംഹം' എന്നാണ് പുസ്തകത്തിന്റെ പേര്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരനെ മകള്‍ എന്നനിലയില്‍ നോക്കിക്കാണുന്ന രചനയാണത്. സി.ജെ. തോമസ് പറഞ്ഞ വാചകത്തില്‍ നിന്നാണ് പുസ്തകത്തിന്റെ പേരും നല്‍കിയത്. എം.പി. പോളിനെ സംസ്കരിച്ചിടത്ത് സിംഹത്തിന്റെ പ്രതിമ വയ്ക്കണമെന്ന് ഒരവസരത്തില്‍ സി.ജെ പറഞ്ഞിരുന്നു. എം.പി പോള്‍ എന്താണെന്ന് ചൂണ്ടിക്കാണിക്കുന്ന പുസ്തകമാണിത്. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ വലിപ്പം, അറിയാതെ പോയ നന്മകള്‍ എന്നിവ അതിലറിയാം.
റോസിച്ചേച്ചി എഴുതിയ രണ്ടു നോവലുകളും സുന്ദരമാണ്. ഗ്രാമീണജീവിതവും ബന്ധങ്ങളുമാണ് അവയില്‍. വ്യക്തിപരമായ ദു:ഖങ്ങളും അവയില്‍ കാണാന്‍ കഴിയും.

അനാചാരങ്ങളെയും ഫാഷനു പിന്നാലെ പായുന്നവരെയും വിമര്‍ശിക്കാന്‍ അവര്‍ തയ്യാറായി. പെണ്‍കുട്ടികള്‍ വഴിതെറ്റുന്നതില്‍ ആശങ്കയും ഭയവും അവര്‍ രേഖപ്പെടുത്തി. 'ജാലകക്കാഴ്ച' എന്ന പുസ്തകത്തില്‍ ഇത്തരം നിരീക്ഷണങ്ങള്‍ കാണാന്‍ കഴിയും.

റോസിച്ചേച്ചിയുടെ ഭാഷ ഹൃദ്യമാണ്. ലളിതവും വക്രതയില്ലാത്തതുമാണ്. ആര്‍ക്കും വായിച്ചുപോകാന്‍ കഴിയും. എം.പി. പോള്‍, സി.ജെ. തോമസ് എന്നിവരുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന രചനാശൈലി അവരുടെ കരുത്താണ്. ആര്‍ജ്ജവവും നന്മയുമുള്ള ഭാഷയുമാണ്.

ഹൃദയത്തില്‍ നിന്നു വരുന്നതാണ് അവരുടെ ഓരോ വാക്കും വാചകങ്ങളും. നല്ല മൂര്‍ച്ചയുള്ള ഭാഷ. എപ്പോഴും കുറിക്കുകൊള്ളുന്ന വാചകങ്ങള്‍. ചെറുവാചകങ്ങള്‍. അനാര്‍ഭാടമായിരുന്നു അവരുടെ ഭാഷ.
ഒരിക്കലും എന്തെങ്കിലും പറയാന്‍ അവര്‍ മറ സ്വീകരിച്ചിട്ടില്ല. മനസിലുള്ളത് തുറന്നു പറയും. ആരോടും. ഇഷ്ടപ്പെടാത്തതായാലും സ്നേഹത്താടെ പറയും. എപ്പോഴും പൊട്ടിച്ചിരിക്കുന്ന പ്രകൃതം. മഹാദു:ഖങ്ങള്‍ എടുത്തയാളാണ്. എങ്കിലും കുട്ടികളെപ്പോലെ ചിരിക്കും.

കുടുംബഭാരം ഏറ്റെടുത്ത സ്ത്രീയാണ്. ജീവിതത്തോടും എഴുത്തിനോടും പ്രതീക്ഷാനിര്‍ഭരമായ സമീപനമാണ് സ്വീകരിച്ചിരുന്നത്.

വ്യക്തിബന്ധങ്ങള്‍ സാഹിത്യരംഗത്ത് മാത്രമല്ല, ഇതരമേഖലയിലുള്ളവരുമായും കാത്തുസൂക്ഷിച്ചിരുന്നു. സാഹിത്യരംഗത്ത് ഏറ്റവും അടുപ്പം എം.കെ. സാനുമാഷിനോടാണ്. സി.ജെ ജീവിച്ചിരുന്ന കാലം മുതല്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഉറ്റ സുഹൃത്തായിരുന്നു. ബഷീര്‍ കുടുംബാംഗം തന്നെയായിരുന്നു. എം.പി പോളിനോടെന്ന പോലെ പിതൃതുല്യമായ സ്നേഹവും ബഹുമാനവും ബഷീറിനെക്കുറിച്ച് പറയുമ്പോള്‍ പോലും വാക്കുകളില്‍ സ്ഫുരിച്ചിരുന്നു. എം.വി. ദേവന്‍, അയ്യപ്പപ്പണിക്കര്‍ എന്നിവരുമായും അടുപ്പം സൂക്ഷിച്ചിരുന്നു.

നല്ല വായനക്കാരിയായിരുന്നു. നല്ല പുസ്തകങ്ങള്‍ പതിവായി വായിക്കും. അടുത്തകാലം വരെയും വായിച്ചിരുന്നു. അനാരോഗ്യംമൂലം അടുത്തകാലത്ത് വായിക്കാന്‍ കഴിഞ്ഞില്ല. പുതുതലമുറയിലെ എഴുത്തുകാരെ ശ്രദ്ധിച്ചിരുന്നു. അവരോട് എക്കാലത്തും വാത്സല്യം പുലര്‍ത്തിയിരുന്നു. റോസി ച്ചേച്ചിയുടെ വേര്‍പാട് എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്വ ന്തം ചേച്ചിയുടെ നഷ്ടമാണ്.

കടപ്പാടു് കേരള കൗമുദി

ഫോട്ടോ കടപ്പാടു് മലയാള മനോരമ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

^ ^