പേജുകള്‍‌

20221201

സി.ജെ. സ്മാരക പ്രസംഗങ്ങളും റവ.ഡോ ഏബ്രഹാം വടക്കേൽ അവാർഡ് ദാനവും 2022 ഡിസംബർ 3 ശനിയാഴ്ച

കൂത്താട്ടുകുളം: 1961 മുതൽ സി.ജെ. സ്മാരക പ്രസംഗ സമിതി സംഘടിപ്പിച്ചു വരുന്ന സി.ജെ. സ്മാരക പ്രസംഗങ്ങൾ, 'സ്വാതന്ത്രൃത്തിന്റെ എഴുപത്തഞ്ചാണ്ടുകൾ' എന്ന വിഷയത്തിൽ സിമ്പോസിയമായി കൂത്താട്ടുകുളം കെ.റ്റി. ജേക്കബ് ടൗൺഹാളിൽ കൂത്താട്ടുകുളം നഗരസഭയുടെ സാംസ്കാരികോൽസവത്തിന്റെ ഭാഗമായി 2022 ഡിസംബർ 3 ശനിയാഴ്ച മുഴുദിന പരിപാടിയായി നടക്കും. സാഹിത്യവിമർശനത്തിന് സി.ജെ. സ്മാരക പ്രസംഗ സമിതി ഏർപ്പെടുത്തിയിട്ടുള്ള റവ.ഡോ. ഏബ്രഹാം വടക്കേൽ പുരസ്കാരം വൈകുന്നേരം ആറുമണിയ്ക്കു നടക്കുന്ന സമാപന സമ്മേളനത്തിൽ വച്ച് പ്രഫ. എം തോമസ് മാത്യു എഴുത്തുകാരനും കാലടി സർവകലാശാലാ വൈസ് ചാൻസലറുമായ പ്രഫ. ഡോ.എം.വി.നാരായണന്  സമ്മാനിയ്ക്കും.

രാവിലെ ഒമ്പതരയ്ക്ക് ആരംഭിയ്ക്കുന്ന ഉദ്ഘാടന സത്രത്തിൽ നഗരസഭാദ്ധ്യക്ഷ വിജയ ശിവൻ അദ്ധ്യക്ഷയാവും. സുനിൽ പി. ഇളയിടം ഉദ്ഘാടന പ്രഭാഷണം നടത്തും.  'ഇന്ത്യൻ ദേശീയത : ഗതിയും പരിണാമങ്ങളും' എന്നതാണു വിഷയം.

 നഗരസഭാ ഉപാദ്ധ്യക്ഷ അംബിക രാജേന്ദ്രൻ സ്വാഗതവും സി ജെ സമാരക പ്രസംഗ സമിതി അദ്ധ്യക്ഷൻ പ്രൊഫ. ഡോ. എൻ. അജയകുമാർ ആമുഖവും ഖാദി ബോർഡ് അംഗം കെ ചന്ദ്രശേഖരൻ, നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പ്രിൻസ് പോൾ ജോൺ, പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ സണ്ണി കുര്യാക്കോസ്,  നഗരസഭയുടെ സി ജെ സമാരക ഗ്രന്ഥശാല അദ്ധ്യക്ഷൻ അനിൽ കരുണാകരൻ എന്നിവർ ആശംസകളും  വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ മരിയ ഗൊരേത്തി നന്ദിയും പറയും. 

11:15 ന് ആരംഭിയ്ക്കുന്ന ആദ്യ സത്രത്തിൽ 'സാമൂഹിക നീതി - ദാരിദ്ര്യം - സമ്പത്ത് - സ്വാതന്ത്ര്യം' എന്ന വിഷയത്തിൽ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ.എം കുഞ്ഞാമൻ പ്രസംഗിയ്ക്കും. ഡോ. രാജേഷ് കോമത്ത് മോഡറേറ്ററായിരിയ്ക്കും.

ഉച്ചഭക്ഷണത്തിനുശേഷം ഒന്നേമുക്കാലിന് ആരംഭിയ്ക്കുന്ന രണ്ടാം സത്രത്തിൽ 'മാദ്ധ്യമം, ബഹുജനമാദ്ധ്യമം, ബദൽ മാദ്ധ്യമം' എന്ന വിഷയത്തിൽ സിനിമാസംവിധായികയും മാദ്ധ്യമ പ്രവർത്തകയുമായ വിധു വിൻസെന്റ് പ്രസംഗിയ്ക്കും.

ഉച്ച കഴിഞ്ഞ് മൂന്നുമണിയ്ക്ക് മൂന്നാമത്തെ സത്രത്തിൽ പാലക്കാട് ഗവ വിക്ടോറിയ കോളേജ് റിട്ട പ്രഫ. വി. വിജയകുമാർ 'ശാസ്ത്ര കേരളം ഒരു ദൂരക്കാഴ്ച' എന്ന ശീർഷകത്തിൽ പ്രസംഗിയ്ക്കും. 

4 മണിയ്ക്ക് നാലാമത്തെ സത്രത്തിൽ കേരള ശാസ്ത്ര സാഹിത്യപരിഷത്ത് ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ, 'വിണ്ടുകീറിയ പരിസ്ഥിതി' എന്ന വിഷയത്തിൽ പ്രസംഗം നടത്തും. വൈകുന്നേരം 5 മണിയ്ക്ക് കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലയുടെയും കേരള കലാമണ്ഡലത്തിന്റെയും വൈസ് ചാൻസലറും എഴുത്തുകാരനുമായ ഡോ. എം. വി നാരായണൻ 'കലയും കാലവും ചില വർത്തമാന ചിന്തകൾ' എന്ന വിഷയത്തിൽ പ്രസംഗം നടത്തും. 

വൈകിട്ട് ആറരയ്ക്ക് അഡ്വ. അനൂപ് ജേക്കബ് എം. എൽ.എ. അദ്ധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനം തോമസ് ചാഴിക്കാടൻ എം.പി. ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷ വിജയ ശിവൻ സ്വാഗതം ആശംസിയ്ക്കും.

സാഹിത്യ നിരൂപണത്തിന് സി.ജെ സ്മാരക സമിതി നല്കുന്ന റവ. ഡോ. ഏബ്രഹാം വടക്കേൽ പുരസ്കാരത്തിന് അർഹത നേടിയ 'ഓർമയുടെ ഉത്ഭവം' എന്ന കൃതിയുടെ കർത്താവായ കാലടി സർവകലാശാല വൈസ്  ചാൻസലർ ഡോ.എം വി നാരായണന്  പ്രഫ. എം. തോമസ് മാത്യു പുരസ്കാരം സമ്മാനിയ്ക്കും.  

കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച സി.ജെ സ്മാരക പ്രസംഗ സമിതിയുടെ അദ്ധ്യക്ഷൻ കൂടിയായ ഡോ.എൻ അജയകുമാറിനെയും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കുമാരി അനഘ ജെ. കോലോത്തിനെയും സമ്മേളനം അനുമോദിയ്ക്കും.  ആശംസാ - മറുപടി പ്രസംഗങ്ങൾക്കു ശേഷം സി.ജെ. സ്മാരക സമിതി സെകട്ടറി പ്രേംനാഥ് ഡി. നന്ദി പറയും.

 രാത്രി എട്ടുമണിയ്ക്ക്  'രണ്ടന്ത്യ രംഗങ്ങൾ അഥവാ ധർമോക്രസി' എന്ന നാടകം കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല നടക വിഭാഗം അവതരിപ്പിയ്ക്കും.  ഭാസ മഹാകവിയുടെ ഊരുഭംഗവും അഭിഷേകനാടകത്തിലെ ആദ്യ അങ്കവും (ബാലിവധാങ്കം) സമന്വയിപ്പിച്ചു കൊണ്ടുള്ള ഈ നാടകം രമേശ് വർമയാണ് സംവിധാനം ചെയ്യുന്നത്.

20221124

റവ. ഡോ. എബ്രഹാം വടക്കേൽ പുരസ്കാരം


പ്രശസ്ത പണ്ഡിതനും വാഗ്മിയും സാഹിത്യ കലാമർമജ്‌ഞനും സി.ജെ. സ്മാരക പ്രസംഗ സമിതിയുടെ രക്ഷാധികാരിയുമായിരുന്ന റവ. ഡോ. ഏബ്രഹാം വടക്കേലിന്റെ സ്മരണയ്ക്കായി 1979-ൽ സി.ജെ. സ്മാരക പ്രസംഗ സമിതി ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം ഓരോ വർഷവും പോയ വർഷങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള  സാഹിത്യ വിമർശന കൃതികളിൽ നിന്നാണു തെരഞ്ഞെടുക്കുന്നത്. കൂത്താട്ടുകുളത്ത് വച്ച് സി.ജെ. സ്മാരക പ്രസംഗങ്ങളോടനുബന്ധിച്ച് പുരസ്കാരം നൽകിവരുന്നു. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ചരിത്രം

80 വയസ്സുകഴിഞ്ഞപ്പോൾ സമാദരണീയനായ വടക്കേൽ അച്ചന്  പൗരസ്വീകരണം നൽകുന്നതിനും അദ്ദേഹത്തിൻറെ പേരിൽ ഒരു എൻഡോവുമെന്റ് ഏർപ്പെടുത്തുന്നതിനും സമ്മാനങ്ങൾ നൽകുന്നതിനും പ്രഫസർ എൻ. ഐ. ഏബ്രഹാമിന്റെ അധ്യക്ഷതയിൽ കൂത്താട്ടുകുളത്ത് ചേർന്ന ഒരു പൊതുയോഗം തീരുമാനിക്കുകയുണ്ടായി. അതിനുവേണ്ടി ശ്രീ വി. കെ. കോരപ്പൻ അധ്യക്ഷനായി രൂപവൽക്കരിക്കപ്പെട്ട കമ്മിറ്റി ഫണ്ട് ശേഖരണം തുടങ്ങി അതിൻറെ പ്രവർത്തനം പൂർത്തിയാക്കി മുകളിൽ പറഞ്ഞ കാര്യങ്ങൾ നിർവഹിക്കുന്നതിനുള്ള ചുമതല സ്മാരക പ്രസംഗ സമിതി ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിയ്ക്കുകയും അതിനുവേണ്ടി ശേഖരിച്ച ഫണ്ട് സമിതിയെ ഏൽപ്പിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. അങ്ങനെയാണ്1979-ൽ  റവ. ഡോ. എബ്രഹാം വടക്കേ പുരസ്കാരം ഏർപ്പെടുത്തിയത്.1980-ൽ അത് നല്കിത്തുടങ്ങി.

കൈനിക്കര എം. കുമാരപിള്ളയുടെ നാടകീയം എന്ന കൃതിക്ക് 1980-ൽ പ്രഥമ പുരസ്കാരം നൽകി. പുരസ്കാരത്തിന് അർഹമായ കൃതികളുടെ പേരുവിവരം ചുവടെ:-

ഏർപ്പെടുത്തിയത് :1979-ൽ

 നൽകി തുടങ്ങിയത് : 1980-ൽ 


1980 - നാടകീയം : കൈനിക്കര എം കുമാരപിള്ള 

1981 - അന്വേഷണങ്ങൾ പഠനങ്ങൾ : ഡോക്ടർ കെ എം ജോർജ് 

1982 - എൻറെ മനോരാജ്യങ്ങൾ : എ. പി. ഉദയഭാനു 

1983 - അയ്യപ്പപ്പണിയ്ക്കരുടെ ലേഖനങ്ങൾ : ഡോക്ടർ കെ അയ്യപ്പപ്പണിക്കർ

 1984 - അവധാരണം : പ്രൊഫ. എം കെ സാനു 

1985 - തത്ത്വമസി : ഡോ. സുകുമാർ അഴീക്കോട്

 1986 - പ്രതിപാത്രം ഭാഷണഭേദം : പ്രൊഫസർ എൻ കൃഷ്ണപിള്ള

1987 - എം. ഗോവിന്ദന്റെ ഉപന്യാസങ്ങൾ : എം ഗോവിന്ദൻ 

1988 - സംസ്കാരത്തിന്റെ ഉറവിടങ്ങൾ : പ്രൊഫസർ കെ എസ് നാരായണപിള്ള 

1989 - മാർക്സിയൻ ദർശനത്തിന് ഒരു മുഖവുര : ഫാ. എസ്. കാപ്പൻ 

1990 - സത്യം ശിവം സുന്ദരം : ഡോ. എം. ലിലാവതി 

1991 - സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയ പരിപ്രേക്ഷ്യം : എൻ. ദാമോദരൻ 

1992 - നിയമസഭയിൽ നിശബ്ദനായി : ഡോക്ടർ ആർ. പ്രസന്നൻ 

1993 - അന്തർധാര : എം. എം. ബഷീർ 

1994 - അഭിനയം അനുഭവം : പത്മശ്രീ ഭരത് ഗോപി 

1995 - ഉത്തരസംവേദനം : ബാലചന്ദ്രൻ വടക്കേടത്ത് 

1996 - കേരളത്തിലെ നാടോടി സംസ്കാരം : കാവാലം നാരായണപ്പണിക്കർ 

1997 - സൃഷ്ടിയും സ്രഷ്ടാവും : പ്രൊഫ. എസ്. ഗുപ്തൻ നായർ

2000 - രവിവർമ്മ പഠനം : വിജയകുമാർ മേനോൻ

2009 - മാരാര് ലാവണ്യാനുഭവത്തിന്റെ യുക്തി ശില്പം  പ്രൊഫ. എം. തോമസ് മാത്യു

2010 - മറുതിര കാത്തുനിന്നപ്പോൾ : വി. രാജകൃഷ്ണൻ

2017 - കഥയുടെ വാർഷിക വലയങ്ങൾ :  ഡോ.കെ. എസ്. രവികുമാർ 

2022 - ഓർമ്മയുടെ ഉത്ഭവം സംസ്കാര/ അവതരണ പഠനങ്ങൾ : പ്രൊഫ. ഡോ. എം.വി. നാരായണൻ  

2026 - കവിതയുടെ ഉപ്പ് : പ്രൊഫ. ഇ. വി. രാമകൃഷ്‌ണൻ 


20220928

സി.ജെ. തോമസ്സിന്റെ നിര്യാണം: പ്രമുഖ സാഹിത്യകാരന്മാരുടെ അനുശോചനകുറിപ്പുകൾ

 ആധുനിക സാഹിത്യത്തിലെ ധീരവും സ്വതന്ത്രവുമായ ശബ്ദമായിരുന്നു ശ്രീ സി.ജെ. തോമസ്സ്. അതു നിത്യനിശ്ശബ്ദതയിൽ ലയിച്ചുപോയെന്നറിയുമ്പോൾ ആരാണ് വിഷാദിക്കാതിരിക്കുക? - ജി. ശങ്കരക്കുറുപ്പ്


ജീവിതത്തിന്റെ ഏതു രംഗത്തും ഒരു കൊടുങ്കാറ്റായി നിൽക്കാനാഗ്രഹിച്ച അദ്ദേഹം ഒരു കൊടുങ്കാറ്റായിത്തന്നെ വരുകയും പോകുകയും ചെയ്തു. ബുദ്ധിജീവികളിൽ ബുദ്ധിജീവിയായ അദ്ദേഹം കൈവെയ്ക്കാത്ത കലയില്ല, കാര്യമില്ല. - ജോസഫ് മുണ്ടശ്ശേരി.


പുതിയ ആശയങ്ങളുടേയും ചിന്തയുടേയും പ്രവാഹം അറിയുവാനും അവ ഭംഗിയായി ആവിഷ്‌കരിക്കുവാനും കഴിഞ്ഞ അതുല്യനായ ഒരു എഴുത്തുകാരനായിരുന്നു സി.ജെ. - കുട്ടികൃഷ്ണമാരാര്


അദ്ദേഹത്തിന്റെ ഇളംപ്രായം ഓർക്കുമ്പോൾ അദ്ദേഹത്തിന്റെ നഷ്ടം പ്രത്യേകിച്ചും ആർക്കും വേദനയുണ്ടാക്കും. - കെ. അയ്യപ്പൻ


കേരളത്തിന്റെ വളർന്നുവരുന്ന നാടകശാലയ്ക്ക് ഒരു വിദഗ്ദ്ധൻ നഷ്ടപ്പെട്ടു. ഒരു നല്ല നാടകകൃത്തും മലയാളത്തിനു പൊയ്‌പ്പോയി. കേരളത്തിലെ അമേച്ചർ ആർട്ടിനു കലാബോധമുള്ള ഒരു വിദഗ്ദ്ധൻ ഇല്ലാതെയായി. എനിക്കു ബാക്കിയുള്ള ഒരു സ്‌നേഹിതനും. - തകഴി ശിവശങ്കരപ്പിള്ള


കലാമർമ്മജ്ഞതയോടും അഗാധമായ പാണ്ഡിത്യത്തോടും മലയാള നാടക സാഹിത്യത്തെ കൈകാര്യം ചെയ്യാൻ സി.ജെ യെപ്പോലെ മറ്റാരും ഉണ്ടായിരുന്നില്ല. - കെ.ബാലകൃഷ്ണൻ.


സാഹിത്യത്തിലെ ധീരനും സ്വതന്ത്രവുമായ ശബ്ദമായിരുന്നു സി.ജെ. തോമസ് .ആ ശബ്ദം അപഥ സഞ്ചാരികളെ നടുക്കിയിട്ടുണ്ട്, വിലക്കിയിട്ടുണ്ട്. അത് നിത്യനിശ്ശബ്ദതയില്‍ ലയിച്ചുപോയെന്നറിയുമ്പോള്‍ ആരാണ് വിഷാദിക്കാതിരിക്കുക. - ജി.ശങ്കരക്കുറുപ്പ്

20171118

സി ജെ ജന്മശതാബ്ദിയാഘോഷങ്ങൾ തുടങ്ങി

സി ജെ തോമസിന്റെ ജന്മശതാബ്ദിയാഘോഷം കൂത്താട്ടുകുളം ടൗൺഹാളിൽ പ്രൊഫ. എം കെ സാനു സ്മൃതിദീപം തെളിച്ച് ഉദ്ഘാടനംചെയ്യുന്നു
ഇടത്തുനിന്നു് ജോൺപോൾ, ഡോ. എൻ അജയകുമാർ, ടി എം എബ്രഹാം, എം കെ സാനു, പ്രൊഫ. എൻ ഐ അബ്രാഹം, ജോസ് കരിമ്പന, സി എൻ പ്രഭകുമാർ എന്നിവരെ കാണാം. കടപ്പാടു്: ദേശാഭിമാനി
എഴുത്തുകാരൻ സി ജെ തോമസിന്റെ ഒരുവർഷം നീളുന്ന ജന്മശതാബ്ദി ആഘോഷങ്ങൾക്കു 2017 നവംബർ 14നു് ജന്മനാടായ കൂത്താട്ടുകുളത്ത് തുടക്കമായി. കൂത്താട്ടുകുളം ടൗൺഹാളിൽ പ്രൊഫ. എം കെ സാനു സ്മൃതിദീപം തെളിച്ച് ഉദ്ഘാടനംചെയ്തു. തിരക്കഥാകൃത്ത് ജോൺപോൾ അധ്യക്ഷനായി. സി ജെയുടെ നാടകങ്ങളായ 'അവൻ വീണ്ടും വരുന്നു', 'ആ മനുഷ്യൻ നീ തന്നെ', '1128ൽ ക്രൈം 27' എന്നിവയിലെ സംഭാഷണഭാഗങ്ങൾ വേദിയിൽ വായിച്ചുകൊണ്ടു് കാലടിസർവകലാശാല തീയെറ്റർ വിഭാഗം വിദ്യാർത്ഥികളായ എംപി മിഥുനും ആതിര ദിലീപും ഗുരുപ്രണാമമവതരിപ്പിച്ചു.

'താരതമ്യങ്ങളില്ലാത്ത പ്രതിഭാവിസ്മയം: സി ജെ തോമസ്' എന്ന സെമിനാറിൽ 'ഇരുട്ടുകീറുന്ന വജ്രസൂചി', 'സി ജെ ഉണർത്തിയ നാടകകലാപങ്ങൾ', 'രാഷ്ട്രീയ സി ജെ' എന്നീ വിഷയങ്ങളിൽ പ്രൊഫ. എം കെ സാനു, ടി എം എബ്രഹാം, ഡോ. എൻ അജയകുമാർ എന്നിവർ പ്രഭാഷണം നടത്തി. കേരള സാഹിത്യ അക്കാദമി പ്രസിദ്ധപ്പെടുത്തുന്ന സി ജെ തോമസിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമായ സി ജെയുടെ ലേഖനങ്ങൾ എന്നകൃതിയുെ ആദ്യവിൽപ്പന എം കെ സാനു നിർവഹിച്ചു. നവതി പിന്നിടുന്ന എം കെ സാനുവിനെയും നാടകസംസ്‌കൃതിയ്ക്കുനല്കിയ സംഭാവനകളുടെ പേരിൽ ടി എം എബ്രഹാമിനെയും പൊന്നാടയണിയിച്ച് ചടങ്ങിൽ ആദരിച്ചു.

പ്രൊഫ. എൻ ഐ അബ്രാഹം, സാനു ഫൌണ്ടേഷൻ സെക്രട്ടറി ഫാ. റോബി കണ്ണൻചിറ,ജോസ് കരിമ്പന തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ ചെയർമാൻ ബിജു ജോൺ ,സി ജെയുടെ മക്കളായ ബീന എംസൺ, പോൾ സി തോമസ് എന്നിവരും പങ്കെടുത്തു.

സി ജെ സ്മാരകസമിതിയും എം കെ സാനു ഫൌണ്ടേഷനും ചേർന്നായിരുന്നു പരിപാടി സംഘടിപ്പിച്ചതു്.

20171111

സി.ജെ. തോമസ് ദേശീയ പുരസ്‌കാരം ചന്ദ്രശേഖരകമ്പാർക്കു്

ചന്ദ്രശേഖര കമ്പാർ
കടപ്പാടു്: വിക്കിമീഡിയ കോമൺസ്

കൊച്ചി, 2017 നവംബർ 10: നാടകമേഖലയിലെ മൗലിക സംഭാവനയ്ക്ക് എം.കെ. സാനു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സി.ജെ. തോമസ് ദേശീയ പുരസ്‌കാരം കന്നഡ എഴുത്തുകാരൻ ചന്ദ്രശേഖരകമ്പാർക്കു് സമ്മാനിക്കുമെന്നു് എം.കെ. സാനു ഫൗണ്ടേഷൻ ജന.സെക്രട്ടറി ഫാ. റോബി കണ്ണഞ്ചിറ അറിയിച്ചു. സി.ജെ. തോമസ് ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി തൃശൂരിലെ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ സംഘടിപ്പിയ്ക്കുന്ന ഡിസംബർ 11ന് ഉച്ചകഴിഞ്ഞു മൂന്നിന് എം.ടി. വാസുദേവൻ നായർ സി.ജെ. തോമസ് ദേശീയ പുരസ്‌കാരം ചന്ദ്രശേഖരകമ്പാർക്കു സമ്മാനിക്കും. നാടക മേഖലയിലെ മൗലികസംഭാവനകൾ പരിഗണിച്ചാണ് സി.ജെ. തോമസ് ദേശീയ പുരസ്‌കാരം നൽകുന്നത്.

80-കാരനായ ചന്ദ്രശേഖര കമ്പാർ (Chandrashekhara Kambara) കവി, നോവലിസ്റ്റ്, ഫോക്ലോറിസ്റ്റ്, നാടകകൃത്ത്, സിനിമാ സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനാണ്. വടക്കൻ കന്നഡഭാഷയും ശൈലിയും കഥകളിലും നോവലുകളിലും നാടകത്തിലും പ്രയോഗിച്ച കമ്പാർ ഇന്ത്യയിലെ പ്രാദേശിക അനുഷ്ഠാനങ്ങളോടും ആചാരങ്ങളോടുമാണ് അഭിനിവേശം പുലർത്തിയത്. 1937ൽ ബെൽഗാവി ജില്ലയിലെ ഗോദഗേരി ഗ്രാമത്തിലാണ് ചന്ദ്രശേഖരകമ്പാർ ജനിച്ചത്. സിങ്കാരവ്വ മത്തു അരമനെ എന്ന കമ്പാറിന്റെ നോവൽ കൂലോത്തെ ചിങ്കാരമ്മ എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. കന്നഡ സാഹിത്യത്തിൽ നാടോടി പാരമ്പര്യത്തിൽ അധിഷ്ഠിതമായ ഒരു പുതിയ വഴിത്താര തുറക്കുന്നതിൽ കമ്പാർ ആത്മാർത്ഥശ്രമങ്ങൾ നടത്തിയിട്ടുണ്ട്. നാടോടി ഭാഷയും നാടോടി ഗാനങ്ങളുമായി രംഗത്തവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ നാടകങ്ങൾ കർണാടകയിൽ പ്രശസ്തങ്ങളാണ്. ജോകുമാരസ്വാമി,സാംഗ്യബാല്യ തുടങ്ങിയ നാടകങ്ങളിലെ വടക്കൻ കന്നഡയുടെ ഭാഷാശൈലി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ജ്ഞാനപീഠ പുരസ്‌കാരം (2010), പത്മശ്രീ, ആശാൻ പുരസ്‌കാരം (1982),കബീർ സമ്മാനം, കാളിദാസ സമ്മാനം, പമ്പ അവാർഡ്, കർണാടക സാഹിത്യ അക്കാദമി അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ കമ്പാറിനെ തേടിയെത്തിയിട്ടുണ്ട്. 1975 ൽ രാജ്യത്തെ ഏറ്റവും മികച്ച നാടകമായി കമ്പാറിന്റെ നാട്യസംഘ് തെരഞ്ഞെടുക്കപ്പെട്ടു. 2012 ബാംഗ്‌ളൂർ കൈരളികലാസമിതി ഓണാഘോഷച്ചടങ്ങിന്റെ സമാപന സമ്മേളനത്തിൽ പ്രസംഗിച്ചുകൊണ്ടു് ജാതിമതഭേദമെന്യേ എല്ലാവരേയും ഒന്നിപ്പിക്കുന്ന നന്മയുടെ ഉൽസവമായ ഓണം മഹത്തായസന്ദേശമാണ് വിഭാവന ചെയ്യുന്നതെന്നു് പറഞ്ഞത് ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു.

സി.ജെ. തോമസ് ജന്മശതാബ്ദി വർഷം


ഒരു വർഷം നീളുന്ന സി.ജെ. തോമസ് ജന്മശതാബ്ദി പരിപാടികൾക്കു് എം.കെ. സാനു ഫൗണ്ടേഷൻ പദ്ധതിയിട്ടിട്ടുണ്ട്
സി.ജെ. ജന്മശതാബ്ദി പരിപാടികളുടെ ഉദ്ഘാടനം കൂത്താട്ടുകുളത്തെ സി ജെ സ്മാരകസമിതിയുമായിച്ചേർന്നു് നവംബർ 14നു വൈകിട്ട് മൂന്നിനു കൂത്താട്ടുകുളം ടൗൺഹാളിൽ പ്രഫ. എം.കെ.സാനു ഉദ്ഘാടനം ചെയ്യും. അന്നു വൈകിട്ട് 5.30ന് ചങ്ങമ്പുഴ പാർക്കിൽ ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിന്റെയും പി.ജെ. ചെറിയാൻ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിക്കും. എസ്. രമേശൻ, പ്രഫ. എം. തോമസ് മാത്യു എന്നിവർ പ്രഭാഷണം നടത്തും. ഓരോ മാസവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സർഗ സംവാദങ്ങളും പഠന ശിബിരങ്ങളും സംഘടിപ്പിക്കുമെന്ന് ഫാ. റോബി കണ്ണഞ്ചിറ പറഞ്ഞു.

എം.കെ. സാനു ഫൗണ്ടേഷൻ, ചാവറ കൾച്ചറൽ സെന്റർ, കാരിക്കാമുറി, കൊച്ചി, 11
^ ^