> സിമ്പോസിയം "പ്രൊഫ: ജി.കുമാരപിള്ളയുടെ രചനാലോകം"
> പ്രൊഫ. ഇ. വി. രാമകൃഷ്‌ണൻ രചിച്ച കവിതയുടെ ഉപ്പ് എന്ന ഗ്രന്ഥത്തിനാണ് സാഹിത്യവിമർശനത്തിനുള്ള 2026-ലെ റവ.ഡോ. അബ്രാഹം വടക്കേൽ പുരസ്കാരം
> സിജെ സ്മാരക പ്രസംഗ വേദിയിൽ വച്ചു പ്രഫ. എം തോമസ് മാത്യു പുരസ്കാരം ഡോ. ഈ വി രാമകൃഷ്ണന് സമ്മാനിയ്ക്കും.
കൂത്താട്ടുകുളം : സിജെ സ്മാരക പ്രസംഗസമിതിയുടെ ആഭിമുഖ്യത്തിലുള്ള സി.ജെ സ്മാരക പ്രസംഗങ്ങളും സി.ജെ.സ്മാരക പ്രസംഗസമിതി 1980 മുതൽ കൊടുത്തുവരുന്ന റവ.ഡോ. അബ്രാഹം വടക്കേൽ പുരസ്കാര ദാനവും 2026 ഫെബ്രുവരി 21 ശനിയാഴ്ച ഉച്ചകഴിഞ്ഞ് കൂത്താട്ടുകുളം കെ.റ്റി ജേക്കബ് മെമ്മോറിയൽ ടൗൺഹാളിൽ വച്ച് നടക്കും. ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് തുടങ്ങുന്ന "പ്രൊഫ: ജി.കുമാരപിള്ളയുടെ രചനാലോകം" എന്ന സിമ്പോസിയത്തിനുശേഷം വൈകുന്നേരം 6മണിയ്ക്കു നടക്കുന്ന പൊതു സമ്മേളനത്തിൽ പ്രൊഫ. ഇ. വി. രാമകൃഷ്‌ണൻ രചിച്ച കവിതയുടെ ഉപ്പ് എന്ന ഗ്രന്ഥത്തിന്, സാഹിത്യവിമർശനത്തിനുള്ള 2025-ലെ റവ.ഡോ. അബ്രാഹം വടക്കേൽ പുരസ്കാരം പ്രഫ. എം തോമസ് മാത്യു സമ്മാനിക്കും.
ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് സിമ്പോസിയം ആരംഭിയ്ക്കും. "പ്രൊഫ: ജി.കുമാരപിള്ളയുടെ രചനാലോകം" എന്നതാണ് സിമ്പോസിയത്തിന്റെ വിഷയം. 'ഭാഷയുടെ മൃത്യുഞ്ജയം മനുഷ്യന്റെയും - ജി. കുമാരപിള്ളയുടെ കവിതകൾ മുൻ നിർത്തി ഒരന്വേഷണം' എന്ന പ്രബന്ധം പ്രൊഫ.എം. തോമസ് മാത്യുവും 'കുമാരപിള്ളക്കവിതയുടെ സാമൂഹികസന്ദർഭങ്ങൾ 'എന്ന പ്രബന്ധം പ്രൊഫ. ഇ.വി. രാമകൃഷ്‌ണനും 'ഭാവഗീതത്തിലെ നവ സർഗം' എന്ന പ്രബന്ധം ശ്രീ.കെ.വി. സജയു്യും 'ജി. കുമാരപിള്ളയുടെ വിമർശനസമീപനങ്ങൾ' എന്ന പ്രബന്ധം ഡോ.ആര്യ കെ.യും അവതരിപ്പിക്കും. ഡോ. എൻ. അജയകുമാർ മോഡറേറ്റു ചെയ്യും. എബി ജോൺ വൻനിലം കൃതജ്ഞതയർപ്പിക്കും.
സിമ്പോസിയത്തിനുശേഷം വൈകുന്നേരം 6മണിയ്ക്കു നടക്കുന്ന പൊതു സമ്മേളനത്തിൽ സി.ജെ. സ്‌മാരക പ്രസംഗ സമിതി പ്രസിഡന്റ്റ് ഡോ. എൻ. അജയകുമാർ അധ്യക്ഷനായിരിയ്ക്കും. വൈസ് പ്രസിഡന്റ് ജോസ് കരിമ്പന സ്വാഗതം ആശംസിയ്ക്കും. റവ. ഡോ. അബ്രാഹം വടക്കേൽ പുരസ്കാരം ലഭിയ്ക്കുന്ന പ്രൊഫ. ഇ. വി. രാമകൃഷ്‌ണൻ രചിച്ച കവിതയുടെ ഉപ്പ് എന്ന ഗ്രന്ഥത്തെ കഥാകൃത്ത് ബിജു സി. പി. പരിചയപ്പെടുത്തും. സി.ജെ. സ്‌മാരക പ്രസംഗ സമിതി ട്രഷറർ എ.കെ. വിജയകുമാർ പുരസ്‌കാര പത്രിക വായിയ്ക്കും.
തുടർന്ന് പ്രൊഫ. എം. തോമസ് മാത്യു 10,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന റവ.ഡോ. അബ്രാഹം വടക്കേൽ പുരസ്കാരം കവിതയുടെ ഉപ്പ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ പ്രൊഫ. ഇ.വി. രാമകൃഷ്‌ണന് നല്കും. കൂത്താട്ടുകുളം നഗര സഭാദ്ധ്യക്ഷൻ റെജി ജോണും കൗൺസിലർ സണ്ണി കുര്യാക്കോസും ആശംസകളർപ്പിയ്ക്കും. പ്രൊഫ. ഇ.വി. രാമകൃഷ്‌ണന്റെ മറുപടി പ്രസംഗം നടത്തും. സി.ജെ. സ്‌മാരക പ്രസംഗ സമിതി സെക്രട്ടറി പ്രേംനാഥ്. ഡി. നന്ദി പറയും.
സന്ധ്യയ്ക്ക് 7മണിയ്ക്ക് പ്രൊഫ. ജി. കുമാരപിള്ള ഗാന രചനയും ജി. അരവിന്ദൻ സംവിധാനവും നിർവഹിച്ച ഉത്തരായനം എന്ന സിനിമയുടെ പ്രദർശനവുമുണ്ടായിരിയ്ക്കും.