പേജുകള്‍‌

20091117

ചര്‍ച്ചായോഗങ്ങള്‍; ഒരപൂര്‍വ്വ അനുഭവം


പി.കെ ബാലകൃഷ്ണപിള്ള
കേരളത്തിന്റെ സാഹിത്യസാംസ്കാരിക മണ്ഡലങ്ങളില്‍ കൂത്താട്ടുകുളത്തെക്കുറിച്ച് അറിയുന്നത് സി.ജെ. സ്മാരക പ്രസംഗങ്ങല്‍ വഴിയും, അതില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നിട്ടുള്ള പ്രശസ്ത സാഹിത്യകാരന്‍മാര്‍ വഴിയുമാണ്. 1961 മുതല്‍ നടന്ന് വരുന്ന സി.ജെ. സ്മാരക പ്രസംഗങ്ങള്‍, നാടകക്കളരികള്‍ എന്നിവയില്‍ പങ്കെടുക്കാത്ത മലയാളസാഹിത്യകാരന്‍മാര്‍ ആരും തന്നെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. അവര്‍ മറ്റ് പല സ്ഥലങ്ങളിലും ചെന്ന് ഇതു സംബന്ധിച്ച് നടത്തിയിട്ടുള്ള അഭിപ്രായ പ്രകടനങ്ങള്‍ ഈ നാടിന് അഭിമാനകരമായിരുന്നു. പണം മുടക്കി പാസ്സെടുത്ത് പ്രസംഗം കേള്‍ക്കാന്‍ ആളുകള്‍ ക്യൂ നില്‍ക്കുന്ന സ്ഥലം എന്നാണ് ഈ നാടിനെ പലരും വിശേഷിപ്പിച്ചുപോന്നത്. സി.ജെ. സ്മാരക പ്രസംഗങ്ങള്‍ ഇവിടെ ആദ്യം മുതല്‍ നടത്തിയിരുന്നത് പാസ്സ് വച്ചായിരുന്നു എന്നുള്ളതാണ് അങ്ങിനെ വിശേഷിപ്പിക്കാന്‍ കാരണം.


ഇത്തരത്തിലുള്ള പ്രസംഗപരമ്പര സ്ഥിരമായി എല്ലാ വര്‍ഷവും മുടങ്ങാതെ നടത്താന്‍ കഴിയാതെ വന്നപ്പോള്‍- അതിന് പരിഹാരമായിട്ടല്ലെങ്കിലും - ആരംഭിച്ചതാണ് പ്രതിമാസ ചര്‍ച്ചായോഗങ്ങള്‍. എല്ലാ മാസവും രണ്ടാം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് യോഗം ആരംഭിക്കുന്നത്. ആനുകാലിക പ്രാധാന്യമുള്ള ഏതെങ്കിലും വിഷയത്തെ മുന്‍നിര്‍ത്തിയായിരിക്കും ഈ ചര്‍ച്ചകള്‍. അതില്‍ പ്രഗല്‍ഭനായ ഒരാള്‍ വിഷയം അവതരിപ്പിക്കും. വിഷയാവതരണത്തെ തുടര്‍ന്ന് സദസ്യരുടെ അഭിപ്രായപ്രകടനങ്ങളും, അവതാരകന്റെ മറുപടി പ്രസംഗവും ഉണ്ടാകും. എകദേശം മൂന്ന് മണിക്കൂര്‍ നീണ്ടുനില്ക്കുന്ന ഈ ചര്‍ച്ചാ യോഗങ്ങളില്‍ സദസ്സിന്റെ സജീവമായ പങ്കാളിത്തം ദൃശ്യമാണ് . വിഷയത്തെക്കുറിച്ച് പഠിച്ച് അഭിപ്രായപ്രകടനങ്ങള്‍ നടത്താന്‍ തയ്യാറായിവരുന്ന പലരും അക്കൂട്ടത്തില്‍ ഉണ്ടാകും.


കൂത്താട്ടുകുളം എന്‍. എസ്. എസ്. ഹാളിലായിരുന്നു ഈ ചര്‍ച്ചായോഗങ്ങള്‍ പതിവായി നടന്നുകൊണ്ടിരുന്നത്. ആദ്യകാലത്ത് ചെറിയൊരു വാടക വാങ്ങിയിരുന്നെങ്കിലും പിന്നീട് സൌജന്യമായി ഹാള്‍ വിട്ടുതരുവാന്‍ എന്‍. എസ്സ്. എസ്സ്. ഭാരവാഹികള്‍ തയ്യാറായി. ആവരോട് സി.ജെ. സ്മാരകസമിതിക്ക് നന്ദിയും കടപ്പാടുമുണ്ട്. ഈ പ്രതിമാസ പരിപാടിക്ക് സാധാരണപോലെ നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്യുന്ന പതിവുണ്ടായിരുന്നില്ല. മൂന്ന് മാസം തുടര്‍ച്ചയായി പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കും പുതിയതായി യോഗത്തിനെത്തുന്നവര്‍ക്കും കത്തയച്ച് വിവരം അറിയിക്കുകയാണ് പതിവ്.


ഇന്‍ഡ്യ ഗവണ്‍മെന്റിന്റെ പുതിയ സാമ്പത്തിക നയം, പ്രതീക്ഷകളും പ്രത്യാഘാതങ്ങളും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് 1994 ജനുവരിയില്‍ ഡോ. എം. പി. മത്തായിയാണ് ഈ പ്രതിമാസ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് ഡങ്കല്‍നിര്‍ദ്ദേശങ്ങള്‍ പഞ്ചായത്തിരാജ് ഗാന്ധിയുടെയും രാജീവിന്റേതും ഏകീകൃത സിവില്‍നിയമം ജുഡീഷ്യല്‍ ആക്റ്റിവിസം, വനിതാ വിമോചനം, മതപരിവര്‍ത്തനപ്രശ്നം ‘കടക്കെണിയും ആത്മഹത്യകളും’ ‘വിവരാവകാശനിയമം’‘ചൊവ്വയും അന്ധവിശ്വാസങ്ങളും’ വികേന്ദ്രീകരണം തുടങ്ങി വിവിധങ്ങളായ നൂറ്റിമുപ്പതിലധികം വിഷയങ്ങളേക്കുറിച്ച് ചര്‍ച്ചകള്‍ നടന്നു. 12 വര്‍ഷത്തിലേറെ നീണ്ട ഈ പരിപാടി രണ്ട് മാസം മാത്രമെ മുടങ്ങിയിട്ടുള്ളു. ഡി. ദാമോദരന്‍ പോറ്റി, കെ. പരമേശ്വര ശര്‍മ, സണ്ണി പൈകട, ജോസഫ് പുലിക്കുന്നേല്‍, സി.ആര്‍. നീലകണ്ഠന്‍, കെ.എം. ചുമ്മാര്‍, എം. എ. ജോണ്‍, ഓ.എന്‍. വിജയന്‍, പ്രൊഫ. വിന്‍സന്റ് മാളിയേക്കല്‍, പി. രാജന്‍, എം. കെ. ഹരികുമാര്‍, എം. പ്രഭ, ഏറ്റുമാനൂര്‍ ഗോപാലന്‍, ഡോ. വയല വാസുദേവന്‍പിള്ള, ഡോ. ജോയ് പോള്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ജ്യോതി നാരായണന്‍, ഡോ. വി.സി. ഹാരീസ്, പ്രൊഫ. ആര്‍. എസ്സ് പൊതുവാള്‍, സി.എന്‍. കുട്ടപ്പന്‍ , പി. നാരായണമേനോന്‍, കെ.ഇ. മാമ്മന്‍, ഡോ. കെ. ബിനോയ്, ഡോ. ജേക്കബ് വടക്കഞ്ചേരി, അഡ്വ. ടോം ജോസ് തുടങ്ങി വ്യത്യസ്ത മേഖലകളിലെ പ്രശസ്തരും, പ്രമുഖരുമായ നിരവധി വ്യക്തികള്‍ ഈ ചര്‍ച്ചാ യോഗങ്ങളില്‍ പങ്കെടുക്കുകയും, സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ചിലരെല്ലാം ഒന്നിലധികം പ്രാവശ്യം ഇതില്‍ പങ്കെടുത്തിട്ടുള്ളവരാണ്.


2006 മെയ് 13നു നൂറ്റി മുപ്പത്തഞ്ചാമത് പ്രതിമാസ ചര്‍ച്ചയോടുകൂടി ഈ പരിപാടി താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കേണ്ടിവന്നെങ്കിലും സി. ജെ. സ്മാരകസമിതിക്ക് പുതിയ ആഫീസും സംവിധാനങ്ങളും ഉണ്ടായതോടെ ചര്‍ച്ചായോഗങ്ങളും ഇതര സാംസ്കാരിക പ്രവര്‍ത്തനങ്ങളും കൂടൂതല്‍ മെച്ചപ്പെട്ട രീതിയില്‍ പുനരാരംഭിച്ചിരിക്കുകയാണ്.

പരാജിതരുടെ പ്രിയ സി.ജെ


<- ഡോ. ജോര്‍ജ്‌ ഓണക്കൂര്‍

സി.ജെ. തോമസ്‌ നമ്മെ പിരിഞ്ഞത്‌ അരശതാബ്‌ദം മുമ്പാണ്‌. അന്ന്‌ പ്രായം നാല്‌പത്തിരണ്ടു വയസുമാത്രം. അകാലത്തില്‍ മരണം തട്ടിയെടുത്തു എന്ന്‌ അടുപ്പമുള്ളവര്‍ ദുഃഖിച്ചു. ആകസ്‌മിക നിര്യാണത്തില്‍ അനുശോചിച്ചുകൊണ്ട്‌ പത്രങ്ങള്‍ അനുസ്‌മരണക്കുറിപ്പുകള്‍ പ്രസിദ്ധം ചെയ്‌തു. കലാസാഹിത്യരംഗങ്ങളിലെ പ്രമുഖര്‍ പ്രസ്‌താവനകളും ചരമപ്രസംഗങ്ങളും നടത്തി.

ആരായിരുന്നു സി.ജെ? എന്തായിരുന്നു ചരിത്രത്തില്‍ അടയാളപ്പെടുത്തിയ മേല്‍വിലാസം?

വളരെ ലളിതം, അതിസാധാരണം. കുറേ പുസ്‌തകങ്ങള്‍ എഴുതിക്കൂട്ടിയിട്ടുണ്ട്‌. ഏറെയും ലേഖനങ്ങള്‍. പുതുമയുള്ള നാടകങ്ങള്‍. ജീവിതോപാധി എന്ന നിലയില്‍ നിര്‍വഹിച്ച പരിഭാഷകള്‍. മികച്ച ചരിത്രകാരന്‍ എന്ന ഖ്യാതി.
അതിനപ്പുറം ചില സവിശേഷതകളാണ്‌ സി.ജെയെ സമൂഹത്തിലെ പരാജിതരുടെ പുരോഹിതനാക്കിയത്‌. ജീവിതത്തില്‍ യാന്ത്രികഗതികളോട്‌ പൊരുത്തപ്പെടാതെ സദാ പൊരുതി നടന്ന പ്രകൃതം. സി.ജെ നയിച്ച യുദ്ധങ്ങളൊന്നും സ്വാര്‍ത്‌ഥപ്രേരിതമായിരുന്നില്ല. അഥവാ, തന്റേതെന്നു പറയാന്‍ എന്താണ്‌ സി.ജെക്ക്‌ ഉണ്ടായിരുന്നത്‌? മറ്റുള്ളവര്‍ക്കുവേണ്ടി ജീവിച്ച മനുഷ്യന്‍. ഒരിക്കലും സ്വന്തം കാര്യങ്ങള്‍ ചിന്തിച്ചിരുന്നില്ല. ഒറ്റപ്പെട്ടവര്‍; അധികാരസ്‌ഥാനങ്ങളോട്‌ ഏറ്റുമുട്ടി പരാജയപ്പെട്ടവര്‍; സ്വപ്‌നങ്ങള്‍ മുറിപ്പെട്ട്‌ അശരണരും ദുഃഖിതരുമായി തീര്‍ന്നവര്‍, അവരുടെ കൂട്ടത്തില്‍ ഗ്രാമീണരായ കര്‍ഷകര്‍, തൊഴിലാളികള്‍ എല്ലാം ഉണ്ടായിരുന്നു. ആ പരാജിതരെ മുഴുവന്‍ പിന്നില്‍ നിരത്തി, അവരെ നയിച്ചുകൊണ്ട്‌ വെയിലത്ത്‌ നടുറോഡിലൂടെ തോളില്‍ മരക്കുരിശും വഹിച്ച്‌ സി.ജെ ഗാഗുല്‍ത്തയിലേക്ക്‌ യാത്ര ചെയ്‌തു.

സി.ജെ ഒരിടത്ത്‌ ഒതുങ്ങിയിരിക്കുന്നതുകാണാന്‍ ആര്‍ക്കും ഇടവന്നിട്ടില്ല. ചെറിയ കുട്ടിയായിരുന്ന കാലത്തുപോലും അടക്കവും ഒതുക്കവുമില്ലാതെ അലഞ്ഞുനടന്നു.

സ്‌കൂള്‍ വീട്ടില്‍ നിന്ന്‌ അകലെ. ഉച്ചഭക്ഷണം പൊതിഞ്ഞുവയ്‌ക്കും അമ്മ; അതല്ലെങ്കില്‍ ചേച്ചി. മിക്കവാറും അത്‌ എടുക്കാന്‍ മറക്കും. അഥവാ, കൊണ്ടുപോയാല്‍ തന്നെ സ്വയം കഴിക്കുകയില്ല. പട്ടിണിക്കാരായ കൂട്ടുകാര്‍ ആര്‍ക്കെങ്കിലും ദാനം ചെയ്യും. ഈ ദാനധര്‍മ്മങ്ങള്‍ സി.ജെയുടെ സഹോദരി അമ്മയെ അറിയിക്കും. ആദ്യമൊക്കെ ശകാരിച്ചുനോക്കി. പിന്നെ മകന്റെ ഔദാര്യത്തില്‍ ആ അമ്മ രഹസ്യമായി ആനന്ദിച്ചു; അഭിമാനം ഉള്‍ക്കൊണ്ടു.

കര്‍ക്കശപ്രകൃതിയും അച്ചടക്കകാര്യങ്ങളില്‍ നിര്‍ബന്‌ധബുദ്ധിയുമായ അപ്പന്‌ മകന്റെ അടുക്കും ചിട്ടയുമില്ലാത്ത ജീവിതം അസ്വാസ്‌ഥ്യജനകമായി. അദ്ധ്യാപകനും വൈദികശ്രേഷ്‌ഠനുമായിരുന്ന അദ്ദേഹം താന്‍ നടന്ന വഴികളിലൂടെ മകനും വളര്‍ന്നുവരണമെന്ന്‌ നിഷ്‌കര്‍ഷിച്ചു. മതപഠനത്തിന്‌ നിര്‍ദ്ദേശിക്കപ്പെട്ടെങ്കിലും അതിന്‌ വഴങ്ങാന്‍ സി.ജെ വിസമ്മതിച്ചു. പുരോഹിത ജീവിതത്തിന്‌ ഇണങ്ങുന്ന കുപ്പായവും ധരിപ്പിച്ചാണ്‌ സി.ജെയെ കോളേജില്‍ അയച്ചത്‌. പക്ഷേ, ഒരു മാസം തികച്ച്‌ അത്‌ ധരിക്കുകയുണ്ടായില്ല. കുപ്പായം വലിച്ചുകീറി ചേച്ചിയുടെ മുന്നിലിട്ടുകൊണ്ട്‌ സി.ജെ പറഞ്ഞു:
"ദാ കിടക്കുന്നു! വേണമെങ്കില്‍ ഈ തുണികൊണ്ട്‌ രണ്ടു ചട്ട തുന്നിച്ചോളൂ."

എവിടേക്കാണ്‌ മകന്റെ പോക്ക്‌? കുടുംബത്തില്‍ അവശേഷിക്കുന്ന ഒരാണ്‍തരി. മൂത്തവനായി ഒരുവന്‍ ഉണ്ടായിരുന്നത്‌ നാടിനുവേണ്ടി പൊരുതി മരിച്ചു. അവന്റെ ചോര വീണു തുടുത്തതാണ്‌ നാടിന്റെ മണ്‌ണും മനസ്‌സും. ആ ദുഃഖത്തിനിടയിലും അപ്പനമ്മമാര്‍ ആശവച്ചത്‌ ഇളയമകനില്‍. അവന്‌ ബുദ്ധിയുണ്ട്‌. പഠനത്തില്‍ സമര്‍ത്‌ഥനാണ്‌. എന്തു ഫലം? കാറ്റുപോലെ അലയുന്ന സ്വഭാവം. എപ്പോഴും യാത്ര ചെയ്യുകയാണ്‌. എവിടേക്ക്‌, എന്തിന്‌?

ബിരുദം നേടി ഇറങ്ങിയപ്പോള്‍ നാട്ടിലെ വിദ്യാലയത്തില്‍ അദ്ധ്യാപകനാകാന്‍ പ്രേരണയുണ്ടായി. സി.ജെയെ അവിടെ തളച്ചിടാന്‍ സ്‌നേഹിതരും താത്‌പര്യപ്പെട്ടു. തങ്ങള്‍ക്ക്‌ ഒരു ഗുരുവാകും. സഹനത്തിന്റെ കുരിശും വഹിച്ച്‌ അവന്‍ എപ്പോഴും മുന്നിലുണ്ടാവും. ആ പാത സുഗമമാണ്‌; അനായാസം പിന്തുടരാം.


കഷ്‌ടിച്ച്‌ ഒരു വര്‍ഷം. ആരുമറിയാതെ സി.ജെ മുങ്ങി. പിന്നെ പൊങ്ങിയത്‌ രാജധാനിയില്‍. നിയമപഠനത്തിന്‌ മനസുവച്ചു. വിശ്വോത്തരകൃതികള്‍ തര്‍ജ്‌ജമ ചെയ്‌ത്‌ പഠനത്തിന്‌ പണമുണ്ടാക്കി. നിയമത്തോടൊപ്പം ശ്രദ്ധവച്ചത്‌ രാഷ്‌ട്രീയ വിചിന്തനങ്ങളിലാണ്‌. മതത്തെ നിരാകരിച്ച്‌ സി.ജെ. പുസ്‌തകമെഴുതി. സമത്വബോധത്തിന്റെ അടിസ്‌ഥാന ഭാവങ്ങള്‍ അപഗ്രഥിച്ച്‌ തന്റെ സഞ്ചാരപഥം ഏത്‌ ദിശയിലേക്കാണെന്ന്‌ വ്യക്തമാക്കി. മുപ്പതു വയസ്‌ തികയുംമുമ്പ്‌ സി.ജെ വ്യാകുലപ്പെട്ടത്‌ ഇത്തരം ചില ചരിത്രവിധികളിലാണ്‌. മതവൈദികനാകാന്‍ തയ്യാറാകാത്ത സി.ജെ പരാജിതരുടെ പുരോഹിതനാകാന്‍ സ്വയം ചുവപ്പു കുപ്പായം തുന്നുകയായിരുന്നു. പീഡിതരുടെ രക്ഷകനായി ഭാരമുള്ള കുരിശ്‌ ഇടതുതോളില്‍ വഹിക്കുകയായിരുന്നു.


ധിക്കാരത്തിന്റെ കാതലായ എഴുത്തുകളില്‍ മയങ്ങി, ഇവന്‍ എന്റെ പ്രിയപുത്രനെന്ന്‌ കന്യകമാര്‍ മനസില്‍ പറഞ്ഞു. കാട്ടുതേനും കായ്‌കനികളും ഭക്ഷിച്ച്‌ കൃശരൂപിയായ സി.ജെയെ കെട്ടിയിടാന്‍ സുന്ദരിയായ റോസി ഒരു സ്‌നേഹക്കുരുക്കുതീര്‍ത്തു. സി.ജെ അതില്‍ വീണുപോയത്‌ കാലത്തിന്റെ പരിണാമം. മതത്തെ പുച്‌ഛിച്ചും നിരാകരിച്ചും കരുത്തുകാട്ടിയ സി.ജെ ആ ദാമ്പത്യവിധിക്ക്‌ കീഴ്‌വഴങ്ങാന്‍ സഭാവസ്‌ത്രത്തിന്‌ മുന്നില്‍ മുട്ടുകുത്തി.
"എടാ, തോമസേ, നീ പള്ളിയെയും പട്ടക്കാരനെയും നിഷേധിക്കുകയും മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന്‌ പ്രസംഗിക്കുകയും ചെയ്‌തിട്ടുണ്ടോ?"-വൈദികന്റെ ചോദ്യം ചെയ്യല്‍.

"വിവരക്കേടുകൊണ്ടാണ്‌ അച്ചോ"- കുഞ്ഞാടിന്റെ കപടകുമ്പസാരം.
റോസി അതുകേട്ട്‌ ശരീരവും മനസും കുലുക്കി നന്നായി ചിരിച്ചു.


ഒറ്റയ്‌ക്ക്‌ അനായാസം യാത്ര ചെയ്‌തിരുന്ന സി.ജെ മറ്റൊരു ഭാരവും താങ്ങേണ്ടിവന്നു. ഇടതുതോളില്‍ ആത്‌മപീഡനത്തിന്റെ ഒഴിയാത്ത മരക്കുരിശ്‌. വലതുതോളില്‍ അനാഥമാക്കപ്പെട്ട ഭാര്യാകുടുംബത്തിന്റെ ഋണഭാരം.


എവിടേക്കാണ്‌ യാത്ര? നഗരങ്ങളില്‍നിന്നു നഗരങ്ങളിലേക്ക്‌; ചുവടുറപ്പിക്കാതെ, തണ്‌ണീര്‍പന്തല്‍ തേടാതെ, പൊരിവെയിലില്‍ കുരിശുകളുടെ ഭാരവും പേറി മനുഷ്യപുത്രന്റെ യാത്രാവഴികള്‍!

എങ്ങുമുറയ്‌ക്കാത്ത കാറ്റിനെ ഗുരുവെന്നു വിളിച്ച്‌ കൂടെ കൂടിയ ശിഷ്യരില്‍നിന്ന്‌ സി.ജെയെ രക്ഷപ്പെടുത്താന്‍ ആര്‍ക്കും കഴിഞ്ഞില്ലല്ലോ. പരാജിതരുടെ പുരോഹിതനായി ജീവിതം ഹോമിച്ച ഹൃദയേശ്വരനെ സാന്ത്വനിപ്പിക്കാന്‍, ശാദ്വലഭംഗികളിലേക്ക്‌ ആകര്‍ഷിക്കാന്‍ ആത്‌മസഖിക്കുപോലും അസാദ്ധ്യമായതെന്തേ? മെരുങ്ങാത്ത മുടിയില്‍ അവര്‍ തൈലം പുരട്ടി. സ്‌നേഹപൂര്‍വം കോതിക്കൊടുത്തു. മനസിനെ ഇണക്കി വരുതിയില്‍ നിറുത്താന്‍ ഈ സ്‌പര്‍ശത്തിന്‌ ശക്തിപോരാ.


അലഞ്ഞലഞ്ഞ്‌ ഒടുവില്‍ ജീവിതത്തിന്റെ പാതിവഴിയില്‍ തളര്‍ന്നുവീണു. നാല്‌പത്തിരണ്ടാം വയസില്‍ സിരാപടലത്തിന്റെ ചലനം നിലച്ചു. കുടുംബത്തെയും കൂട്ടുകാരെയും വിട്ട്‌ സി.ജെ സ്വര്‍ഗാരോഹണം ചെയ്‌തു.


അരശതാബ്‌ദം. അതായത്‌, സി.ജെ. തോമസ്‌ യാത്ര ചൊല്ലി മറഞ്ഞിട്ട്‌ അമ്പതുവര്‍ഷം. സി.ജെയുടെ സമകാലികര്‍, പുരോഗമനാശയക്കാരായ പ്രതിഭാശാലികള്‍, അവരും ഓരോരുത്തരായി കടന്നുപോയി. ഇതിനിടയില്‍ പുതുതായി എന്തെങ്കിലും സംഭവിക്കുകയുണ്ടായോ? പുതിയ ചിന്തകള്‍ തളിരിട്ടു വളര്‍ന്നോ? അതിന്റെ സുഗന്‌ധം അന്തരീക്ഷത്തില്‍ നിറഞ്ഞുവോ? കാറ്റും വെളിച്ചവും ജീവപ്രകൃതിയെ കൂടുതല്‍ സജീവമാക്കുന്നുണ്ടോ?


ഭൂമി ഇപ്പോഴും അതിന്റെ അച്ചുതണ്ടില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. മറ്റൊന്നും സംഭവിക്കുന്നില്ല. യുവചൈതന്യം ഇപ്പോഴും സി.ജെയെ തേടിപ്പോകുന്നു. ജീവിതത്തില്‍ ഒന്നും നേടാന്‍ ബദ്ധപ്പെടാത്തവരെ പരാജിതര്‍ എന്നു രേഖപ്പെടുത്തിയ ചരിത്രം. അവരുടെ മഹാപുരോഹിതനായി കാലം സി.ജെയെ കൊണ്ടാടുന്നു.

കടപ്പാടു് കേരളകൗമുദി
2009,നവംബര്‍ 16
^ ^