പേജുകള്‍‌

20230726

കഥയുടെ കഥയെപ്പറ്റി കഥാ കൃത്ത് പി. എഫ്. മാത്യൂസുമായി സംസാരിക്കാം


കൂത്താട്ടുകുളം --  സി ജെ സ്മാരക പ്രസംഗ സമിതിയുടെ ആഭിമുഖ്യത്തിൽ 2023 ജൂലൈ  28  വെള്ളിയാഴ്ച  ഉച്ചകഴിഞ്ഞു 3  മണിക്ക്  കൂത്താട്ടുകുളം  സി ജെ സ്മാരക മന്ദിരത്തിലെ  സി ജെ സ്മാരക ഗ്രന്ഥശാലാ  ഹാളിൽ "കഥാ കൃത്ത് പി എഫ്  മാത്യൂസുമായി സംസാരിക്കാം"  എന്ന സംവാദ പരിപാടി നടക്കും.

 കഥാസാഹിത്യത്തിനുള്ള  2022  ലെ  കേരള സാഹിത്യ അക്കാദമി  പുരസ്‌കാരം നേടിയ കഥാ കൃത്തും തിരക്കഥാ കൃത്തുമായ പി എഫ്  മാത്യൂസ് "കഥയുടെ കഥ" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. സി ജെ സ്മാരക പ്രസംഗ സമിതിയുടെ പ്രസിഡന്റ്  ഡോ . എൻ  അജയകുമാർ അദ്ധ്യക്ഷനായിരിയ്ക്കും.

മലയാളത്തിലെ കഥാകരൻമാരിൽ ശ്രദ്ധേയനായ പി എഫ്  മാത്യൂസിന്റെ പ്രധാന കൃതികൾ കടലിന്റെ മണം, ചില പ്രാചീന വികാരങ്ങൾ,  അടിയാളപ്രേതം , ഇരുട്ടിൽ ഒരു പുണ്യാളൻ ,27 ഡൌൺ ,ചാവുനിലം, മുഴക്കം എന്നിവയാണ്. കുട്ടി സ്രാങ്ക്,  തന്ത്രം , പുത്രൻ ,ആന്റി ക്രൈസ്റ്റ് , ഈ .മാ .യു . അതിരൻ എന്നീ സിനിമകൾക്കു തിരക്കഥ രചിച്ചു. ദൂരദർശന്റെ  ശരറാന്തൽ എന്ന ടെലി സീരീസിന്  സ്ക്രീൻ പ്ലൈ  രചിച്ചതിനു  1991 ലെ സ്റ്റേറ്റ് ടെലിവിഷൻ അവാർഡും മിഖായെലിന്റെ  സന്തതികൾ  എന്ന ടെലി സീരിയലിനു  1993 ലെ  സ്റ്റേറ്റ്  ടെലിവിഷൻ അവാർഡും ലഭിച്ചിട്ടുണ്ട്. കുട്ടി തിരക്കഥ രചനയിൽ  2010 ലെ  നാഷണൽ  ഫിലിം അവാർഡും  ലഭിച്ചു . മുഴക്കം എന്ന കൃതിയുടെ പേരിലാണു കഥാസാഹിത്യത്തിനുള്ള  2022  ലെ  കേരള സാഹിത്യ അക്കാദമി  പുരസ്‌കാരം അദ്ദേഹത്തിനു ലഭിച്ചത്. 

സി ജെ സ്മാരക പ്രസംഗ സമിതി സെക്രട്ടറി ഡി പ്രേംനാഥ് ആണു ഇക്കാര്യം അറിയിച്ചത്.


20221201

സി.ജെ. സ്മാരക പ്രസംഗസമിതി ഏർപ്പെടുത്തിയിട്ടുള്ള റവ. ഡോ. ഏബ്രഹാം വടക്കേൽ പുരസ്കാരം ഡോ.എം.വി.നാരായണന്റെ ഓർമയുടെ ഉത്ഭവം എന്ന കൃതിയ്ക്ക്

ഡോ.എം.വി.നാരായണൻ
കൂത്താട്ടുകുളം: സി.ജെ. സ്മാരക പ്രസംഗസമിതിയുടെ 2002-ലെ സാഹിത്യവിമർശനത്തിനുള്ള  റവ.ഡോ.ഏബ്രഹാം വടക്കേൽ പുരസ്കാരം അവതരണ പഠനം, രംഗകല, സംസ്കാര പഠനം, സിദ്ധാന്തം തുടങ്ങിയ വിഷയമേഖലകളിൽ ശ്രദ്ധാർഹമായ പഠനങ്ങൾ നടത്തിവരുന്ന പണ്ഡിതനും എഴുത്തുകാരനും ആയ പ്രൊഫ. ഡോ. എം.വി.നാരായണൻ എഴുതിയ ഓർമ്മയുടെ ഉത്ഭവം സംസ്കാര/ അവതരണ പഠനങ്ങൾ എന്ന ഗ്രന്ഥത്തിനാണ് നല്കുന്നതെന്ന് സി.ജെ. സ്മാരക പ്രസംഗസമിതി പ്രസിഡന്റ് ഡോ. എൻ. അജയകുമാർ അറിയിച്ചു. 

പ്രൊഫ. ഡോ. എം. തോമസ് മാത്യു അദ്ധ്യക്ഷനും പ്രൊഫ. ഡോ. കെ.എം. അനിൽ, പ്രൊഫ. ഡോ. എൻ. അജയകുമാർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരത്തിന് അർഹമായ പുസ്തകം തെരഞ്ഞെടുത്തത്. സൈദ്ധാന്തികമായ ഉൾബലവും  നിരീക്ഷണങ്ങളിലുള്ള സൂക്ഷ്മതയും നവീനതയും ഒത്തിണങ്ങിയ ഡോക്ടർ എം.വി. നാരായണന്റെ പഠനങ്ങൾ മലയാളത്തിലെ വിമർശന സാഹിത്യത്തെ സമകാലികമാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ടെന്ന് പുരസ്കാരസമിതി അഭിപ്രായപ്പെട്ടു. രംഗകലാ -അവതരണങ്ങളുടെ സാംസ്കാരിക വായനയെന്ന് വിശേഷിപ്പിക്കാവുന്ന അത്തരം പഠനങ്ങൾ ഓർമ്മയുടെ ഉത്ഭവം എന്ന ഗ്രന്ഥത്തിൻറെ മുഖ്യഭാഗമാണെന്ന് സമിതി വിലയിരുത്തി. 

പുരസ്കാരത്തിനുതെരഞ്ഞെടുത്ത കൃതികൂടാതെ ഇടം അവതരണം കാഴ്ച വഴികൾ - ദൃശ്യകലയ്ക്ക് ഒരു പുതു സമീപനം,  സ്‌പേസ്, ടൈം ആൻഡ് വേയ്‌സ് ഓഫ് സീയിംഗ്: ദി പെർഫോമൻസ് കൾച്ചർ ഓഫ് കൂടിയാട്ടം  (Space, Time and Ways of Seeing: The Performance Culture of Kutiyattam) എന്നീ കൃതികളും ദേശീയവും അന്തർദേശീയവുമായ ജേർണലുകളിലും സമാഹൃത ഗ്രന്ഥങ്ങളിലും പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. തൃശൂർ സെൻറ് തോമസ് കോളേജ്, കോഴിക്കോട് സർവ്വകലാശാല, ഷാർജ യൂണിവേഴ്സിറ്റി, ജപ്പാനിലെ മിയാസാക്കി ഇൻറർനാഷണൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ അധ്യാപകനും ഷിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിയിൽ ഫെലോയുമായിരുന്ന പ്രൊഫസർ എം.വി. നാരായണൻ ഇപ്പോൾ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസലറാണ്.

ഡിസംബർ 3-ാം തിയതി കൂത്താട്ടുകുളം ടൗൺഹാളിൽ നടക്കുന്നതായ സി.ജെ. സ്മാരക പ്രസംഗ വേദിയിൽ വച്ച് പുരസ്കാര സമിതി അദ്ധ്യക്ഷൻ പ്രൊഫ. എം. തോമസ് മാത്യു അവാർഡ് ദാനം നിർവഹിക്കും.

2022 ലെ  സി.ജെ. സ്മാരക പ്രസംഗങ്ങൾ 'സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാണ്ടുകൾ' എന്ന വിഷയത്തിൽ മുഴുദിന സിമ്പോസിയമായി രാവിലെ ഒമ്പതര മുതൽ വൈകിട്ട് 9 വരെ  കൂത്താട്ടുകുളം നഗരസഭയുടെ സാംസ്കാരികോൽസവത്തിന്റെ ഭാഗമായാണ്
ഇത്തവണ സംഘടിപ്പിയ്ക്കുന്നത്.

പ്രശസ്ത പണ്ഡിതനും വാഗ്മിയും സാഹിത്യ കലാമർമജ്‌ഞനും സി.ജെ. സ്മാരക പ്രസംഗ സമിതിയുടെ രക്ഷാധികാരിയുമായിരുന്ന റവ. ഡോ. ഏബ്രഹാം വടക്കേലിന്റെ സ്മരണയ്ക്കായി 1979-ൽ സമിതി ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം ഓരോ വർഷവും പോയ വർഷങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള  സാഹിത്യ വിമർശന കൃതികളിൽ നിന്നാണു തെരഞ്ഞെടുക്കുന്നത്.

-0-

സി.ജെ. സ്മാരക പ്രസംഗങ്ങളും റവ.ഡോ ഏബ്രഹാം വടക്കേൽ അവാർഡ് ദാനവും 2022 ഡിസംബർ 3 ശനിയാഴ്ച

കൂത്താട്ടുകുളം: 1961 മുതൽ സി.ജെ. സ്മാരക പ്രസംഗ സമിതി സംഘടിപ്പിച്ചു വരുന്ന സി.ജെ. സ്മാരക പ്രസംഗങ്ങൾ, 'സ്വാതന്ത്രൃത്തിന്റെ എഴുപത്തഞ്ചാണ്ടുകൾ' എന്ന വിഷയത്തിൽ സിമ്പോസിയമായി കൂത്താട്ടുകുളം കെ.റ്റി. ജേക്കബ് ടൗൺഹാളിൽ കൂത്താട്ടുകുളം നഗരസഭയുടെ സാംസ്കാരികോൽസവത്തിന്റെ ഭാഗമായി 2022 ഡിസംബർ 3 ശനിയാഴ്ച മുഴുദിന പരിപാടിയായി നടക്കും. സാഹിത്യവിമർശനത്തിന് സി.ജെ. സ്മാരക പ്രസംഗ സമിതി ഏർപ്പെടുത്തിയിട്ടുള്ള റവ.ഡോ. ഏബ്രഹാം വടക്കേൽ പുരസ്കാരം വൈകുന്നേരം ആറുമണിയ്ക്കു നടക്കുന്ന സമാപന സമ്മേളനത്തിൽ വച്ച് പ്രഫ. എം തോമസ് മാത്യു എഴുത്തുകാരനും കാലടി സർവകലാശാലാ വൈസ് ചാൻസലറുമായ പ്രഫ. ഡോ.എം.വി.നാരായണന്  സമ്മാനിയ്ക്കും.

രാവിലെ ഒമ്പതരയ്ക്ക് ആരംഭിയ്ക്കുന്ന ഉദ്ഘാടന സത്രത്തിൽ നഗരസഭാദ്ധ്യക്ഷ വിജയ ശിവൻ അദ്ധ്യക്ഷയാവും. സുനിൽ പി. ഇളയിടം ഉദ്ഘാടന പ്രഭാഷണം നടത്തും.  'ഇന്ത്യൻ ദേശീയത : ഗതിയും പരിണാമങ്ങളും' എന്നതാണു വിഷയം.

 നഗരസഭാ ഉപാദ്ധ്യക്ഷ അംബിക രാജേന്ദ്രൻ സ്വാഗതവും സി ജെ സമാരക പ്രസംഗ സമിതി അദ്ധ്യക്ഷൻ പ്രൊഫ. ഡോ. എൻ. അജയകുമാർ ആമുഖവും ഖാദി ബോർഡ് അംഗം കെ ചന്ദ്രശേഖരൻ, നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പ്രിൻസ് പോൾ ജോൺ, പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ സണ്ണി കുര്യാക്കോസ്,  നഗരസഭയുടെ സി ജെ സമാരക ഗ്രന്ഥശാല അദ്ധ്യക്ഷൻ അനിൽ കരുണാകരൻ എന്നിവർ ആശംസകളും  വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ മരിയ ഗൊരേത്തി നന്ദിയും പറയും. 

11:15 ന് ആരംഭിയ്ക്കുന്ന ആദ്യ സത്രത്തിൽ 'സാമൂഹിക നീതി - ദാരിദ്ര്യം - സമ്പത്ത് - സ്വാതന്ത്ര്യം' എന്ന വിഷയത്തിൽ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ.എം കുഞ്ഞാമൻ പ്രസംഗിയ്ക്കും. ഡോ. രാജേഷ് കോമത്ത് മോഡറേറ്ററായിരിയ്ക്കും.

ഉച്ചഭക്ഷണത്തിനുശേഷം ഒന്നേമുക്കാലിന് ആരംഭിയ്ക്കുന്ന രണ്ടാം സത്രത്തിൽ 'മാദ്ധ്യമം, ബഹുജനമാദ്ധ്യമം, ബദൽ മാദ്ധ്യമം' എന്ന വിഷയത്തിൽ സിനിമാസംവിധായികയും മാദ്ധ്യമ പ്രവർത്തകയുമായ വിധു വിൻസെന്റ് പ്രസംഗിയ്ക്കും.

ഉച്ച കഴിഞ്ഞ് മൂന്നുമണിയ്ക്ക് മൂന്നാമത്തെ സത്രത്തിൽ പാലക്കാട് ഗവ വിക്ടോറിയ കോളേജ് റിട്ട പ്രഫ. വി. വിജയകുമാർ 'ശാസ്ത്ര കേരളം ഒരു ദൂരക്കാഴ്ച' എന്ന ശീർഷകത്തിൽ പ്രസംഗിയ്ക്കും. 

4 മണിയ്ക്ക് നാലാമത്തെ സത്രത്തിൽ കേരള ശാസ്ത്ര സാഹിത്യപരിഷത്ത് ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ, 'വിണ്ടുകീറിയ പരിസ്ഥിതി' എന്ന വിഷയത്തിൽ പ്രസംഗം നടത്തും. വൈകുന്നേരം 5 മണിയ്ക്ക് കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലയുടെയും കേരള കലാമണ്ഡലത്തിന്റെയും വൈസ് ചാൻസലറും എഴുത്തുകാരനുമായ ഡോ. എം. വി നാരായണൻ 'കലയും കാലവും ചില വർത്തമാന ചിന്തകൾ' എന്ന വിഷയത്തിൽ പ്രസംഗം നടത്തും. 

വൈകിട്ട് ആറരയ്ക്ക് അഡ്വ. അനൂപ് ജേക്കബ് എം. എൽ.എ. അദ്ധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനം തോമസ് ചാഴിക്കാടൻ എം.പി. ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷ വിജയ ശിവൻ സ്വാഗതം ആശംസിയ്ക്കും.

സാഹിത്യ നിരൂപണത്തിന് സി.ജെ സ്മാരക സമിതി നല്കുന്ന റവ. ഡോ. ഏബ്രഹാം വടക്കേൽ പുരസ്കാരത്തിന് അർഹത നേടിയ 'ഓർമയുടെ ഉത്ഭവം' എന്ന കൃതിയുടെ കർത്താവായ കാലടി സർവകലാശാല വൈസ്  ചാൻസലർ ഡോ.എം വി നാരായണന്  പ്രഫ. എം. തോമസ് മാത്യു പുരസ്കാരം സമ്മാനിയ്ക്കും.  

കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച സി.ജെ സ്മാരക പ്രസംഗ സമിതിയുടെ അദ്ധ്യക്ഷൻ കൂടിയായ ഡോ.എൻ അജയകുമാറിനെയും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കുമാരി അനഘ ജെ. കോലോത്തിനെയും സമ്മേളനം അനുമോദിയ്ക്കും.  ആശംസാ - മറുപടി പ്രസംഗങ്ങൾക്കു ശേഷം സി.ജെ. സ്മാരക സമിതി സെകട്ടറി പ്രേംനാഥ് ഡി. നന്ദി പറയും.

 രാത്രി എട്ടുമണിയ്ക്ക്  'രണ്ടന്ത്യ രംഗങ്ങൾ അഥവാ ധർമോക്രസി' എന്ന നാടകം കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല നടക വിഭാഗം അവതരിപ്പിയ്ക്കും.  ഭാസ മഹാകവിയുടെ ഊരുഭംഗവും അഭിഷേകനാടകത്തിലെ ആദ്യ അങ്കവും (ബാലിവധാങ്കം) സമന്വയിപ്പിച്ചു കൊണ്ടുള്ള ഈ നാടകം രമേശ് വർമയാണ് സംവിധാനം ചെയ്യുന്നത്.

20221124

റവ. ഡോ. എബ്രഹാം വടക്കേൽ പുരസ്കാരം


പ്രശസ്ത പണ്ഡിതനും വാഗ്മിയും സാഹിത്യ കലാമർമജ്‌ഞനും സി.ജെ. സ്മാരക പ്രസംഗ സമിതിയുടെ രക്ഷാധികാരിയുമായിരുന്ന റവ. ഡോ. ഏബ്രഹാം വടക്കേലിന്റെ സ്മരണയ്ക്കായി 1979-ൽ സി.ജെ. സ്മാരക പ്രസംഗ സമിതി ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം ഓരോ വർഷവും പോയ വർഷങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള  സാഹിത്യ വിമർശന കൃതികളിൽ നിന്നാണു തെരഞ്ഞെടുക്കുന്നത്. കൂത്താട്ടുകുളത്ത് വച്ച് സി.ജെ. സ്മാരക പ്രസംഗങ്ങളോടനുബന്ധിച്ച് പുരസ്കാരം നൽകിവരുന്നു.

ചരിത്രം

80 വയസ്സുകഴിഞ്ഞപ്പോൾ സമാദരണീയനായ വടക്കേൽ അച്ചന്  പൗരസ്വീകരണം നൽകുന്നതിനും അദ്ദേഹത്തിൻറെ പേരിൽ ഒരു എൻഡോവുമെന്റ് ഏർപ്പെടുത്തുന്നതിനും സമ്മാനങ്ങൾ നൽകുന്നതിനും പ്രഫസർ എൻ. ഐ. ഏബ്രഹാമിന്റെ അധ്യക്ഷതയിൽ കൂത്താട്ടുകുളത്ത് ചേർന്ന ഒരു പൊതുയോഗം തീരുമാനിക്കുകയുണ്ടായി. അതിനുവേണ്ടി ശ്രീ വി. കെ. കോരപ്പൻ അധ്യക്ഷനായി രൂപവൽക്കരിക്കപ്പെട്ട കമ്മിറ്റി ഫണ്ട് ശേഖരണം തുടങ്ങി അതിൻറെ പ്രവർത്തനം പൂർത്തിയാക്കി മുകളിൽ പറഞ്ഞ കാര്യങ്ങൾ നിർവഹിക്കുന്നതിനുള്ള ചുമതല സ്മാരക പ്രസംഗ സമിതി ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിയ്ക്കുകയും അതിനുവേണ്ടി ശേഖരിച്ച ഫണ്ട് സമിതിയെ ഏൽപ്പിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. അങ്ങനെയാണ്1979-ൽ  റവ. ഡോ. എബ്രഹാം വടക്കേ പുരസ്കാരം ഏർപ്പെടുത്തിയത്.1980-ൽ അത് നല്കിത്തുടങ്ങി.

കൈനിക്കര എം. കുമാരപിള്ളയുടെ നാടകീയം എന്ന കൃതിക്ക് 1980-ൽ പ്രഥമ പുരസ്കാരം നൽകി. പുരസ്കാരത്തിന് അർഹമായ കൃതികളുടെ പേരുവിവരം ചുവടെ:-

ഏർപ്പെടുത്തിയത് :1979-ൽ

 നൽകി തുടങ്ങിയത് : 1980-ൽ 


1980 - നാടകീയം : കൈനിക്കര എം കുമാരപിള്ള 

1981 - അന്വേഷണങ്ങൾ പഠനങ്ങൾ : ഡോക്ടർ കെ എം ജോർജ് 

1982 - എൻറെ മനോരാജ്യങ്ങൾ : എ. പി. ഉദയഭാനു 

1983 - അയ്യപ്പപ്പണിയ്ക്കരുടെ ലേഖനങ്ങൾ : ഡോക്ടർ കെ അയ്യപ്പപ്പണിക്കർ

 1984 - അവധാരണം : പ്രൊഫ. എം കെ സാനു 

1985 - തത്ത്വമസി : ഡോ. സുകുമാർ അഴീക്കോട്

 1986 - പ്രതിപാത്രം ഭാഷണഭേദം : പ്രൊഫസർ എൻ കൃഷ്ണപിള്ള

1987 - എം. ഗോവിന്ദന്റെ ഉപന്യാസങ്ങൾ : എം ഗോവിന്ദൻ 

1988 - സംസ്കാരത്തിന്റെ ഉറവിടങ്ങൾ : പ്രൊഫസർ കെ എസ് നാരായണപിള്ള 

1989 - മാർക്സിയൻ ദർശനത്തിന് ഒരു മുഖവുര : ഫാ. എസ്. കാപ്പൻ 

1990 - സത്യം ശിവം സുന്ദരം : ഡോ. എം. ലിലാവതി 

1991 - സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയ പരിപ്രേക്ഷ്യം : എൻ. ദാമോദരൻ 

1992 - നിയമസഭയിൽ നിശബ്ദനായി : ഡോക്ടർ ആർ. പ്രസന്നൻ 

1993 - അന്തർധാര : എം. എം. ബഷീർ 

1994 - അഭിനയം അനുഭവം : പത്മശ്രീ ഭരത് ഗോപി 

1995 - ഉത്തരസംവേദനം : ബാലചന്ദ്രൻ വടക്കേടത്ത് 

1996 - കേരളത്തിലെ നാടോടി സംസ്കാരം : കാവാലം നാരായണപ്പണിക്കർ 

1997 - സൃഷ്ടിയും സ്രഷ്ടാവും : പ്രൊഫ. എസ്. ഗുപ്തൻ നായർ

2000 - രവിവർമ്മ പഠനം : വിജയകുമാർ മേനോൻ

2009 - മാരാര് ലാവണ്യാനുഭവത്തിന്റെ യുക്തി ശില്പം  പ്രൊഫ. എം. തോമസ് മാത്യു

2010 - മറുതിര കാത്തുനിന്നപ്പോൾ : വി. രാജകൃഷ്ണൻ

2017 - കഥയുടെ വാർഷിക വലയങ്ങൾ :  ഡോ.കെ. എസ്. രവികുമാർ 

2022 - ഓർമ്മയുടെ ഉത്ഭവം സംസ്കാര/ അവതരണ പഠനങ്ങൾ : പ്രൊഫ. ഡോ. എം.വി. നാരായണൻ  



20220928

സി.ജെ. തോമസ്സിന്റെ നിര്യാണം: പ്രമുഖ സാഹിത്യകാരന്മാരുടെ അനുശോചനകുറിപ്പുകൾ

 ആധുനിക സാഹിത്യത്തിലെ ധീരവും സ്വതന്ത്രവുമായ ശബ്ദമായിരുന്നു ശ്രീ സി.ജെ. തോമസ്സ്. അതു നിത്യനിശ്ശബ്ദതയിൽ ലയിച്ചുപോയെന്നറിയുമ്പോൾ ആരാണ് വിഷാദിക്കാതിരിക്കുക? - ജി. ശങ്കരക്കുറുപ്പ്


ജീവിതത്തിന്റെ ഏതു രംഗത്തും ഒരു കൊടുങ്കാറ്റായി നിൽക്കാനാഗ്രഹിച്ച അദ്ദേഹം ഒരു കൊടുങ്കാറ്റായിത്തന്നെ വരുകയും പോകുകയും ചെയ്തു. ബുദ്ധിജീവികളിൽ ബുദ്ധിജീവിയായ അദ്ദേഹം കൈവെയ്ക്കാത്ത കലയില്ല, കാര്യമില്ല. - ജോസഫ് മുണ്ടശ്ശേരി.


പുതിയ ആശയങ്ങളുടേയും ചിന്തയുടേയും പ്രവാഹം അറിയുവാനും അവ ഭംഗിയായി ആവിഷ്‌കരിക്കുവാനും കഴിഞ്ഞ അതുല്യനായ ഒരു എഴുത്തുകാരനായിരുന്നു സി.ജെ. - കുട്ടികൃഷ്ണമാരാര്


അദ്ദേഹത്തിന്റെ ഇളംപ്രായം ഓർക്കുമ്പോൾ അദ്ദേഹത്തിന്റെ നഷ്ടം പ്രത്യേകിച്ചും ആർക്കും വേദനയുണ്ടാക്കും. - കെ. അയ്യപ്പൻ


കേരളത്തിന്റെ വളർന്നുവരുന്ന നാടകശാലയ്ക്ക് ഒരു വിദഗ്ദ്ധൻ നഷ്ടപ്പെട്ടു. ഒരു നല്ല നാടകകൃത്തും മലയാളത്തിനു പൊയ്‌പ്പോയി. കേരളത്തിലെ അമേച്ചർ ആർട്ടിനു കലാബോധമുള്ള ഒരു വിദഗ്ദ്ധൻ ഇല്ലാതെയായി. എനിക്കു ബാക്കിയുള്ള ഒരു സ്‌നേഹിതനും. - തകഴി ശിവശങ്കരപ്പിള്ള


കലാമർമ്മജ്ഞതയോടും അഗാധമായ പാണ്ഡിത്യത്തോടും മലയാള നാടക സാഹിത്യത്തെ കൈകാര്യം ചെയ്യാൻ സി.ജെ യെപ്പോലെ മറ്റാരും ഉണ്ടായിരുന്നില്ല. - കെ.ബാലകൃഷ്ണൻ.


സാഹിത്യത്തിലെ ധീരനും സ്വതന്ത്രവുമായ ശബ്ദമായിരുന്നു സി.ജെ. തോമസ് .ആ ശബ്ദം അപഥ സഞ്ചാരികളെ നടുക്കിയിട്ടുണ്ട്, വിലക്കിയിട്ടുണ്ട്. അത് നിത്യനിശ്ശബ്ദതയില്‍ ലയിച്ചുപോയെന്നറിയുമ്പോള്‍ ആരാണ് വിഷാദിക്കാതിരിക്കുക. - ജി.ശങ്കരക്കുറുപ്പ്

^ ^