പേജുകള്‍‌

20110113

വി.രാജകൃഷ്ണൻ


മലയാള സാഹിത്യ നിരൂപകനും, തിരക്കഥാകൃത്തും ചലച്ചിത്ര നിരൂപകനും ചലച്ചിത്ര സംവിധായകനും അദ്ധ്യാപകനുമാണ് വി.രാജകൃഷ്ണൻ. 1949 ഡിസംബറില്‍ പാലക്കാട്ട് ജനിച്ചു.

സാഹിത്യത്തെയും സിനിമയെയും ആസ്പദമാക്കിയുള്ള ദേശീയവും അന്തര്‍ദേശീയവുമായ പല സെമിനാറുകളിലും കോണ്‍ഫറന്‍സുകളിലും പങ്കെടുത്തിട്ടുണ്ട്. ദേശീയ ഫീച്ചര്‍ഫിലിം അവാര്‍ഡ് ജൂറിയിലും ഇന്ത്യന്‍ പനോരമയിലേക്ക് ഫീച്ചര്‍ ഫിലിംസ് തിരഞ്ഞെടുക്കുന്ന പാനലിലും അംഗമായിരുന്നു.

കാഴ്ചയുടെ അശാന്തി എന്ന കൃതി 1987ലെ മികച്ച ചലച്ചിത്രപഠന ഗ്രന്ഥത്തിനുള്ള ദേശീയ സംസ്ഥാന ബഹുമതികള്‍ നേടി. ശ്രാദ്ധം എന്ന ഫീച്ചര്‍‍ ഫിലിമിന്(1995) മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡും സ്വാതി ചിത്ര ജനകീയ അവാര്‍ഡും ലഭിച്ചു. പങ്കായം(1998) എന്ന ടെലിഫിലിം ഒരു റീജണല്‍‍ ടെലിഫിലിം ഫെസ്റ്റിവെലില്‍ സംവിധാനത്തിനുള്ള സ്പെഷല്‍‍ ജൂറി പ്രൈസ് ഉള്‍‍പ്പെടെ നാലു് പുരസ്‌കാരങ്ങള്‍‍ നേടി.

മറുതിര കാത്തുനിന്നപ്പോള്‍ എന്ന പുസ്‌തകത്തിനു് സാഹിത്യവിമര്‍ശനത്തിനുള്ള 2008-ലെ കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരവും സി.ജെ സ്മാരക പ്രസംഗസമിതിയുടെ 2010-ലെ ഡോ. ഏബ്രഹാം വടക്കേല്‍ പുരസ്‌കാരവും ലഭിച്ചു. ആധുനിക സാഹിത്യത്തില്‍ പേരെടുത്ത വിമര്‍ശകരില്‍ പ്രതിഭയുടെ മിന്നലാട്ടം കൊണ്ടു് പ്രസിദ്ധനാണു് വി.രാജകൃഷ്‌ണനെന്നും സാഹിത്യ വിമര്‍ശനത്തെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്കാണു് അദ്ദേഹത്തിനുള്ളതെന്നുമാണു് മറുതിര കാത്തുനിന്നപ്പോള്‍ എന്ന കൃതിയ്ക്കു് ഡോ. ഏബ്രഹാം വടക്കേല്‍ പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ടു് പ്രഫ. എം.കെ സാനു, പ്രഫ.എം തോമസ്‌ മാത്യു, പ്രഫ. പി.വി കൃഷ്‌ണന്‍നായര്‍ എന്നിവരടങ്ങുന്ന സമിതി അഭിപ്രായപ്പെട്ടതു്. മലയാള സാഹിത്യത്തില്‍ നിന്നും യൂറോപ്യന്‍ സാഹിത്യത്തില്‍ നിന്നും ഉദാഹരണങ്ങളും മാതൃകകളും നിരത്തിക്കൊണ്ടു് നോവല്‍ സാഹിത്യത്തിന്റെ ഭിന്നമുഖങ്ങള്‍ അപഗ്രഥിക്കുന്ന സൗന്ദര്യശാസ്‌ത്ര പഠനഗ്രന്ഥമാണു് മറുതിര കാത്തുനിന്നപ്പോള്‍ എന്നതു്.

രോഗത്തിന്റെ പൂക്കൾ , ആൾ ഒഴിഞ്ഞ അരങ്ങ് , ചെറുകഥയുടെ ചന്ദസ്സ് , നഗ്ന യാമിനികൾ, ശ്രാദ്ധം (ചലച്ചിത്ര തിരക്കഥ), മൗനംതേടുന്ന വാക്ക്, കാഴ്ചയുടെ അശാന്തി, മറുതിര കാത്തുനിന്നപ്പോള്‍ തുടങ്ങിയവയാണു് പ്രധാന കൃതികള്‍.

കേരള സർവകലാശാലയിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അധ്യാപകനായിരിയ്ക്കെ വിരമിച്ചു. വിലാസം: ആരതി ഒ 3, ജവഹര്‍‍ നഗര്‍,‍ തിരുവനന്തപുരം, 695041

ഫോട്ടോ: എബി ജോൻ വന്‍നിലം

ഉറവിടം: മലയാളവാര്‍ത്താസേവ

http://malayalamnewsservice.blogspot.com/2011/01/blog-post.html

20110112

റൈറ്റ് റവറന്റ് ഡോക്ടർ ഏബ്രഹാം വടക്കേൽ


ബി.എ. ;പി.എച്ച്.ഡി; ഡി.ഡി



1894 ജൂൺ 14 ആം തീയതി ജനിച്ചു .പിതാവ് കൂത്താട്ടുകുളം വടകര വടക്കേ അഗസ്തിനോസ്. മാതാവ് കാണിയക്കാടു കരയിൽ കടമ്പകാട്ടു വീട്ടിൽ കടമ്പുകാട്ട് വീട്ടിൽ റോസ. പിതാവിൻറെ രണ്ട് സഹോദരന്മാരും വൈദികരായിരുന്നു , അബ്രഹാമും ജേക്കബും സഹോദരീ സഹോദരൻമാർ ആറു പേർ. പിതാവിൻറെ ആദ്യഭാഗത്തിൽ രണ്ട് സഹോദരന്മാരും ഒരു സഹോദരിയും. രണ്ടാമത്തെ വിവാഹത്തിൽ ഒരു സഹോദരനും രണ്ടു സഹോദരിമാരും . ഏറ്റവും ഇളയവൻ, ഏഴാമൻ, അച്ചൻ.

സഹോദരൻ ചെറിയയുടെ മകൻ അഗസ്തിയുടെ മക്കളാണ് വെ. റവ. ഫാദർ പോൾ വടക്കേൽ എസ്. ജെ യും , വെ. റവ. ഫാദർ മാത്യു വടക്കേൽ എസ്.ഡി.ബി യും. മൂത്ത സഹോദരൻ ഉലഹന്നാന്റെ ഏക പുത്രി എലിസബേത്തിന്റെ മക്കളാണ് റവ. ഫാദർ ജോൺ കുന്നത്തും കൂത്താട്ടുകുളം പഞ്ചായത്ത് മെമ്പർ കീഴാനിക്കര ഏബ്രഹാമും തിരുമാറാടി പഞ്ചായത്ത് മെമ്പറായിരുന്ന  പരേതനായ ലൂയിസും .

 പ്രസിദ്ധ സിറിയക്ക് മല്പാനായിരുന്ന യ ശ:ശരീര നായ വടക്കേൽ വെരി. ബഹുമാനപ്പെട്ട  മത്തായി അച്ചനും ജസ്റ്റിസ് ജോർജ് വടക്കേലിന്റെ പിതാവ് വക്കീൽ എബ്രഹാം വടക്കേലും പിതൃസഹോദര പുത്രന്മാർ .

 മറ്റു സഹോദര പുത്രപൗത്രന്മാർ വടകര, എറണാകുളം, തൊടുപുഴ , ആരക്കുഴ, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്നു.

 പ്രാഥമിക വിദ്യാഭ്യാസം കൂത്താട്ടുകുളം സെൻറ് ജോൺസ് ഇംഗ്ലീഷ്  മലയാളം മിഡിൽ സ്കൂളിൽ (ഇന്നത്തെ* വീനസ് ട്യൂട്ടോറിയൽ കോളേജ് ) . മാന്നാനം സെന്റ് എഫ്രേംസ് ഹൈ സ്കൂളിലും എറണാകുളം സെൻറ് ആൽബർട്ട് സ് ഹൈ സ്കൂളിലുമായി ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. സ്കൂൾ ഫൈനൽ പരീക്ഷയിൽ കൊച്ചി സംസ്ഥാനത്ത് ആറാം സ്ഥാനം നേടി. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇൻറർമിഡിയറ്റും തൃശ്ശിനാപള്ളി സെന്റ് ജോസഫ് സ് കോളേജിൽനിന്ന് ബി.എ.യും പാസായി , 1916-ൽ .  മൂവാറ്റുപുഴ , തൊടുപുഴ , കുന്നത്തുനാട് താലൂക്കുകളിലെ രണ്ടാമത്തെ ബി.എ. ക്കാരൻ . തൃശ്ശിനാപള്ളിയിൽ പഠിയ്ക്കുന്ന കാലത്ത്  ബാന്റ്, സംഗീതം തുടങ്ങിയവ അഭ്യസിച്ചു.

 ഹൈസ്കൂൾ വിദ്യാഭ്യാസ കാലം മുതലേ വൈദിക പഠനത്തിനാഗ്രഹിച്ചു.ബി.എ. പാസായി  എന്നറിഞ്ഞ ഉടനെ വൈദിക പഠനത്തിനായി ചങ്ങനാശേരിയിൽ എത്തി. കുര്യാളശ്ശേരി ബിഷപ്പിനെ കണ്ടു. എന്നാൽ അവിടെ ആയിടെ തുടങ്ങിയ ഇംഗ്ലീഷ് ഗേൾസ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി ചുമതലയേല്ക്കാൻ നിർബന്ധിതനായി.

 1920 മുതൽ 27 വരെ റോമിൽ വൈദിക പഠനം നടത്തി. വൈദിക പഠനത്തിൽ തത്ത്വശാസ്ത്രത്തിൽ പി.എച്ച് ഡി യും ദൈവശാസ്ത്രത്തിൽ ഡി .ഡി. യും ബിരുദങ്ങൾ നേടി.

ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് ചങ്ങനാശ്ശേരി സെൻറ് ജോസഫ് ഇംഗ്ലീഷ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിട്ടാണ്. വൈദിക പഠനം പൂർത്തിയാക്കി തിരിച്ചു വന്നപ്പോൾ ചങ്ങനാശ്ശേരി എസ് .ബി കോളേജിൽ അധ്യാപകനായി ചേർന്നു , 1 928 - ൽ . 1930 മുതൽ 1935 വരെ അവിടെത്തന്നെ വൈസ് പ്രിൻസിപ്പലായി ആയി ജോലി നോക്കി. 1935-ൽ പ്രവിത്താനം സെൻറ് മൈക്കിൾസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഹെഡ്മാസ്റ്ററായി. 1942 വരെ അവിടെ പ്രവർത്തിച്ചു. 1942 മുതൽ "49 വരെ ചിറക്കടവ് മിഡിൽ സ്കൂൾ ഹെഡ്മാസ്റ്ററായും 1949 ജൂൺ മുതൽ രണ്ടു വർഷത്തേക്ക് ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായും ജോലി നോക്കി. വീണ്ടും കോളേജ് വിദ്യാഭ്യാസ രംഗത്തേക്ക് പോയി. 1951 മുതൽ 1955 വരെ പലാ സെൻറ് തോമസ് കോളേജ് അധ്യാപകനായി പ്രവർത്തിച്ചു. 1957-ൽ കോട്ടയം ബി.സി.എം. കോളേജിൽ അധ്യാപകനായും വൈസ് പ്രിൻസിപ്പലായും പ്രവർത്തിച്ചു.

 1953 മുതൽ 1962 വരെ ദൈവദാസി അൽഫോൻസായുടെ നാമകരണം സംബന്ധിച്ച് ഭരണങ്ങാനത്തു നടന്ന കോടതിയിലെ ജഡ്ജിമാരിൽ ഒരാളായിരുന്നു. 1977 ജനുവരിയിൽ പരിശുദ്ധ മാർപാപ്പ പോൾ ആറാമനിൽ നിന്നു ഡൊമസ്റ്റിക് പ്രിലേറ്റ് (മോൺസിഞ്ഞോർ പദവിയിൽ ഉയർന്നത്) എന്ന ബഹുമതി ലഭിച്ചു.  1958 മുതൽ വടകരയിൽ താമസിക്കുന്നു**.


(റോമിൽ നിന്നുള്ള കത്തുകൾ; 1979; പ്രസാധകർ: സി.ജെ സ്മാരക പ്രസംഗ സമിതി) 

----------------

* 1979

**1980 ഡിസംബര്31 നു് ഡോ. അബ്രഹാം വടക്കേൽ അന്തരിച്ചു.

20110111

റവ. ഡോ. ഏബ്രാഹം വടക്കേല്‍

റൈറ്റ് റെവറന്‍‍ഡ് മോണ്‍‍സിഞ്ഞോര്‍‍  റവ. ഡോ. ഏബ്രഹാം വടക്കേല്‍ (1894-1980) ഭാഷാപണ്ഡിതനും, വാഗ്മിയും സാഹിത്യ നിരൂപകനും. കൂത്താട്ടുകുളത്തെ‍ വടകരയില്‍ ഒരു യാഥാസ്ഥിതിക റോമന്‍ സുറിയാനി കത്തോലിക്കാ കുടുംബത്തില്‍ 1894ജൂണ്‍‍ 14നു് ജനിച്ചു.

ചങ്ങമ്പുഴയുടെ ‘രക്തപുഷ്പങ്ങള്‍,’ കൈനിക്കരയുടെ കാല്‍വരിയിലെ കല്പപാദപം’ തുടങ്ങി മുപ്പത്തഞ്ചോളം കൃതികള്‍ക്ക് അവതാരിക എഴുതുകയും അതിന്റെ പേരില്‍ മതാധികാരികളുടെ പീഡനങ്ങള്‍ക്കും ശിക്ഷാ നടപടികള്‍ക്കും വിധേയനാകേണ്ടിയും വന്ന റോമന്‍ കത്തോലിക്കാ പുരോഹിതന്‍‍. 1980 ഡി.31നു് മരണമടഞ്ഞു.

കൂത്താട്ടുകുളത്ത് വടകരയില്‍ വടക്കേല്‍ കുടുംബത്തില്‍ 1894 ജൂണ്‍‍ 14-നു് ജനിച്ചു. വിദ്യാഭ്യാസകാലത്തു തന്നെ കലാ-സാഹിത്യ രംഗങ്ങളില്‍ അനിതരസാധാരണമായ കഴിവുകള്‍ പ്രകടിപ്പിച്ചിരുന്ന ഏബ്രാഹം വടക്കേല്‍ 1916-ല്‍ തിരുച്ചിറപ്പള്ളി (തൃശ്ശിനാപ്പിള്ളി) സെന്റ് ജോസഫ്സ് കോളജില്‍ നിന്ന് ബി.എ. പാസ്സായി. തുടര്‍ന്നു് റോമിലെ പ്രപ്പഗാന്ത കോളജില്‍ വൈദിക വിദ്യാര്‍ത്ഥിയായി ചേര്‍ന്ന അദ്ദേഹം തത്ത്വശാസ്ത്രത്തിലും, ദൈവശാസ്ത്രത്തിലും ഉന്നത ബിരുദങ്ങള്‍ കരസ്ഥമാക്കി. സംസ്കൃതം ഉള്‍പ്പെടെ അനേകം ഭാഷകളില്‍ അഗാധപാണ്ഡിത്യവും നേടി.

1927ല്‍‍ റോമില്‍‍ നിന്നു് വൈദികപട്ടം സ്വീകരിച്ചു് നാട്ടില്‍ തിരിച്ചെത്തിയ ശേഷം 1928 ല്‍ ചങ്ങനാശ്ശേരി സെന്റ് ബെര്‍‍ക്‍‍മാന്‍‍സ് (St Berchmans College) അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. ലോജിക് അദ്ധ്യാപകനായിരുന്ന (Lecturer in Logic) മാര്‍ ജെയിംസ് കാളാശേരി ചങ്ങനാശ്ശേരി മെത്രാനായതോടെ(Bishop of Changanacherry) അദ്ദേഹത്തിന്റെ പിന്‍‍ഗാമിയായാണു് ഡോ. ഏബ്രാഹം വടക്കേല്‍ കോളെജില്‍ ചുമതലയേറ്റതു്. 35 വയസ്സിന്റെ ചെറുപ്പവുമായി 1927-ല്‍‍ ചങ്ങനാശ്ശേരി മെത്രാനായ മാര്‍‍ കാളാശേരി (1892-1949) പിന്നീടു് എസ്.ബി. കോളെജിന്റെ (St Berchmans College) രക്ഷാധികാരിയായിരുന്നു.

1930-ല്‍‍ ഡോ. ഏബ്രാഹം വടക്കേല്‍ കോളെജിന്റെ വൈസ് പ്രിന്‍സിപ്പാളായി. അക്കാലത്തു് സാഹിത്യസാംസ്കാരിക രംഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച അദ്ദേഹം എഴുത്തു്കൊണ്ടും സൗമ്യമധുരമായ വാഗ്വിലാസം കൊണ്ടും സാഹിത്യകുതുകികളുടേയും സഹൃദയരുടെയും ആദരവും അംഗീകാരവും നേടിയെടുത്തു. പള്ളിമതില്‍ക്കെട്ടിനു് പുറത്തു്കടന്നു് സാംസ്ക്കാരിക സദസ്സുകളില്‍ നിറഞ്ഞ സാന്നിദ്ധ്യമായി. ഇക്കാലത്താണ് ഡോ. ഏബ്രാഹം വടക്കേല്‍ തന്റെ ആത്മമിത്രമായിരുന്ന കൈനിക്കരയുടെ ‘കാല്‍വരിയിലെ കല്പപാദപം’ എന്ന കൃതിക്ക് അവതാരിക എഴുതിയതു്. ആ അവതാരിക സഭാന്തരീക്ഷത്തില്‍ കൊടുങ്കാറ്റുയര്‍ത്തി.

ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്റെ ‘സന്മാര്‍ഗ്ഗ വിലാസിനി’ നടനസഭയുടെ ‘മിശിഹാചരിത്രം’ നാടകം പോലും തന്റെ രൂപതയില്‍പ്പെട്ട പള്ളികളിലൊരിടത്തും നടത്താന്‍ പാടില്ലെന്ന് ശഠിച്ചിരുന്നയാളായിരുന്നു ചങ്ങനാശ്ശേരിയുടെ മാര്‍‍ ജെയിംസ് കാളാശേരി മെത്രാന്‍‍ (Rev. Dr. James Kalacherry). തന്റെ കീഴിലുള്ള ഒരു പുരോഹിതന്‍ കല്പപാദപത്തിനു് അവതാരികയെഴുതിയതു് മാര്‍‍ ജെയിംസ് കാളാശേരിയെ ചൊടിപ്പിച്ചു. പ്രശസ്തമായ ഒരു കോളജിന്റെ വൈസ് പ്രിന്‍സിപ്പാളായിരുന്ന ഡോ. വടക്കേലിനെ പാലായ്ക്കടുത്തു് പ്രവിത്താനത്തുള്ള ഒരു മിഡില്‍ സ്കൂളിലേക്ക് തരംതാഴ്ത്തിക്കൊണ്ടായിരുന്നു മെത്രാന്‍‍ പ്രതികരിച്ചതു്. ശിക്ഷാനടപടികള്‍ക്കു് വിധേയനായ അദ്ദേഹം അച്ചടക്കമുള്ള ഒരു സഭാപുരോഹിതനെന്ന നിലയില്‍ 1935-ല്‍‍ കോളജ് വിട്ടു് മിഡില്‍‍ സ്കൂള്‍ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു.
മാര്‍‍ ജെയിംസ് കാളാശേരി

അവിടെ ഹെഡ്മാസ്റ്ററായിരിക്കുമ്പോഴാണ് ചില സുഹൃത്തുക്കളുടെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിനു് വഴങ്ങി അദ്ദേഹം രക്തപുഷ്പങ്ങള്‍ക്കു് അവതാരിക എഴുതുന്നത്. രക്തപുഷ്പങ്ങളിലെ ഓരോ കവിതയും സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കിയ അദ്ദേഹം അതിലെ ആശയങ്ങള്‍, ആദര്‍ശങ്ങള്‍ എന്നിവയോട് വിയോജിച്ചുകൊണ്ടാണെങ്കിലും അനുഗൃഹീതനായ ആ യുവകവിയുടെ വാസനാവൈഭവത്തെ അറിഞ്ഞാദരിക്കാന്‍ യാതൊരു വിമുഖതയും കാണിച്ചില്ല. ഗഹനസുന്ദരങ്ങളായ ആശയവിശേഷങ്ങള്‍, തദനുയുക്തങ്ങളായ ലളിതപദാവലികള്‍ സമുചിതമായി നിക്ഷേപിക്കുവാന്‍ വശ്യവചസ്സായ ഒരു അനുഗൃഹീത കവിക്കേ കഴിയൂ എന്ന് സുദീര്‍ഘമായ അവതാരികയില്‍ അദ്ദേഹം എഴുതുകയുണ്ടായി. അക്കാലത്ത് ചങ്ങമ്പുഴ കൃതികളേക്കുറിച്ച് ഒരു റോമന്‍‍ കത്തോലിക്ക പുരോഹിതന്റെ തൂലികയില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്ത വാക്കുകള്‍.

സഭതീര്‍ത്ത അച്ചടക്കത്തിന്റെ തടവറയില്‍ നിന്നും പുറത്തുവന്ന ധിക്കാരിയുടെ സ്വരം വീണ്ടും അധികാരികളെ അലോസരപ്പെടുത്തി. തങ്ങളുടെ വരുതിയില്‍ ഒതുങ്ങിക്കഴിയുവാന്‍ കൂട്ടാക്കാതിരുന്ന ഡോ. വടക്കേലിനെ അച്ചടക്കത്തിന്റെ ചാട്ടവാറുയര്‍ത്തി വീണ്ടും ഭയപ്പെടുത്തുവാനും അള്‍ത്താരയുടെ അടിത്തട്ടില്‍ത്തന്നെ തളച്ചിടാനും അവര്‍ ഗൂഢമാര്‍ഗ്ഗങ്ങള്‍ തേടി. പണ്ഡിതനായ ആ പുരോഹിതന്‍ റോമന്‍‍‍ കത്തോലിക്കാസഭയുടെ ഉന്നതസ്ഥാനങ്ങളില്‍ നിന്നെല്ലാം അകറ്റി നിര്‍ത്തപ്പെട്ടു.

1935 മുതല്‍‍ 1942 വരെ പ്രവിത്താനം മിഡില്‍‍ സ്കൂളിലും1942 മുതല്‍‍ 1949 വരെ ചിറക്കടവു് മിഡില്‍‍ സ്കൂളിലും1949 മുതല്‍‍ ഇലഞ്ഞി ഹൈ സ്കൂളിലും ഹെഡ്മാസ്റ്ററായിരുന്നു.

1951ല്‍‍ ഇലഞ്ഞി ഹൈസ്ക്കൂളിന്റെ ഹെഡ്മാസ്റ്റര്‍ പദവിയില്‍ നിന്ന് വിരമിച്ച അദ്ദേഹം 1951-55കാലത്തു് പാലാ സെന്റ് തോമസ് കോളജിലും 1955-56 കാലത്തു് കോട്ടയം ബി.സി.എം. കോളജിലും അദ്ധ്യാപകനായി ജോലിനോക്കി. ബി.സി.എം. കോളജില്‍‍ വൈസ് പ്രിന്‍സിപ്പാളിന്റെ ചുമതലയും ഉണ്ടായിരുന്നുവെന്നുപറയാം. 1954 മുതല്‍ 1962 വരെയുണ്ടായിരുന്ന സിസ്ററര്‍‍ അല്‍‍ഫോന്‍‍സയുടെ കാനോനീകരണം വേണമോയെന്നു് നിര്‍‍ണയിയ്ക്കാനുള്ള ട്രിബ്യൂണലില്‍‍ അദ്ദേഹം അംഗമായി.

എങ്കിലും അര്‍ഹിക്കുന്ന അംഗീകാരങ്ങളും ഉയര്‍‍ച്ചയും ഒന്നും സമയത്തു് ലഭിയ്ക്കാതെ ഒടുവില്‍ സ്വവസതിയില്‍ വിശ്രമജീവിതം കഴിച്ചുകൂട്ടുകയാണ് ചെയ്തത്. അവസാനകാലത്തു് 83-ആം വയസ്സില്‍‍ 1977-ല്‍ റോമാ മാര്‍‍പാപ്പയായ പൗലോസ് ആറാമനില്‍‍ നിന്നു് മോണ്‍‍സിഞ്ഞോര്‍ പദവി കിട്ടി ഡൊമെസ്റ്റിക് പ്രിലേറ്റായി മാനിയ്ക്കപ്പെട്ടു.

1961 മുതല്‍ മരണം വരെ സി.ജെ. സ്മാരക പ്രസംഗ സമിതിയുടെ രക്ഷാധികാരിമാരിലൊരാളായിരുന്നു. അദ്ദേഹം റോമില്‍ നിന്നെഴുതിയ കത്തുകളുടെ സമാഹാരം സി.ജെ. സ്മാരക പ്രസംഗ സമിതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൈനിക്കര കുമാരപിള്ളയുടെ കാൽവരിയിലെ കല്പപാദപം, ചങ്ങമ്പുഴയുടെ രക്തപുഷ്പങ്ങൾ തുടങ്ങി മുപ്പതിൽ പരം  ഗ്രന്ഥങ്ങൾക്ക് റവ.ഡോ. ഏബ്രഹാം വടക്കേൽ എഴുതിയിട്ടുള്ള അവതാരികകൾ പ്രസിദ്ധങ്ങളാണ്.

1980 ഡിസംബര്‍ 31 നു് ഡോ. അബ്രഹാം വടക്കേല്‍ അന്തരിച്ചു. വാഗ്മിയും സാഹിത്യകലാ മര്‍മ്മജ്ഞനുമായിരുന്ന ഈ പണ്ഡിതന്റെ സ്മരണ നിലനിറുത്താനായി സി.ജെ. സ്മാരക പ്രസംഗ സമിതി 1980 മുതല്‍ റവ. ഡോ. ഏബ്രഹാം വടക്കേല്‍ പുരസ്കാരം (REV. DR. ABRAHAM VADAKKEL AWARD) നല്കിവരുന്നു.

Rt. Rev. Msgr. Dr. Abraham Vadakkel, B.A, Ph.D.D.D
സി.ജെ. സ്മാരക  റവ. ഡോ. ഏബ്രഹാം വടക്കേല്‍ പുരസ്കാരം (C.J. SMARAKA  REV. DR. ABRAHAM VADAKKEL AWARD)

20110109

ഗദ്യസാഹിത്യമുണ്ടായതു് മിഷനറിമാര്‍‍ വന്നതിനു് ശേഷം-പ്രൊഫ. എം.കെ. സാനു

കൂത്താട്ടുകുളം: ശക്തമായ മലയാള ഗദ്യമെഴുതിയിരുന്ന പണ്ഡിതനും പ്രഭാഷകനുമായിരുന്നു ഡോ. എബ്രഹാം വടക്കേല്‍ എന്നു് പ്രൊഫ. എം.കെ. സാനു അനുസ്മരിച്ചു. കൂത്താട്ടുകുളത്ത് സി.ജെ. സ്മാരകസമിതിയുടെ ഡോ. എബ്രഹാം വടക്കേല്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 'മറുതിര കാത്തുനിന്നപ്പോള്‍' എന്ന കൃതിയുടെ രചയിതാവ് ഡോ. വി. രാജകൃഷ്ണനാണു് അവാര്‍ഡ് ഏറ്റുവാങ്ങിയതു്. ഇന്നു് ഏറ്റവും ശക്തമായ മലയാള ഗദ്യമെഴുതുന്ന എഴുത്തുകാരനാണു് ഡോ. വി. രാജകൃഷ്ണനെന്നു് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗദ്യസാഹിത്യമുണ്ടായതു് മിഷനറിമാര്‍‍ വന്നതിനു് ശേഷമാണു്. ആശയം ആവിഷ്കരിയ്ക്കുന്നതിനു് ഗദ്യം വേണമായിരുന്നു. ആഢ്യന്‍‍മാര്‍‍ ഉപയോഗിയ്ക്കുന്ന ഉച്ചഭാഷയില്‍‍ നിന്നല്ല, നീചഭാഷയെന്നറിയപ്പെടുന്ന സാധാരണക്കാരുടെ സംസാര ഭാഷയില്‍‍നിന്നാണു് ഗദ്യഭാഷ ആവിഷ്കരിച്ചതു്. വേദപുസ്തക പരിഭാഷയിലെ ഗദ്യത്തോടാണു് സി ജെ തോമസ്‍ കടപ്പെട്ടിരിയ്ക്കുന്നതെന്നു് എം.കെ. സാനു ചൂണ്ടിക്കാട്ടി. ചിന്തയെ ഒരു വിമോചന ശക്തിയായി സ്വീകരിച്ച സിജെ ചിന്തയുടെ തീയും വേദനയും ഏറ്റെടുത്ത ചിന്തകനായിരുന്നു.

ഡോ. വി. രാജകൃഷ്ണന്‍ ആധുനിക മലയാള വിമര്‍‍ശനത്തില്‍ ചിന്തയുടെ നവീനപാത തുറന്നിട്ടു. വായനക്കാരുടെ ആശയചക്രവാളത്തെ വികസ്വരമാക്കുന്ന എഴുത്താണദ്ദേഹത്തിന്റേതു്. നവീനാശയങ്ങളുടെ വീഥികള്‍‍ വെട്ടിത്തുറക്കാന്‍ കഴിയുന്ന ആശയങ്ങള്‍‍ അമ്പതു വര്‍‍ഷം കഴിഞ്ഞും അദ്ദേഹത്തിന്റെ കൃതികളില്‍‍ കണ്ടെത്താന്‍‍ കഴിയും. അടിയന്തരാവസ്ഥക്കാലത്തു് അതിനെതിരെ അമര്‍‍ഷവും സങ്കടവും അദ്ദേഹം പുലര്‍‍ത്തിയിരുന്നു

ഗ്രന്ഥാലോകം സി.ജെ. പതിപ്പിന്‍റെ പ്രകാശനം 
സി.ജെ. സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. എം. തോമസ് മാത്യു അധ്യക്ഷനായി. ഗ്രന്ഥാലോകം മാസിക പുറത്തിറക്കിയ സി.ജെ. പതിപ്പിന്‍റെ പ്രകാശനം പ്രൊഫ. തോമസ് മാത്യു നിര്‍വഹിച്ചു. ഗൗരവത്തോടുകൂടി ഗ്രന്ഥവിമര്‍ശനം നടത്തുന്ന പ്രസിദ്ധീകരണങ്ങളാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൂത്താട്ടുകുളം ഗ്രാമ പഞ്ചായത്തു് അദ്ധ്യക്ഷ അഡ്വ. സീന ജോണ്‍സണ്‍ ഗ്രന്ഥാലോകം സി.ജെ പതിപ്പു് ഏറ്റുവാങ്ങി.

മതവും കമ്യൂണിസവും പ്രകാശനം
സി.ജെ. തോമസിന്റെ 'മതവും കമ്യൂണിസവും' എന്ന ആദ്യകാല കൃതിയുടെ പുതിയ പതിപ്പിന്റെ (മാളൂബന്‍‍ ബുക്സ്) പ്രകാശനം പ്രൊഫ. തോമസ് മാത്യു നിര്‍വഹിച്ചു. ഡോ. സെല്‍വി സേവ്യര്‍ ഏറ്റുവാങ്ങി. ഡോ. വി. രാജകൃഷ്ണന്‍ മറുപടി പ്രസംഗം നടത്തി. സി.ജെ. തോമസും എം ഗോവിന്ദനുമാണു് തന്റെ റോള്‍‍ മോഡലുകളെന്നു് അദ്ദേഹം പറഞ്ഞു. പ്രൊഫ. എന്‍.ഐ. എബ്രഹാം സ്വാഗതവും ജോസ് കരിമ്പന കൃതജ്ഞതയും പറഞ്ഞു.

സാഹിത്യ അരങ്ങ്
സി.ജെ സ്മാരകമന്ദിരത്തിലെ ലൈബ്രറി ഹാളില്‍‍ രാവിലെ 10 മണിയ്ക്കു് സി.ജെ. സ്മാരക സമിതിയും താലൂക്ക് ലൈബ്രറി കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിച്ച ജനകീയ സാഹിത്യ അരങ്ങ് ഡോ. ജോര്‍ജ് ഓണക്കൂര്‍ ഉദ്ഘാടനം ചെയ്തു. സി.ജെ. തോമസിന്റെ 'മതവും കമ്യൂണിസവും' എന്നകൃതിയെ മുന്‍‍ നിറുത്തിയുള്ള ഈ സാഹിത്യ ചര്‍‍ച്ചയില്‍ ഡോ. എന്‍. അജയകുമാര്‍ അധ്യക്ഷനായി. എസ്. രമേശന്‍, ചലച്ചിത്ര സംവിധായകന്‍‍ ജോണ്‍ പോള്‍, സി.എന്‍. പ്രഭകുമാര്‍ (സ്വാഗതം) കെ.എം. ഗോപി (കൃതജ്ഞത) എന്നിവര്‍ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞു് രണ്ടുമണിയ്ക്കു് ശേഷമാണു് അവാര്‍‍ഡ് ദാനവും പുസ്തക പ്രകാശനവും നടന്നതു്.


ഫോട്ടോകൾ: എബി ജോൻ വന്‍നിലം

പുതിയ തലമുറ മലയാളത്തെ സമ്പന്നമാക്കണം-പ്രൊഫ. എം.കെ. സാനു

20110108

ഡോ. ഏബ്രഹാം വടക്കേല്‍ പുരസ്‌കാരം വി. രാജകൃഷ്‌ണനു് സമ്മാനിച്ചു

കൂത്താട്ടുകുളം: 2010-ലെ ഡോ. ഏബ്രഹാം വടക്കേല്‍ പുരസ്‌കാരം സാഹിത്യ നിരൂപകനായ വി. രാജകൃഷ്‌ണനു് കൂത്താട്ടുകുളത്തു് സിജെ സ്മാരക മന്ദിരത്തില്‍ നടന്ന ചടങ്ങില്‍‍വച്ചു് എം കെ സാനു നല്‍കി. എം തോമസ് മാത്യു അദ്ധ്യക്ഷനായിരുന്നു. `മറുതിര കാത്തുനിന്നപ്പോള്‍' എന്ന പുസ്‌തകമാണു് രാജകൃഷ്‌ണനെ അവാര്‍ഡിനര്‍ഹനാക്കിയതു്.

മലയാള സാഹിത്യത്തില്‍ നിന്നും യൂറോപ്യന്‍ സാഹിത്യത്തില്‍ നിന്നും ഉദാഹരണങ്ങളും മാതൃകകളും നിരത്തിക്കൊണ്ടു് നോവല്‍ സാഹിത്യത്തിന്റെ ഭിന്നമുഖങ്ങള്‍ അപഗ്രഥിക്കുന്ന ഈ സൗന്ദര്യശാസ്‌ത്ര പഠനഗ്രന്ഥം പ്രഫ. എം.കെ സാനു, പ്രഫ.എം തോമസ്‌ മാത്യു, പ്രഫ. പി.വി കൃഷ്‌ണന്‍നായര്‍ എന്നിവരുള്‍പ്പെട്ട ജഡ്‌ജിംഗ്‌ കമ്മിറ്റിയാണ്‌ അവാര്‍ഡിനായി തെരഞ്ഞെടുത്തത്‌.


സി.ജെ സ്മാരക പ്രസംഗസമിതി 1980 ൽ ഏർ‍പ്പെടുത്തിയ ഡോ. അബ്രാഹം വടക്കേൽ അവാർഡ് കേരളത്തിലെ ഒട്ടേറെ പ്രമുഖസാഹിത്യകാരൻമാർ നേടിയിട്ടുണ്ടു്.

2011 ജനുവരി 8.


ഫോട്ടോകൾ: എബി ജോൻ വന്‍നിലം
^ ^