പേജുകള്‍‌

20100812

സി ജെ തോമസിന്റെ അപ്രകാശിത തിരക്കഥ പ്രകാശനം ചെയ്‌തു: കാല്‍വരിയിലെ കല്പപാദപം

കോട്ടയം, ജൂലൈ 29: സിനിമ അപ്രധാനമായിരുന്ന കാലത്ത്‌ സി ജെ തോമസിനെപ്പോലെ മികച്ച ഒരാള്‍ തിരക്കഥ എഴുതി എന്നത്‌ അദ്‌ഭുതപ്പെടുത്തുന്നുവെന്ന്‌ പ്രശസ്‌ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍ പറഞ്ഞു. പ്രമുഖ നാടകകൃത്ത്‌ സി ജെ തോമസിന്റെ അപ്രകാശിത തിരക്കഥ കാല്‍വരിയിലെ കല്പപാപാദപത്തിന്റെ പ്രകാശനം ഡി.സി ബുക്‌സ്‌ ഓഡിറ്റേറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സിനിമാ വളരാത്ത ആകാലഘട്ടത്തിലും സി ജെ സിനിമയെ ഗൗരവമായി കണ്ടിരുന്നുവെന്നാണ്‌ ഇന്ന്‌ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. വായനക്കാരെ കണ്ടെത്താം എന്ന്‌ വിശ്വാസമില്ലാതിരുന്ന കാലത്ത്‌ ഒരു സംവിധായകന്റെ വീക്ഷണകോണിലൂടെയാണു് സി ജെ തിരക്കഥാ രചന നിര്‍വഹിച്ചിരിക്കുന്നത്‌. സിനിമയാക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ കാലഘട്ടത്തിലെ മികച്ച ചിത്രമായി അത്‌ മാറിയേനെ എന്നും അടൂര്‍ അനുസ്‌മരിച്ചു.

കൈനിക്കര പത്മനാഭപിള്ളയുടെ കാല്‍വരിയിലെ കല്പപാദപം എന്ന നാടകമാണ്‌ സി ജെ തിരക്കഥയാക്കിയത്‌. സി ജെ മരിച്ചതിന്റെ അറുപതാം വാര്‍‍ഷികത്തോടനുബന്ധിച്ചാണു് പ്രമുഖ തിരക്കഥാകൃത്തു് ജോണ്‍ പോള്‍ എഡിറ്റ് ചെയ്തു് ഡി.സി ബുക്‌സിനെ ക്കൊണ്ടു് പ്രസിദ്ധീകരിപ്പിച്ചിയ്ക്കുന്നതു്. പുസ്‌തകത്തിനു് 85 രൂപയാണു് വില.

പുസ്‌തകം സി ജെയുടെ മകള്‍ ബീന എംസണ്‍ ഏറ്റുവാങ്ങി. ഡി സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തോമസ്‌ ജേക്കബ്‌ അധ്യക്ഷത വഹിച്ചു.
^ ^